ഇന്ന് ഹിന്ദി എന്റർടെയിൻമെന്റ് മേഖലയിലെ ഒരു പ്രധാനപ്പെട്ട പേരാണ് സുനിൽ ഗ്രോവർ. കോമഡി നൈറ്റ്‌സ് വിത്ത് കപിൽ, ദ കപിൽ ശർമ ഷോ എന്നിവയിലൂടെയാണ് സുനിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. കപിൽ ഷോയിൽ ഡോ. മഷൂർ ഗുലാത്തി, റിങ്കു ദേവി, പിഡു, ഗുത്തി തുടങ്ങി പല കഥാപാത്രങ്ങളെയും അദ്ദേഹം അവതരിപ്പിച്ചു. അതിനൊപ്പം അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ തുടങ്ങിയവരെ അനുകരിച്ചും കൈയടി നേടി.
ബിഗ് ബിയുടെ 'കോൻ ബനേഗാ ക്രോർപതി' എന്ന പരിപാടിയുടെ കോമഡി പതിപ്പ് അവതരിപ്പിച്ച് സുനിൽ പലരെയും അദ്ഭുതപ്പെടുത്തി. ബച്ചന്റെ അതേവേഷവും മേക്കപ്പുമായാണ് സുനിൽ എത്തിയത്. ഒരിക്കൽ റാണി മുഖർജി, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ എന്നിവരാണ് ആ പരിപാടിയിൽ പങ്കെടുക്കാനെത്തി. സുനിലിന്റെ ചെറിയ ചലനങ്ങൾ പോലും താരങ്ങളെ ചിരിപ്പിച്ചു. അതേ ചിരിയോടെയാണ് താരങ്ങൾ പരിപാടി കഴിഞ്ഞ് പോയതും.
അതിനിടയിൽ സിനിമയിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു. സൽമാൻ ഖാന്റെ 'ഭരത്', ഷാരൂഖ് ഖാന്റെ 'ജവാൻ' തുടങ്ങിയ സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എന്നാൽ, ഇതിനൊക്കെ പിന്നിൽ കഷ്ടപ്പാടിന്റെയും അവഗണനയുടെയും തിരിച്ചടികളുടെയും കഥയുണ്ട്.
പഞ്ചാബിലാണ് സുനിൽ ജനിച്ചുവളർന്നത്. ചെറുപ്പം മുതലേ ആളുകളെ ചിരിപ്പിക്കാനുള്ള കഴിവുണ്ടായിരുന്നുവെന്നാണ് സുനിൽ പറയുന്നത്. ആളുകളുടെ പ്രോത്സാഹനം കൂടിയായപ്പോൾ, എന്നെങ്കിലും താനൊരു വലിയ കോമഡി താരമാവുമെന്ന് സ്വപ്‌നം കണ്ടു.
കോളേജിൽ പഠിക്കുന്ന സമയത്ത്, പഴയകാലകൊമേഡിയൻ ജസ്പാൽ ഭട്ടിയാണ് സുനിലിനെ കണ്ടെത്തുന്നത്. കോളേജ് വിദ്യാർഥികൾക്കിടയിൽ ഓഡിഷൻ നടത്തുന്നതിനായി എത്തിയതായിരുന്നു ജസ്പാൽ. സുനിലിനെ അദ്ദേഹത്തിന് വല്ലാതെ ഇഷ്ടപ്പെട്ടു. താൻ നിർമിച്ച സീരിയലിൽ സുനിലിന് അവസരം നൽകുകയും ചെയ്തു. അതുകഴിഞ്ഞയുടനെ തിയേറ്ററിൽ ബിരുദാനന്തരബിരുദം നേടി. അതിനുശേഷം സിനിമയെന്ന സ്വപ്‌നവുമായി ബോംബെയിലെത്തി. ഒരു പോഷ് ഏരിയയിൽ തന്നെ താമസവും സംഘടിപ്പിച്ചു. കൈയിലെ സമ്പാദ്യവും വീട്ടിൽനിന്ന് അയച്ചുതരുന്ന പണവും ചേർത്താണ് വാടക കൊടുത്തത്. ഇങ്ങനെ വെറുതെയിരുന്നിട്ട് കാര്യമൊന്നുമില്ലെന്ന് കുറച്ചുകഴിഞ്ഞപ്പോൾ മനസ്സിലായി. അങ്ങനെ അവസരങ്ങൾ തേടിയിറങ്ങി. അഭിനയിക്കാൻ അവസരം കിട്ടുക എളുപ്പമല്ലെന്ന് പെട്ടെന്ന് മനസ്സിലായി. ചെറിയ പരിപാടികൾക്ക് വോയ്‌സ് ഓവർ കൊടുത്തുതുടങ്ങി. 500 രൂപയായിരുന്നു അന്നൊക്കെ മാസത്തിൽ കിട്ടിക്കൊണ്ടിരുന്നത്. പതുക്കെ സിനിമയിലെത്താമെന്നായിരുന്നു അന്നും കരുതിയത്.
കുറച്ചുകഴിഞ്ഞപ്പോൾ തന്നെ സുനിലിന് മനസ്സിലായി, തന്നെ പോലെ ഒരുപാട് പേർ അവസരത്തിനായി കാത്തുകിടക്കുകയാണ്. അവസരം കിട്ടുകയെന്നത് എളുപ്പമല്ലെന്ന്. പതുക്കെ 500 രൂപ പോലും കിട്ടാതായി. അതോടെ ഓരോ സെറ്റുകളിലും കയറിച്ചെന്നു, ഓഡിഷനുകളിലെല്ലാം പങ്കെടുത്തു. ഒരു ടിവി ഷോയിലേക്ക് അവസരം കിട്ടിയപ്പോൾ എല്ലാം ശരിയായെന്ന് കരുതി. ഒരാഴ്ചയോളം ഷൂട്ടിങ്ങിൽ പങ്കെടുത്തു. അതിനിടയ്ക്ക് സെറ്റിലെത്താൻ പറ്റാത്തൊരു സാഹചര്യമുണ്ടായി. അതുപറയാനായി അവരെ വിളിച്ചപ്പോഴാണ് അറിയുന്നത്, തനിക്ക് പകരം വേറെ ആളെ എടുത്തുവെന്ന്.
മറ്റൊരു ഷോയിൽ പങ്കെടുക്കാൻ പോയി. രണ്ടുദിവസത്തെ ചിത്രീകരണവും കഴിഞ്ഞു. മൂന്നാം ദിവസം രാവിലെ സെറ്റിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോഴാണ് ആരോ വിളിച്ചുപറയുന്നത്, ആ ഷോയിൽ പകരം ആളെ എടുത്തുവെന്ന്. ഈ സംഭവം അദ്ദേഹത്തെ വേദനിപ്പിച്ചു. ആത്മവിശ്വാസമൊക്കെ പോയി. ഒരുമാസം എങ്ങോട്ടും പോവാതെ വീട്ടിൽ തന്നെ കഴിച്ചുകൂട്ടി. ഈ അനുഭവങ്ങളാണ് തന്നെ വളർത്തിയതെന്ന് സുനിൽ ഇപ്പോൾ വിശ്വസിക്കുന്നു.
'കപിൽ ഷോ'യിൽ അവസരം കിട്ടിയതാണ് കരിയറിലെ വഴിത്തിരിവാകുന്നത്. ഗുത്തി എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകമനസ്സിലിടം കണ്ടെത്തുന്നത്. വർഷങ്ങളോളം കപിൽ ഷോയുടെ ഭാഗമായിരുന്നു. 2017-ലാണ് ഷോയിൽനിന്ന് പുറത്തുപോവുന്നത്. ഒരു ഷോയ്ക്കായി ഓസ്‌ട്രേലിയയിലേക്കുള്ള യാത്രയിലായിരുന്നു കപിലും സുനിലും ടീമംഗങ്ങളും. വിമാനത്തിൽവെച്ച് കപിൽ സുനിലിനോട് മോശമായി പെരുമാറി. സുനിലിനുനേരെ കപിൽ ഷൂസ് വലിച്ചെറിഞ്ഞുവെന്നും വാർത്തകൾ വന്നു.
പിന്നാലെ കപിൽ ഷോയിൽനിന്ന് സുനിൽ പുറത്തുകടന്നു. കപിൽ ട്വിറ്ററിലൂടെ സുനിലിനോട് മാപ്പുചോദിച്ചെങ്കിലും പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടില്ല. ഏഴുവർഷമാണ് ആ പിണക്കം നീണ്ടുനിന്നത്. ഒടുവിൽ 2023-ലാണ് വീണ്ടും അവർ ഒരുമിക്കുന്നത്. ഇന്ന് 'കപിൽ ഷോ'യുടെ പ്രധാനഭാഗമാണ് സുനിൽ. ഒരു എപ്പിസോഡിന് അദ്ദേഹത്തിന് ലഭിക്കുന്നത് 30 ലക്ഷം രൂപയാണ്. മാസം 500 രൂപ പ്രതിഫലം ലഭിച്ചിരുന്നിടത്തുനിന്ന്, 30 ലക്ഷം രൂപയിലേക്കുള്ള യാത്ര സുനിലിന്റെ ജീവിതം തന്നെയാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: From struggling comedian to earning ₹30 lakh per episode, sunil grover`s inspiring journey to stardom
Published: 05 Aug 2025, 12:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented