
കാറ്റില്‍ വീഴാ മെഴുതിരി നാളം
ആരോ തന്നു വഴികളില്‍
കാണാന്‍ തോന്നും കനവെഴുതുന്നു
ആരോ വന്നെന്‍ മിഴികളില്‍
ആകാശമേ നീ കൈനീട്ടിയോ
സ്‌നേഹച്ചിറകു തരുന്നോ
മോഹച്ചുകപ്പോടെ പനീര്‍പ്പൂവുകള്‍
വീണ്ടും വിരിയുകയാണോ...
ഏഴ് വര്‍ഷങ്ങള്‍ക്കുമുമ്പ് 'ഉയരെ' എന്ന ചിത്രത്തിലെ ഈ ഗാനരംഗത്ത് അഭിനയിച്ചാണ് എറണാകുളം സ്വദേശി ശ്രുതി വിപിന്‍ സിനിമയിലെത്തുന്നത്. 'ഉയരെ'യിലെ പല്ലവിയുടെ ട്രെയിനറായി, നടപ്പിലും ഇരിപ്പിലും പെരുമാറ്റത്തിലും ആത്മവിശ്വാസമുള്ള സ്ത്രീയായി ശ്രുതി വിപിന്‍ ആ ഗാനരംഗത്ത് മികച്ചുനിന്നു. പല്ലവിയെപ്പോലെ ശ്രുതിയും തന്റെ സ്വപ്‌നത്തിലേക്കുള്ള യാത്ര തുടങ്ങിയത് അന്നുമുതലാണ്. അതുവരെ ശ്രുതിയുടെ ചിന്തയില്‍പോലും സിനിമ കടന്നുവന്നതേയില്ല. ജോലി ഉപേക്ഷിച്ച് ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച മകള്‍ കുഞ്ഞു ശ്രീയക്കൊപ്പം വീട്ടിലിരിക്കുമ്പോഴാണ് ശ്രുതി പുതിയൊരു കരിയറിനെപ്പറ്റി ചിന്തിക്കുന്നത്.
അതിനു വഴിതെളിച്ചതാവട്ടെ ഗൃഹലക്ഷ്മി മിസിസ് കേരള മത്സരവും. പല ദേശങ്ങളിലെ സ്ത്രീകള്‍ ഒന്നിച്ചൊരു വേദിയില്‍ മാറ്റുരച്ചപ്പോള്‍ ശ്രുതി, റണ്ണറപ്പ് കിരീടം ചൂടി. പതിയെ മോഡലിങ്ങിലേക്കും തുടര്‍ന്ന് സിനിമയിലേക്കും ശ്രുതിക്ക് അവസരങ്ങള്‍ വന്നുചേര്‍ന്നു. കാണെക്കാണെ, തുണ്ട്, ബ്ലാക്ക് കോഫി, പത്താംവ്യൂഹത്തിലെ അഭിമന്യു, കൊള്ള, ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി, പൂവ്... തുടങ്ങി നിരവധി ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളിലൂടെ ശ്രുതി തിളങ്ങി. ഒടുവില്‍ അഭിനയിച്ച 'പൂവ്' വിവിധ ചലച്ചിത്രമേളകളില്‍ മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്. സിനിമ റിലീസാവുന്നതിന്റെ സന്തോഷത്തിനൊപ്പം തന്നെ മകള്‍ ശ്രീയയും അഭിനയത്തില്‍ ചുവടുവെക്കുന്നതിന്റെ ആവേശത്തിലാണ് ശ്രുതി. നിനച്ചിരിക്കാതെ വന്നുചേര്‍ന്ന ഭാഗ്യങ്ങളെ ശ്രീയയ്‌ക്കൊപ്പം ചേര്‍ത്തുപിടിച്ച് ശ്രുതി വിശേഷങ്ങള്‍ പങ്കുവെക്കുന്നു.

പൂപോലൊരു 'പൂവ്'
''ഇതുവരെ 20 ചലച്ചിത്രമേളകളില്‍ 'പൂവ്' സിനിമ സ്‌ക്രീനിങ് നടത്തിക്കഴിഞ്ഞു. മികച്ച രണ്ടാമത്തെ ഫീച്ചര്‍ ഫിലിമിനുള്ള ജെ.സി.ഡാനിയേല്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. അനീഷ് ബാബു അബ്ബാസും ബിനോയ് ജോര്‍ജും ചേര്‍ന്നാണ് സംവിധാനം. ഒരു പുരുഷന്റെ ജീവിതത്തിലെ നാല് ഘട്ടങ്ങളില്‍ സ്വാധീനം ചെലുത്തിയ നാല് സ്ത്രീകള്‍ക്കൊപ്പമുള്ള യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. സ്വപ്‌നങ്ങളിലൂടെ ഒരു യാത്ര...ആ നാലു സ്ത്രീകളിലൊരാളാണ് സന്ധ്യ എന്ന എന്റെ കഥാപാത്രം. സിനിമയിലേക്ക് കാസ്റ്റ് ചെയ്യപ്പെടുന്ന സമയത്തെ എന്റെ ലുക്ക് വെച്ച് ഇതിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയില്ലെന്നാണ് ആദ്യം കരുതിയത്. പക്ഷേ, സന്ധ്യ എനിക്കായി കരുതിവെച്ച കഥാപാത്രമായിരുന്നു. 'പൂവ്' വളരെ മനോഹരമായ ഒരു കുഞ്ഞു ചിത്രമാണ്. സിനിമാ കരിയറില്‍ എനിക്ക് കിട്ടിയ വലിയൊരു നേട്ടം. 'പൂവി'ന് മുമ്പും ശേഷവും എന്ന് എന്നെ വിലയിരുത്താനാണ് എനിക്കിഷ്ടം. അഭിനയത്തിന്റെ വലിയൊരു അനുഭവമാണ് സിനിമ എനിക്ക് സമ്മാനിച്ചത്.

വഴിത്തിരിവായി ഗൃഹലക്ഷ്മി മിസിസ് കേരള
തികച്ചും യാദൃശ്ചികമായിട്ടാണ് അഭിനയരംഗത്തെത്തിയത്. പലരും പറയുന്നതുപോലെ ചെറുപ്പംതൊട്ടുള്ള സ്വപ്‌നമാണ് സിനിമ എന്നു പറയാന്‍ എനിക്കാവില്ല. ഈ മേഖലയില്‍ എത്തിച്ചേരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. എന്തെങ്കിലും ചെയ്യാനുള്ള മിനിമം ആത്മവിശ്വാസം പോലും എനിക്ക് നഷ്ടപ്പെട്ടിരുന്നു. അവിടെനിന്നുള്ള തിരിച്ചുവരവാണ് ഈ യാത്ര.
വോഡാഫോണില്‍ സ്‌റ്റോര്‍ മാനേജറായി ജോലി ചെയ്യുന്ന സമയത്താണ് കുഞ്ഞ് ജനിക്കുന്നത്. ആ സമയത്ത് കരിയറില്‍നിന്ന് ബ്രേക്ക് എടുത്തു. ആ ബ്രേക്ക് നീണ്ടുനീണ്ടുപോയി. പിന്നീടാണ് ഗൃഹലക്ഷ്മി മിസിസ് കേരള പേജന്റില്‍ മത്സരിക്കുന്നത്. അതില്‍ റണ്ണറപ്പ് ആയതാണ് എല്ലാത്തിനും തുടക്കം. പതിയെ ചെറിയ ചെറിയ ഫോട്ടോഷൂട്ടുകള്‍ ചെയ്തു. പരസ്യങ്ങളില്‍ അവസരം ലഭിച്ചു. ഒരോന്നും പരീക്ഷണമായിരുന്നു. പക്ഷേ, അതിലൂടെ എനിക്ക് ആത്മവിശ്വാസം കൈവന്നു. ടാറ്റാ മോട്ടോഴ്‌സ്, പങ്കജ് കസ്തൂരി, രാംരാജ്, ഭീമ ജ്വല്ലറി, കിച്ചന്‍ ട്രഷേഴ്‌സ്, മേളം കറി പൗഡര്‍, മില്‍ക് ബിക്കീസ്, കേരള പോലീസ്, ഹാപ്പി വെഡ്ഡിങ്...തുടങ്ങി ധാരാളം പരസ്യങ്ങള്‍ ചെയ്തു. അങ്ങനെയാണ് സിനിമയിലേക്കും എത്തിപ്പെടുന്നത്.
ജീവിതത്തില്‍ പലതും തീരുമാനിക്കും. പക്ഷേ, നടക്കുന്നത് മറ്റൊന്നാവും. ജീവിതം നമ്മളെ കൊണ്ടുപോകുന്ന അവസ്ഥയിലൂടെ സന്തോഷത്തോടെ മുന്നോട്ടുപോവുക എന്നതാണ് എന്റെ പോളിസി. സാധാരണയുള്ള ഓഫീസ് ജോലികള്‍ എനിക്ക് നടക്കില്ലെന്ന് ഉറപ്പായപ്പോഴാണ് അടുത്തത് എന്ത് എന്നതിനെപ്പറ്റി ആലോചിച്ചത്. സന്തോഷമുള്ള ജോലി ചെയ്ത് വരുമാനമുണ്ടാക്കണം എന്നതായിരുന്നു മനസ്സില്‍. ഒപ്പം എന്റെ മോളെയും നോക്കാന്‍ പറ്റണം. ഗൃഹലക്ഷ്മി മിസിസ് കേരളയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ പോലും സിനിമ എന്റെ ചിന്തയിലെങ്ങും ഇല്ലായിരുന്നു. പക്ഷേ, കിട്ടിയ അവസരങ്ങള്‍ ഓരോന്നും അതിലേക്ക് എന്നെ എത്തിച്ചു. ഇനിയും പലപല വേഷങ്ങള്‍ കിട്ടണം, നന്നായി അഭിനയിക്കണം എന്നൊക്കെയുള്ള തോന്നലുകള്‍ വന്നുതുടങ്ങി. സിനിമയോട് ഭ്രാന്ത് തോന്നുന്ന ഒരിഷ്ടമാണിപ്പോള്‍.

അവരും ലോകം കാണട്ടെ
എട്ടുവയസ്സുകാരിയായ മകള്‍ ശ്രീയയ്ക്ക് സോഷ്യല്‍മീഡിയയില്‍ ആരാധകരേറെയുണ്ട്. അവളുടെ ചിത്രങ്ങളും വീഡിയോകളും കാണുമ്പോള്‍ പലര്‍ക്കും പ്രചോദനമാണ്. സ്‌പെഷ്യല്‍ പാരന്റ്‌സിന് മാത്രമല്ല. എല്ലാവര്‍ക്കും അവളെ ഇഷ്ടമാണ്. അവള് സഹകരിക്കുന്നതിനനുസരിച്ച് ഓരോ വീഡിയോകള്‍ ഞാനും ഭര്‍ത്താവ് വിപിനും പോസ്റ്റ് ചെയ്യാറുണ്ട്. അദ്ദേഹം ടെക്‌നോപാര്‍ക്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായി ജോലി ചെയ്യുകയാണ്. മോള്‍ക്ക് ഡൗണ്‍ സിന്‍ഡ്രോം ആണെന്ന് അറിഞ്ഞതിനുശേഷം അങ്ങനെയുള്ള ഒരുപാട് കുഞ്ഞുങ്ങളുമായും രക്ഷിതാക്കളുമായും ഞങ്ങള്‍ സംസാരിച്ചിരുന്നു. ശ്രീയയുടെ കുഞ്ഞുനേട്ടങ്ങളോരോന്നും പേജില്‍ പങ്കുവെക്കും. അവളെ എഴുതാന്‍ പഠിപ്പിച്ചത്, നീന്തല്‍ പഠിപ്പിച്ചത്...അതൊന്നും എളുപ്പമല്ല. ഒരുപാട് ക്ഷമയും സമയവും അധ്വാനവും ആവശ്യമാണ്. അവരെ പിടിച്ചിരുത്താന്‍ കഴിയുന്ന രീതിയില്‍ നമ്മളും ക്രിയേറ്റീവായ ഐഡിയകള്‍ സ്വീകരിക്കണം. അങ്ങനെ കുറേ കാര്യങ്ങളുണ്ട്. ഡൗണ്‍സിന്‍ഡ്രോം ബാധിച്ച കുഞ്ഞുങ്ങളുടെ ഭംഗിയും അവരുടെ കഴിവുകളും ലോകവും കാണട്ടെ. ഇതെല്ലാം നോര്‍മലൈസ് ആവണം. അവരെ മനസ്സിലാക്കാനും അംഗീകരിക്കാനും പറ്റണം.
ഞങ്ങള്‍ ചെയ്യുന്ന ഓരോ പ്രവൃത്തിയും ഞങ്ങളുടെ ഓരോ വാക്കും അവള്‍ ശ്രദ്ധിക്കുന്നുണ്ട്. അത് അവളെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുമുണ്ട്. വികൃതി കാട്ടിയാല്‍ എങ്ങനെ പ്രതികരിക്കണമെന്നൊക്കെ വിദഗ്ധരില്‍ നിന്ന് നിര്‍ദേശങ്ങള്‍ തേടിയാണ് ചെയ്യാറുള്ളത്. ആദ്യമേ ഉച്ചത്തില്‍ വഴക്കുപറഞ്ഞാല്‍ അതുതന്നെ പിന്നീട് തുടരേണ്ടി വരും. ജെന്റില്‍ പാരന്റിങ്ങാണ് ഞങ്ങള്‍ക്കും ഇഷ്ടം. ഒറ്റയ്ക്ക് കാര്യങ്ങള്‍ ചെയ്യാന്‍ ശ്രീയയെ പരിശീലിപ്പിക്കാറുണ്ട്. ഭക്ഷണം കഴിച്ച പാത്രം അവള്‍ കഴുകാറുണ്ട്. അത് ചിലപ്പോള്‍ വൃത്തിയാകില്ലെന്ന് അറിയാം. എന്നാലും കഴിച്ച പാത്രം കഴുകിവെക്കണം എന്ന ബോധം അവളിലുണ്ടാവുമല്ലോ. അവള്‍ തനിയെ ബ്രഷ് ചെയ്യാറുണ്ട്. സ്‌കൂള്‍ യൂണിഫോമൊക്കെ ഇട്ട് ഒരുങ്ങും, വാട്ടര്‍ ബോട്ടിലില്‍ വെള്ളം നിറയ്ക്കും... അങ്ങനെ കുഞ്ഞുകുഞ്ഞ് കാര്യങ്ങള്‍ ചെയ്യാറുണ്ട്. ഇപ്പോള്‍ ഒന്നാം ക്ലാസ്സിലായി. ഇനിയും സോഷ്യല്‍മീഡിയയില്‍ ആക്ടീവായി തുടരാനാണ് ഞങ്ങളുടെ ശ്രമം.

സ്വപ്‌നങ്ങള്‍...
ഒരമ്മയുടെ ഉത്തരവാദിത്തങ്ങളൊക്കെ ആസ്വദിച്ച് ചെയ്യാറുണ്ട്. യാത്ര ചെയ്യാന്‍ ഇഷ്ടമാണ്. ഇപ്പോള്‍ കീബോര്‍ഡ് പഠിക്കുന്നുണ്ട്. ഇതെല്ലാം എനിക്ക് സന്തോഷം തരുന്നുണ്ടെങ്കിലും അഭിനയിക്കുമ്പോഴാണ് കൂടുതല്‍ സന്തോഷവും സംതൃപ്തിയും നല്‍കുന്നത്. ആറാം തിരുകല്പന, ഏയ്ഞ്ചല്‍ ബേബി എന്നീ ചിത്രങ്ങളാണ് ഇനി റിലീസാകാനുള്ളത്. ഇപ്പോള്‍ 'ദ റൈഡ്' എന്ന ചിത്രത്തില്‍ അഭിനയിക്കുന്നു. റിതേഷ് മേനോനാണ് സംവിധാനം. അതില്‍ എനിക്കൊപ്പം മകള്‍ ശ്രീയയും അഭിനയിക്കുന്നുണ്ട്. ഇതുപോലെ സന്തോഷത്തോടെ കണ്ടന്റ്ഫുള്ളായി ജീവിതം മുന്നോട്ട് പോകണമെന്നതാണ് ഏറ്റവും വലിയ ആഗ്രഹം.
Content Highlights: story of Sruthi Vipin on and off camera
Published: 10 Apr 2025, 12:28 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented