കരിയറിൽ ഭാഗ്യം പരീക്ഷിക്കാനായി ബോളിവുഡിലെത്തിയ കുറേ യൂറോപ്യൻതാരങ്ങളുണ്ട്. എല്ലി അവ്‌റാം, യാന ഗുപ്ത, നതാഷ സ്റ്റാൻകോവിച്ച്, ഈവ്‌ലിൻ ശർമ, ഏഞ്ചല ജോൺസൺ...ഈ ലിസ്റ്റ് നീളും. അഭിനയം കൊണ്ടും ഐറ്റംഡാൻസ് കൊണ്ടും പ്രേക്ഷകരെ ആകർഷിക്കാൻ അവർക്ക് കഴിയുകയും ചെയ്തു. അതിലൊരാളാണ് സോഫിയ ഹയാത്.
സോഫിയയുടെ മാതാവ് പാകിസ്താനിയും പിതാവ് ഇന്ത്യക്കാരനുമാണ്. എന്നാൽ, സോഫിയ ജനിച്ചതും വളർന്നതുമെല്ലാം ഇംഗ്ലണ്ടിലും. പാട്ടും നൃത്തവും അഭിനയവുമൊക്കെയായിരുന്നു ചെറുപ്പംമുതലേ ആ പെൺകുട്ടിയുടെ ആഗ്രഹങ്ങൾ. നടിയാവണമെന്നായിരുന്നു അവരുടെ ആഗ്രഹം. അതിനിടയിലാണ് കുടുംബം ഒന്നടങ്കം പാകിസ്താനിലെത്തിയത്. ചെറുപ്രായത്തിൽ തന്നെ പെൺകുട്ടികളെ വിവാഹം കഴിപ്പിക്കണമെന്ന് ചിന്തിച്ചിരുന്ന കുടുംബക്കാർ. കൗമാരപ്രായമെത്തിയപ്പോൾ സോഫിയയെയും വിവാഹം കഴിച്ചയക്കാൻ തീരുമാനിച്ചു. അതറിഞ്ഞയുടനെ താനാ വീടും നാടും വിട്ടോടിയെന്നാണ് സോഫിയ പിന്നീട് പറഞ്ഞത്. നേരെ ഇംഗ്ലണ്ടിലേക്കാണ് പോയത്. ചെറുതായി മോഡലിങ് ഒക്കെ ചെയ്തുതുടങ്ങി. കൂടുതൽ അവസരങ്ങൾ നോക്കിയാണ് ഇന്ത്യയിലെത്തുന്നത്.
2002-ൽ സീ മ്യൂസിക്കിൽ അവതാരകയായി. ബ്രിട്ടീഷ് ടിവി സീരീസിലും സിറ്റ്‌കോമിലും അഭിനയിച്ചു. ഏതാനും ബോളിവുഡ് സിനിമകളിലും പ്രത്യക്ഷപ്പെട്ടു. അതിനൊപ്പം ഇന്ത്യയിലും ഇംഗ്ലണ്ടിലുമായി ഒട്ടേറെ പരസ്യചിത്രങ്ങളിൽ മോഡലായി. ഗ്ലാമർഗേളായാണ് അവർ അതിലെല്ലാമെത്തിയത്. ബ്രിട്ടൻ ആസ്ഥാനമാക്കിയുള്ള മെൻസ് ലൈഫ് സ്റ്റൈൽ മാഗസിൻ എഫ്എച്ച്എം, 2013-ൽ ലോകത്തിലെ ഏറ്റവും സെക്‌സി വുമൺ ആയി തിരഞ്ഞെടുത്തത് സോഫിയയെ ആണ്.
തന്റെ സ്വകാര്യജീവിതത്തിന്റെ പേരിൽ എന്നും വിവാദങ്ങളിലിടം പിടിച്ച താരമാണ് സോഫിയ. 2012-ൽ ഇന്ത്യൻ ക്രിക്കറ്റർ രോഹിത് ശർമയുമായി പ്രണയത്തിലാണെന്ന് വാർത്തകൾ പരന്നു, അധികം വൈകാതെ പിരിഞ്ഞെന്നും. രോഹിത് സോഫിയയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ എന്നും അവഗണിക്കുകയാണ് ചെയ്തത്. എന്നാൽ, തങ്ങൾ പ്രണയത്തിലായിരുന്നുവെന്ന കാര്യം സോഫിയ പലപ്പോഴും തുറന്നുസമ്മതിച്ചു. രോഹിത്തിനെ കാണാൻവേണ്ടി മാത്രം ഇംഗ്ലണ്ടിൽനിന്നും ഇന്ത്യയിലേക്ക് വരാറുണ്ടായിരുന്നുവത്രേ.
2016-ൽ ആരാധകരെ ഞെട്ടിച്ചുകൊണ്ട് സോഫിയ ഒരു തീരുമാനമെടുത്തു. ഗ്ലാമർലോകത്തുനിന്ന് അകന്ന് സന്യാസിനിയാവുന്നു എന്നതായിരുന്നുവത്. ലൗകികജീവിതത്തിൽനിന്ന് അകന്ന് ആത്മീയതിലേക്ക് കടന്നു സോഫിയ. മാറിടങ്ങളിലെ സിലിക്കൺ ഇംപ്ലാന്റുകൾ എടുത്തുമാറ്റുകയും ചെയ്തു. ''സിലിക്കൺ ഇംപ്ലാന്റുകൾ ഒരു വ്യാജസത്യം മാത്രമാണ്. എന്റെ ശരീരം സുന്ദരമായിരിക്കണമെന്നും അത് മറ്റുള്ളവർ കാണുമ്പോൾ ആരാധിക്കണമെന്നുമുള്ള ആഗ്രഹം മൂലമാണ് ഇംപ്ലാന്റുകൾ പിടിപ്പിച്ചത്. അതിൽനിന്നെല്ലാം ഞാൻ പുറത്തുകടന്നു'', അന്ന് സോഫിയ പറഞ്ഞു.
മദർ സോഫിയ എന്നാണ് അവർ സ്വയം വിശേഷിപ്പിച്ചത്. ''ചെറിയ പ്രായത്തിൽ ആളുകളുടെ ആർഭാടം കണ്ടാണ് ഞാനവരെ ആരാധിച്ചത്. ഇപ്പോഴവരുടെ ആത്മാവിനെ തൊട്ടറിഞ്ഞാണ് ആരാധിക്കുന്നതെന്ന വ്യത്യാസം മാത്രം. ഇതിനുമുമ്പ് എനിക്കൊരുപാട് ബോയ് ഫ്രണ്ട്‌സ് ഉണ്ടായിരുന്നു. അവരുമായി ലൈംഗികബന്ധവുമുണ്ടായിരുന്നു. എന്നാൽ, കുറച്ചുകഴിഞ്ഞപ്പോൾ അങ്ങനെയുള്ള ആഗ്രഹങ്ങളൊക്കെ ഒരു ഘട്ടമെത്തിയപ്പോൾ എന്തിനാണ് ഇങ്ങനെ ജീവിക്കുന്നതെന്ന തോന്നൽ വന്നു. അപ്പോഴാണ് എന്റെയുള്ളിലെ ശരിക്കുമുള്ള എന്നെ ഞാൻ തിരിച്ചറിഞ്ഞത്. അങ്ങനെയാണ് ആത്മീയതയിലേക്ക് തിരിയുന്നതും'', സോഫിയ വെളിപ്പെടുത്തി.
പക്ഷേ, തൊട്ടടുത്തവർഷം സോഫിയ സന്യാസത്തിൽനിന്നും പുറത്തുകടന്നു. 'അക്‌സർ 2' എന്ന സിനിമയിലും അഭിനയിച്ചു. പിന്നാലെ, റൊമേനിയയിൽനിന്നുള്ള ഒരു വ്യവസായിയുമായുള്ള വിവാഹവും. അധികം വൈകാതെ സോഫിയ ഗർഭിണിയായി. മാസങ്ങൾ കഴിഞ്ഞപ്പോൾ ചില വെളിപ്പെടുത്തലുകളുമായി സോഫിയ രംഗത്തെത്തി. ഗർഭം അലസിപ്പോയെന്നും, ഭർത്താവ് തന്നെ ചതിച്ച് കൊല്ലാൻ ശ്രമിച്ചുവെന്നും അവർ പറഞ്ഞു. അധികം വൈകാതെ സോഫിയയും ഭർത്താവും വിവാഹമോചിതരായി. ഇന്നൊരു ഫിറ്റ്‌നസ് മോഡൽ ആണവർ.
Content Highlights: sofia hayat singer and actor become nun
Published: 23 Mar 2025, 12:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented