മൂന്ന് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമാ വ്യവസായത്തിൽ സംവിധായകനായും നിർമാതാവായും നിറഞ്ഞുനിൽക്കുകയാണ് കരൺ ജോഹർ. ഇന്നത്തെ താരങ്ങളുടെ സഹായികൾ കാരണം സിനിമാച്ചെലവുകൾ ഉയരുന്നതിനെപ്പറ്റി പറയുകയാണ് അദ്ദേഹമിപ്പോൾ.
"ഹെയർ, മേക്കപ്പ് എന്നിവയ്ക്കായി അവർ ഈടാക്കുന്ന തുകയെപ്പറ്റി എനിക്ക് പറയാനാവില്ല. റൂഹിയും യാഷും (മക്കൾ) ഹെയർ, മേക്കപ്പ് ആർട്ടിസ്റ്റുകളാകണമെന്നാണ് എൻ്റെ ആഗ്രഹം, കാരണം മറ്റുള്ളവരെക്കാൾ കൂടുതൽ പണം സമ്പാദിക്കുന്നത് അവരാണ്. ആ ജോലി അവർക്ക് വളരെ പ്രയോജനകരമാകും."-കരൺ പറഞ്ഞു.
നിർമ്മാണ ബജറ്റിന്റെ ചെറിയൊരു ഭാഗം മാത്രമാണ് സഹായികളുടെ ചിലവുകളെങ്കിലും, ധാർമ്മികമായ കാഴ്ചപ്പാടിൽ ഈ വിഷയം ഗൗരവത്തോടെ എടുക്കണമെന്നാണ് കരണിന്റെ അഭിപ്രായം.
"എനിക്ക് സഹായിസംഘത്തോട് സാമ്പത്തികമായ പ്രശ്നമല്ല, ധാർമ്മികമായ പ്രശ്നമാണുള്ളത്. അങ്ങനെയുള്ള ആവശ്യങ്ങൾക്കായി ഞങ്ങൾ ഒരു നിശ്ചിത ബജറ്റ് വയ്ക്കും. ഒരു താരത്തിന് അതിനപ്പുറം എന്തെങ്കിലും വേണമെങ്കിൽ, അത് പേഴ്സണൽ ട്രെയ്‌നറോ പ്രത്യേക ഭക്ഷണക്രമമോ ആകട്ടെ, അതിന്റെ ചിലവ് അവർ തന്നെ വഹിക്കണം. ഒരു പ്രത്യേക ശരീരഘടന ആവശ്യമുള്ള സ്പോർട്സ് ഡ്രാമ പോലെ സിനിമയ്ക്ക് അത് അത്യന്താപേക്ഷിതമാണെങ്കിൽ മാത്രമേ ഞാൻ അതിന് പണം നൽകുകയുള്ളൂ."-കരൺ വ്യക്തമാക്കി.
നല്ല രൂപത്തിൽ കാണപ്പെടേണ്ടത് കലാകാരന്റെ ഉത്തരവാദിത്തമായിരിക്കെ, പേഴ്സണൽ ട്രെയ്‌നർക്കോ ആരോഗ്യകരമായ ഭക്ഷണത്തിനോ നിർമ്മാതാക്കൾ എന്തിന് പണം നൽകണമെന്നും കരൺ ചോദിക്കുന്നു. അതേസമയം, ഈ പ്രശ്നം പരിഹരിക്കാൻ എന്തു നടപടി സ്വീകരിച്ചുവെന്ന ചോദ്യത്തിന്, നിർമാതാക്കൾക്കിടയിലെ ഐക്യമില്ലായ്മ പുരോഗതിയെ തടസ്സപ്പെടുത്തുന്നുവെന്ന് കരൺ സമ്മതിച്ചു.
"നിർമ്മാതാക്കൾക്കിടയിൽ ഐക്യമില്ല. ഞങ്ങൾ ഈ വിഷയങ്ങൾ ചർച്ച ചെയ്യാറുണ്ടെങ്കിലും ആരും അത് പിന്തുടരാറില്ല. എങ്കിലും അത്തരം കാര്യങ്ങളുടെ ബജറ്റിന് പരിധി നിശ്ചയിച്ച് ഇപ്പോൾ ഒരു മാറ്റം കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. ഇത്രയേ നൽകാനാവൂ എന്ന് മുൻകൂട്ടി പറയും. അധികമായി എന്തെങ്കിലും വേണമെങ്കിൽ, ദയവായി അത് സ്വയം കൈകാര്യം ചെയ്യുക. ഇപ്പോൾ പല അഭിനേതാക്കളും അത് ചെയ്യുന്നുണ്ട്, അതിനെ ഞാൻ ബഹുമാനിക്കുന്നു. ഭീമമായ പ്രതിഫലം വാങ്ങിയിട്ടും തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിർമ്മാതാക്കൾ നിറവേറ്റണമെന്ന് പ്രതീക്ഷിക്കുന്ന നടന്മാരോടാണ് എൻ്റെ പ്രശ്നം. കുറച്ചുകൂടി മര്യാദ കാണിക്കൂ. ഇത്തരം ചെറിയ വിഷയങ്ങൾ തർക്കവിഷയങ്ങളാകുമ്പോൾ എനിക്ക് അത്ഭുതം തോന്നാറുണ്ട്. ചില നടന്മാർ എന്തിനാണ് എട്ട് പേരടങ്ങുന്ന സഹായികളുടെ സംഘവുമായി യാത്ര ചെയ്യുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല."-'ഗെയിം ചേഞ്ചർ' എന്ന യൂട്യൂബ് ചാനലിനുനൽകിയ തുറന്ന സംഭാഷണത്തിൽ കരൺ വ്യക്തമാക്കി.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Karan Johar discusses his ethical concerns regarding exorbitant star entourages in filmmaking. He humorously suggests his children become hair/makeup artists, earning more than others.
Published: 05 Oct 2025, 12:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented