ലോകമെമ്പാടും ആരാധകരുള്ള ഗായികയും നടിയുമായ സെലീന ഗോമസ് വിവാഹജീവിതത്തിലേക്ക് കടക്കുകയാണ്. സുഹൃത്ത് ബെന്നി ബ്ലാങ്കോയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു. അമേരിക്കന്‍ റെക്കോഡ് പ്രൊഡ്യൂസറും ഗാനരചയിതാവുമാണ് ബെഞ്ചമിന്‍ ജോസഫ് ലെവിന്‍ എന്ന ബെന്നി. ഒന്നിച്ച്, എന്നന്നേക്കുമായുള്ള ജീവിതം തുടങ്ങുന്നുവെന്ന അടിക്കുറുപ്പുമായി ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എന്‍ഗേജ്‌മെന്റ് മോതിരത്തിന്റെ ചിത്രവും ബെന്നിക്കൊപ്പമുള്ള റൊമാന്റിക് ചിത്രവും സെലീന പങ്കുവെച്ചിട്ടുണ്ട്. ഓവല്‍ ആകൃതിയിലുള്ള വജ്രമോതിരമാണ് സെലീന അണിഞ്ഞിരിക്കുന്നത്.
ഒരുവര്‍ഷം മുമ്പാണ് സെലീനയും ബെന്നിയും പ്രണയം പരസ്യമാക്കുന്നത്. അതിനും ആറുമാസം മുമ്പേ ഇരുവരുടെയും പ്രണയത്തെപ്പറ്റി അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ ഒന്നിച്ചുള്ള ചിത്രങ്ങളും ഇരുവരും പങ്കുവെക്കാറുണ്ട്. ഗോള്‍ഡന്‍ ഗ്ലോബ്‌സ്, പ്രൈംടൈം എമ്മിസ് പുരസ്‌കാരച്ചടങ്ങടക്കമുള്ള പൊതുവേദികളിലും ഇരുവരും ഒന്നിച്ചെത്തി. സെലീനയെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് ബെന്നി നേരത്തേ സൂചന നല്‍കിയിരുന്നു. സംഗീതജീവിതത്തില്‍ നിന്ന് അഭിനയത്തിലേക്കും കടന്ന സെലീനയുടെ പുറത്തുവരാനിരിക്കുന്ന ചിത്രം 'എമിലിയ പെരെസ്' ആണ്.
ഗര്‍ഭം ധരിക്കാന്‍ ആരോഗ്യം അനുവദിക്കുന്നില്ലെന്ന് സെലീന
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി സെലീനയെ ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട്. 2013-ല്‍ ഓട്ടോ ഇമ്യൂണ്‍ അവസ്ഥയായ ലൂപസ് സ്ഥിരീകരിച്ചു. തൊലിയേയും കിഡ്‌നിയേയും രക്തകോശങ്ങളെയും ഹൃദയത്തേയുമെല്ലാം ബാധിക്കുന്ന അവസ്ഥയാണിത്. നാലുവര്‍ഷത്തിനുശേഷം 2017-ല്‍ സെലീനയ്ക്ക് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി. 2018-ല്‍ ബൈപോളാര്‍ ഡിസോര്‍ഡറും സ്ഥിരീകരിച്ചു. ഇതിനെല്ലാം മരുന്നു കഴിക്കുന്ന സെലീനയ്ക്ക് കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ സാധിക്കില്ല. അടുത്തിടെയാണ് ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഗര്‍ഭം ധരിക്കാനാവില്ലെന്ന് 32-കാരിയായ സെലീന വെളിപ്പെടുത്തിയത്. ഗര്‍ഭം ധരിച്ചാല്‍ തന്റെയും കുഞ്ഞിന്റെയും ജീവന്‍ അപകടത്തിലാവുമെന്നും ജീവിതത്തിലെ വേദന അതാണെന്നും താരം പറഞ്ഞു.
വാടകഗര്‍ഭപാത്രത്തിലൂടെ കുഞ്ഞിന് ജന്മം നല്‍കുകയോ ദത്തെടുക്കലോ ആണ് തനിക്കു മുമ്പിലുള്ള വഴിയെന്നും അന്ന് സെലീന പറഞ്ഞു. അമ്മയാവാനുള്ള തന്റെ ആഗ്രഹത്തെപ്പറ്റിയും ആ യാത്രയിലൂടെ കടന്നുപോകുന്നതിന്റെ ആനന്ദത്തെപ്പറ്റിയുമുള്ള തന്റെ സ്വപ്‌നങ്ങളും അവര്‍ പങ്കുവെച്ചിരുന്നു.
Content Highlights: selena gomez-benny blanco engaged
Published: 12 Dec 2024, 11:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented