
2005 സെപ്റ്റംബര്‍ ഒന്ന്. ചങ്ങമ്പുഴ അലശക്കോട് വീട്ടില്‍ ജോര്‍ജിനും ഭാര്യ ഫാന്‍സിക്കും ആ ദിവസം മറക്കാനാവില്ല. ദുബായില്‍നിന്ന് മകള്‍ സ്മിത അവരെ അവസാനമായി വിളിച്ച ദിവസമായിരുന്നു അത്. ദുബായില്‍ എത്തിയെന്നും വീണ്ടും വിളിക്കാമെന്നും പറഞ്ഞാണ് ഫോണ്‍ വെച്ചത്. ആ കോള്‍ വന്നതിന്റെ പിറ്റേന്ന് സ്മിതയെ കാണാനില്ലെന്ന് അവരുടെ ഭര്‍ത്താവ് സാബു ദുബായ് പോലീസില്‍ പരാതി നല്‍കി. സ്മിത എഴുതിയതാണെന്ന് പറഞ്ഞ് ഒരു കത്തും അയാള്‍ ഹാജരാക്കി. 'ഞാന്‍ ഒരു ഡോക്ടറുമായി പ്രണയത്തിലാണ്. അയാളോടൊത്ത് ജീവിക്കാന്‍വേണ്ടിയാണ് ദുബായിലേക്ക് വന്നത്', ഇതായിരുന്നു കത്തിന്റെ ഉള്ളടക്കം.
ദുരൂഹമായിരുന്നു സ്മിതയുടെ തിരോധാനം. അപ്പോള്‍ പലതും പ്രചരിച്ചു. അതൊന്നുമറിയാതെ ദുബായിലെ മോര്‍ച്ചറിയില്‍ സ്മിതയുടെ ശരീരം മരവിച്ചുകിടന്നു, നീണ്ട പത്തുവര്‍ഷക്കാലം. മൃതശരീരം സ്മിതയുടെതാണെന്ന് തിരിച്ചറിയാന്‍ നിമിത്തമായത് ഒരു അഭിഭാഷകന്റെ ഇടപെടലായിരുന്നു. കരുനാഗപ്പള്ളി സ്വദേശിയായ ഷംസുദ്ദീന്‍ വക്കീല്‍. ദുരിതക്കുരുക്കുകളില്‍ അകപ്പെട്ടുപോവുന്ന ഗള്‍ഫ് മലയാളികള്‍ക്ക് ആശ്വാസം പകരുന്ന വക്കീല്‍ പ്രവാസികള്‍ക്ക് പരിചിതനാണ്. പ്രവാസജീവിതത്തിനിടെ തന്നെ തേടിയെത്തിയ നൂറുകണക്കിന് കേസുകളില്‍ ഒന്നുമാത്രമായിരുന്നു സ്മിതയുടെതെന്ന് പറയുന്നു അദ്ദേഹം. വക്കീലിന്റെ കേസ്ഡയറിയിലേക്ക്...
Also Read
ചുരുളഴിഞ്ഞ രഹസ്യം
സ്മിത എഴുതിയതെന്ന് പറഞ്ഞ് സാബു ഹാജരാക്കിയ കത്തിലെ കൈയക്ഷരം അവളുടെതല്ലെന്ന് ബന്ധുക്കള്‍ മനസ്സിലാക്കി. കത്തില്‍ പറയുംപോലെ ഒരു ബന്ധം സ്മിതയ്ക്ക് ഇല്ലെന്നും അമ്മാവന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ ഉറപ്പിച്ചുപറഞ്ഞു. വാസ്തവമറിയാന്‍ ദുബായില്‍തന്നെയുള്ള സ്മിതയുടെ ബന്ധു മാക്സന്‍, സാബുവിന്റെ വീട്ടില്‍ ചെന്നു. അവിടെ അപരിചിതയായ ഒരു സ്ത്രീ ഉണ്ടായിരുന്നു. അവര്‍ തമ്മില്‍ കശപിശയായി. ദുബായ് പോലീസ് മൂന്നുപേരെയും അറസ്റ്റ് ചെയ്തു. വിചാരണവേളയില്‍ ജാമ്യം നേടിയ സാബു അമേരിക്കയിലേക്ക് കടന്നു. സ്മിതയുടെ തിരോധാനത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ കേസ് ഫയല്‍ചെയ്‌തെങ്കിലും അനുവദിക്കപ്പെട്ടില്ല. ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുകയാണ് ആദ്യം ചെയ്തത്. ഫലം അനുകൂലമാണെന്ന് വിശ്വസിപ്പിച്ച് സാബുവിനെ അമേരിക്കയില്‍നിന്ന് തന്ത്രപൂര്‍വം നാട്ടിലെത്തിച്ച് അറസ്റ്റും ചെയ്തു.
പിന്നീടാണ് ദുബായില്‍ സീനിയര്‍ ലീഗല്‍ കണ്‍സള്‍ട്ടന്റായ ഷംസുദ്ദീന്‍ ഇതില്‍ ഇടപെടുന്നത്. അദ്ദേഹം അന്വേഷണമാരംഭിച്ചു. സാബുവിനൊപ്പം താമസിച്ചിരുന്ന സ്ത്രീയിലേക്ക് അന്വേഷണം നീളുന്നു. കൊല്ലം സ്വദേശിയായ ആ സ്ത്രീയ്ക്ക് നിരവധി പാസ്പോര്‍ട്ടുകള്‍ ഉണ്ടെന്ന് മനസ്സിലായി. കേസുമായി ബന്ധപ്പെട്ട് ദുബായ് പോലീസുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്ന ഷംസുദ്ദീന് ഒരുദിവസം വാട്സ്ആപ്പില്‍ തിരിച്ചറിയാതെകിടന്ന ഒരു മൃതദേഹത്തിന്റെ ഫോട്ടോ പോലീസ് അയച്ചുകൊടുത്തു. അത് സ്മിതയുടെതായിരുന്നു.
അപകടത്തില്‍ പെട്ടതാണെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചതാണ് സ്മിതയെ. പക്ഷേ, ആശുപത്രിയില്‍ എത്തുംമുന്‍പേ സ്മിത മരിച്ചിരുന്നു. ആശുപത്രിയില്‍ എത്തിച്ചവര്‍ കാര്‍ പാര്‍ക്ക്‌ചെയ്ത് വരാമെന്ന് പറഞ്ഞ് പോയിട്ട് പിന്നെ വന്നതുമില്ല. അങ്ങനെ ദുബായ് പോലീസ് കേസ് രജിസ്റ്റര്‍ചെയ്ത് മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു. കാര്യങ്ങള്‍ ഏകദേശം മനസ്സിലായ ഷംസുദ്ദീന്‍ ഇവരുടെ രക്തസാമ്പിളും മുടിയും പരിശോധനക്കയച്ചു. ഡി.എന്‍.എ. ടെസ്റ്റ് നടത്തി. മൃതദേഹം തിരിച്ചറിയാന്‍ അമ്മയെയും കൊണ്ടുപോയി. പിന്നീട് കേസ് സി.ബി.ഐ. ഏറ്റെടുത്തു. കുറ്റാരോപിതയായ സ്ത്രീ സി.ബി.ഐ. കസ്റ്റഡിയില്‍ ബ്രെയിന്‍ മാപ്പിങ്ങിനായി മുംബൈയിലേക്കുള്ള ട്രെയിന്‍യാത്രയ്ക്കിടയില്‍ ലോഷന്‍ കുടിച്ച് ആശുപത്രിയിലായി. ചികിത്സയ്ക്കിടെ മരിച്ചു. കേസ് ഇപ്പോഴും തീര്‍ന്നിട്ടില്ല.
കൈത്താങ്ങ്
20 വര്‍ഷമായി ദുബായില്‍ അഭിഭാഷകനായി ജോലിചെയ്യുന്ന ഷംസുദ്ദീന്‍ ഇതിനകം ആയിരത്തിലേറെ കേസുകളില്‍ നഷ്ടപരിഹാരം വാങ്ങിക്കൊടുത്തിട്ടുണ്ട്. നാട്ടില്‍ കോടതിയിലെ ക്ലര്‍ക്ക് ജോലി ഉപേക്ഷിച്ചാണ് ഗള്‍ഫിലെത്തുന്നത്. ജീവിതം മാറ്റിമറിച്ച തീരുമാനമായിരുന്നു അത്. പ്രവാസലോകത്ത് നിസ്സഹായതയുടെ തുരുത്തില്‍ അകപ്പെട്ടവര്‍ക്ക് സഹായവുമായി വക്കീല്‍ ഒപ്പമുണ്ട്. കൊച്ചി മരടിലെ പൊളിക്കപ്പെട്ട ഫ്‌ളാറ്റുകളിലൊന്ന് ഷംസുദ്ദീന്റെതായിരുന്നു. ഫ്‌ളാറ്റുടമകളുടെ നഷ്ടപരിഹാര കേസിലും വക്കീല്‍ മുന്നിലുണ്ട്. ബിന്ദു എന്ന ബുഷ്റയാണ് ഭാര്യ. മകള്‍ ഹെന്ന ശിശുരോഗവിഭാഗത്തില്‍ എം.ഡി.ക്ക് പഠിക്കുന്നു. മരുമകന്‍ ഇജാസ് മുഹമ്മദ് ഖാന്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഡോക്ടറാണ്. മകന്‍ ബിലാല്‍ ബാപ്പയുടെ വഴിയേ നിയമരംഗത്തുണ്ട്.
Content Highlights: story of senior advocate shamsudheen
Published: 05 Aug 2023, 09:57 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented