ബോളിവുഡ് സിനിമകളിലൂടെ ഇന്ത്യയുടെ അണ്ടർ കവർ ഏജന്റുമാർ (Under cover indian intelligence agent) പലരും വെള്ളിത്തിരയിലെത്തിയിട്ടുണ്ട്. എന്നാൽ കെട്ടുകഥകളേക്കാൾ വിചിത്രമായ കഥയുള്ളൊരു രഹസ്യ ഏജന്റുണ്ടായിരുന്നു, രവീന്ദ്ര കൗശിക്. ഇന്ത്യയിലെ ഏറ്റവും ധീരനായ രഹസ്യ ഏജന്റുമാരിലൊരാളായിരുന്നു അദ്ദേഹം. റോയുടെ (Research and Analysis Wing) 'ബ്ലാക്ക് ടൈഗർ' എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
രാജസ്ഥാനിൽ ഇന്ത്യ-പാക് അതിർത്തിയോട് ചേർന്നുള്ള ശ്രീ ഗംഗാനഗർ എന്ന ഗ്രാമത്തിലാണ് രവീന്ദ്രയുടെ ജനനം. പഠിക്കുമ്പോൾ നാടകങ്ങളിലും സംവാദപരിപാടികളിലും മറ്റും സജീവമായി പങ്കെടുത്തിരുന്നു. 1973-ൽ ഒരു ഏകാംഗനാടകം അവതരിപ്പിച്ചു. ചോദ്യം ചെയ്യപ്പെടുന്ന ഒരു ഇന്ത്യൻ സൈനികന്റെ വേഷമാണ് അദ്ദേഹം അന്ന് ഭംഗിയാക്കിയത്. ആ നാടകം റോ സ്‌കൗട്ട്‌സിന്റെ ശ്രദ്ധയിൽ പെട്ടു. അങ്ങനെയാണ് രഹസ്യ ഏജന്റാവാനുള്ള അവസരമൊരുങ്ങുന്നത്.
Also Read
താമസിയാതെ, അദ്ദേഹം വളരെ തീവ്രമായ പരിശീലനങ്ങളിലൂടെ കടന്നുപോയി. രഹസ്യദൗത്യങ്ങൾക്കായി ഒരു പുതിയ വ്യക്തിത്വം സ്വീകരിക്കുന്നതിന്റെ ഭാഗമായിട്ടുള്ളതായിരുന്നു ആ പരിശീലനം. അവിടെവെച്ച് ഇസ്ലാമിനെക്കുറിച്ച് മനസ്സിലാക്കി. പാക് ഉറുദു പഠിച്ചു.
23 വയസ്സുള്ളപ്പോഴാണ് രവീന്ദ്ര പാകിസ്താനിലെത്തുന്നത്. നബി അഹമദ് ഷക്കീർ എന്നായിരുന്നു പുതിയ പേര്. പുതിയ പേരിൽ, പുതിയ ഐഡന്റിറ്റിയിൽ അദ്ദേഹം അവിടെ ജീവിച്ചു. കറാച്ചി സർവകലാശാലയിൽനിന്ന് നിയമബിരുദം പൂർത്തിയാക്കിയശേഷം, പാക് സൈന്യത്തിൽ ചേർന്നു. പടിപടിയായി മേജർ പദവിയിലെത്തുകയും ചെയ്തു. ഒരു പാക് യുവതിയെ അദ്ദേഹം അതിനിടയിൽ വിവാഹം കഴിച്ചു. പാക് സൈനിക ഓഫീസറുടെ മകളായിരുന്നു ഭാര്യയായ അമാനത്ത്. ഒരു കുഞ്ഞുമുണ്ടായി ആ ബന്ധത്തിൽ.
1979-നും 83-നുമിടയിൽ തന്ത്രപ്രധാനമായ ഒട്ടേറെ വിവരങ്ങൾ അദ്ദേഹം ഇന്ത്യയിലേക്ക് അയച്ചുകൊടുത്തു. ഇത് രാജ്യത്തിന് വളരെയേറെ സഹാകരമായ വിവരങ്ങളായിരുന്നു. ഈ കാലയളവിൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അദ്ദേഹത്തിന് നൽകിയ രഹസ്യനാമമാണ് 'ബ്ലാക്ക് ടൈഗർ' എന്നത്.
1983-ൽ രവീന്ദ്രയെ കാണുന്നതിനായി മറ്റൊരു രഹസ്യ ഏജന്റായ ഇനായത്തിനെ റോ പാകിസ്താനിലേക്ക് അയച്ചു. എന്നാൽ, ഇനായത് വളരെ എളുപ്പത്തിൽ പിടിക്കപ്പെട്ടു. ചോദ്യംചെയ്യലിനിടയിൽ രവീന്ദ്രയെ കാണാനാണ് എത്തിയതെന്ന് ഇനായത് വെളിപ്പെടുത്തി. അങ്ങനെയാണ് രവീന്ദ്രയും പിടിയിലാവുന്നത്. എന്നാൽ കഠിനമായ പീഡനങ്ങൾക്കിടയിലും, രവീന്ദ്ര തന്റെ ഇന്ത്യൻ വ്യക്തിത്വം വെളിപ്പെടുത്താൻ വിസമ്മതിച്ചു. രണ്ടുവർഷത്തോളം ക്രൂരമായ പീഡനങ്ങൾക്കിരയായി. എന്നിട്ടും അദ്ദേഹം ഒന്നും സമ്മതിച്ചുകൊടുത്തില്ല.
ചോദ്യംചെയ്യലുകൾക്കുശേഷം മിയാൻവാലി, കോട്ട് ലഖ്പത് എന്നിവിടങ്ങളിലെ ഉയർന്ന സുരക്ഷയുള്ള (high security) ജയിലുകളിലേക്ക് അദ്ദേഹത്തെ മാറ്റി. ജയിലുകളിൽ കഴിയുമ്പോൾ ഇന്ത്യയിലെ തന്റെ കുടുംബത്തിന് രഹസ്യമായി കത്തുകൾ അയയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്ന് പറയപ്പെടുന്നു. ആ കത്തുകളിലെല്ലാം തന്റെ മോശം ആരോഗ്യത്തെയും പാക് ജയിലുകളിൽ അദ്ദേഹം നേരിട്ട മാനസിക-ശാരീരികപീഡനങ്ങളെയും കുറിച്ചുള്ളതായിരുന്നു. 2001-ൽ അസുഖം ബാധിച്ച് അദ്ദേഹം മരിച്ചു. ആ മൃതദേഹം എവിടെയാണ് മറവ് ചെയ്തതെന്നതും അജ്ഞാതം. തന്റെ രാജ്യത്തുനിന്ന് അകലെ അടയാളപ്പെടുത്താത്ത ഏതോ ഒരു ശവക്കുഴിയിലാണ് അദ്ദേഹത്തെ അവർ അടക്കം ചെയ്തത്. അസാധാരണ സേവനം കാഴ്ചവച്ചിട്ടും, രവീന്ദ്ര കൗശിക്കിന് ഇന്ത്യൻ സർക്കാരിൽ നിന്ന് ഔദ്യോഗിക അംഗീകാരമൊന്നും ലഭിച്ചില്ല.
രവീന്ദ്ര കൗശിക് അറസ്റ്റിലായതിനുശേഷം അദ്ദേഹത്തിന്റെ ഭാര്യ അമാനത്തും അവരുടെ മകനും അജ്ഞാതമായ ജീവിതമാണ് നയിച്ചത്. അതിനുശേഷം അവരെക്കുറിച്ച് യാതൊരു വിവരവുമില്ല. തന്റെ ഭർത്താവ് ഒരു ഇന്ത്യൻ ചാരനാണെന്ന് അമാനത്തിന് അറിയില്ലായിരുന്നു. പക്ഷേ രവീന്ദ്ര പിടിയിലായശേഷം അവർക്ക് സമൂഹത്തിൽനിന്ന് അപമാനവും ഒറ്റപ്പെടലും നേരിടേണ്ടിവന്നു. അവരുടെ മകൻ 2011-ൽ മരിച്ചുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Ravindra Kaushik was a legendary Indian RAW agent known as 'Black Tiger'. He successfully infiltrated the Pakistani military, reaching the rank of Major. Provided critical intelligence to India between 1979 and 1983.
Published: 26 Mar 2026, 12:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented