വിവാഹം, പങ്കാളിത്തം, ജീവിതത്തോടുള്ള കാഴ്ചപ്പാടുകൾ എന്നിവയെക്കുറിച്ച് തുറന്നുപറഞ്ഞ് നടിയും ഗായികയുമായ ശ്രുതി ഹാസൻ. നാൽപ്പതുകളിലും സിംഗിളായി തുടരുന്നതിനെക്കുറിച്ചും വിവാഹ സങ്കൽപ്പങ്ങളെക്കുറിച്ചും നടി സോഹ അലി ഖാന്റെ പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് ശ്രുതി തന്റെ നിലപാടുകൾ വ്യക്തമാക്കിയത്.

ജീവിതത്തിൽ ഒരിക്കൽ വിവാഹത്തിന്റെ തൊട്ടടുത്ത് വരെ താൻ എത്തിയിട്ടുണ്ടെന്നും എന്നാൽ ആ അനുഭവം വിവാഹമെന്ന വ്യവസ്ഥിതിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളിൽ വലിയ മാറ്റമൊന്നും വരുത്തിയില്ലെന്നും ശ്രുതി വെളിപ്പെടുത്തി. വിവാഹമെന്ന ആശയത്തിന് താൻ എതിരല്ലെന്നും ശ്രുതി വ്യക്തമാക്കുന്നു. "എനിക്ക് ജീവിതത്തിൽ നല്ലൊരു കൂട്ട് വേണം. എങ്കിലും ഒരു പ്രത്യേക ചട്ടക്കൂടിനുള്ളിൽ ഒതുങ്ങി ജീവിക്കാൻ ഞാൻ ഇതുവരെ ആഗ്രഹിച്ചിട്ടില്ല. ചില കാര്യങ്ങളിൽ ഞാൻ വളരെ പരമ്പരാഗതമായ കാഴ്ചപ്പാടുകൾ വെച്ചുപുലർത്തുന്ന ആളാണ്, എന്നാൽ അത് മറ്റാരുടെയും നിർബന്ധത്തിന് വഴങ്ങിയല്ല. വിവാഹം എന്നത് കുറച്ച് പേപ്പർ വർക്കുകളിലും വലിയ സാമ്പത്തിക ചെലവുകളിലും ആഡംബര പ്രകടനങ്ങളിലും ഒതുങ്ങുമ്പോൾ, നമ്മളിത് ആർക്കുവേണ്ടിയാണ് ചെയ്യുന്നത് എന്ന് ചിന്തിച്ചുപോകുന്നു," ശ്രുതി പറയുന്നു.

"ഒരു ലീഗൽ പേപ്പറിന്റെയോ കരാറിന്റെയോ ബലത്തിലല്ലാതെ, പ്രണയത്തോടെ ദിവസവും പരസ്പരം തിരഞ്ഞെടുക്കുന്ന പങ്കാളികളായിരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ആഡംബര വിവാഹങ്ങൾ നടത്തുന്നവരെ കുറ്റപ്പെടുത്തുകയല്ല, എങ്കിലും ഇത്രയും തുക ചാരിറ്റിക്ക് നൽകിക്കൂടേ എന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്." ശ്രുതി പറഞ്ഞു.

മാതൃത്വത്തെക്കുറിച്ചുള്ള തന്റെ ചിന്തകളും താരം പങ്കുവെച്ചു. ഭാവിയിൽ ഒരു കുട്ടിയെ ദത്തെടുക്കാൻ തയ്യാറാണെന്നും, അതിനൊപ്പം തന്നെ സ്വന്തം ചോരയിലുള്ള ഒരു കുഞ്ഞിനെ വളർത്താനും ആഗ്രഹമുണ്ടെന്ന് ശ്രുതി കൂട്ടിച്ചേർത്തു.

നേരത്തെ വിഷ്വൽ ആർട്ടിസ്റ്റ് ശാന്തനു ഹസരികയുമായി പ്രണയത്തിലായിരുന്ന സമയത്തും വിവാഹത്തോടുള്ള തന്റെ സമീപനം ശ്രുതി പരസ്യമാക്കിയിരുന്നു. നാല് വർഷത്തെ പ്രണയത്തിന് ശേഷം 2024-ലാണ് ഇരുവരും വേർപിരിഞ്ഞത്. നിലവിൽ താൻ പൂർണ്ണമായും സിംഗിളാണെന്നും, കരിയറിലും വ്യക്തിഗത വളർച്ചയിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ശ്രുതി വ്യക്തമാക്കി.

ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരം കമൽ ഹാസന്റെയും സരികയുടെയും മകളാണ് ശ്രുതി. 1988-ൽ വിവാഹിതരായ ഇരുവരും 2004-ൽ നിയമപരമായി വേർപിരിഞ്ഞിരുന്നു. അതിനുശേഷം അമ്മയ്ക്കൊപ്പമാണ് ശ്രുതിയും സഹോദരി അക്ഷര ഹാസനും വളർന്നത്.

രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'കൂലി' എന്ന ചിത്രത്തിലാണ് ശ്രുതി അവസാനമായി അഭിനയിച്ചത്. നാഗാർജുന അക്കിനേനി, സൗബിൻ ഷാഹിർ, ഉപേന്ദ്ര, സത്യരാജ്, രചിത റാം എന്നിവർ അണിനിരന്ന ഈ ചിത്രം ആഗോളതലത്തിൽ 500 കോടിയിലധികം കളക്ഷൻ നേടിയിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi