തിരഞ്ഞെടുപ്പിലെ ഏറ്റവുമധികം ഭൂരിപക്ഷം നേടിയതിന്റെ ലോകറെക്കോഡ് ഒരിക്കല്‍ എഴുതിച്ചേര്‍ക്കപ്പെട്ടത് ജയ്പൂരിലെ അവസാന രാജമാതയുടെ പേരിലാണ്, രാജമാത ഗായത്രീ ദേവി. സ്വാതന്ത്ര്യം നേടിയശേഷമുള്ള ഭാരതം. കുറച്ചുകഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിന്റെ അന്നത്തെ നിലപാടുകളോട് പലര്‍ക്കും എതിര്‍പ്പ് തോന്നിത്തുടങ്ങി. ഗായത്രീ ദേവിക്കും അതുപോലെത്തന്നെ. കോണ്‍ഗ്രസ് നിലപാടുകളോട് അവര്‍ക്ക് കടുത്ത എതിര്‍പ്പായിരുന്നു. ഇന്ദിരാ ഗാന്ധിയുടെ കടുത്ത വിമര്‍ശകയും. അപ്പോഴാണ് 1960-ല്‍ സി.രാജഗോപാലാചാരി 'സ്വതന്ത്ര പാര്‍ട്ടി' എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത്. അതില്‍ ഗായത്രീ ദേവിയും അംഗമായി.

1962-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലാണ് സ്വതന്ത്ര പാര്‍ട്ടി ആദ്യമായി മത്സരിക്കുന്നത്. വലിയ പ്രതീക്ഷകളോ അവകാശവാദങ്ങളോ ഒന്നുമില്ല. ജയ്പൂരില്‍നിന്നുള്ള സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്, മഹാറാണി ഗായത്രീ ദേവിയെയാണ്. രാഷ്ട്രീയത്തില്‍ വലിയ മുന്‍പരിചയമൊന്നുമില്ലാത്ത അവരെ സ്ഥാനാര്‍ഥിയാക്കിയത് ഏവരെയും അദ്ഭുതപ്പെടുത്തി. അവരുടെ സ്വതന്ത്രചിന്താഗതിയും പുരോഗമനപരമായ ആശയങ്ങളും വ്യക്തമായ രാഷ്ട്രീയ നിലപാടുകളും തന്നെയായിരിക്കാം ആ സ്ഥാനാര്‍ഥിത്വത്തിലേക്ക് എത്തിച്ചത്. 

placeholder
ഗായത്രീ ദേവി / ഫോട്ടോ: pinterest

ഗായത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവും വളരെ വ്യത്യസ്തമായിരുന്നു. വിദേശത്ത് പഠിച്ചതിനാല്‍, ഹിന്ദി ഒഴുക്കോടെയും ഭംഗിയായും സംസാരിക്കാന്‍ അവര്‍ക്ക് അറിയില്ലായിരുന്നു. ഇംഗ്ലീഷില്‍ തയ്യാറാക്കുന്ന പ്രസംഗങ്ങള്‍, പിന്നീട് തര്‍ജ്ജമ ചെയ്ത് വായിക്കുകയായിരുന്നു. നടപ്പിലാക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങള്‍ പ്രസംഗത്തില്‍ ഉള്‍പ്പെടുത്താന്‍ പലരും അവരോട് പറഞ്ഞെങ്കിലും, ഗായത്രീ ദേവി അതിന് തയ്യാറായില്ല. അത്രയും വ്യക്തമായിരുന്നു ഓരോ നിലപാടുകളും. ഒടുവില്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോഴാണ് ഏവരും ഞെട്ടിയത്. 1.75 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ അവര്‍ വിജയിച്ചിരിക്കുന്നു. ആകെയുള്ള വോട്ടുകളില്‍ 75 ശതമാനവും കിട്ടിയത് അവര്‍ക്ക് തന്നെ.  

ജനനവും പഠനവും ലണ്ടനില്‍
ലണ്ടനിലാണ് ഗായത്രി ജനിച്ചത്. സാഹസികതയിലും സമ്പന്നതയിലുമായിരുന്നു ജീവിച്ചത്. ചെറുപ്പത്തില്‍ തന്നെ കുതിരയെ ഓടിക്കാനും ആനപ്പുറത്തേറാനും പഠിച്ചു. പോളോ, ടെന്നീസ് മത്സരങ്ങളിലായിരുന്നു കൂടുതല്‍ താത്പര്യം. പോളോ തന്നെയാണ് ജയ്പൂര്‍ രാജാവ് സവായ് മാന്‍സിങ് രണ്ടാമനിലേക്ക് അവരെ അടുപ്പിക്കുന്നതും. പന്ത്രണ്ട് വയസ്സുള്ളപ്പോള്‍ കല്‍ക്കത്തയില്‍ നടക്കുന്ന പോളോ മത്സരം കാണാനെത്തിയതായിരുന്നു ഗായത്രി. അന്താരാഷ്ട്ര പോളോ പ്ലേയറായ മാന്‍സിങ്ങിനെ ആദ്യമായി കണ്ടുമുട്ടുന്നത് അവിടെവെച്ചാണ്. സുന്ദരനായ രാജാവിനോട് ആ പെണ്‍കുട്ടിക്ക് ഒറ്റനോട്ടത്തില്‍ പ്രണയംതോന്നി. രജപുത്ര സ്ത്രീകളില്‍നിന്ന് തികച്ചും വ്യത്യസ്തയായ ഗായത്രിയെ, മാന്‍സിങ്ങിനും ഇഷ്ടപ്പെട്ടെങ്കിലും അത് തുറന്നുപ്രകടിപ്പിച്ചില്ല. അപ്പോള്‍ തന്നെ രണ്ടുതവണ വിവാഹിതനായിരുന്നു മാന്‍സിങ്. 

placeholder
സവായ് മാന്‍ സിങ്ങിനൊപ്പം ഗായത്രീ ദേവി / ഫോട്ടോ: AP

മാന്‍സിങ്ങും ഗായത്രിയും പരസ്പരം സൗഹൃദത്തിലായി. അതുപതുക്കെ പ്രണയത്തിലുമെത്തി. ആറുവര്‍ഷത്തോളം അവര്‍ രഹസ്യമായി കണ്ടുമുട്ടി. ടെന്നീസ് കളിക്കാനും പോളോ കാണാനും ഒരുമിച്ച് പോയി. പതുക്കെ ഇതൊക്കെ ആളുകള്‍ അറിഞ്ഞുതുടങ്ങി. മൂന്നാമത്തെ മഹാറാണിയായുള്ള ഗായത്രിയുടെ ജീവിതം വളരെ ദുഷ്‌കരമായിരിക്കുമെന്ന് പലരും ഗായത്രിയുടെ അമ്മയോട് പറഞ്ഞു. അതോടെ അവരും ഈ ബന്ധത്തോട് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു. എല്ലായിടത്തുനിന്നുമുള്ള താത്പര്യക്കുറവിനെ മറികടന്നുകൊണ്ട് 1940 മേയ് 9-ന് അവര്‍ വിവാഹിതരായി. ഏറ്റവും ചെലവേറിയ വിവാഹാഘോഷമായിരുന്നു അത്. 

കൊട്ടാരത്തിലെ ജീവിതം
എന്നും ഹൃദയം പറയുന്നതിനെ മാത്രം പിന്തുടര്‍ന്നിരുന്ന ആളായിരുന്നു ഗായത്രീ ദേവി. സാമ്പ്രദായികതയെ കൃത്യമായി എതിര്‍ത്ത് തന്റേതായ ജീവിതം ജീവിച്ചവര്‍. വിവാഹം കഴിഞ്ഞ് കൊട്ടാരത്തിലെത്തിയപ്പോള്‍, ഒട്ടും പരിചിതമല്ലാത്ത സാഹചര്യങ്ങളായിരുന്നു അവരെ കാത്തിരുന്നത്. അക്കാലത്ത് രജപുത്ര സ്ത്രീകളും കുട്ടികളും മുഖംമറയ്ക്കുന്ന പാരമ്പര്യമുണ്ടായിരുന്നു. കൊട്ടാരത്തിലേക്ക് കയറുന്നതിനുമുമ്പ് നന്നായി മുഖംമറയ്ക്കാന്‍ മുതിര്‍ന്നവര്‍ അവരോട് ആവശ്യപ്പെട്ടു. എന്നാല്‍ മുഖമറ പൂര്‍ണമായും മാറ്റുകയെന്നതായിരുന്നു ഗായത്രീ ദേവി ആദ്യം ചെയ്തത്. അത് അവരുടെ വ്യക്തമായ സന്ദേശമായിരുന്നു, താനൊരു മുഖംമറയ്ക്കുള്ളില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല.   

സിമി ഗരേവാളുമായുള്ള അഭിമുഖത്തില്‍ പിന്നീട് ഗായത്രീ ദേവി പറഞ്ഞു, ''ഞാന്‍ ജയ്‌നോട് (മാന്‍സിങ്) ഒരു കാര്യം പറഞ്ഞിരുന്നു. എന്നെങ്കിലും പെണ്‍കുട്ടികള്‍ക്കായി ഒരു സ്‌കൂള്‍ തുറക്കും. നിങ്ങള്‍ മുഖംമറയ്‌ക്കേണ്ടതില്ലെന്ന് ആ സ്‌കൂളിലെ പെണ്‍കുട്ടികളെ പഠിപ്പിക്കുകയും ചെയ്യും. വര്‍ഷങ്ങള്‍ക്കുശേഷം ഞാനൊരു സ്‌കൂള്‍ സ്ഥാപിച്ചപ്പോള്‍, അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു''. 

സൗന്ദര്യത്തിന്റെയും ഫാഷന്റെയും രാജകീയതയുടെയും തിളങ്ങുന്ന പ്രതീകമായി ഗായത്രീ ദേവി മാറി. സ്വതന്ത്രയും മോഡേണും അതേസമയം ഫാഷനബിളുമായ മഹാറാണിമാരില്‍ ഒരാള്‍. ഷിഫോണ്‍ സാരിയും പേള്‍-പോള്‍കി മാലകളുമായിരുന്നു അവരെപ്പോഴും ധരിച്ചിരുന്നത്. ലോകത്തെ ഏറ്റവും സുന്ദരികളായ പത്തു സ്ത്രീകളില്‍ ഒരാളായി വോഗ് മാസിക തിരഞ്ഞെടുത്തത് അവരെയാണ്. 
 

placeholder
ഫോട്ടോ: Vogue

ഗായത്രീ ദേവിയെയും മാന്‍ സിങ്ങിനെയും കാണാനായി മാത്രം പോളോ ഗ്രൗണ്ടിലേക്ക് നോക്കിനിന്ന കഥ, അമിതാഭ് ബച്ചന്‍ സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. അന്ന് ബിഗ് ബി എഴുതിയതിങ്ങനെ, ''ഞാന്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന കാലം. അവിടെ എയര്‍ ഫോഴ്‌സ് കോളനിയോട് ചേര്‍ന്നാണ്  ജയ്പൂര്‍ പോളോ ഗ്രൗണ്ട്. ലോകത്തെ ഏറ്റവും മികച്ച പോളോ കളിക്കാരനായ രാജാ മാന്‍ സിങ്ങിനെ കാണാനായി ഞാന്‍ പലപ്പോഴും അവിടേക്ക് എത്തിനോക്കും. അപ്പോഴെല്ലാം അദ്ദേഹത്തിനൊപ്പം മഹാറാണി ഗായത്രീ ദേവിയുണ്ടാവും. പേസ്റ്റല്‍ നിറങ്ങളിലുള്ള ഷിഫോണ്‍ സാരിയുടുത്ത് നില്‍ക്കുന്ന റാണി...സൗന്ദര്യവും ആകര്‍ഷകത്വവും ഒരുപോലെ തുളുമ്പുന്ന കാഴ്ച''. 

പക്ഷേ സൗന്ദര്യം മാത്രമായിരുന്നില്ല അവരെ വ്യത്യസ്തയാക്കിയത്. സാമൂഹ്യസേവനങ്ങളില്‍ അവര്‍ കാണിച്ച താത്പര്യം കൂടിയായിരുന്നു. 1943-ല്‍ മഹാറാണി ഗായത്രി ദേവി ഗേള്‍സ് പബ്ലിക് സ്‌കൂള്‍ സ്ഥാപിച്ചു അവര്‍. പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള രാജസ്ഥാനിലെ ആദ്യസ്‌കൂളാണത്. ഇന്ന് രാജ്യത്തെ തന്നെ മികച്ച സ്‌കൂളുകളിലൊന്നായി മാറിക്കഴിഞ്ഞു.  

placeholder
ഗായത്രീദേവി / ഫോട്ടോ: AP

രാഷ്ട്രീയത്തിലെ വെല്ലുവിളികള്‍
ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലം ഏതായിരുന്നുവെന്ന് ഒരഭിമുഖത്തില്‍ ഗായത്രീ ദേവിയോട് ചോദിച്ചു, ''ലോക്‌സഭാംഗമായിരുന്ന ആ കാലം''. ഉത്തരം പറയാന്‍ അവര്‍ക്ക് അല്പം പോലും ആലോചിക്കേണ്ടി വന്നില്ല. മൂന്നുതവണയാണ് അവര്‍ ലോക്‌സഭാംഗമായത്. പലപ്പോഴും പാര്‍ലമെന്റില്‍ ഇന്ദിരാ ഗാന്ധിയുമായി അവര്‍ കൊമ്പുകോര്‍ത്തു. 

പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ഖുഷ്‌വന്ത് സിങ് അതിനെക്കുറിച്ച് ഇങ്ങനെ എഴുതി: ''തന്നേക്കാള്‍ സുന്ദരിയായ ഒരു സ്ത്രീയെ ഇന്ദിരയ്ക്ക് തീരെ അംഗീകരിക്കാന്‍ കഴിഞ്ഞില്ല. ഗ്ലാസ് ഡോള്‍ എന്നൊക്കെ പറഞ്ഞ് പാര്‍ലമെന്റില്‍വെച്ച് അവരെ അധിക്ഷേപിച്ചു. ഇന്ദിരയുടെ ഏറ്റവും മോശം വശങ്ങളെ മുഴുവന്‍ പുറത്തുകൊണ്ടുവരുന്നതില്‍ ഗായത്രി വിജയിച്ചു''.

അടിയന്തരാവസ്ഥക്കാലമായതോടെ എല്ലാം വീണ്ടും കലങ്ങിമറിഞ്ഞു. പ്രതിപക്ഷനേതാക്കള്‍, പത്രപ്രവര്‍ത്തകര്‍...പലരും അത് ജയിലിലടയ്ക്കപ്പെട്ടു. അന്ന് മുംബൈയില്‍ ചികിത്സയിലായിരുന്നു ഗായത്രി. ഏത് നിമിഷവും അറസ്റ്റ് ചെയ്യപ്പെടുമെന്ന് അവരോട് പലരും പറഞ്ഞു. ഉടനെ അവര്‍ ഡല്‍ഹിയില്‍ തിരിച്ചെത്തി. അല്പസമയത്തിനകം ഗായത്രിയുടെ വീട് ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ റെയ്ഡ് ചെയ്തു. കണക്കില്‍ പെടാത്ത സ്വത്തും സ്വര്‍ണവുമുണ്ടെന്ന പേരില്‍ അവര്‍ അറസ്റ്റിലാവുകയും ചെയ്തു. അവരുടെ പാസ്‌പോര്‍ട്ടും പിടിച്ചെടുത്തു. തിഹാര്‍ ജയിലിലേക്കാണ് ഗായത്രിയെ കൊണ്ടുപോയത്. ആറുമാസം അവിടെ കിടന്നു. ജയിലിലും വെറുതെ ഇരുന്നില്ല. അന്തേവാസികളുടെ കുട്ടികള്‍ക്ക് സ്ലേറ്റും ബുക്കുകളുമൊക്കെ എത്തിച്ചുകൊടുത്തു, ബാഡ്മിന്റണ്‍ കോര്‍ട്ടുണ്ടാക്കി. 

placeholder
എലിസബത്ത് രാജ്ഞിക്കൊപ്പം / ഫോട്ടോ: Getty images

ആരോഗ്യപരമായ കാരണങ്ങളാല്‍ ഒടുവില്‍ അവര്‍ക്ക് പരോള്‍ കിട്ടി, അതും ഒട്ടേറെ നിബന്ധനകളോടെ. 'താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലായിരുന്നുവെങ്കില്‍ അറസ്റ്റ് ചെയ്യപ്പെടില്ലായിരുന്നു' എന്ന് ഗായത്രീ ദേവി ഒരിക്കല്‍ പറഞ്ഞു.വര്‍ഷങ്ങള്‍ക്കുശേഷം ഈ പറഞ്ഞതെല്ലാം, ഖുഷ്‌വന്ത് സിങ്ങിന്റെ അഭിപ്രായമുള്‍പ്പെടെ, അവര്‍ തള്ളിക്കളയുകയും ചെയ്തു. കാണുമ്പോഴെല്ലാം വളരെ മര്യാദയോടെ മാത്രമേ ഇന്ദിരാ ഗാന്ധി തന്നോട് പെരുമാറിയിട്ടുള്ളൂ എന്നുപോലും ഗായത്രീ ദേവി പറഞ്ഞു. അതിനിടയില്‍ മകന്‍ ജഗത് സിങ്ങിന്റെ മരണം അവരെ തളര്‍ത്തി. 1970-ല്‍ മാന്‍സിങ് മരിച്ചിട്ടും, ഗായത്രീ ദേവി പിടിച്ചുനിന്നത് മകനെ ഓര്‍ത്താണ്. ആ മരണം കൂടിയായതോടെ അധികം വൈകാതെ രാഷ്ട്രീയത്തില്‍നിന്ന് വിരമിച്ചു, പൂര്‍ണമായും സാമൂഹ്യസേവനത്തിലേക്ക് തിരിഞ്ഞു. 

2009-ലാണ് ഗായത്രീ ദേവി മരിക്കുന്നത്. ഇപ്പോഴും പക്ഷേ ലോകം അവരെ ഓര്‍ക്കുന്നു, ജയ്പൂര്‍ രാജവംശത്തിലെ അവസാന രാജമാത. ഫാഷനും സൗന്ദര്യവും നിലപാടുകളും ഒരുപോലെ തിളക്കംകൂട്ടിയ മഹാറാണി.  

(പുനപ്രസിദ്ധീകരണം)