'കേരളത്തിലെ കര്‍ഷകന് ഓഡി വാങ്ങാനാകുമോ?'
ഓഡിയല്ല, അതിനപ്പുറം വലിയ സ്വപ്‌നങ്ങളും സ്വന്തമാക്കാനാകുമെന്നാണ് ആ വൈറല്‍ വീഡിയോയിലെ നായകനായ കര്‍ഷകന്‍ സുജിത്തിന് പറയാനുള്ളത്. ഹോട്ടല്‍ മാനേജ്‌മെന്റ്, ഡ്രൈവിങ്, ഹോട്ടല്‍ ബിസിനസ് അങ്ങനെ പല വഴികളില്‍ ഭാഗ്യപരീക്ഷണം നടത്തി അവസാനം മണ്ണില്‍ പൊന്നുവിളയിച്ച കിഴക്കിന്റെ വെനീസുകാരനാണ് സുജിത്ത്. കേരളത്തിലെ പച്ചക്കറി കൃഷിയുടെ ആസ്ഥാനമായ ആലപ്പുഴ കഞ്ഞിക്കുഴിയില്‍ പുതിയൊരു ഹരിതവിപ്ലവം തീര്‍ക്കുകയാണ് ഈ യുവാവ്. കേരളത്തിലെ മികച്ച കര്‍ഷകനുള്ള ഈ വര്‍ഷത്തെ ഹരിതമിത്ര പുരസ്‌കാരമടക്കം സ്വന്തമാക്കിയ സുജിത്ത് ഹൈടെക് വഴിയില്‍ കൃഷിയില്‍ പൊന്നുവിളയിക്കുന്നു. ഒപ്പം 'variety farmer' എന്ന ചാനലിലൂടെ തന്റെ കൃഷിവിശേഷങ്ങള്‍ ലോകത്തിനുമുന്നില്‍ എത്തിക്കുകയും ചെയ്യുന്നു.
കേരളത്തിന്റെ പച്ചക്കറികൃഷി മേഖലയില്‍ ഏറെക്കാലമായി തിളക്കമുള്ള പേരാണ് കഞ്ഞിക്കുഴി. അവിടുത്തെ കൃഷി വിശേഷങ്ങള്‍ക്ക് നടുവിലാണ് സുജിത്തും വളര്‍ന്നത്. ''ചെറുപ്പംതൊട്ടേ വീട്ടുകാരും നാട്ടുകാരുമൊക്കെ കൃഷിചെയ്ത് ജീവിക്കുന്നതുകണ്ടാണ് ഞാന്‍ വളര്‍ന്നത്. അന്ന് ചീരയും പയറും നെയ്ക്കുമ്പളവുമൊക്കെയാണ് വീട്ടില്‍ കൃഷിചെയ്തിരുന്നത്. അമ്മയായിരുന്നു കൃഷിക്ക് മുന്നില്‍ നിന്നത്. ഞങ്ങളും സഹായികളായി അമ്മയ്‌ക്കൊപ്പം ചേരും. സ്‌കൂളില്‍ പോകാനും പഠിക്കാനുമുള്ള പണം അതിലൂടെ ലഭിച്ചിരുന്നു. കൃഷികൊണ്ട് മാത്രം ജീവിച്ചുപോകാന്‍ പറ്റാത്ത കുടുംബാന്തരീക്ഷമായിരുന്നു. അതിനാല്‍ പ്ലസ്ടു കഴിഞ്ഞയുടന്‍ പ്രൊഫഷണല്‍ കോഴ്‌സായ ഹോട്ടല്‍ മാനേജ്‌മെന്റ് ചെയ്തു. പിന്നാലെ ഡ്രൈവിങ്ങും പഠിച്ചു. കുറച്ചുനാള്‍ ബസ്‌ഡ്രൈവറായി. അതിനുശേഷം എറണാകുളത്ത് ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്തു. മൂന്നുവര്‍ഷത്തെ ബോണ്ട് കാലാവധി പൂര്‍ത്തിയായപ്പോള്‍ അവിടെനിന്നിറങ്ങി നാട്ടില്‍ സ്വന്തമായൊരു ഹോട്ടല്‍ ആരംഭിച്ചു.''
ഏറെ പ്രതീക്ഷയോടെ ആരംഭിച്ച ഹോട്ടല്‍ എട്ടുനിലയില്‍ പൊട്ടി. സാമ്പത്തികബാധ്യതകളും കൂട്ടായി. ''ഗ്രാമത്തിലെ മുതിര്‍ന്ന കര്‍ഷകരെല്ലാം അന്നെനിക്ക് നല്‍കിയ ഉപദേശം 'കൃഷിയാണ് ഈ നാടിന്റെ ജീവിതം, അതിലേക്ക് ഇറങ്ങിനോക്കെടാ...'എന്നാണ്. 2012-13 കാലഘട്ടത്തില്‍ അങ്ങനെ ഞാന്‍ കൃഷി ആരംഭിച്ചു. അന്ന് കഞ്ഞിക്കുഴി പഞ്ചായത്തില്‍ പരമ്പരാഗതരീതിയിലുള്ള കൃഷി മാത്രമാണുള്ളത്. പാടങ്ങളില്‍ മാത്രമാണ് കൃഷി. ജൂണ്‍, ജൂലായ് മാസങ്ങളില്‍ നെല്ല് കൃഷിചെയ്യും. അതുകഴിഞ്ഞ് പാടത്ത് വെള്ളംവറ്റുമ്പോള്‍ പച്ചക്കറി കൃഷിചെയ്യും. ആ സമയത്ത് ഞാനൊരു ഓട്ടോയും സ്വന്തമായി വാങ്ങി. ഓട്ടോഡ്രൈവറുടെ റോളും ചെയ്തു. പാര്‍ട്ട് ടൈം ആയി ഓട്ടോയും ബാക്കി കൃഷിയും. കൃഷിചെയ്തതുകൊണ്ടുമാത്രം ജീവിതം മുന്നോട്ടുപോകില്ലെന്ന് തിരിച്ചറിഞ്ഞു. അങ്ങനെ ഞാന്‍ കൃഷിവകുപ്പുമായി ബന്ധപ്പെട്ടു. കൃഷിവകുപ്പ് നടത്തുന്ന സ്റ്റഡി ടൂറില്‍ പങ്കെടുക്കാന്‍ അവര്‍ നിര്‍ദേശിച്ചു. പല സ്ഥലങ്ങളില്‍ പോയി. ഹൈടെക് കൃഷി, ഓപ്പണ്‍ ഫാമിങ് തുടങ്ങി വിവിധതരം കൃഷിരീതികളെക്കുറിച്ച് ആ യാത്രയിലൂടെ മനസ്സിലാക്കി.
50 കര്‍ഷകരടങ്ങിയ ടീമായിരുന്നു കൃഷി വകുപ്പിന്റെ ആ സ്റ്റഡി ടൂറില്‍ ഉണ്ടായിരുന്നത്. അതില്‍ ഏറ്റവും പ്രായം കുറഞ്ഞയാള്‍ സുജിത്തും. യാത്ര പൂര്‍ത്തിയായപ്പോള്‍ ആര്‍ക്കാണ് ഹൈടെക് രീതിയില്‍ കൃഷിചെയ്യാനാകുക എന്ന് കൃഷി വകുപ്പുദ്യോഗസ്ഥര്‍ ചോദിച്ചു. എല്ലാവരും നിശബ്ദതപാലിച്ചപ്പോള്‍ ധൈര്യപൂര്‍വം സുജിത്ത് ആ വെല്ലുവിളി ഏറ്റെടുത്തു. ''ഞാന്‍ കൃഷി ആരംഭിച്ചപ്പോള്‍ ഇവിടത്തെ ചൊരിമണലില്‍ ഹൈടെക് കൃഷിയൊന്നും നടക്കില്ലെന്ന് പറഞ്ഞവരുണ്ട്. എനിക്കപ്പോള്‍ ആശങ്ക തോന്നി. അതിനാല്‍ കോട്ടയത്തുനിന്ന് കുറച്ച് മണ്ണ് ഇറക്കി. രണ്ടുതരം മണ്ണിലും വിത്തിറക്കി. 50 സെന്റിലായിരുന്നു ആ പരീക്ഷണം. രണ്ടുമണ്ണും നല്ല വിളവ് തന്നു. പരീക്ഷണം വിജയിച്ചപ്പോള്‍ ഒരുപാടുപേര്‍ അഭിനന്ദിച്ചു. പിന്നാലെ ചേര്‍ത്തല എസ്.എന്‍.കോളേജ് അധികൃതര്‍ പത്ത് ഏക്കര്‍ സ്ഥലം കൃഷി ചെയ്യാന്‍ നല്‍കി.
50 സെന്റില്‍നിന്ന് പത്ത് ഏക്കറിലേക്ക് കൃഷി വളര്‍ന്നു. 2014-15 വര്‍ഷത്തെ സംസ്ഥാനത്തെ ഏറ്റവും മികച്ച യുവകര്‍ഷകനുള്ള പുരസ്‌കാരം തേടിയെത്തി. പിന്നീട് മെല്ലെ കൃഷി വ്യാപിപ്പിച്ചു. ചേര്‍ത്തല ബ്ലോക്കില്‍ മാത്രം പതിനഞ്ചോളം സ്ഥലങ്ങളില്‍ കൃഷി ആരംഭിച്ചു. പച്ചക്കറിക്കാണ് പ്രധാന പരിഗണന. എങ്കിലും നെല്ല്, മത്സ്യം, കോഴി, താറാവ് തുടങ്ങിയവയും ഞങ്ങള്‍ കൃഷി ചെയ്യുന്നു. മിക്‌സഡ് ഫാമിങ്ങിന് പ്രാധാന്യം നല്‍കിയാണ് മുന്നോട്ടുപോകുന്നത്. ഇന്ന് 30 ഏക്കറിലധികം സ്ഥലത്ത് കൃഷിയുണ്ട്. ഓരോ ദിവസവും ഓരോ സ്ഥലത്ത് വിളവെടുക്കുന്ന രീതിയിലാണ് കൃഷി. ലഭിക്കുന്ന വരുമാനം കൊണ്ട് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും സാധിക്കുന്നു. ഗ്രാമത്തിലുള്ള 13 സ്ത്രീകള്‍ സ്ഥിരമായി എന്റെ ഫാമില്‍ ജോലിചെയ്യുന്നു. കൂടുതല്‍ ആള്‍ക്കാര്‍ വേണ്ട ദിവസങ്ങളില്‍ കാര്‍ഷിക കര്‍മസേനയുടെ സേവനത്തെ ആശ്രയിക്കുന്നു.''
പോയവര്‍ഷം നൂതനകൃഷിരീതി പഠിക്കാനായി സംസ്ഥാന കൃഷിവകുപ്പ് ഒരുസംഘത്തെ ഇസ്രയേലിലേക്ക് കൊണ്ടുപോയിരുന്നു. മാര്‍ക്ക് അടിസ്ഥാനത്തിലാണ് ഇതിലേക്ക് കര്‍ഷകരെ തിരഞ്ഞെടുത്തത്. 27 പേരുടെ ടീമില്‍ ഒന്നാമനായാണ് സുജിത്ത് തിരഞ്ഞെടുക്കപ്പെട്ടത്.
Also Read
''എങ്ങനെ ടെക്‌നോളജിയെ മികച്ച രീതിയില്‍ ഉപയോഗിച്ച് കൃഷി വളര്‍ത്തിയെടുക്കാം എന്ന് മനസ്സിലാക്കിയത് ഇസ്രയേലില്‍ വച്ചാണ്. ഓരോ രീതിയും നാട്ടില്‍ പരീക്ഷിച്ചുനോക്കി. ടെക്‌നോളജി നല്ലരീതിയില്‍ ഉപയോഗിച്ചാല്‍ കേരളത്തില്‍ റെക്കോഡ് വിളവുണ്ടാക്കാം. 95 ശതമാനവും പാട്ടഭൂമിയിലാണ് എന്റെ കൃഷി. അതിനാലാണ് പച്ചക്കറിക്ക് പ്രാധാന്യം നല്‍കുന്നത്. സ്വന്തമായി കൂടുതല്‍ സ്ഥലമുണ്ടെങ്കില്‍ കൂട്ടുകൃഷിക്ക് നല്ല സാധ്യതയുണ്ട്. പ്രത്യേകിച്ച് റംബൂട്ടാന്‍, അവക്കാഡോ, മാങ്കോസ്റ്റിന്‍, ചക്ക തുടങ്ങിയവ കൂട്ടുകൃഷിക്ക് അനുയോജ്യമാണ്. കൃഷിവകുപ്പിന്റെ സഹായത്തോടെയാണ് കടകളിലേക്ക് ദിവസവും പച്ചക്കറി എത്തിക്കുന്നത്. അധികം പച്ചക്കറികള്‍ വരുകയാണെങ്കില്‍ നേരിട്ട് വില്‍ക്കുന്ന രീതിയുമുണ്ട്.''

വേനല്‍ക്കാലമാകുമ്പോള്‍ പഴവര്‍ഗങ്ങള്‍, ഓണക്കാലത്ത് പൂക്കള്‍ അങ്ങനെ സീസണറിഞ്ഞ് ഈ കര്‍ഷകന്‍ മണ്ണിനെ പൊന്നാക്കുന്നു. ''പച്ചക്കറിക്കൊപ്പം മറ്റ് വിളകള്‍കൂടിയാകുമ്പോള്‍ ഇരട്ടി വരുമാനം ലഭിക്കും. 15 ലക്ഷം രൂപയുടെ ചീരയാണ് ഒരുവര്‍ഷം എന്റെ ഫാമില്‍നിന്ന് മാത്രം മാര്‍ക്കറ്റിലേക്ക് പോകുന്നത്. ഓരോ വിളയിലും വ്യത്യസ്തത പരീക്ഷിക്കും. ഉദാഹരണത്തിന് വാഴ കൃഷി ചെയ്യുമ്പോള്‍ ഞാന്‍ വിവിധയിനം നടും. ഇത്തവണ ഏത്തന് വിലയിടിഞ്ഞപ്പോള്‍ പലരും പ്രതിസന്ധിയിലായി. എന്നാല്‍ പാളയംകോടനും ഞാലിപ്പൂവനും നല്ല വിലവന്നു. ഏത്തനിലെ നഷ്ടം ഞാന്‍ മറ്റുള്ളവ വെച്ച് മറികടന്നു. അങ്ങനെ വ്യത്യസ്ത വിളകള്‍ ഒരുമിച്ച് ചെയ്താല്‍ മാത്രമേ നമുക്ക് വിലയിടിവ് പോലുള്ള പ്രതിസന്ധികളെ അതിജീവിക്കാന്‍ സാധിക്കൂ. രണ്ടേക്കര്‍ ഭൂമിയില്‍ കൃത്യമായ പ്ലാനിങ്ങോടെ കൃഷി ചെയ്താല്‍ ജീവിക്കാനുള്ള വരുമാനം ലഭിക്കും. ഒന്നുമില്ലാതെ ലോണെടുത്ത് കൃഷിക്ക് ഇറങ്ങിയ ആളാണ്. കൃഷിയോട് ആത്മാര്‍ഥ കാണിക്കുകയാണെങ്കില്‍ അത് നല്ലൊരു ജീവിതം സമ്മാനിക്കുമെന്നുറപ്പ്.
കൃഷി സംബന്ധിച്ച ക്ലാസുകള്‍ എടുക്കാനും പച്ചക്കറിത്തോട്ടം ഒരുക്കാനുമൊക്കെയായി സ്‌കൂളുകള്‍ സന്ദര്‍ശിക്കാറുണ്ട്. അവിടെയെല്ലാം കുട്ടികള്‍ വളരെ താത്പര്യത്തോടെയാണ് കൃഷി ചെയ്യുന്നത്. നല്ല മാറ്റം കാര്‍ഷികമേഖലയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. വീട്ടില്‍ അമ്മ ലീലാമണി, ഭാര്യ അഞ്ജു, മകള്‍ കാര്‍ത്തിക എന്നിവരാണുള്ളത്. അവരെല്ലാം കൃഷിക്ക് മികച്ച പിന്തുണയാണ് നല്‍കുന്നത്. ''
Content Highlights: the success story of sujith,the farmer
Published: 17 Nov 2024, 04:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented