ചൂളൈമേട്ടിലെ ലൗ ട്രാക്കിലിരുന്ന് കേരളത്തിന്റെ ട്രാക്കിലെ റാണി കഥ പറയുകയാണ്. നേട്ടങ്ങളും സന്തോഷങ്ങളും നിറഞ്ഞ ആ കഥയിൽ അവർക്ക് കൂട്ടായി നീന്തൽക്കുളത്തിലെ രാജാവുമുണ്ട്

ഷൈനി വിൽസൺ / ഫോട്ടോ: വി.രമേഷ്
ചെന്നൈ ചൂളൈമേട്ടിലെ വീട്ടിലെത്തുമ്പോൾ ഒളിമ്പ്യൻ ഷൈനി വിൽസൺ തിരക്കിലായിരുന്നു. കൂടിക്കാഴ്ചയുടെ കാര്യം അറിയിച്ചിരുന്നുവെങ്കിലും ഉമ്മറത്തെത്തി രണ്ടുമൂന്ന് തവണ കോളിങ്‌ബെൽ അമർത്തി കാത്തിരുന്നു. ഒടുവിൽ വീട്ടുവേഷത്തിൽ ഷൈനി വാതിൽ തുറന്നു. ''അയ്യോ ക്ഷമിക്കണം കേട്ടോ... രാവിലെ മുതൽ ജോലിത്തിരക്കിലായിരുന്നു... ഒന്നും വിചാരിക്കരുതേ... സോറി...'' ഷൈനിക്ക് പിന്നാലെ ഭർത്താവ് വിൽസണും 'സോറി' കൊണ്ടായിരുന്നു വരവേറ്റത്.
''കുറച്ചുദിവസമായുള്ള തിരക്കാണ്. വിരമിക്കൽ ചടങ്ങിൽ പങ്കെടുക്കാൻ നാട്ടിൽനിന്ന് ബന്ധുക്കളും സുഹൃത്തുക്കളും വന്നിരുന്നു. ഹോട്ടൽമുറികളും ഗസ്റ്റ്ഹൗസുകളും ബുക്ക് ചെയ്തു. പക്ഷേ, ആർക്കും അങ്ങോട്ടുപോകേണ്ട. ഷൈനിയുടെ കൂടെ മാത്രമേ നിൽക്കൂ. ഉള്ളത് കഴിച്ച് തറയിൽ കിടന്നോളാം എന്നൊക്കെ പറഞ്ഞ് നേരേ ഇങ്ങോട്ടുപോന്നു. രണ്ടുമൂന്ന് ദിവസം അടിച്ചുപൊളിച്ചു. ഇന്നലെയാണ് അവർ മടങ്ങിയത്...'' ഷൈനിയുടെ സംസാരത്തിനിടെ വിൽസൺ തമാശയുടെ ചെറിയൊരു പൂത്തിരി കത്തിച്ചു. ''ഇതുവരെ ഷൈനി ഫുഡ് കോർപ്പറേഷന്റെ മാത്രം ജനറൽ മാനേജരായിരുന്നു. ഇനിയിപ്പോൾ വീടിന്റെയും എന്റെയും ജനറൽ മാനേജരായില്ലേ... സഹിക്കുക തന്നെ....''
എഫ്‌സിഐയുടെ യാത്രയയപ്പ് ചടങ്ങിൽ ഷൈനി പൊട്ടിക്കരഞ്ഞതിനെക്കുറിച്ചും ആദ്യം പ്രതികരിച്ചത് വിൽസണായിരുന്നു. ''അവൾക്ക് എങ്ങനെ കരയാതിരിക്കാനാവും. അത്രയ്ക്ക് പാവമാണവൾ. കുടുംബംപോലെയായിരുന്നു ഓഫീസ്. ഒരാളെക്കുറിച്ചും മോശമായി പറയില്ല. പറ്റാവുന്ന സഹായങ്ങളൊക്കെ ചെയ്യും. ഇത്രയേറെ സ്‌നേഹിച്ചിരുന്ന ഒരാൾ വിട്ടുപോകുന്ന നേരം വന്നപ്പോൾ സഹപ്രവർത്തകർ സ്‌നേഹം കൊണ്ട്മൂടി പിന്നെങ്ങനെ കരയാതിരിക്കും.''
ജീവിതപങ്കാളിയുടെ വാക്കിന്റെ തുമ്പുപിടിച്ച് ഷൈനിയും വാചാലയായി.. ''സത്യമാണ്, എഫ്സിഐ എന്റെ ജീവനായിരുന്നു. 41 വർഷം അവിടെ ജോലിചെയ്തു. ചെയർമാൻ അഷുതോഷ് അഗ്‌നിഹോത്രി യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തതുപോലും സ്‌നേഹംകൊണ്ട് മാത്രമാണ്. അദ്ദേഹം എന്നെക്കുറിച്ച് കവിതയെഴുതി സദസ്സിൽ പാടി. എല്ലാവരും സ്‌നേഹംകൊണ്ട് വീർപ്പുമുട്ടിച്ചപ്പോൾ നിയന്ത്രണം വിട്ടുപോയി...''
1984 മാർച്ച് 16-ന് പതിനെട്ടാംവയസ്സിലാണ് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എഫ്സിഐ) തിരുവനന്തപുരം ഓഫീസിൽ ജോലിയിൽ പ്രവേശിച്ചത്. ''കായികമേഖലയുടെ വളർച്ചയ്ക്കുവേണ്ടി ഏറെക്കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു. മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പ്രതിഭകൾക്ക് ജോലി നൽകാൻ പറ്റിയതും വലിയ സന്തോഷമാണ്. അസൗകര്യങ്ങളിൽ പ്രയാസപ്പെട്ടിരുന്ന കായികതാരങ്ങൾക്ക് സഹായങ്ങൾ ഒരുക്കാനും ഒട്ടേറെക്കുട്ടികൾക്ക് സ്‌കോളർഷിപ്പ് ലഭ്യമാക്കാനുമൊക്കെ കഴിഞ്ഞു. ഇതിൽപ്പരം സന്തോഷം മറ്റെന്തുവേണം.'' ഷൈനിയുടെ മുഖത്ത് അഭിമാനം.
ദക്ഷിണ റെയിൽവേയിൽ സീനിയർ സ്‌പോർട്സ് ഓഫീസറായ വിൽസൺ 43 വർഷത്തെ സേവനത്തിനുശേഷം കഴിഞ്ഞ വർഷമാണ് വിരമിച്ചത്.
ഷൈനി എന്ന താരം
ഇന്ത്യയുടെ എക്കാലത്തെയും മികച്ച മധ്യദൂര അത്ലറ്റാണ് ഷൈനി വിൽസൺ. 1965 മേയ് എട്ടിന് ഇടുക്കി ജില്ലയിലെ തൊടുപുഴ വഴിത്തല കുരിശിങ്കൽ എബ്രഹാമിന്റെയും മറിയാമ്മയുടെയും മകളായാണ് ജനനം. പാലാ അൽഫോൺസാ കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ അഖിലേന്ത്യാ അന്തർ സർവകലാശാലാ അത്ലറ്റിക് മീറ്റിൽ വ്യക്തിഗത ചാമ്പ്യനായി. തൊട്ടുപിന്നാലെ എഫ്‌സിഐയിൽ ക്ലർക്കായി നിയമനം. ഔദ്യോഗിക ജീവിതത്തിലേക്ക് പ്രവേശിച്ച ഉടൻ ലോസ് ആഞ്ജലിസ് ഒളിമ്പിക്‌സിലേക്കുള്ള ഓട്ടം. അവിടെ തിളങ്ങിയ ഷൈനിക്ക് തിരിച്ചുവരവിൽ ലഭിച്ചത് മാനേജരായി പ്രമോഷൻ.
തുടർച്ചയായി നാല് ഒളിമ്പിക്‌സുകളിൽ പങ്കെടുത്തു. 1984-ൽ 800 മീറ്റർ ഓട്ടത്തിൽ ഒളിമ്പിക്‌സ് സെമിഫൈനലിലെത്തിയ ആദ്യ ഇന്ത്യൻ വനിതയായി. 1992-ൽ ബാഴ്സലോണ ഒളിമ്പിക്‌സിൽ ദേശീയപതാകയേന്തിയ ആദ്യ ഇന്ത്യൻ വനിതയെന്ന ബഹുമതി ഷൈനിക്ക് സ്വന്തം. ഇന്ത്യയിലും വിദേശത്തുമായി 75 രാജ്യാന്തര മീറ്റുകളിൽ മത്സരിച്ചു. എൺപതിലേറെ അന്താരാഷ്ട്ര മെഡലുകൾ നേടി. ഇന്ത്യൻ വനിതാ റിലേ ടീമിന്റെ സുവർണനിരയിലെ മിന്നുംതാരമായി. പി.ടി. ഉഷ, എം.ഡി. വത്സമ്മ, വന്ദനാ റാവു, ഷൈനി എന്നിവരുൾപ്പെട്ട ടീം 1984 ഒളിമ്പിക്‌സിൽ 4X400 മീറ്റർ റിലേയിൽ ഫൈനലിൽ കടന്നു.
കായികമേഖല ഒരുപാട് സന്തോഷങ്ങളും നേട്ടങ്ങളും നൽകിയപ്പോഴും 1986-ലെ സോൾ ഏഷ്യൻ ഗെയിംസിലെ അനുഭവം ഇന്നും മനസ്സിൽ സങ്കടമായി അവശേഷിക്കുന്നതായി ഷൈനി പറയുന്നു. അന്ന് 800 മീറ്ററിൽ സ്വർണം നേടിയെങ്കിലും ട്രാക്ക് മാറിയതിന്റെ പേരിൽ ഷൈനി അയോഗ്യയാക്കപ്പെടുകയായിരുന്നു. ''ആ ദിവസം ഉറങ്ങാനായില്ല. പിറ്റേന്ന് 400 മീറ്ററിൽ വെള്ളി നേടി. പി.ടി. ഉഷയ്ക്കായിരുന്നു സ്വർണം. അടുത്തദിവസം 4x400 റിലേയിൽ ഉഷ, എം.ഡി. വത്സമ്മ, വന്ദനാ റാവു എന്നിവരടങ്ങിയ ടീമിനൊപ്പം സ്വർണം സ്വന്തമാക്കി.''
ഷൈനിയുടെ കായികമികവിനെ അർജുന അവാർഡും പദ്മശ്രീയും നൽകി രാജ്യം ആദരിച്ചു. 1998-ൽ മുപ്പത്തിമൂന്നാം വയസ്സിലാണ് ഷൈനി കായികജീവിതത്തിൽനിന്ന് വിരമിച്ചത്. നിലവിൽ സായി ഗവേണിങ് ബോഡിയംഗം, ഇന്ത്യൻ അത്ലറ്റിക്‌സ് ടീം സെലക്ഷൻ കമ്മിറ്റിയംഗം, തമിഴ്നാട് അത്ലറ്റിക് അസോസിയേഷൻ വൈസ് പ്രസിഡന്റ്, ഏഷ്യൻ അത്ലറ്റിക്‌സ് കമ്മിഷൻ അംഗം തുടങ്ങിയ ഏറെ ഉത്തരവാദിത്വപ്പെട്ട ചുമതലകൾ വഹിക്കുന്നുണ്ട്. അതിനാൽ ഇനിയങ്ങോട്ടും ഷൈനി കായികരംഗത്തുണ്ടാകും. ട്രാക്കിൽ അല്ലെന്നു മാത്രം. വിൽസന്റെ ഭാഷയിൽ പറഞ്ഞാൽ 'അവിടെയും ജനറൽ മാനേജർ!'
നീന്തൽ രാജാവ്
ഷൈനിയെക്കുറിച്ച് പറയുമ്പോൾ നിഴലായി ഒപ്പമുള്ള വിൽസണെക്കുറിച്ചും പരാമർശിക്കാതിരിക്കാനാവില്ല. പത്തുവയസ്സിൽ നീന്തൽ രംഗത്തെത്തിയ വിൽസൺ വാരിക്കൂട്ടിയ അന്താരാഷ്ട്ര മെഡലുകൾക്ക് കൈയും കണക്കുമില്ല. 13-ാം വയസ്സിൽ ജൂനിയർ ദേശീയ ചാമ്പ്യൻ, 16-ാം വയസ്സിൽ സീനിയർ ദേശീയ ചാമ്പ്യൻ, 1981-ലെ സീനിയർ നാഷണലിൽ മൂന്ന് സ്വർണം നേടി മിന്നുംതാരമായി. തൊട്ടുപിന്നാലെ കേരള പോലീസിൽ ജോലി വാഗ്ദാനമുണ്ടായെങ്കിലും നിരസിച്ചു. 1982-ൽ 17-ാം വയസ്സിലാണ് ഇന്ത്യൻ റെയിൽവേയിൽ സ്‌പോർട്‌സ് ഓഫീസറാവുന്നത്. തുടർന്നങ്ങോട്ട് ജോലിക്കൊപ്പം നീന്തലുമായി രാജ്യത്തിനകത്തും പുറത്തും മെഡലുകൾ വാരിക്കൂട്ടി.
1980 മുതൽ 1992 വരെ ദേശീയ ചാമ്പ്യനായിരുന്നു. നൂറുമീറ്ററിൽ വിൽസന്റെ റെക്കോഡ് ഭേദിക്കപ്പെട്ടത് 15 വർഷത്തിനുശേഷമായിരുന്നു. 200 മീറ്ററിൽ 22 വർഷത്തിനുശേഷവും. 1982 കോമൺവെൽത്ത് ഗെയിംസിൽ കേരളത്തിൽനിന്ന് പങ്കെടുക്കുന്ന ആദ്യത്തെ നീന്തൽ താരമായിരുന്നു. 1986 സോൾ ഒളിമ്പിക്‌സിലും മികവ് തെളിയിച്ചു. 1985 ദേശീയഗെയിംസിൽ അഞ്ച് സ്വർണവും, സാഫ് ഗെയിംസിൽ അഞ്ച് തവണയായി 12 സ്വർണവും നേടി. 1988-ൽ രാഷ്ട്രം അർജുന അവാർഡ് നൽകി ആദരിച്ചു. ദക്ഷിണേന്ത്യയിൽനിന്ന് നീന്തലിൽ ആദ്യമായി അർജുന ലഭിക്കുന്നതും വിൽസണാണ്. 1986-ൽ പോളണ്ടിൽ നടന്ന വേൾഡ് റെയിൽവേ ഗെയിംസിൽ രണ്ട് വെള്ളിയും 1990-ൽ റോമിൽവെച്ച് രണ്ട് സ്വർണവും നേടി ഇന്ത്യൻ റെയിൽവേയുടെ യശസ്സുയർത്തി. ഇന്ത്യൻ ടീം കോച്ചായിട്ടുണ്ട്. റെയിൽവേയിൽ ജോലിയിലിരിക്കെ 500-ഓളം കായികതാരങ്ങൾക്ക് നിയമനം നൽകാനായത് വലിയ സന്തോഷം നൽകിയെന്ന് വിൽസൺ പറഞ്ഞു.
ലൗ ട്രാക്ക് എന്ന കൂടാരം
ഓടിയും, നീന്തിയും കുതിച്ച പ്രണയസാഫല്യത്തിന്റെ വടവൃക്ഷമാണ് ഷൈനി-വിൽസൺ ദാമ്പത്യം. ചെന്നൈ ചൂളൈമേട്ടിലെ ഇവരുടെ വീടിന്റെ പേരുതന്നെ 'ലൗ ട്രാക്ക്' എന്നാണ്. എഴുത്തുകാരി കെ.ആർ. മീരയാണ് ഈ പേരിനുപിന്നിൽ. മീരയും ഷൈനിയും സുഹൃത്തുക്കളാണ്. പണ്ടെങ്ങോ ചെന്നൈയിൽ വന്നപ്പോൾ വീടിന് നല്ലൊരു പേരുവേണമെന്ന് ഷൈനി ആവശ്യപ്പെട്ടു. അങ്ങനെ ലൗ ട്രാക്ക് എന്ന അർഥവത്തായ പേരുലഭിച്ചു.
1982 ഏഷ്യൻ ഗെയിംസിന് മുന്നോടിയായി ഡൽഹിയിൽ നടന്ന കായിക പരിശീലനത്തിലാണ് ആദ്യ കൂടിക്കാഴ്ച. അധികം സംസാരിക്കാത്ത ആളായിരുന്നു വിൽസൺ. ഷൈനിയാകട്ടെ നാണംകുണുങ്ങിയും. വിൽസന്റെ മനസ്സിലാണ് ആദ്യത്തെ പ്രണയലഡു പൊട്ടിയത്. കാഠ്മണ്ഡുവിലെ പരിശീലനക്യാമ്പിൽ വിൽസൺ സുഹൃത്ത് ജേക്കബിനോട് ഷൈനിയെ ഇഷ്ടമാണെന്നുപറഞ്ഞു. ജേക്കബ് വഴി വിവരം ഷൈനിയുടെ സുഹൃത്ത് ജിസിയിൽ എത്തി. ആ പാലം കടന്നപ്പോഴേക്കും ഇരുവരും മനസ്സുകൊണ്ട് പ്രണയിച്ചുതുടങ്ങിയിരുന്നു. കായികരംഗത്തുള്ളവരെ വിവാഹം കഴിക്കുന്നതുതന്നെയാണ് നല്ലതെന്ന രക്ഷിതാക്കളുടെ ഉപദേശം ഷൈനിക്ക് ധൈര്യം നൽകി.
1988 നവംബർ 20-ന് പാലായിൽ വെച്ചായിരുന്നു വിവാഹം. നാട്ടിലെ മധുവിധു ഒരാഴ്ച മാത്രം. ഏഷ്യൻ ചാമ്പ്യൻഷിപ്പിനുള്ള പരിശീലനം പാട്യാലയിലും സിംലയിലും തുടങ്ങിയപ്പോൾ വിൽസൺ അങ്ങോട്ടുപോയി.
ആദ്യം തിരുവനന്തപുരത്തായിരുന്നു ദമ്പതികളുടെ താമസം. 1991- ലാണ് ചെന്നൈയിൽ എത്തുന്നത്. വിവാഹത്തിന് തൊട്ടുപിന്നാലെ രണ്ട് ഒളിമ്പിക്‌സുകളിൽ ഷൈനി മാറ്റുരച്ചു. രണ്ട് മിനിറ്റിനുള്ളിൽ 800 മീറ്റർ ഓടിത്തീർത്ത് റെക്കോഡിട്ട ആദ്യത്തെ ഇന്ത്യൻ വനിതാകായികതാരമായി മാറുന്നത് വിവാഹശേഷമാണ്. മകൾ ജനിച്ച് മൂന്നാംമാസം വീണ്ടും പരിശീലനക്കളത്തിലെത്തി. ഇതിലൂടെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മികവ് തെളിയിക്കാനായി. ''പരസ്പര ധാരണകളോടെ പൊരുത്തപ്പെട്ട് ജീവിക്കുമ്പോഴാണ് ദാമ്പത്യം ഊഷ്മളമാകുന്നത്. മനസ്സിലെ ജ്വാല കെടാതെ സൂക്ഷിച്ചാൽ വിവാഹമോ കുടുംബജീവിതമോ മുന്നോട്ടുള്ള യാത്രകൾക്ക് ഒരിക്കലും തടസ്സമാവില്ല,'' ഷൈനി പറയുന്നു.
ജയലളിതയുടെ വാഗ്ദാനം
ഷൈനിക്ക് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത കാർ സമ്മാനിച്ച കഥ ഒന്നൊന്നര സംഭവമാണ്. 1990- കളിലായിരുന്നു അത്. കായികമേഖലയിൽ ഷൈനിയുടെ തിളക്കം കണ്ട് അന്നത്തെ മുഖ്യമന്ത്രി ജയലളിത വീടുവയ്ക്കാനായി ചെന്നൈയിൽ അഞ്ചുസെന്റ് ഭൂമി സമ്മാനമായി പ്രഖ്യാപിച്ചു. അക്കാലത്ത് ഭൂമിയെക്കാൾ ആഡംബരമായി കണ്ടിരുന്നത് കാറുകളായിരുന്നു. അന്ന് തമിഴ്നാട് ഡിജിപി കേരളത്തിൽ വേരുകളുള്ള വാൾട്ടർ ദേവാരമായിരുന്നു. അദ്ദേഹം ഷൈനിപോലും അറിയാതെ ജയലളിതയെക്കൊണ്ട് തീരുമാനം മാറ്റിപ്പിച്ചു. അങ്ങനെ അഞ്ചുസെന്റ് ഭൂമിക്കുപകരം ഷൈനിക്ക് 'മാരുതി 1000' കാർ സമ്മാനമായി ലഭിച്ചു. കുറച്ചുകാലം ഷൈനിയും വിൽസണും കാറിൽ ചെന്നൈയിൽ ചെത്തിനടന്നു. പിന്നീഷ് ഷൈനി കാർ അച്ഛനുനൽകി. കുറച്ചുകാലത്തിനുശേഷം ഷൈനിയുടെ അച്ഛൻ കാർ തുച്ഛമായ വിലയ്ക്കുവിറ്റു. അന്ന് അഞ്ചുസെന്റ് ഭൂമി നൽകിയിരുന്നുവെങ്കിൽ ഇന്ന് കോടികളുടെ ഉടമകളാകുമായിരുന്നു. ചൂളൈമേട്ടിലുള്ള സ്ഥലം വാങ്ങിയത് 2004- ലാണ്.
പാചകത്തോടും പ്രിയം
അന്നൊക്കെ കായികതാരങ്ങൾ ഒരു വീട്ടിലെ അംഗങ്ങളെപ്പോലെയായിരുന്നു കഴിഞ്ഞിരുന്നതെന്ന് ഷൈനി പറയുന്നു. ''എന്തുപ്രശ്‌നം വന്നാലും ഒപ്പം നിൽക്കും. ദുഃഖത്തിലും സന്തോഷത്തിലും കൈപിടിക്കും. സ്‌നേഹത്തിനുമാത്രമായിരുന്നു പ്രാമുഖ്യം. ആ കൂട്ടായ്മ വലിയൊരു കരുത്തും ആത്മവിശ്വാസവും ആയിരുന്നു. അന്നത്തെ സൗഹൃദവലയത്തിൽ നിരവധിപേരുണ്ട്. ഇന്നും അവരുമായി അടുത്ത ബന്ധം തുടരുന്നുമുണ്ട്.''
സൗഹൃദത്തിന്റെ ഏടുകളിൽ നിന്ന് ഷൈനിയുടെ വർത്തമാനം രുചിയിലേക്ക് നീണ്ടു. ''പണ്ടൊക്കെ മത്സരങ്ങളിൽ പങ്കെടുക്കാൻ കേരളത്തിന് പുറത്തുപോയാൽ സംഘാടകർ നൽകുന്ന ഭക്ഷണം പിടിക്കില്ല. ചപ്പാത്തിയും ഉരുളക്കിഴങ്ങുകറിയുമാവും കൂടുതലും. ചോറും കപ്പയും മീനും ബീഫും തിന്നുശീലിച്ച ഞങ്ങൾക്ക് ഇതെങ്ങനെ സഹിക്കാനാവും. വിശപ്പ് താങ്ങാതെയായപ്പോൾ തുടങ്ങിയതാണ് സ്വയം പാചകം. ഒരിക്കൽ ലണ്ടനിൽവെച്ച് ചായയുണ്ടാക്കുന്ന കെറ്റിലിൽ അരിയിട്ടുവേവിച്ച് ചോറുണ്ടാക്കി. നാട്ടിൽനിന്ന് കൊണ്ടുപോയ അച്ചാറും കടയിൽനിന്ന് വാങ്ങിയ തൈരും കൂട്ടി ചോറുണ്ടു.
മറ്റൊരിക്കൽ ലണ്ടനിലും ജർമനിയിലും പോയപ്പോൾ 15 കിലോ അരിയും ഒരു ഭരണിനിറയെ അച്ചാറും വിമാനത്തിൽ കൊണ്ടുപോയി. ഞാനുണ്ടാക്കുന്ന ഭക്ഷണം എല്ലാവർക്കും പ്രിയമായിരുന്നു. 'ഷൈനി കൂടെയുണ്ടെങ്കിൽ പട്ടിണി കിടക്കേണ്ടിവരില്ലെന്ന്' അവർ എപ്പോഴും പറയും. വീട്ടിലും പാചകം മറ്റാർക്കും വിട്ടുകൊടുക്കില്ല.''
കേരളത്തിലേക്ക്
ചെന്നൈയോട് വിടപറയാൻ ഏറെ വിഷമമുണ്ടെങ്കിലും കേരളത്തിലേക്ക് താമസം മാറണമെന്നാണ് ഷൈനിയുടെയും വിൽസന്റെയും ആഗ്രഹം. എറണാകുളത്ത് താമസിക്കാനാണ് നിലവിലെ തീരുമാനം. മക്കളായ ശില്പയും സാൻട്രയും ഷെയ്നും അവരുടെ കുടുംബവും ജോലിയുടെ ഭാഗമായി പുറത്താണ്. ''എപ്പോഴും അവർ കൂടെയുണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതും ശരിയല്ലല്ലോ. എല്ലാവരും ഒത്തുകൂടുമ്പോഴുള്ള സന്തോഷം... അത് വേറെ ലെവലാണ്. അവരുടെ അടുത്തുപോയി കുറച്ചുകാലം താമസിക്കണമെന്നുണ്ട്.
കേരളത്തിൽ കായികപരിശീലന അക്കാദമി തുടങ്ങണമെന്ന് മോഹമുണ്ട്. പക്ഷേ, അതിനുള്ള സ്ഥലസൗകര്യം ഉൾപ്പെടെയുള്ളവ ഒരുക്കാൻ ഭാരിച്ച ചെലവുവരും. കേരളസർക്കാരോ സംഘടനകളോ സ്വകാര്യവ്യക്തികളോ താത്പര്യം പ്രകടിപ്പിച്ചാൽ എല്ലാവിധ സഹായ സഹകരണങ്ങളും നൽകാൻ ഒരുക്കമാണ്.'' കായികമേഖലയെ പരിപോഷിപ്പിക്കാൻ പ്രത്യേകം താത്പര്യം കാട്ടുന്ന തമിഴ്നാട് സർക്കാരിനുവേണ്ടി പിന്തുണ നൽകാൻ ഇരുവരും ഒരുപോലെ തയ്യാറാണ്.
''കായികമേഖലയാണ് ഞങ്ങളുടെ ജീവൻ. ഞങ്ങൾക്കിടയിലെ പ്രധാന സംസാരവിഷയം സ്പോർട്സാണ്. സുഹൃത്തുക്കളിൽ കൂടുതലും ഇതേ രംഗത്തുള്ളവർ. സ്പോർട്‌സ് അല്ലാതെ അന്നും ഇന്നും എന്നും ഞങ്ങൾക്ക് മറ്റൊരു ജീവിതമില്ല. അതിനാൽ കായികമേഖലയ്ക്കായി ഇനിയും എന്തും ചെയ്യാൻ ഞങ്ങൾ തയ്യാറാണ്.'' ഷൈനിയും വിൽസണും വാക്കുകൾ അവസാനിപ്പിച്ചതും ഒരേ ട്രാക്കിൽ.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 22 Jul 2025, 08:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented