'നിര്‍ണയം', 'മിന്നാമിനുങ്ങിനും മിന്നുകെട്ട്, ഒരു അഭിഭാഷകന്റെ കേസ് ഡയറി എന്ന സിനിമകളിലൂടെ മലയാളികളുടെ മനസ്സിലിടം നേടിയ തമിഴ് നടിയാണ് ഹീര രാജഗോപാല്‍. അതിലേറ്റവും ശ്രദ്ധിക്കപ്പെട്ടത് 'നിര്‍ണയ'ത്തിലെ ഡോ.ആനി എന്ന കഥാപാത്രം തന്നെ. മോഹന്‍ലാലിന്റെ നായികയായ ഡോ.ആനിയായിട്ടാണ് സിനിമയില്‍ ഹീര അഭിനയിച്ചത്. ഒരു ഘട്ടത്തില്‍വെച്ച് അവര്‍ കൊല്ലപ്പെടുന്നു. 1995-ലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട സിനിമകളിലൊന്നായിരുന്നു അത്. അങ്ങനെ ഹീരയ്ക്കും ആരാധകരേറെയായി. 

ഒട്ടും താത്പര്യമില്ലാതെ സിനിമയിലെത്തിയ ആളാണ് ഹീര. ചെന്നൈയില്‍ സൈക്കോളജി പഠനത്തോടൊപ്പം തന്നെ പല ജോലികളും ചെയ്തു അവര്‍. ഹോട്ടല്‍ ജീവനക്കാരി, മോഡല്‍ കോര്‍ഡിനേറ്റര്‍...എന്നിവ അവയില്‍ ചിലതുമാത്രം. അതിനിടയില്‍ മോഡലിങ്ങിലുമെത്തി. പക്ഷേ അപ്പോഴും സിനിമയില്‍നിന്ന് അകന്നുനിന്നു. കിട്ടിയ അവസരങ്ങളെല്ലാം വേണ്ടെന്നുവെച്ചു. നിര്‍മാതാവ് ടി.ജി.ത്യാഗരാജനാണ് സിനിമയില്‍ അഭിനയിക്കാന്‍ ഹീരയെ നിര്‍ബന്ധിക്കുന്നത്. 

ആദ്യസിനിമയായ 'ഇദയ'ത്തിലെ ഹീരയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. നീ പാതി നാന്‍ പാതി, ദശരഥന്‍, തിരുടാ തിരുടാ, കാതല്‍ കോട്ടൈ, അവ്വൈ ഷണ്‍മുഖി...ഇങ്ങനെ കുറേ സിനിമകളില്‍ അവര്‍ അഭിനയിച്ചു. തെലുഗു, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചു.

placeholder
'നിര്‍ണയ'ത്തില്‍ മോഹന്‍ലാലിനൊപ്പം

അന്ന് തെന്നിന്ത്യന്‍ സിനിമയിലെ സ്‌റ്റൈലിഷ് താരങ്ങളിലൊരാളായിരുന്നു ഹീര. പെട്ടെന്നൊരു നാള്‍ സിനിമയില്‍നിന്ന് തന്നെ അപ്രത്യക്ഷമായി ഹീര. അതിനെക്കുറിച്ച് പല കഥകളും അന്നൊക്കെ കേട്ടിരുന്നു. എങ്കിലും നടന്‍ അജിത്തുമായുള്ള ബന്ധത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളാണ് ഹീരയുടെ അപ്രത്യക്ഷമാകലിനുപിന്നിലെന്ന് പറയപ്പെടുന്നു. 

കാതല്‍ കോട്ടൈ എന്ന സിനിമയുടെ ലൊക്കേഷനില്‍വെച്ചാണ് അവര്‍ പ്രണയത്തിലായതത്രേ. ഷൂട്ടിങ്ങിനിടയില്‍ അജിത്, ഹീരയ്ക്ക് പ്രണയലേഖനങ്ങള്‍ അയക്കുമായിരുന്നു. അതുകഴിഞ്ഞയുടനെ 'തൊടരും' എന്ന സിനിമയിലും ഒരുമിച്ച് അഭിനയിച്ചു. അക്കാലത്ത് കോളിവുഡിലെ ഏറ്റവും ചര്‍ച്ചയായ പ്രണയമായിരുന്നുവത്. വിവാഹം വരെ ആ ബന്ധം എത്തിയിരുന്നുവെന്നായിരുന്നു അന്നത്തെ കോളിവുഡ് സംസാരം.

എന്നാല്‍, ഹീരയുടെ അമ്മയ്ക്ക് ഈ ബന്ധത്തില്‍ താത്പര്യമില്ലായിരുന്നുവെന്നാണ് പറയപ്പെടുന്നത്. അത് ഹീരയുടെ കരിയറിനെ നശിപ്പിക്കുമെന്ന് അവര്‍ പേടിച്ചിരുന്നുവത്രെ. എന്തായാലും അതോടെ സിനിമയില്‍നിന്ന് ഹീര അകന്നു.