2024 ജൂണ്‍ 06. അനന്തവിഹായസ്സിലൊരു സ്വാഗതമണി മുഴങ്ങി. ഭൂമിയില്‍ നിന്ന് ഏതാണ്ട് 400 കിലോമീറ്ററുകള്‍ക്കപ്പുറം. ഒരു കുഞ്ഞന്‍ കവാടത്തിനുള്ളില്‍ ആ അമ്പത്തെട്ട് വയസ്സുകാരി. അവരുടെ മുടി കുത്തനെ എഴുന്നു നിന്നു. ശരീരത്തിന് ഭാരമനുഭവപ്പെട്ടില്ല. അതിയായ സന്തോഷത്താല്‍ അവര്‍ കൈകളും കാലുകളും ചലിപ്പിച്ചു. അതൊരു ആകാശനൃത്തമായിരുന്നു. അടുത്തിടെ ഏറെ ശ്രദ്ധയാകര്‍ഷിച്ച ഒരു വീഡിയോദൃശ്യമാണിത്. വീഡിയോ പുറത്തുവിട്ടതാവട്ടെ നാസയും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനകത്തു നിന്നുള്ള കാഴ്ചയായിരുന്നു അത്. ഇന്ത്യന്‍ വംശജയായ ബഹിരാകാശ യാത്രിക സുനിതാ വില്യംസാണ് നൃത്തം ചെയ്ത ആ അമ്പത്തെട്ടുകാരി. ഒമ്പതുദിവസത്തെ ദൗത്യമായിരുന്നുവത്. എന്നാലിപ്പോള്‍ 50 ദിവസം പിന്നിട്ടിരിക്കുകയാണ്. അതിനിടെ സുനിതാ വില്യംസ് ചില ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.  

മൂന്നാമൂഴം
സുനിതയുടെ മൂന്നാമത്തെ ബഹിരാകാശയാത്രയാണിത്. കഴിഞ്ഞ ജൂണ്‍ അഞ്ചിന് ഫ്‌ളോറിഡയിലെ കേപ് കാനവെറില്‍ നിന്ന് ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിലാണ് സുനിത ബഹിരാകാശത്തേക്ക് കുതിച്ചത്. നാസയിലെ ബഹിരാകാശ യാത്രികന്‍ ബച്ച് വില്‍മോറും ഒപ്പമുണ്ട്. മനുഷ്യരെ വഹിച്ചുകൊണ്ട് സ്റ്റാര്‍ലൈനര്‍ നടത്തുന്ന ആദ്യ പരീക്ഷണയാത്ര. പേടകത്തിന്റെ കന്നി യാത്രയില്‍ പങ്കെടുക്കുന്ന ആദ്യ വനിതയെന്ന റെക്കോര്‍ഡ് സുനിത നേടി. ഈ സാഹസിക നീക്കത്തിന് സുനിത തയ്യാറായതില്‍ അദ്ഭുതമില്ല. അവര്‍ കീഴടക്കിയ ആകാശക്കൊടുമുടികള്‍ ഏറെയാണ്.

നീന്താനാഗ്രഹിച്ചവള്‍ പറന്ന കഥ 
1965 സെപ്റ്റംബര്‍ 19-ന് അമേരിക്കയിലെ ഒഹിയോയിലാണ് സുനിത ജനിച്ചത്. ഇന്ത്യന്‍ വംശജനായ ദീപക് പാണ്ഡ്യയുടേയും സ്ലൊവേനിയന്‍ വംശജയായ ബോണിയുടേയും മൂന്നു മക്കളില്‍ ഇളയവള്‍. കുട്ടിക്കാലത്ത് നീന്തല്‍താരമാവണം എന്നായിരുന്നു സുനിതയുടെ ആഗ്രഹം. സയന്‍സും എഞ്ചിനീയറിങ്ങും ഇഷ്ട വിഷയങ്ങള്‍. പിന്നീടവള്‍ ഡോക്ടറാവണമെന്ന് ആഗ്രഹിച്ചു. പക്ഷേ, മേരിലാന്‍ഡിലെ അന്നപോളിസിലുള്ള യു.എസ് നാവിക അക്കാദമിയില്‍ ഫിസിക്കല്‍ സയന്‍സ് ബിരുദത്തിനാണ് ചേര്‍ന്നത്. ''അവസരങ്ങളൊന്നും പാഴാക്കാതിരിക്കുക. കാരണം അവ നമ്മെ കൊണ്ടെത്തിക്കുന്നത് എവിടേക്കാണെന്ന് പറയാനാവില്ല...'' സുനിത ഒരിക്കല്‍ പറഞ്ഞു. നാവിക അക്കാദമിയിലെ പഠനമാണ് സുനിതയ്ക്ക് ബഹിരാകാശ യാത്രികയാവാനുള്ള അവസരം തുറന്നു കൊടുത്തത്.

ഉയര്‍ന്നുയര്‍ന്ന്
പഠനശേഷം 1987ല്‍ സുനിത യു.എസ്. നേവിയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് നാവിക ഏവിയേഷന്‍ ട്രെയിനിങ് കമാന്‍ഡില്‍ പരിശീലനം. ഗള്‍ഫ് യുദ്ധകാലത്ത് യു.എസ്. സൈന്യം നടത്തിയ ഡെസേര്‍ട്ട് ഷീല്‍ഡ്, പ്രൊവൈഡ് കംഫര്‍ട്ട് ദൗത്യങ്ങളുടെ ഭാഗമായും 1992-ല്‍ മിയാമിയിലുണ്ടായ ആന്‍ഡ്രൂ ചുഴലിക്കാറ്റിനെ തുടര്‍ന്ന് നടത്തിയ ദുരിതാശ്വാസ ദൗത്യങ്ങളുടെ ഭാഗമായും സുനിത പറന്നു. 
1993-ല്‍ നാവിക പരീക്ഷണ പൈലറ്റും പിന്നീട് ടെസ്റ്റ് പൈലറ്റ് ഇന്‍സ്ട്രക്ടറായി മാറി. 30-ലധികം വ്യത്യസ്ത വിമാനങ്ങള്‍ പറത്തി. യു.എസ്. നാവിക സേനയില്‍ പല പദവികള്‍ വഹിച്ച സുനിത ഏതാണ്ട് 3000-ത്തിലധികം മണിക്കൂറുകളാണ് ആകാശത്ത് ചെലവഴിച്ചത്. ബഹിരാകാശ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോള്‍ യു.എസ്. യുദ്ധക്കപ്പലായ യു.എസ്.എസ്. സായ്പനിലെ എയര്‍ക്രാഫ്റ്റിലായിരുന്നു അവര്‍. 

placeholder
ഫോട്ടോ: AP

നാസയിലേക്ക്
1995-ല്‍ മെല്‍ബണിലെ ഫ്‌ളോറിഡ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് എഞ്ചിനീയറിംഗ് മാനേജ്‌മെന്റില്‍ ബിരുദാനന്തരബിരുദം നേടിയ സുനിത 1998-ലാണ് നാസയുടെ ബഹിരാകാശയാത്രികര്‍ക്കുള്ള പരിശീലനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സുനിതാ വില്യംസിന്റെ ആദ്യ അപേക്ഷ നാസ തിരസ്‌കരിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷ കൈവിടാതെ അവര്‍ ഒരിക്കല്‍കൂടി അപേക്ഷിച്ചു. ആ ശ്രമം ഫലം കാണുകയും ചെയ്തു. ''സ്വപ്‌നങ്ങള്‍ ഉപേക്ഷിക്കാനുള്ളതല്ല' എന്നാണ് ഈ സംഭവത്തെ കുറിച്ച് സുനിത പിന്നീട് പറഞ്ഞത്. ''ഒരു സ്‌ക്വാഡ് കമാന്‍ഡര്‍ എന്നോട് പറഞ്ഞത്, 'ജെറ്റ് പൈലറ്റിന് മാത്രമേ ബഹിരാകാശ യാത്രികരാവാന്‍ സാധിക്കൂ, ഹെലികോപ്റ്റര്‍ പറപ്പിക്കുന്നവര്‍ക്ക് പറ്റിയ പണിയല്ല ഇത് എന്നായിരുന്നു. എന്നാല്‍ ഞാന്‍ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. '' ഒരു അഭിമുഖത്തില്‍ സുനിത തുറന്നടിച്ചു. കല്‍പനാ ചൗളയ്ക്കുശേഷം ബഹിരാകാശ യാത്രയ്ക്ക് നാസ തെരഞ്ഞെടുക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വംശജയാണ് സുനിതാ വില്യംസ്.

ആദ്യദൗത്യം 
2006 ഡിസംബര്‍ 9, അന്ന് സുനിതാ വില്യംസ് ഡിസ്‌കവറി ബഹിരാകാശ പേടകത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള തന്റെ ആദ്യ യാത്ര നടത്തി. 195 ദിവസം അവര്‍ ബഹിരാകാശത്ത് ചെലവഴിച്ചു. 2007 ജനുവരി 31-ന് ആദ്യമായി ബഹിരാകാശത്ത് നടന്നു. 2007 ഏപ്രില്‍ 16-ന് ബഹിരാകാശ നിലയത്തിനുള്ളിലെ ട്രെഡ്മില്ലില്‍ 42.2 കിലോമീറ്റര്‍ ഓടിക്കൊണ്ട് ബോസ്റ്റണ്‍ മാരത്തോണില്‍ പങ്കെടുക്കുകയും ചെയ്തു അവര്‍. അങ്ങനെ ബഹിരാകാശത്ത് ഭൂമി വലംവെച്ചുകൊണ്ട് മാരത്തോണ്‍ മത്സരത്തില്‍ പങ്കെടുത്ത ആദ്യത്തെ വ്യക്തിയായി.  

വീട്ടിലേക്കുള്ള മടക്കം
2012 ജൂലായ് 15-ന് സുനിത വീണ്ടും ബഹിരാകാശ നിലയത്തിലെത്തി. രണ്ടു യാത്രകളിലായി 50 മണിക്കൂര്‍ 40 മിനിറ്റ് സമയമാണ് സുനിത ബഹിരാകാശത്ത് നടന്നത്. ഏറ്റവുമധികം സമയം ബഹിരാകാശത്ത് നടന്ന രണ്ടാമത്തെ വനിത എന്ന റെക്കോര്‍ഡിന് ഉടമകൂടിയാണ് അവര്‍. ട്രെഡ്മില്‍, സ്റ്റേഷണറി സൈക്കിള്‍, വെയ്റ്റ്‌ലിഫ്റ്റിംഗ് മെഷീന്‍ എന്നിവ ഉപയോഗിച്ച് സുനിത ബഹിരാകാശ നിലയത്തിനകത്ത് ഒരു ട്രയാത്ത്‌ലോണ്‍ കൂടി പൂര്‍ത്തിയാക്കി. 127 ദിവസത്തെ ബഹിരാകാശ യാത്രയ്ക്ക് ശേഷം തിരിച്ചെത്തിയ സുനിത രണ്ട് യാത്രകളിലായി 322 ദിവമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചെലവഴിച്ചത്.

ആശങ്കയുടെ നിമിഷങ്ങള്‍
എട്ടു ദിവസം ബഹിരാകാശ നിലയത്തില്‍ തങ്ങിയ ശേഷം തിരിച്ചു വരിക എന്നതായിരുന്നു മൂന്നാമത്തെ യാത്രയുടെ ലക്ഷ്യം. എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ തകരാറിനെ തുടര്‍ന്ന് സുനിതയ്ക്ക് ഭൂമിയിലേക്ക് പുറപ്പെടാന്‍ കഴിയാതെയായി. സുനിതയും കൂട്ടാളിയും ഏറെ ദിവസങ്ങള്‍ കൂടി ബഹിരാകാശ നിലയത്തില്‍ തുടരേണ്ടി വരുമെന്ന് നാസ അറിയിക്കുകയും ചെയ്തു. 
 
''ബഹിരാകാശ നിലയത്തില്‍ നിന്നുള്ള കാഴ്ചകള്‍ മനുഷ്യന്റെ കാഴ്ചപ്പാടിനെ തന്നെ മാറ്റിക്കളയും'' എന്നാണ് ആദ്യ രണ്ട് യാത്രകള്‍ക്കുശേഷം സുനിത പറഞ്ഞത്. ''ഈ പ്രപഞ്ചത്തില്‍ നാം എത്ര നിസ്സാരരാണ് എന്ന് ആ നിമിഷം ചിന്തിച്ചുപോകും.'' ബഹിരാകാശ യാത്ര ഹരമാക്കിയ ഒരു സഞ്ചാരിയുടെ വിനീതമായ ഈ വാക്കുകളെ മാനവരാശി ഏക്കാലവും നെഞ്ചേറ്റുമെന്നുറപ്പ്. ''എനിക്ക് വീട്ടിലേക്ക് മടങ്ങിപോകുന്നത് പോലെ തോന്നുന്നു.'' എന്നാണ് മൂന്നാമത്തെ ബഹിരാകാശ യാത്രയ്ക്ക് മുന്‍പ് സുനിതാ വില്യംസ് പറഞ്ഞത്.