ബാലതാരമായി സിനിമയിലെത്തിയതാണ് ശ്വേത ബസു പ്രസാദ്. 'മക്ടി' ആയിരുന്നു ആദ്യത്തെ പടം. അതിന് മികച്ച ബാലതാരത്തിനുള്ള ദേശീയപുരസ്‌കാരവും ലഭിച്ചു. അന്ന് ശ്വേതയ്ക്ക് 11 വയസ്സേയുള്ളൂ.
അതിനുശേഷം കഹാനി ഘർ ഘർ കീ എന്ന സീരിയലിൽ അഭിനയിക്കാനുള്ള അവസരം കിട്ടി. പിന്നാലെ 'ഇഖ്ബാൽ' എന്ന ബോളിവുഡ് ചിത്രത്തിലും അഭിനയിച്ചു. അതിനുശേഷം പഠനത്തിനായി സിനിമയിൽനിന്ന് മാറിനിന്നു. ആദ്യമായി നായികയാവുന്നത് 'കൊത്ത ബംഗാരു ലോഗം' എന്ന തെലുഗുസിനിമയിലാണ്. ബംഗാളി, തമിഴ്, ബോളിവുഡ് സിനിമകളിലും ശ്വേത നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പതുക്കെ താരപദവിയിലേക്കുള്ള യാത്രയിലായിരുന്നു ശ്വേത.
അതിനിടയിലാണ് 2014-ൽ ആ പെൺകുട്ടിയുടെ ജീവിതത്തിലുണ്ടായ ചില സംഭവങ്ങൾ കരിയറിനെയും ബാധിക്കുന്നത്. ആ വർഷം സെപ്റ്റംബറിൽ പോലീസ് റെയ്ഡിനിടെ ഹൈദരാബാദിലെ ഒരു ഹോട്ടലിൽനിന്ന് ശ്വേത പിടിയിലായി. ലൈംഗികതൊഴിൽ ചെയ്തു എന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ഇത് സിനിമാമേഖലയെ ഒന്നടങ്കം ഞെട്ടിച്ചു. കസ്റ്റഡിയിലെടുത്തശേഷം ശ്വേതയെ റെസ്‌ക്യൂ ഹോമിലേക്ക് അയച്ചു. രണ്ടുമാസത്തോളം തടവിൽ കഴിഞ്ഞു. അതിനിടയിൽ അവരുടെ പേരിലിറങ്ങിയ ഒരു പ്രസ്താവന കാര്യങ്ങൾ കൂടുതൽ വഷളാക്കി. ''സിനിമയിൽ അവസരങ്ങൾ കുറഞ്ഞു. എന്റെ കൈയിൽ പണമില്ലാതായി. കുടുംബം നോക്കണം, വേറെയും കാര്യങ്ങളുണ്ട്. പണത്തിനായി ചിലരെന്നെ ലൈംഗികതൊഴിലാളിയാവാൻ പ്രേരിപ്പിച്ചു. ഒരു വഴിയുമില്ലാതായപ്പോൾ ഞാനാ വഴിയിലേക്ക് പോവുകയും ചെയ്തു'', ഇതായിരുന്നു ആ പ്രസ്താവന.
രണ്ടുമാസങ്ങൾക്കുള്ളിൽ തന്നെ അവർക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും മെട്രോപൊളിറ്റൻ സെഷൻസ് കോടതി പിൻവലിച്ചു. മോചിതയായ ശ്വേത സംഭവം തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമാണെന്ന് പറഞ്ഞുകൊണ്ട്, മാധ്യമങ്ങൾക്കെല്ലാം ഒരു കത്തുനൽകി. അതിൽ സംഭവത്തെക്കുറിച്ച് വിശദീകരിച്ചിരുന്നു. ഒരു അവാർഡ്ദാന ചടങ്ങിൽ പങ്കെടുക്കാനായി എത്തിയതാണെന്നും, സംഘാടകർ എടുത്തുകൊടുത്ത മുറിയാണെന്നും വേറൊന്നും തനിക്കറിയില്ലെന്നുമായിരുന്നു അവരതിൽ പറഞ്ഞത്. തന്റേതായി പുറത്തുവന്ന പഴയ പ്രസ്താവന തന്റെ അറിവോടെയല്ലെന്നും അവർ പറഞ്ഞു. ''ഞാൻ റെസ്‌ക്യൂ ഹോമിലായിരുന്നപ്പോഴാണ് അത് പുറത്തുവന്നത്. അപ്പോൾ എങ്ങനെ അത്തരത്തിലൊന്ന് പുറത്തുവിടാൻ പറ്റും''.
കേസിൽനിന്ന് വിട്ടെങ്കിലും, അപ്പോഴേക്കും ശ്വേതയുടെ കരിയറിനെ അത് നന്നായി ബാധിച്ചിരുന്നു. അവസരങ്ങളെല്ലാം കുറഞ്ഞു. പലയിടത്തുനിന്നും ഒറ്റപ്പെടുത്തലുകളുമുണ്ടായി. സിനിമയിൽ കാര്യമായ അവസരങ്ങൾ ലഭിച്ചില്ലെങ്കിലും, വെബ് സീരീസുകളിൽ നല്ല കഥാപാത്രങ്ങൾ കിട്ടി. 'റീടേക്ക്' എന്ന ഹ്രസ്വചിത്രത്തിലൂടെ, സംവിധാനത്തിലേക്കും അവർ കടന്നു. അനുപം ഖേർ നായകനായ ചിത്രം, ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെട്ടു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Child actor Shweta Basu Prasad`s career journey, from winning a National Award at 11 to facing controversy and arrest
Published: 12 Sept 2025, 10:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented