ജീവിതസമ്മര്‍ദ്ദങ്ങള്‍ക്കുമുന്നില്‍ തളരാതെ, മനസ്സിലുടലെടുത്ത ആഗ്രഹത്തെ തങ്കംപോലെ സൂക്ഷിച്ചു. ആ ആഗ്രഹത്തിലേക്കുള്ള പ്രയാണം എളുപ്പമായിരുന്നില്ല. എന്നാല്‍ സ്വര്‍ണത്തിളക്കത്തിന് സമാനമായ ഇച്ഛാശക്തി കൈമുതലുള്ളപ്പോള്‍ വിധിയില്‍ വിജയം നിറയും. ഇതാണ് പ്രീതി പറക്കാട്ടിന്റെ ജീവിതം. നൂറിലേറെ സ്ഥാപനങ്ങളുമായി ജൈത്രയാത്ര തുടരുന്ന പറക്കാട്ട് ജൂവല്‍സ് എന്ന ബിസിനസ് സാമ്രാജ്യത്തിന്റെ സാരഥിയാണ് പ്രീതി പ്രകാശ് പറക്കാട്ട്. ഭര്‍ത്താവ് പ്രകാശ് പറക്കാട്ടിന്റെ ബിസിനസ് സ്വപ്നങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന് തങ്കത്തേരിലേറി ഉയരുകയാണ് ഈ സംരംഭക.

To advertise here,

അച്ഛനെന്ന സ്വാധീനശക്തി
ഇടുക്കി അടിമാലിയിലെ സാധാരണ കുടുംബത്തിലായിരുന്നു ജനനം. പരാലിസിസ് വന്നു തളര്‍ന്ന ആളായിരുന്നു രാഷ്ട്രീയക്കാരനും ബിസിനസുകാരനുമായ അച്ഛന്‍ സി. എന്‍. സോമരാജന്‍. വിധിയില്‍ തളരാന്‍ അച്ഛന്‍ തയ്യാറായിരുന്നില്ല. ഓരോ തവണയും കൂടുതല്‍ കരുത്തോടെ അച്ഛന്‍ തിരിച്ചുവരും. ഈ മനോധൈര്യവും അതിജീവനവുമാണ് എന്നെയും സ്വാധീനിച്ചത്. അമ്മ ഗീതയില്‍നിന്നാണ് ഞാന്‍ സ്നേഹവും കുടുംബബന്ധങ്ങളുടെ ആഴവും പഠിക്കുന്നത്.

സ്വര്‍ണലോകത്തേക്ക്
ഹോം സയന്‍സില്‍ ബിരുദമെടുത്ത് ഡയറ്റീഷ്യനാകണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ പിന്നീട് എം.ബി.എ. പഠിച്ചു ബിസിനസിലേക്ക് തിരിഞ്ഞു. ജൂവലറി വ്യാപാരിയായ പ്രകാശ് പറക്കാട്ട് എന്നയാളുടെ വിവാഹാലോചന വന്നു. കോളേജ് പഠനകാലത്ത് 500 രൂപ ബാങ്ക് ലോണെടുത്ത് തുടങ്ങിയ ചെറിയ ബിസിനസില്‍നിന്നാണ് അദ്ദേഹം വളര്‍ന്നതെന്നറിഞ്ഞപ്പോള്‍ ആശ്ചര്യംതോന്നി. ''നിനക്ക് എന്തുകൊണ്ട് ബിസിനസുകാരി ആയിക്കൂടാ'' എന്ന അദ്ദേഹത്തിന്റെ ചോദ്യത്തില്‍നിന്നാണ് പ്രീതി പറക്കാട്ട് എന്ന ബിസിനസുകാരിയുടെ പിറവി. ആഭരണങ്ങളുടെ ഡിസൈനിങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു ബിസിനസ് രംഗത്തേക്കുള്ള ചുവടുവെയ്പ്.

ഗണപതിയും മഹാത്ഭുതവും
1998-ല്‍ സ്വര്‍ണലോകം എന്ന എക്സിബിഷന്‍ കാണാന്‍ പോയി. അവിടെ നിന്നാണ് ശുദ്ധമായ ഒരുഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ആഭരണം എന്ന ആശയം ലഭിക്കുന്നത്. കണ്ടാല്‍ അഞ്ചുപവന്‍ പൊലിമ തോന്നുന്ന തങ്കത്തില്‍ പൊതിഞ്ഞ ഗണപതി വിഗ്രഹം കണ്ടു. മിതമായ വില. അന്നുതന്നെ അതു വാങ്ങി. പിന്നീട് വിഗ്രഹത്തിന്റെ നിര്‍മാണരീതികള്‍ പഠിച്ചു. ഈ രീതി എന്തുകൊണ്ട് ആഭരണരംഗത്തേക്കും ആവിഷ്‌കരിക്കാമെന്ന പ്രകാശിന്റെ ചിന്തയാണ് ഒരു ഗ്രാം ശുദ്ധമായ തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങളുടെ പിറവിയ്ക്ക് കാരണം. നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവില്‍ 2000 തുടക്കത്തോടെ പറക്കാട്ട് ഗ്രൂപ്പ് തന്നെ വികസിപ്പിച്ചെടുത്ത പ്രത്യേക ലോഹസങ്കരത്തില്‍ തയ്യാറാക്കുന്ന ആഭരണങ്ങള്‍ വിപണിയിലെത്തി. കേരളത്തിലെ പല ജില്ലകളില്‍ മഹാത്ഭുതം എന്ന പേരില്‍ എക്സിബിഷന്‍ നടത്തി. എക്സിബിഷനില്‍ ആഭരണങ്ങള്‍ മേടിച്ചവര്‍ പിന്നെയും പറക്കാട്ടിന്റെ സ്വര്‍ണക്കട തേടി എത്തിതുടങ്ങി. ഇതോടെയാണ് കേരളത്തില്‍ പലയിടത്തായി ഒരു ഗ്രാം തങ്കാഭരണങ്ങളുടെ ഷോറൂമുകള്‍ തുറക്കുന്നത്.

പറന്നുയര്‍ന്ന് പറക്കാട്ട്
ഇന്ത്യക്ക് അകത്തും പുറത്തുമായി നൂറോളം ജൂവലറികളുണ്ട്. മലേഷ്യയില്‍ രണ്ടു ജൂവലറികള്‍ പ്രവര്‍ത്തിക്കുന്നു. ഇമിറ്റേഷന്‍ ജൂവലറികള്‍ വിപണിയില്‍ ഉള്ളപ്പോള്‍ തന്നെയാണ് പറക്കാട്ടിന്റെ ശുദ്ധമായ തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങള്‍ മഹാത്ഭുതമായി എത്തുന്നത്. ഒരുതവണ ആഭരണം വാങ്ങി  ഉപയോഗിച്ചവര്‍ വീണ്ടും പറക്കാട്ടിലെത്താന്‍ തുടങ്ങിയതോടെ വിശ്വാസ്യത വര്‍ധിച്ചു. ഗുരുവായൂര്‍ ദേവസ്വം എംപ്ലോയിസ് സഹകരണ സംഘത്തിനുവേണ്ടി നിര്‍മിച്ച സുവര്‍ണ മരപ്രഭു എന്ന വിഗ്രഹം മോഹന്‍ലാലിന് ഇഷ്ടമായി. അദ്ദേഹം നരേന്ദ്രമോദിക്ക് സമ്മാനിച്ച സുവര്‍ണ മരപ്രഭുവിന്റെ വിഗ്രഹം പറക്കാട്ട് രൂപകല്‍പ്പന ചെയ്തതാണ്. 2023-ല്‍ നാവിക ആസ്ഥാനത്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് നല്‍കിയ ദ്രോണാചാര്യ ശില്‍പ്പം തയ്യാറാക്കിയത് പറക്കാട്ട് ജുവല്‍സിന്റെ ആഭരണനിര്‍മാണശാലയിലാണ്. ഇന്ത്യയില്‍ ഇന്ന് നടക്കുന്ന ഭൂരിഭാഗം സൗന്ദര്യമത്സരങ്ങള്‍ക്കുമുള്ള കിരീടങ്ങള്‍, മൊമെന്റോകള്‍, മെഡല്‍ എന്നിവയും രൂപകല്പന ചെയ്തുനല്‍കുന്നു.

എന്തുകൊണ്ട് പറക്കാട്ട്
പരമ്പരാഗത സ്വര്‍ണ്ണ പണിക്കാരുടെ സഹായത്തോടെ നിര്‍മിക്കുന്ന ആഭരണങ്ങളില്‍ പൊതിയുന്നത് ശുദ്ധമായ തങ്കമാണ്. ഇലക്ട്രോ ഫോമിങ് ടെക്നോളജി ഉപയോഗിക്കുന്നതിനാല്‍ നിറം മങ്ങി പോവുകയോ, മറ്റ് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയോ ഇല്ല. സ്വര്‍ണ്ണത്തിന് ഒരു ബദല്‍ തേടുന്നവര്‍ക്ക് പറക്കാട്ടിന്റെ ആഭരണത്തേക്കാള്‍ വിശ്വാസയോഗ്യമായ മറ്റൊരുത്പന്നം വിപണിയിലില്ല. കസ്റ്റമൈസ്ഡ് ഡിസൈനോട് കൂടിയ ആഭരണങ്ങളും ശില്പങ്ങളും പറക്കാട്ടിന്റെ പ്രത്യേകതയാണ്. കസ്റ്റമറുടെ ആവശ്യങ്ങളോട് ഞങ്ങള്‍ 'നോ' പറയാറില്ല. വിവാഹങ്ങള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കുമായി പറക്കാട്ടിന്റെ ആഭരണങ്ങള്‍ വാടകയ്ക്ക് എടുക്കാവുന്നതാണ്. എറണാകുളം വുഡ്ലാന്‍ഡ്സ് ഹോട്ടല്‍ ജങ്ഷനില്‍ പറക്കാട്ട് ബ്രൈഡല്‍ ഹബ്ബും പ്രവര്‍ത്തിക്കുന്നു.

പ്രകാശ് പറക്കാട്ടിന്റെ സ്വപ്നം
കേരളത്തിലെ മികച്ച പഞ്ചനക്ഷത്ര റിസോര്‍ട്ടുകളില്‍ ഒന്നാണ് മൂന്നാറിലെ പറക്കാട്ട് നേച്ചര്‍ റിസോര്‍ട്ട്. പറക്കാട്ട് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാന്‍ പ്രകാശ് പറക്കാട്ടിന്റെ ആശയവും സ്വപ്നവുമാണത്. ഡിസൈനിങിലും പുതുമ പുലര്‍ത്തുന്ന നൂറോളം മുറികളാണ് ഇവിടെയുള്ളത്. എന്റെ സ്വദേശമായ അടിമാലിയിലും കാലടിയിലും പ്രവര്‍ത്തനസജ്ജമാകുന്ന ഹില്‍ടോപ്പും റിവര്‍സൈഡുമായ ആയുര്‍വേദിക് റിസോര്‍ട്ടുകളുടെയും ഹോട്ടലുകളുടെയും തലപ്പത്ത് പ്രകാശ് പറക്കാട്ടാണ്. നിര്‍മാണത്തിനും രൂപകല്പനയിലും നേതൃത്വം നല്‍കുന്നത് അദ്ദേഹംതന്നെ. ഈ പിന്തുണയാണ് എന്റെയും ഊര്‍ജം.

ഒറ്റക്കെട്ടായി മുന്നോട്ട്
പറക്കാട്ടിന്റെ ജീവനക്കാരില്‍ കൂടുതലും സ്ത്രീകളാണ്. അവരാണ് കമ്പനിയുടെ ശക്തി. പറക്കാട്ടിന്റെ ആഭരണങ്ങള്‍ വീട്ടിലിരുന്നുകൊണ്ടുതന്നെ സ്ത്രീകള്‍ക്ക് മാര്‍ക്കറ്റ് ചെയ്ത് വില്‍ക്കാവുന്ന പദ്ധതിയും ആരംഭിക്കാനായി. രണ്ടു മക്കളും ബിസിനസ്സില്‍ സജീവമായുണ്ട്. മൂത്തമകന്‍ അഭിജിത്ത് പറക്കാട്ട് മൂന്നാര്‍ പറക്കാട്ട് നേച്ചര്‍ റിസോര്‍ട്ടിന്റെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തു. രണ്ടാമത്തെ മകന്‍ അഭിഷേക് ആണ് മാര്‍ക്കറ്റിംഗ് വിഭാഗത്തിന്റെ തലവന്‍. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമാണ്.