
വൈകുന്നേരത്തെ കാറ്റില്‍ കനകക്കുന്നിന്റെ നെറുകയില്‍ വര്‍ണപ്പൂക്കള്‍ പൊഴിഞ്ഞുവീണു. ആ ഫ്രെയിമിലേക്ക് നിറചിരിയോടെ ഗോവിന്ദ് മാധവ് വന്നുകയറി. ഏഷ്യാനെറ്റിലെ 'ഗീതാഗോവിന്ദം' പരമ്പരയിലെ പ്രിയനായകന്‍. ആളുകള്‍ ചുറ്റും കൂടി. ചോദ്യങ്ങള്‍, അഭിനന്ദനങ്ങള്‍... അതിനിടയില്‍ സെല്‍ഫികള്‍ പിറന്നു. ഇരുപതിലേറെക്കൊല്ലമായി മലയാളികള്‍ക്ക് പരിചിതനായ താരം. ഗോവിന്ദ് മാധവെന്ന നായകവേഷത്തിലും സാജന്‍ സൂര്യയ്ക്ക് നിറയൗവനത്തിന്റെ തിളക്കം.
നാടകത്തട്ടിലൂടെ വന്ന് മിനിസ്‌ക്രീനില്‍ സജീവസാന്നിധ്യമായി മാറിയ കലാകാരന്‍. നായകനായും വില്ലനായും സഹനടനായും കുടുംബപ്രേക്ഷകര്‍ക്ക് പരിചിതന്‍. അഭിനയജീവിതത്തിന്റെ കാല്‍നൂറ്റാണ്ട് പിന്നിടുകയാണ് സാജന്‍ സൂര്യ. പോയവര്‍ഷങ്ങള്‍ സമ്മാനിച്ച സന്തോഷങ്ങള്‍ പങ്കുവച്ച് ഗൃഹലക്ഷ്മിയോടൊത്ത് ഇത്തിരിനേരം.
അഭിനയജീവിതത്തിലേക്കുള്ള വഴി?
തിരുവനന്തപുരത്തെ ഏണിക്കര എന്ന ഗ്രാമമാണ് നാട്. അവിടെനിന്ന് അഭിനയരംഗത്തേക്ക് വരുമ്പോള്‍ എത്രത്തോളം മുന്നോട്ടുപോകുമെന്നൊന്നും അറിയില്ലായിരുന്നു. അഭിനയത്തോടുള്ള ഭ്രമം മാത്രമായിരുന്നു മൂലധനം. കരകുളം ചന്ദ്രേട്ടനൊക്കെ നാടകത്തില്‍ നിറഞ്ഞുനില്‍ക്കുന്ന കാലമാണ്. സ്വപ്‌നവും നാടകത്തെ ചുറ്റിപ്പറ്റിയായിരുന്നു. സജീവമായി നാടകങ്ങള്‍ ചെയ്യുന്ന സമയത്താണ് സീരിയലിലെത്തുന്നത്.
ജ്വാലയായ്, ഡിറ്റക്ടീവ് ആനന്ദ് തുടങ്ങിയ സീരിയലുകള്‍ ആളുകളേറ്റെടുത്തു. ആ സമയത്താണ് 'ബംഗ്ലാവില്‍ ഔത' എന്ന സിനിമയിലെ പ്രധാനവേഷം തേടിയെത്തുന്നത്. പരിചയത്തിലുള്ള ചേട്ടനാണ് ഓഡിഷന്റെ വിവരം പറഞ്ഞത്. ഭാവനയുടെ ജോഡിയായി കൃഷ്ണനുണ്ണി എന്ന കഥാപാത്രമായി. പിന്നെയും സിനിമകളില്‍ ചെറിയ വേഷങ്ങള്‍ കിട്ടി. കുങ്കുമപ്പൂവ്, ഭാര്യ തുടങ്ങിയ സീരിയലുകളിലെയും കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു.
സിനിമ, തേടിവരാത്തതാണോ അതോ പിന്നാലെ പോകാത്തതോ?
സീരിയലില്‍ അഭിനയിക്കുന്നതുകൊണ്ട് സിനിമയില്‍ ആരും അവസരം തരില്ല. അങ്ങനെ അവസരം കിട്ടുന്നവര്‍ അപൂര്‍വമാണ്. ഇടയ്ക്ക് വരുന്ന റോളുകള്‍ ചെയ്യുമെന്നല്ലാതെ സിനിമയില്‍ അവസരങ്ങള്‍ തേടിപ്പോയിട്ടില്ല. സീരിയലും അങ്ങനെതന്നെ. ഇഷ്ടം തോന്നുന്ന കഥാപാത്രങ്ങള്‍ മാത്രമേ ചെയ്യാറുള്ളൂ.
പാഷന്‍, പ്രൊഫഷന്‍, ഫാമിലി...
മൂന്നും എനിക്ക് ഒരുപോലെയാണ്. ഐ.ജി. ഓഫ് രജിസ്‌ട്രേഷന്‍ ഓഫീസിലാണ് ഞാന്‍ ജോലിചെയ്യുന്നത്. അച്ഛന്‍ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥനായിരുന്നു. അച്ഛന്റെ മരണശേഷം ആ ജോലി എനിക്ക് കിട്ടി. സര്‍ക്കാര്‍ജോലിക്കിടയിലും അഭിനയം മുന്നോട്ട് കൊണ്ടുപോകുന്നത് സഹപ്രവര്‍ത്തകരുടെയും മേലധികാരികളുടെയും പിന്തുണകൊണ്ടാണ്.
അഭിനയജീവിതത്തിലെ സന്തോഷങ്ങള്‍?
പണ്ടത്തെപ്പോലെയല്ല ഇപ്പോള്‍ ലൈവായി സോഷ്യല്‍ മീഡിയവഴി പ്രേക്ഷകരുടെ സ്‌നേഹം നമ്മളിലേക്കെത്തും. ഇന്‍സ്റ്റഗ്രാമില്‍ 'ഗീതാഗോവിന്ദം ലവേഴ്‌സ്' എന്ന പേരില്‍ പതിനഞ്ച് ഗ്രൂപ്പുകളിലായി ആയിരക്കണക്കിന് അംഗങ്ങളുണ്ട്. ഗ്രൂപ്പിലെ എല്ലാവരെയും ഒന്നിച്ചു കാണാനായി ഗ്രൂപ്പ് കോള്‍ നടത്തി. അവരില്‍ ഏറെയും ചെറുപ്പക്കാര്‍. 'പഠിക്കാനൊന്നുമില്ലേ, പിള്ളേരേ? റീല്‍സുണ്ടാക്കിനടന്നാല്‍ വല്ല പ്രയോജനവുമുണ്ടോ?' എന്ന് ചോദിച്ചപ്പോള്‍, 'ഗീതാഗോവിന്ദത്തിനോടുള്ള ഇഷ്ടംകൊണ്ടാണ് ചേട്ടാ' എന്ന് മറുപടി വന്നു. അവരുടെ വിലപ്പെട്ട സമയമാണ് സ്‌നേഹമായി തരുന്നത്.
ഓഫീസില്‍ പുതുതായിവന്ന തമിഴ്നാട്ടുകാരന്‍ ഐ.ജി.ക്ക് ഞാന്‍ സീരിയലില്‍ അഭിനയിക്കുന്ന കാര്യം അറിയില്ലായിരുന്നു. ക്യാബിനിലേക്ക് വിളിച്ച് ആക്ടര്‍ ആണോയെന്ന് ചോദിച്ചു. അദ്ദേഹം യൂട്യൂബില്‍ സെര്‍ച്ച് ചെയ്തു. പണ്ട് രാജേഷ് ഹെബ്ബാറിനൊപ്പം ചെയ്ത ടവ്വല്‍ ഡാന്‍സാണ് വന്നത്. അദ്ദേഹം ചിരിതുടങ്ങി.
ആ ഡാന്‍സ് വൈറലായിരുന്നല്ലോ?
ഭാര്യ വിനീതയും മൂത്ത മകള്‍ മാളുവും തന്ന ധൈര്യത്തിന്റെ പുറത്താണ് ആ ഡാന്‍സ് ചെയ്യുന്നത്. ആളുകളുടെ പ്രതികരണത്തെക്കുറിച്ച് പേടിയുണ്ടായിരുന്നു. പക്ഷേ, എല്ലാവരും അഭിനന്ദിച്ചു. എല്ലാ വര്‍ഷവും ഫെയ്‌സ്ബുക്കില്‍ ആ വീഡിയോ റീപോസ്റ്റ് ചെയ്യും. പിന്നെയും ട്രെന്‍ഡിങ്ങാകും.

സീരിയലുകള്‍ ആളുകളെ വഴിതെറ്റിക്കുമെന്ന വിമര്‍ശനത്തില്‍ കഴമ്പുണ്ടോ?
സീരിയലുകള്‍ കണ്ട് ആളുകള്‍ വഴിതെറ്റുമെന്നുള്ളത് പണ്ടത്തെ കാഴ്ചപ്പാടാണ്. ഇത് അഭിനയമാണെന്നുള്ള തിരിച്ചറിവ് ഇന്ന് എല്ലാവര്‍ക്കുമുണ്ട്. ആളുകള്‍ അത് ആസ്വദിക്കുന്നുണ്ട്. സീരിയലുകള്‍ കണ്ട് മോശമാകുകയും വഴിതെറ്റിപ്പോകുകയും ചെയ്ത എത്ര പേരുണ്ട്. വ്യക്തമായ കണക്കുപറയാന്‍ ആര്‍ക്കും കഴിയില്ല. വിദ്യാസമ്പന്നരായ ആളുകളാണ് ഇന്ന് സീരിയല്‍ കാണുന്നത്. ജോലിയില്‍ നിന്ന് വിരമിച്ചവരാണ് കൂടുതലും.
സീരിയലുകള്‍ നീണ്ടുപോകുന്നു എന്ന പരാതിയെപ്പറ്റി?
ഇങ്ങനെ വലിച്ചുനീട്ടുന്നത് എന്തിനാണെന്ന് പലരും ചോദിക്കാറുണ്ട്. ചാനല്‍ നല്‍കുന്ന പ്രതിഫലം കൊണ്ടുമാത്രം നിലവാരമുള്ള സീരിയല്‍ നിര്‍മിക്കാന്‍ കഴിയില്ല. കിട്ടുന്ന തുകയുടെ രണ്ടിരട്ടി മുടക്കണം 100 എപ്പിസോഡിന്. 500 എപ്പിസോഡ് കഴിഞ്ഞിട്ടാണ് ചെലവായ തുകയെങ്കിലും തിരികെ കിട്ടുന്നത്. കിട്ടുന്ന പ്രതിഫലത്തില്‍ നിന്നാണ് മിക്ക അഭിനേതാക്കളും കോസ്റ്റിയമും മേക്കപ്പും ഒക്കെ വാങ്ങുന്നത്.
ഗോവിന്ദാണോ ഹൃദയത്തോട് ചേര്‍ന്നുകിടക്കുന്ന കഥാപാത്രം?
ഗോവിന്ദ് മാധവ് എന്ന കഥാപാത്രം സ്പെഷ്യലാണ്. എല്ലാ വികാരതലങ്ങളിലൂടെയും കടന്നുപോകുന്ന ഇത്തരമൊരു കഥാപാത്രം ആദ്യമായാണ് ചെയ്യുന്നത്.
നൃത്ത കുടുംബമാണല്ലോ?
വിനീതയും മക്കളും നന്നായി നൃത്തം ചെയ്യും. മൂത്ത മകള്‍ മാളവിക (മാളു) ബി. എസ്. സി സൈക്കോളജി വിദ്യാര്‍ഥിനി. ഇളയമകള്‍ മീനാക്ഷി (മീനു) ഏഴാം ക്ലാസ്സില്‍ പഠിക്കുന്നു.
ഭാര്യയാണോ ഏറ്റവും വലിയ വിമര്‍ശക?
തീര്‍ച്ചയായും. വിനീതയാണ് ഏറ്റവും വലിയ വിമര്‍ശക. അവള്‍ പറയുന്നത് ഉള്‍ക്കൊണ്ട് മെച്ചപ്പെടുത്താന്‍ ഞാന്‍ ശ്രമിക്കാറുണ്ട്.
നിത്യഹരിത നായകന്‍ എന്നാണല്ലോ വിളിപ്പേര്. എന്താണ് സൗന്ദര്യരഹസ്യം?
സൗന്ദര്യരഹസ്യം എന്നൊന്നുമില്ല. എന്റെ പ്രായത്തിനനുസരിച്ചുള്ള കഥാപാത്രങ്ങളാണ് ചെയ്യുന്നത്. പിന്നെ ശരീരം സൂക്ഷിക്കാന്‍ അധ്വാനിക്കാറുണ്ട്.
ഏറ്റവും വലിയ ശക്തി?
കുടുംബം തന്നെയാണത്. കുടുംബത്തിന്റെ പിന്തുണ ഉള്ളതുകൊണ്ടാണ് മനസ്സില്‍ ഭാരം ഇല്ലാതെ തുടരാന്‍ കഴിയുന്നത്. എന്നെ സഹിക്കാന്‍ മറ്റാര്‍ക്കും കഴിയില്ലെന്നാണ് വിനീത പറയുന്നത്. ബിഗ് ബോസിലെ എല്ലാ സീസണിലും എന്നെ വിളിക്കാറുണ്ട്. പക്ഷേ, പോകാന്‍ വിനീത സമ്മതിക്കില്ല. എന്റെ തനിസ്വഭാവം നാട്ടുകാരറിഞ്ഞ് മാനം പോകും എന്ന് പറഞ്ഞ് പിന്തിരിപ്പിക്കും (ചിരിക്കുന്നു). തനിസ്വഭാവം ഭാര്യയായ എനിക്കല്ലേ അറിയൂ. അതുകൊണ്ടാണ് വിലക്കുന്നത്.
Content Highlights: serial actor sajan surya and his family
Published: 22 Apr 2024, 04:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented