കിങ് ഖാൻ ഷാരൂഖ് ഖാന്‍റെ മകൾ സുഹാന ഖാന് നിരവധി ആരാധകരാണ് ബോളിവുഡിലുള്ളത്. ആർച്ചി എന്ന ചിത്രത്തിലൂടെയാണ് സുഹാന ബോളിവുഡിൽ അരങ്ങേറിയത്. സോഷ്യൽ മീഡിയയിൽ സജ്ജീവമായ സുഹാനയുടെ ഫാഷനും സ്റ്റെലിങ്ങിനും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ

സുഹാന തന്റെ ജീവിതത്തിലെ പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിനെക്കുറിച്ച് സംസാരിച്ചതാണ് ശ്രദ്ധ നേടുന്നത്.

തീരുമാനങ്ങൾ എടുക്കുമ്പോൾ സുഹാന സാധാരണയായി ആദ്യം തന്റെ മനസ്സിന്റെ തോന്നലിനെയാണ് വിശ്വസിക്കുന്നത്. പിന്നീട് അതിനെക്കുറിച്ച് കൂടുതൽ ചിന്തിക്കുകയും വിശകലനം ചെയ്യുകയും ചെയ്യും. എന്നാൽ അന്തിമ തീരുമാനം മാതാപിതാക്കളുടേതാണ്. ഹാർപ്പർ ബസാർ ഇന്ത്യയോട് സംസാരിക്കവേ സുഹാന പറഞ്ഞു: "എനിക്ക് എന്റെ മാതാപിതാക്കളോട് ചോദിക്കണം. അവരുടേതാണ് അവസാന വാക്ക്."

വീട്ടിൽ നിന്നാണ് അവർക്ക് ഏറ്റവും വലിയ മാർഗനിർദ്ദേശം ലഭിക്കുന്നത്. സംശയങ്ങൾ തോന്നുമ്പോൾ സുഹാന ആദ്യം വിളിക്കുന്നത് മാതാപിതാക്കളെയാണ്. ഇരുവരുടെയും ഉപദേശങ്ങൾ തികച്ചും വ്യത്യസ്തമാണ്. പിതാവ് ഷാരൂഖ് ഖാൻ കാര്യങ്ങളെ ആഴത്തിലും വിപുലമായും വിശകലനം ചെയ്ത് സംസാരിക്കുമ്പോൾ, അമ്മ നേരിട്ടും കൃത്യമായും കാര്യങ്ങൾ പറയുന്നു. ഇവർക്കിടയിൽ താൻ ഒരു സന്തുലിതാവസ്ഥ കണ്ടെത്തുന്നുവെന്നും സുഹാന പറഞ്ഞു. ജോലി സമ്മർദ്ദം കൂടുമ്പോൾ, ഓരോ ദിവസത്തെയും ജോലികൾ അതാത് സമയം തീർക്കുന്നതിലാണ് സുഹാന ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മറ്റുള്ളവർ തന്നെ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ച് അമിതമായി ചിന്തിക്കാറില്ലെന്നും അത് വെറും ശ്രദ്ധതിരിക്കൽ മാത്രമാണെന്നും സുഹാന കൂട്ടിച്ചേർത്തു.

സൗഹൃദത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും സുഹാന പങ്കുവെച്ചു. "എന്റെ സുഹൃത്തുക്കൾക്ക് എപ്പോഴും എന്റെ കൂടെയുണ്ടാകാൻ കഴിയില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു, തിരിച്ചും, അതവർക്കുമറിയാം. അനാവശ്യ സമ്മർദ്ദങ്ങളില്ലാത്ത സൗഹൃദങ്ങളാണ് എനിക്കിഷ്ടം. സ്ട്രെസ് നൽകുന്നതിന് പകരം പരസ്പരം സന്തോഷവും ആശ്വാസവും നൽകുന്ന ലളിതമായ ബന്ധങ്ങളെയാണ് ഞാൻ ഇഷ്ടപ്പെടുന്നത്."

സോയ അക്തർ സംവിധാനം ചെയ്ത ദ ആർച്ചീസിൽ  സുഹാനയ്ക്കൊപ്പം ആഗസ്ത്യ നന്ദ, ഖുഷി കപൂർ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ ഉണ്ടായിരുന്നു. സുഹാന ഇനി തന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'കിംഗ്' എന്ന ചിത്രത്തിൽ പിതാവ് ഷാരൂഖ് ഖാനൊപ്പം സുഹാന സ്ക്രീൻ പങ്കിടും. ദീപിക പദുകോൺ, ജാക്കി ഷ്രോഫ്, അനിൽ കപൂർ, അർഷാദ് വാർസി, റാണി മുഖർജി, അഭിഷേക് ബച്ചൻ, ജയദീപ് അഹ്ലാവത് തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ഈ ചിത്രം 2026-ൽ റിലീസ് ചെയ്യും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi