'രാജ്യസ്‌നേഹികളുടെ രാജകുമാരന്‍' എന്ന് സുഭാഷ്ചന്ദ്ര ബോസിനെ വിളിച്ചത് മഹാത്മാഗാന്ധിയാണ്. ഗാന്ധിയെ 'ബാപ്പു' എന്നും 'രാഷ്ട്രപിതാവ്' എന്നും വിളിച്ചത് സുഭാഷ്ചന്ദ്ര ബോസും. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ നെടുംതൂണുകളായ ഈ രണ്ട് മഹാരഥന്മാരും എന്നും ആശയപരമായി ധ്രുവങ്ങള്‍ക്കപ്പുറമായിരുന്നു.  

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആയിരുന്നു സ്വാതന്ത്ര്യസമരത്തിന്റെ കേന്ദ്രബിന്ദു. കോണ്‍ഗ്രസ് ആണ് സമരങ്ങള്‍ നയിച്ചിരുന്നത്. ഗാന്ധിയുടെ ആശയങ്ങളെ അങ്ങേയറ്റം മാനിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് മുന്നേറിയത്. കോണ്‍ഗ്രസിലും ഭിന്നസ്വരങ്ങളുണ്ടായിരുന്നു. ആ ചേരിതിരിവ് ഉച്ചസ്ഥായിലാക്കിക്കൊണ്ട് ബോസ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു.

placeholder
1938-ല്‍ ഹരിപുര കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ ബോസ് ജയിച്ചു. എതിരാളികളില്ലാത്ത ജയമായിരുന്നു അത്. അടുത്ത വര്‍ഷം ബോസ് വീണ്ടും മത്സരിച്ചു. ഇക്കുറി എതിരാളിയുണ്ടായിരുന്നു. ഗാന്ധിജി സ്വന്തം സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്തിയ പട്ടാഭി സീതാരാമയ്യയെയാണ് ബോസ് പരാജയപ്പെടുത്തിയത്‌. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഗാന്ധിജിയുടെ ആശയങ്ങളെ ബോസ് കോണ്‍ഗ്രസ് മധ്യത്തില്‍ പരാജയപ്പെടുത്തി എന്നുപറയാം. ബോസിനെ അഭിനന്ദിച്ച ഗാന്ധിജി, പട്ടാഭിയുടെ തോല്‍വി സ്വന്തം തോല്‍വിയാണെന്ന് പറഞ്ഞു.

രണ്ടാം ലോകമഹായുദ്ധത്തിന്റെ സാഹചര്യങ്ങള്‍ മുതലെടുക്കണമെന്നും ബ്രിട്ടന്‍ ദുര്‍ബലരായിരിക്കുന്ന വേളയില്‍ അവരെ അട്ടിമറിക്കണമെന്നും ബോസ് വാദിച്ചു. സൈനികസഹായത്തോടെ അത് നേടിയെടുക്കണമെന്നായിരുന്നു ബോസിന്റെ ആശയം. മഹായുദ്ധത്തിന്റെ മറ പറ്റാന്‍ ഗാന്ധിജി ഒരുക്കമായിരുന്നില്ല, അഹിംസയുടെ പാത വെടിയാനും. ഇന്ത്യ സ്വാതന്ത്ര്യം നേടുന്നത് രക്തം വീഴാതെ ആകണമെന്ന് ഗാന്ധിജിക്ക് നിര്‍ബന്ധമായിരുന്നു.

ബോസിന്റെ ആശയങ്ങളും ഗാന്ധിയന്‍ ആശയങ്ങളും രണ്ടു തട്ടായി. കോണ്‍ഗ്രസ് ചേരി തിരിഞ്ഞു. ബോസ് പ്രസിഡന്റ് സ്ഥാനം രാജി വെച്ചു. തന്റെ അനുയായികള്‍ക്കൊപ്പം ഫോര്‍വേഡ് ബ്ലോക്ക് എന്നൊരു സംഘടന ആരംഭിച്ചു. പുതിയ കോണ്‍ഗ്രസ് പ്രസിഡന്റായി രാജേന്ദ്രപ്രസാദ് അധികാരമേറ്റു. ബോസിനെ ബംഗാള്‍ പ്രൊവിന്‍ഷ്യല്‍ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി. 

സുഭാഷ്ചന്ദ്ര ബോസിന്റെ ജീവിതം ഏറ്റവും സമഗ്രമായി അടയാളപ്പെടുത്തിയ ചരിത്രകാരനാണ് ലിയോണാര്‍ഡ് എ. ഗോര്‍ഡന്‍. അദ്ദേഹത്തിന്റെ എന്ന പുസ്തകത്തില്‍ ഗാന്ധിജിയും ബോസും തമ്മിലുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് വിശദമാക്കുന്നുണ്ട്. വഴിതെറ്റിപ്പോയ മകനായിരുന്നു ഗാന്ധിജിക്ക് ബോസ്. ബോസിന്റെ വാദങ്ങളൊന്നും ഗാന്ധിജിയുടെ മനസ്സ് മാറ്റിയില്ല.

placeholder
ഗാന്ധിയും ബോസും കത്തുകളിലൂടെ നിരന്തരം സംവദിച്ചു. ആശയവും മാര്‍ഗവും വെവ്വേറെ ആയിരുന്നെങ്കിലും സ്വതന്ത്ര ഇന്ത്യയെന്ന ലക്ഷ്യം ഇരുവരെയും ചേര്‍ത്തുനിര്‍ത്തി. ബോസിന്റെ രാജ്യസ്‌നേഹത്തിന്റെ തീവ്രത ഗാന്ധി എന്നും ബഹുമാനിച്ചു. ഇന്ത്യക്കാര്‍ക്കുള്ളില്‍ ഐക്യത്തിന്റെയും സ്വാഭിമാനത്തിന്റെയും തിരി കൊളുത്തിയ മഹാശയനായി ഗാന്ധിജിയെ ബോസും എന്നും വണങ്ങി. 1945 ഓഗസ്റ്റ് 18-ന് തായ്‌വാനില്‍ വെച്ചുണ്ടായ വിമാനാപകടത്തില്‍ ബോസ് കൊല്ലപ്പെട്ടു. എല്ലാ ഇന്ത്യക്കാരെയും പോലെ ആ വാര്‍ത്ത ഗാന്ധിജിക്കും വലിയ വേദനയായിരുന്നു. ബോസ് മരിച്ചിട്ടില്ലെന്നും അദ്ദേഹം ഒളിവിലാണെന്നും വിശ്വസിച്ച വലിയൊരു വിഭാഗം ഉണ്ടായിരുന്നു. ബോസ് എന്തോ രഹസ്യമിഷനിലാണെന്നും അദ്ദേഹം മടങ്ങിവരുമെന്നും അക്കൂട്ടര്‍ വാദിച്ചു. ആദ്യം ഗാന്ധിയും ബോസിന്റെ മരണവാര്‍ത്തയില്‍ സന്ദേഹം പ്രകടിപ്പിച്ചിരുന്നത്രെ. വൈകാതെ ബോസ് ഇനിയില്ല എന്ന സത്യവുമായി അദ്ദേഹം സന്ധി ചെയ്യുകയായിരുന്നു.