ആറുവരിയായി വികസിക്കുന്ന എൻഎച്ച് 66. ദേശീയപാതയുടെ വന്മതിൽ കാഴ്ചയുടെ ഓരത്തുനിന്ന് സർവീസ് റോഡ് പുതിയൊരു വഴി കാണിച്ചുതന്നു. ആറുവരി വികസനത്തിന്റെ ആഴമറിയാത്ത ഒരു പാവം പാത. മുന്നോട്ടുചെല്ലുംതോറും നിരപ്പകന്ന് അത് ചെറിയൊരു കുന്നായി രൂപംമാറി. ധാരാളം കവരങ്ങളുള്ള മരമെന്നപോലെ കുന്ന് അതിന്റെ എടുപ്പുകൾക്കിടയിലൂടെ വഴികാട്ടി. വയൽക്കരയിലേക്കുള്ള വഴി ചെന്നവസാനിക്കുന്നിടത്ത് മരങ്ങൾക്കിടയിലൊരു വീട്. മുറ്റത്തിന്റെ കോണിൽ പാപ്പുവാ ന്യൂഗിനിയയിൽ നിന്ന് വന്നൊരു സുന്ദരി നിൽപ്പുണ്ട്. തഴച്ച പച്ചപ്പിൽ കത്തുന്ന കടുംചുവപ്പണിഞ്ഞ പുഷ്പറാണി. വേരുകൾ കൊണ്ട് മണ്ണിന്റെ പാദം മുത്തി നിറയെ പൂക്കളണിഞ്ഞ് വള്ളിപ്പടർപ്പുകൾ വിരിച്ച് തണലൊരുക്കി നിൽക്കുകയാണ് ജേഡ് വൈൻ എന്ന ആ വള്ളിച്ചെടി.

അത് വളപ്പിനുള്ളിലെ അസംഖ്യം കാഴ്ചകളുടെ ആമുഖം മാത്രമായിരുന്നു. പൂമുഖം കടന്ന് വീടിനകത്തെത്തിയാൽ സ്വീകരണമുറിയിൽ ഒരു പ്ലാവ് നിവർന്നുനിൽപ്പുണ്ട്. മനുഷ്യരുമായാണ് സമ്പർക്കമെന്ന ഭാവമൊന്നുമില്ല. മേൽക്കൂരയിലേക്ക് ചില്ല നീട്ടി വെറുംമണ്ണിൽ വേരാഴ്ത്തി മരം വീടിനുളളിൽ ജീവിതം ആസ്വദിക്കുന്നു. കുടുംബസ്ഥയായ പ്ലാവിന്റെ നിൽപ്പ് വലിയ ചില്ലു ജാലകത്തിനരികിലാണ്. വിപുലമായ സസ്യജാലത്തെ കണ്ടുകൊണ്ട് പ്ലാവ് തളിരിടുന്നു.

വിളയാങ്കോട് മുതൽ മാതമംഗലം വരെ നീളുന്ന വയലേലകളോട് ചേർന്നാണ് കണ്ണൂർ പിലാത്തറയ്ക്കടുത്ത് ചിറ്റന്നൂരിലെ ഈ വീടും അതുൾപ്പെടുന്ന രണ്ടേക്കർ പറമ്പും ഉള്ളത്. ഉമ്മർ മാഷിന്റെയും ഷമീം ടീച്ചറുടെയും സ്വാസ്ഥ്യക്കൂടാരം. ഹയർ സെക്കൻഡറി അധ്യാപകനായിരുന്ന ഉമ്മർ ടി.കെ. ജോലിയിൽ നിന്ന് വിരമിച്ച ശേഷമാണ് മുഴുവൻസമയ കൃഷിയിലേക്ക് കടക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യയും മാതമംഗലം സ്‌കൂളിലെ മലയാളം അധ്യാപികയുമായ ഷമീമും അതേ അഭിരുചി പങ്കിടുന്നു. മാവും പ്ലാവും ഉൾപ്പെടെയുള്ള ഫലവൃക്ഷങ്ങളാണ് ഉമ്മർമാഷിന്റെ ചങ്ങാതിമാരെങ്കിൽ ഷമീം ടീച്ചറുടെ ലോകം പൂച്ചെടികളുടേതും കൂടിയാണ്.

ഒരുമാവിൽ പല മാവ്

പലതരം മാവുകളുടെ സങ്കേതം കൂടിയാണിവിടം. മാഷിനോട് സംസാരിക്കുമ്പോൾ മാവുകളുടെ എൻസൈക്ലോപീഡിയ തുറക്കുംപോലെയാണ്. ഒരു സസ്യശാസ്ത്രജ്ഞന്റെ കണിശതയോടെ ഉമ്മർമാഷ് തന്റെ തോട്ടം കാണിച്ചുതന്നു. ഇവിടെ ആകെ എത്ര മാവുണ്ടെന്ന് ചോദിച്ചപ്പോൾ 'മരങ്ങൾ നാല്പതിലധികം, ഇനങ്ങൾ നൂറിലധികം...' ഇതായിരുന്നു മാഷിന്റെ മറുപടി. അതെങ്ങനെയെന്ന അങ്കലാപ്പിനെ മായ്ച്ചുകളയാനാവാം മാഷൊരു മാവ് ചൂണ്ടിക്കാണിച്ചു. ലക്ഷണമൊത്തൊരു മൂവാണ്ടൻ.

ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടതിലുണ്ടായൊരിണ്ടൽ എന്നപോലായി കാര്യങ്ങൾ. നാട്ടുമൂവാണ്ടന്റെ ഉടലിൽ ഏഴിനം മാവുകൾ ഒന്നിച്ചുവളരുന്നു. അക്കൂട്ടത്തിലൊരു ചില്ല പൂവിട്ടിട്ടുമുണ്ട്. പൂവിട്ട ചില്ലയുടെ പേര് രവീന്ദ്രനാഥെന്നാണ്. രാമന്തളിയിൽ നിന്ന് വന്നെത്തിയ മാവാണ് രവീന്ദ്രനാഥ്.

മൂവാണ്ടനിൽ രവീന്ദ്രനാഥിനൊപ്പം കല്ലുകെട്ടിയും കൈരളിയും മുതലമൂക്കനും ശിവരാജനുമൊക്കെ ഒന്നിച്ച് ഒരുമയോടെ വളരുന്നു, ഊഴമിട്ട് പൂവിടുന്നു, കായ്ക്കുന്നു.

ബഡ്ഡിങ്ങിലൂടെയും ഗ്രാഫ്റ്റിങ്ങിലൂടെയും ഒരു മാവിൽ ഒട്ടേറെ ഇനങ്ങൾ വളർത്തുന്നതാണ് മാഷിന്റെ രീതി. 'അഞ്ച് സെന്റിൽ താമസിക്കുന്ന ഒരാൾക്ക് സ്ഥലപരിമിതികൾക്കുള്ളിൽ ഒരു മാവൊക്കെ നടാനേ കഴിയൂ. പക്ഷേ, ഈ രീതി അതിനൊരു പരിഹാരമാണ്. ഒന്നിൽത്തന്നെ പലയിനങ്ങൾ വളർത്താം. പല സമയത്ത് കായ്ക്കുന്നതിനാൽ കൂടുതൽ കാലം മാങ്ങ കിട്ടുകയും ചെയ്യും.'

അന്വേഷിച്ചു, കണ്ടെത്തി

'ജീവിതത്തിന്റെ തുടക്കം മുതലേ കൃഷി ഒപ്പമുണ്ട്. കണ്ണൂർ കല്യാശ്ശേരിയിൽ 10 സെന്റ് പുരയിടത്തിനുള്ളിൽ ആയിരുന്നു ദീർഘകാലം ഞങ്ങളുടെ താമസം. ഇഷ്ടത്തിന് കൃഷിയൊക്കെ ചെയ്ത് സ്വതന്ത്രമായി സ്വസ്ഥമായി താമസിക്കാൻ ഒരിടം വേണമെന്നൊരു ആഗ്രഹം ഉണ്ടായിരുന്നു. ജോലിയിൽ നിന്ന് വിരമിച്ചപ്പോൾ ആ ആഗ്രഹത്തിന് ചൂടുപിടിച്ചു.

കുളവും നാട്ടുമാവുകളുമൊക്കെയുള്ള പറമ്പ് വേണമെന്നായിരുന്നു ഷമീമിന്റെ ആഗ്രഹം. പയ്യന്നൂരുള്ള സുഹൃത്തുക്കൾ വഴി അന്വേഷണം തുടങ്ങി. ഈ സ്ഥലം അങ്ങനെ കണ്ടെത്തിയതാണ്. ആദ്യംവന്നു നോക്കുമ്പോൾ ആൾപ്പൊക്കത്തിൽ കാടുമൂടിയ പ്രദേശമായിരുന്നു. തഴച്ച കാടിനുള്ളിൽ നല്ല വലിപ്പമുള്ള പത്തുമുപ്പത് മാഞ്ചിയം വളർന്നുനിൽപ്പുണ്ട്. ക്രെയിൻ കൊണ്ടുവന്നാണ് ആ ഭീമൻ മരങ്ങൾ നീക്കിയത്. പിന്നെ പതിയെ കൃഷി തുടങ്ങി.' മാഷ് പുതിയ ജീവിതത്തിലേക്ക് വഴി വെട്ടിയ അനുഭവങ്ങൾ പങ്കുവച്ചു.

വിദേശികളുടെ വാഴ്ച

ലോകത്തിലെ ഏറ്റവും മധുരമുള്ള മാങ്ങ വിളയുന്ന ഫിലിപ്പീൻസിൽ നിന്നുള്ള കരാബോ, ബർമ്മയിൽ നിന്നുള്ള സെയിൻ റ്റാ ലോൺ, മധുരംകിനിയുന്ന ഫ്ളോറിഡക്കാരൻ ടോമി അറ്റ്കിൻസ്, തായ്‌ലൻഡിൽ നിന്നുള്ള കാറ്റിമൻ, കിങ്ങ് ഓഫ് ചക്കപത്ത്, പെൻ കെൻ ലിങ്ങ്, ബംഗ്ലാദേശിൽ നിന്നുള്ള സ്വർണവർണക്കാരൻ ബാരി ഫോർ, ഓസ്ട്രേലിയക്കാരൻ R2 E2... എന്നിങ്ങനെ വിദേശികൾ ഏറെപ്പേരുണ്ട് മാഷിന്റെ പഴത്തോട്ടത്തിൽ. ഈ വൈദേശിക സ്വാധീനത്തിന്റെ കാരണവും മാഷ് പറഞ്ഞു. 'ഉത്തരേന്ത്യൻ മാവുകൾ നമ്മുടെ നാട്ടിൽ അധികം കായ്ക്കില്ല. തായ്‌ലൻഡ്, തായ് വാൻ, ഫിലിപ്പീൻസ് തുടങ്ങിയ ഇടങ്ങളിലെ ട്രോപ്പിക്കൽ കാലാവസ്ഥ ഏകദേശം ഇവിടുത്തേതിന് സമമാണ്. അതുകൊണ്ട് അവ നമ്മുടെ നാടുമായി ഇണങ്ങും.

എന്നും കായ്ക്കുന്ന രവീന്ദ്രനാഥ്

വിദേശികളെക്കാൾ തന്റെ ചുറ്റുപാടുകളിൽ വളരുന്ന നല്ല മാവുകളോടാണ് മാഷിന് താല്പര്യം. 'നല്ല മാവ് എന്നു പറഞ്ഞാൽ ഒരു മാവിന് വേണ്ട ഗുണങ്ങൾ പരമാവധി ഒത്തു ചേർന്നവ. സ്ഥിരമായി കായ്ക്കുക, നേരത്തേ കായ്ക്കുക, പുഴുക്കേടില്ലാതിരിക്കുക, നല്ല സൂക്ഷിപ്പു കാലമുണ്ടാവുക, അത്യാവശ്യം രുചിയുണ്ടാവുക, കൂടുതൽ സമയം മാങ്ങ ലഭിക്കുക തുടങ്ങിയ ഗുണങ്ങൾ.'

നൂറിനം മാവുകളിൽ ഒന്നിനോട് മാഷിന് ഇഷ്ടക്കൂടുതലുള്ളതുപോലെ തോന്നി. രവീന്ദ്രനാഥ് എന്നാണ് മാവിന്റെ പേര്. 'രാമന്തളിയിലുള്ള ഒരു രവിയേട്ടൻ തന്ന മാവാണ്. അദ്ദേഹത്തിന്റെ പേരാണ് അതിന്. ഐടി മേഖലയിൽ അറിയപ്പെടുന്ന ആളാണ് അദ്ദേഹം. അതിനൊപ്പം കൃഷിയിലും സജീവം.

ഓഗസ്റ്റിൽ പൂത്ത് ഡിസംബർ ജനുവരി ആകുമ്പോഴേക്കും കായ്ക്കുന്ന മാവാണ് രവീന്ദ്രനാഥ്. കായുള്ളപ്പോൾത്തന്നെ അത് വീണ്ടും പൂക്കുകയുംചെയ്യും. മാങ്ങയും പൂവും ഒന്നിച്ച്. ഡിസംബർ മുതൽ ജൂൺ വരെ അതിൽ മാങ്ങയുണ്ടാകും. അങ്ങനൊരു മാവ് അപൂർവമാണ്.'

വായനപോലെ

ഒരു മാങ്ങ കഴിക്കുന്നു, അതിന്റെ രുചി ഇഷ്ടപ്പെട്ടാൽ വിത്ത് പാകി തൈ വളർത്തുന്നു... മാവ് നടാനുള്ള എളുപ്പ വഴി ഇതല്ലേ എന്ന് ചോദിച്ചപ്പോൾ മാഷിന് പങ്കുവെക്കാനുള്ളതൊരു തിരുത്തായിരുന്നു. 'കഴിച്ച മാങ്ങയുടെ രുചികിട്ടുമെന്നു കരുതി വിത്ത് പാകി മാവ് വളർത്തുന്നത് ഒരുപരിധിവരെ അബദ്ധമാണ്. മോണോ എംബ്രിയോണിക്ക്, പോളി എംബ്രിയോണിക്ക്, അഥവാ ഏകഭ്രൂണി, ബഹുഭ്രൂണി എന്നിങ്ങനെ മാവുകൾ രണ്ടുതരമുണ്ട്. കണ്ണപുരം മാങ്ങകളും കോമാങ്ങകളുമൊക്കെ ബഹുഭ്രൂണികളാണ്. നട്ടാൽ മാതൃവൃക്ഷത്തിന്റെ സ്വഭാവം തന്നെ കിട്ടും. നൂറിലൊന്നിനോ മറ്റോ വകഭേദം വന്നേക്കാം എന്നേയുള്ളൂ.

പക്ഷേ, നീലം, അൽഫോൺസ, കാലപ്പാടി, ബംഗനപ്പള്ളി ഇവയൊക്കെ ഏകഭ്രൂണികളാണ്. നട്ടാൽ അതിന്റെ സ്വഭാവമുള്ള മാവ് കിട്ടണമെന്നില്ല.
വായിച്ചുനോക്കി കൃതി ആരുടേതെന്ന് കണ്ടെത്തുന്നതുപോലെയാണ്. രുചിച്ചുനോക്കിയാലേ ഇനം മനസ്സിലാക്കാൻ കഴിയൂ എന്ന് സാരം.'

അന്നത്തെ കണ്ടെത്തൽ

ബഡ്ഡിങ്ങും ഗ്രാഫ്റ്റിങ്ങും ചെറുപ്പംതൊട്ടേ പരിചിതമാണെന്നും ഉമ്മർമാഷ്. 'കർഷക കുടുംബത്തിലെ അംഗമാണ്. വീട്ടിൽ കശുമാവ് ഉണ്ടായിരുന്നു. നല്ല കായ്ഫലമുള്ള കശുമാവ് കണ്ടെത്തി അത് ഗ്രാഫ്റ്റ് ചെയ്യും. അങ്ങനെയണ് ഇതിലേക്ക് വരുന്നത്. രണ്ട് തായ് വേരുകളിൽ ഒരു സയൺവെച്ച് ഒരു കശുമാവിൻതൈ കോളേജ് പഠനകാലത്ത് ഞാൻ ഗ്രാഫ്റ്റ് ചെയ്‌തെടുത്തിരുന്നു. ഗ്രാഫ്റ്റ് ചെയ്തുവച്ച് ഞാൻ കോളേജിലേക്ക് പോയതോടെ പരിചരണമില്ലാതെ അത് കരിഞ്ഞുപോയി.

കുറച്ചുവർഷം കഴിഞ്ഞ് മാതൃഭൂമിയിലെ കാർഷികപംക്തിയിൽ ഒരാൾ ഈ രീതി പരീക്ഷിച്ചുവിജയിപ്പിച്ചതിനെപ്പറ്റി വാർത്ത കണ്ടു. അതിനെ ഒരു പുതിയ കണ്ടുപിടുത്തമായാണ് പറഞ്ഞിരിക്കുന്നത്. വർഷങ്ങൾക്കുമുമ്പ് ഞാൻ വെറുമൊരു കൗതുകത്തിന് ചെയ്ത കാര്യത്തിന് വില ഉണ്ടായിരുന്നു എന്ന് മനസ്സിലായി. അതൊരു പ്രചോദനമായി. ആറും എട്ടും റൂട്ടുകളൊക്കെ വെച്ച് ഗ്രാഫ്റ്റ് ചെയ്യുന്ന പരീക്ഷണങ്ങളും നടത്താറുണ്ട്.'

വേരുകൾ വഴി

തായ്‌ലൻഡ് രീതിയിൽ റൂട്ട് അപ്രോച്ച് ചെയ്തും ഉമ്മർ മാഷ് തൈകൾ ഉണ്ടാക്കുന്നു. 'തണ്ട് ചെത്തി മറ്റൊന്നിന്റെ വേര് ചേർത്തുവച്ച് അതിനടിയിൽ മണ്ണും ചകിരിച്ചോറും പൊതിയും. വേര് പടരുമ്പോൾ മുറിച്ചെടുക്കും. തായ് വേരുള്ള വലിപ്പമുള്ള മാവിൻതൈ കിട്ടും.

നമ്മുടെ നാട്ടിൽ ഒട്ടുമിക്ക വീടുകളിലും ഉള്ള മരങ്ങളാണ് തെങ്ങും മാവും പ്ലാവും. മാവിന്റെ കാര്യത്തിൽ ചെറിയ ശതമാനത്തിന് മാത്രമേ കായ്ഫലം ഉണ്ടാവൂ. നട്ടിട്ട് പത്തുകൊല്ലമായി. ഇതുവരെ കായ്ച്ചിട്ടില്ല എന്ന് പരാതിപ്പെടും പലരും. കായ്ക്കാത്ത മാവിനെ വെട്ടി ഒഴിവാക്കും. പക്ഷേ, ബഡ്ഡിങ്ങും ഗ്രാഫ്റ്റിങ്ങും പരീക്ഷിച്ചാൽ ഈ വെട്ടിനിരത്തൽ ഒഴിവാക്കാൻ പറ്റും. പൂക്കുന്നില്ല എന്ന കാരണം കൊണ്ട് മാവുകൾ ഒരിക്കലും മുറിക്കരുത്. അതിൽ മറ്റിനങ്ങൾ പിടിപ്പിച്ച് വളർത്താം എന്നൊരു സാധ്യതയുള്ളപ്പോൾ വെറുതേ വെട്ടിനശിപ്പിക്കുന്നതെന്തിന്.'

നാടിന് ഇണങ്ങുമോ?

നീലം, ഹിമയുദ്ദീൻ, ബംഗനപ്പള്ളി, മല്ലിക തുടങ്ങിയ ഇനങ്ങളൊക്കെ ഇവിടെ നട്ടുപിടിപ്പിക്കുന്നവരുണ്ട്. അതൊക്കെയും ഇവിടെ കായ്ക്കാനുള്ള സാധ്യത വളരെ കുറവാണെന്നും അദ്ദേഹം പറയുന്നു. 'പത്തിലൊന്ന് കായ്‌ച്ചെന്നുവരും.

മിക്കവരും നഴ്‌സറിയിൽ നിന്നാണ് മാവിൻതൈ വാങ്ങുക. അങ്ങനെ നടുന്ന മാവുകൾ നമ്മുടെ നാടിന് ഇണങ്ങുന്നവയാവണമെന്നില്ല. ഇനി കായ്ച്ചാൽത്തന്നെ പുഴുക്കേടുണ്ടാവും. സ്ഥിരമായി കായ്ക്കുമോ, പുഴുക്കേടുണ്ടാകുമോ മധുരമുണ്ടാകുമോ എന്നതെല്ലാം നിരീക്ഷിക്കണം.

മഴയ്ക്ക് മുന്നേ പൂക്കുന്ന മാവുകൾ മഴക്കാലം കഴിഞ്ഞിട്ടും കായ്ക്കുന്നുണ്ടെങ്കിൽ അതിനർഥം കൊടുംമഴയെ അതിജീവിക്കാനുള്ള ശേഷി ആ മാവിനുണ്ടെന്നാണ്. കാറ്റിമനും രവീന്ദ്രനാഥുമൊക്കെ അത്തരം ഇനങ്ങളാണ്. രവീന്ദ്രനാഥ് ഇടവിട്ട് പൂക്കുകയും കായ്ക്കുകയുംചെയ്യും. മറ്റെവിടെയും മാങ്ങയില്ലാത്ത സമയത്ത് കാറ്റിമൻ നമുക്ക് മാങ്ങതരും.

വെണ്ണപ്പഴത്തോട് സാദൃശ്യമുള്ള അവക്കാഡോ മാങ്ങാ, തളിപ്പറമ്പിനടുത്ത് ഏഴോം പ്രദേശത്ത് മാത്രം പ്രചാരമുള്ള കണ്ടമ്പേത്ത് എന്ന നാട്ടുമാങ്ങ ഇവയൊക്കെ നമ്മുടെ നാടിന് ഏറെ ഇണങ്ങിയവയാണ്. കൃഷി ഓഫീസർമാരാണ് ഇത്തരം ഇനങ്ങൾ കണ്ടെത്തേണ്ടതും പ്രചരിപ്പിക്കേണ്ടതും പക്ഷേ, അത്തരം കണ്ടെത്തലുകൾ നടക്കുന്നുണ്ടോ എന്ന് സംശയമാണ്.

രവീന്ദ്രനാഥിന്റെയും മറ്റും തൈകൾ ഞാനെത്രയോ പേർക്ക് കൊടുത്തിട്ടുണ്ട്. രണ്ടുമൂന്ന് കൊല്ലം കൊണ്ടത് കായ്ക്കും. പക്ഷേ, തൈകൾ നഴ്‌സറികളിലേക്ക് അങ്ങിനെ കൊടുക്കാറില്ല . വ്യക്തികൾക്കേ കൊടുക്കൂ. അതിലൊരു സന്തോഷമുണ്ട്. പണമല്ല സന്തോഷമാണ് ആ കൈമാറലിന്റെ അടിസ്ഥാനം.' മാഷ് പറയുന്നു.

അമ്പൻ മധുരവും അഗാമും

'സെക്രട്ടേറിയറ്റിനുമുന്നിൽ ഓഫ് സീസണിൽ പോലും മാങ്ങയുണ്ടാവുന്നൊരു മാവുണ്ട്. അഗാം എന്നാണ് അത് അറിയപ്പെടുന്നത്. ആ മാവ് ഇവിടെയുണ്ട്. വിശേഷപ്പെട്ട ഏതു മാവും സ്വന്തം തോട്ടത്തിലെത്തിച്ചാലേ സമാധാനമാവൂ.

കണ്ണൂരിൽ 'നാട്ടുമാഞ്ചോട്ടിൽ' എന്ന കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്ന ഷൈജു മച്ചാത്തി കണ്ടെത്തിയ മാവാണ് അമ്പൻ മധുരം. കഴിച്ചതിൽ ഏറ്റവും മധുരമുള്ള മാങ്ങകളിലൊന്നാണത്. കണ്ണൂർ ചൊവ്വയിലെ അമ്പൻ കുടുംബത്തിന്റെ വീട്ടുമുറ്റത്തുനിന്നെത്തിയ ആ മാവും ഇവിടെയുണ്ട്.

ഹൃദയത്തിന്റെ രൂപമുള്ള ഹൃദയവാഹിനി, കൊല്ലത്തുള്ള കൈരളി, തെക്കൻ കേരളത്തിലെ കല്ലുകെട്ടി, മുതലമൂക്കൻ, കോഴിക്കോട് ചേവായൂരിലെ മരിച്ചു പോയ ശിവരാജേട്ടന്റെ കളക്ഷനിലെ ശിവരാജൻ എന്നു പേരിട്ട മാവ്, ബേപ്പൂരിൽ ടെറസ്സിൽ മാവുകൾ വളർത്തുന്ന സുരാജിന്റെ കളക്ഷനിലെ ബ്ലൂ ലാർക്ക്, കൊല്ലം ജില്ലയിലെ കർപ്പൂരം, രാജസ്ഥാൻ കോട്ടയിലെ സദാബഹാർ, കോഴിക്കോടിന്റെ പണ്ടാരക്കണ്ടി, നീലപ്പറങ്കി...' മാഷിന്റെ മാന്തോപ്പിൽ പലപേരിൽ പല മാവുകൾ ഒന്നിച്ചുകഴിയുന്നു. വർഷത്തിൽ ഏറെക്കുറെ എല്ലാ മാസവും ഇവിടെ മാങ്ങ ഉണ്ടാകും.

നീർക്കുളത്തിനരികിൽ

ജലസമ്പന്നമായ രണ്ട് കിണറുകളും ഒരു കുളവും ഉൾപ്പെടുന്നതാണ് ഉമ്മർമാഷിന്റെ തോട്ടം. കുളത്തിലെ വെള്ളം ഉപയോഗിച്ചാണ് കൃഷി. ജൈവവളമാണ് പഥ്യം. മാവിലൊതുങ്ങുന്നതല്ല ഇവിടുത്തെ ജൈവസമ്പത്ത്. ഇരുപതിലധികം തരം പ്ലാവ്, അർക്കകിരൺ, അർക്കരശ്മി തുടങ്ങിയവ ഉൾപ്പെടെ പത്തിലധികം തരം പേര, വിവിധയിനം ചാമ്പകൾ, പാഷൻ ഫ്രൂട്ട്, ഡ്രാഗൺഫ്രൂട്ട് ഇനങ്ങൾ.

പഴങ്ങളിൽ പലതരം വിദേശികളും ഇവിടെയുണ്ട്. ഇളനീരിന്റെയും പനനൊങ്കിന്റെയും മിശ്രിതരുചിയുള്ള അബിയു, കസ്റ്റഡ് ആപ്പിൾ കുടുംബത്തിലെ റൊളീനിയ, തെക്കൻ ഏഷ്യക്കാരൻ ലോങ്ങൻ, മലബാർ ചെസ്റ്റ്‌നട്ട്, നേർത്ത രുചിയുള്ള മിൽക്ക്ഫ്രൂട്ട്, മാംഗോസ്റ്റീൻ ഉൾപ്പെടുന്ന ഗാർസീനിയ ഇനങ്ങൾ, മാധുര്യമേറിയ സ്വീറ്റ് ലൂവികൾ, ആമസോണിലെ പല തരം ജബോട്ടിക്കാബകൾ, ചിക്കൻ ക്ലാേ, ബ്രസീലിയൻ- നാടൻ മൾബെറികൾ... എന്നിങ്ങനെ ഇനങ്ങൾ പലവിധം. കർണാടകയിൽ നിന്നും കോട്ടയത്തുനിന്നുമുള്ളവയാണ് പ്ലാവിനങ്ങളിൽ ഏറെയും. പ്ലാവിൽ ബഡ്ഡിങ്ങാണ് അനുയോജ്യം എന്നും ഉമ്മർമാഷ് പറയുന്നു. 'പ്ലാവിൽ കർണാടകയിൽ നിന്നുള്ള സിദ്ദു, ശങ്കര, രാമചന്ദ്ര തുടങ്ങിയ ഇനങ്ങൾ പ്രസിദ്ധമാണ്. രാമചന്ദ്ര ഇവിടെ നന്നായി കായ്ക്കുന്നുണ്ട്.'

പൂക്കളുടെ തോട്ടം

ഫലസമ്പുഷ്ടമായ പറമ്പിന്റെ ഒരറ്റത്ത് ഒഴിഞ്ഞുമാറി ഉല്ലാസവാനായൊരു ചാമ്പ നിൽപ്പുണ്ട്. ചാമ്പയ്ക്ക് പേരുണ്ട്: ഉമ്മർ. വളാഞ്ചേരിക്കാരനായൊരു ഉമ്മറിന്റെ ചാമ്പയാണതെന്ന് ഉമ്മർ മാഷ്. ഫലവൃക്ഷങ്ങളുടെ മാത്രമല്ല പൂക്കളുടേയും തോട്ടമാണ് ഇവിടം.

അശോകത്തിന്റെ കുടുംബത്തിൽപ്പെട്ട ബ്രൗണിയ, മഞ്ഞ അശോകം, മഗ്നാലിയ , ഇലഞ്ഞിയും പാരിജാതവും പവിഴമല്ലിയും രാജമല്ലിയും മരമുല്ലയും ചെമ്പകവും പോലുള്ള നാട്ടുചെടികൾ, പൂക്കളുടെ പെരുന്നാള് തീർക്കുന്ന റങ്കൂൺ ക്രീപ്പർ, തെളിഞ്ഞ മഞ്ഞപ്പൂങ്കുലയുലയ്ക്കുന്ന കാറ്റ്‌സ്‌ക്ലോ, ഇതളുകളേറെയുള്ള കൊക്ലോസ്സ്‌പെർമം, കൊഞ്ചിയ, സുഗന്ധം പരത്തുന്ന ഹണിസക്കിൾ, ലാങ്കിലാങ്കി , ബട്ടർ കപ്പ്, ബ്രൈഡൽ ബൊക്കെ ,പെട്രിയ, ജിഞ്ചർ ടോർച്ച്, മങ്കി ബ്രഷ്, തംബർജിയകൾ, പർപ്പിൾ ബിഗോണിയ തുടങ്ങിയ പൂച്ചെടികൾ. ഡെൻഡ്രോബിയം, ഫെനലോപ്സിസ്, ഡോവ് , ബാംബൂ എന്നിങ്ങനെ പലതരം ഓർക്കിഡുകൾ...

പൂക്കളുടെ സൂക്ഷിപ്പുകാരി ഷമീം ടീച്ചറാണ്. ബഡ്ഡിങ്ങും ഗ്രാഫ്റ്റിങ്ങും ഒക്കെയായി ഉമ്മർ മാഷ് ദിവസത്തിന്റെ ഏറിയ പങ്കും തോട്ടത്തിൽത്തന്നെ. സ്‌കൂൾ വിട്ടുവന്നാൽ ടീച്ചർ പൂച്ചെടികൾക്കിടയിലും. പത്തുസെന്റിൽ നിന്ന് രണ്ടേക്കർ പച്ചപ്പിലേക്കുള്ള ഈ പറിച്ചുടനടലിൽ കൈവന്ന ഏറ്റവും വലിയ നേട്ടം എന്തെന്ന് ചോദിച്ചപ്പോൾ ടീച്ചർ കുട്ടിയായി. ഉത്തരം പെട്ടെന്നുവന്നു: 'മനസ്സമാധാനം. ഇവിടെ എപ്പോഴും എന്തെങ്കിലും പണി ബാക്കിയുണ്ടാവും.

ആർത്തവ വിരാമത്തിന്റെയും മറ്റും ഭാഗമായി സ്ത്രീകൾക്ക് മൂഡ് സ്വിങ്‌സും മറ്റും ഉണ്ടാകുമെന്ന് പറയാറില്ലേ. അത്തരം പ്രശ്‌നങ്ങളെ അകറ്റിനിർത്താൻ കൃഷി മികച്ച മാർഗമാണെന്നാണ് എനിക്ക് തോന്നുന്നത്.

പാചകം ഇഷ്ടമുള്ള ആളല്ല ഞാൻ. പക്ഷേ, ഇവിടെവന്ന ശേഷം പാചകത്തിൽ രസകരമായ ചില പരീക്ഷണങ്ങൾക്ക് മുതിർന്നു. അസർബൈജാനിലൊക്കെ മൾബെറി വലിയ ഭരണിയിൽ ഇട്ട് തിളപ്പിച്ച് പഞ്ചസാരയൊഴിച്ച് സൂക്ഷിക്കുമെന്ന് കേട്ട് പരീക്ഷിച്ചു. അതിനെ വെല്ലാൻ മറ്റൊരു ജാം ഇല്ല. ധാരാളമായി കിട്ടിയ ചെറിയ നാട്ടുമാമ്പഴം സൂക്ഷിച്ച് വെക്കാൻ വഴി അന്വേഷിച്ച് ഒടുവിൽ നെയ്യിൽ വഴറ്റിവെക്കാമെന്ന് കണ്ടെത്തി. വാഴപ്പഴവും ചക്കയും റംബൂട്ടാനുമെല്ലാം ഡ്രയറിൽ ഉണക്കി സൂക്ഷിക്കും. സുഹൃത്തുക്കളും മറ്റും വരുമ്പോൾ അവർക്ക് കൊടുക്കും.' മാഷിനും ടീച്ചർക്കും രണ്ട് മക്കൾ. മകൾ അമേയ യു. എസ്. ഫാഷൻ ഡിസൈനർ. മകൻ ദിൽരൂപ് യു.എസും മകളുടെ ഭർത്താവ് ഫഹദ് ഫാസിലും ഐ ടി മേഖലയിൽ ജോലിചെയ്യുന്നു.

കൃഷിയുടെ ഊർജവും വായനയുടെ രസവും സൗഹൃദത്തിന്റെ തണലും ആസ്വദിച്ച് ടീച്ചറും മാഷും ആസ്വാദ്യകരമായ ജീവിതം ആഘോഷിക്കുന്നു. മാഷെ സംബന്ധിച്ച് കൃഷി താനിവിടെ ജീവിച്ചുവെന്നതിന്റെ അടയാളങ്ങൾ ബാക്കിവെക്കലാണ്.

പുറംലോകത്തിന്റെ ബഹളങ്ങളും നാട്യങ്ങളും ഈ കുന്ന് കയറിവരാൻ ഒട്ടൊന്നായാസപ്പെടും. ജീവിതത്തിന്റെ കലർപ്പില്ലാത്ത നിമിഷങ്ങൾ ശുദ്ധവായുപോലെ ഇവിടെ പ്രസരിക്കുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi