സ്വാതന്ത്ര്യസമര നായിക, കവി, സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യ വനിതാ ഗവര്‍ണര്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ആദ്യ വനിത പ്രസിഡന്റ്, മഹാത്മാഗാന്ധിയുടെ വിശ്വസ്ത അനുയായി... സരോജിനി നായിഡു എന്ന ഇന്ത്യയുടെ വാനമ്പാടിക്ക് വിശേഷണങ്ങള്‍  ഏറെയുണ്ട്. സ്ത്രീകള്‍ക്ക് പരിമിതമായ അധികാരങ്ങളും അവകാശങ്ങളും മാത്രമുണ്ടായിരുന്ന ഒരു കാലത്ത് സരോജിനി നായിഡു  നേതാവായി വളര്‍ന്നതില്‍ കുടുംബത്തിന് വലിയ പങ്കുണ്ട്. 

ഹൈദരാബാദില്‍ സ്ഥിരതാമസമാക്കിയ ഒരു ബംഗാളി കുടുംബത്തിലാണ് സരോജിനിയുടെ ജനനം. അമ്മ വരദ സുന്ദരി കവിയായിരുന്നു. രാജ്യത്തെ തളര്‍ത്തുന്ന അടിമത്തത്തിന്റെ കറുത്ത തിരകളെക്കുറിച്ച് അവര്‍ നിരന്തരം കവിതകളെഴുതി. നൃത്തത്തിലും വരദ സുന്ദരി പ്രതിഭ തെളിയിച്ചിരുന്നു. അച്ഛന്‍ അഘോരേനാഥ് ചത്തോപാധ്യായ്‌ നൈസാം കോളേജിന്റെ പ്രിന്‍സിപ്പാളായിരുന്നു. എഡിന്‍ബറോ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ പണ്ഡിതന്‍. സമൂഹത്തെ മലീമസമാക്കുന്ന വ്യവസ്ഥിതികള്‍ക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച പരിഷ്‌കര്‍ത്താവായിരുന്നു അഘോരേനാഥ്. ആ വിപ്ലവവീര്യവും അമ്മയുടെ കലാനൈപുണിയും സരോജിനിക്ക് അതേപടി പകര്‍ന്നുകിട്ടി.

എട്ട് സഹോദരങ്ങളില്‍ ഏറ്റവും മൂത്തയാളായിരുന്നു സരോജിനി. സഹോദരന്‍ വിരേന്ദ്രനാഥിന്റെ പേരെഴുതപ്പെട്ടത് സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രത്തിലാണ്. മറ്റൊരു സഹോദരനായ ഹരീന്ദ്രനാഥ് സ്വജീവിതം സമര്‍പ്പിച്ചത് കലയുടെ കൈകളിലാണ്. അദ്ദേഹം കവിതകളും നാടകങ്ങളുമെഴുതി. അനവധി നാടകത്തട്ടുകളില്‍ അഭിനേതാവായും തിളങ്ങി.

മദ്രാസിലെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി സരോജിനി ലണ്ടനിലേക്ക് ഉപരിപഠനത്തിന് പോയിരുന്നു. അവിടുത്തെ സ്ത്രീവിമോചന സമരങ്ങളില്‍ സരോജിനി മുന്നിരയിലുണ്ടായിരുന്നു. സ്ത്രീകള്‍ക്ക് വോട്ടവകാശം നേടിയെടുക്കാനായി തെരുവുകളില്‍ നടന്ന ജനകീയ പ്രക്ഷോഭങ്ങളില്‍ അവര്‍ പങ്കാളിയായി. ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയ വര്‍ഷം തന്നെയായിരുന്നു സരോജിനിയുടെ വിവാഹം. അന്നവര്‍ക്ക് ഇരുപത്തിയേഴ് വയസ്സ്. അക്കാലത്തെ സ്ത്രീകളുടെ ശരാശരി വിവാഹപ്രായം പരിഗണിച്ചാല്‍ സരോജിനിയുടെ വിവാഹം നടന്നത്  വളരെ വൈകിയാണ.്  

placeholder
സരോജിനി നായിഡുവിന്റെ മകൾ പദ്മജ 

1898-ലാണ് സരോജിനി വിവാഹിതയായത്. വരന്‍ ഡോക്ടര്‍ ഗോവിന്ദരാജുലു നായിഡു. ഇരുവരും ലണ്ടനില്‍ വെച്ച് പരിചയപ്പെടുകയും അടുക്കുകയും ചെയ്തവരാണ്. ഈ വിവാഹം വലിയ വിപ്ലവമായിരുന്നു. ബ്രാഹ്‌മണകുടുംബാംഗമായ സരോജിനി ജാതിയില്‍ താഴെയുള്ള ഒരാളെ വിവാഹം കഴിക്കുന്നതിനെ കുറേപ്പേര്‍ വിമര്‍ശിച്ചു. പക്ഷേ കുടുംബത്തിന്റെ അനുഗ്രഹത്തോടെയാണ് ചടങ്ങ് നടന്നത്.

അഞ്ച് മക്കളായിരുന്നു സരോജിനിക്കും നായിഡുവിനും. രാജ്യത്തിന് വേണ്ടി അക്ഷീണം പോരാടുന്നതിനിടയിലും മക്കള്‍ക്ക് സമയം നല്‍കുന്ന കാര്യത്തില്‍ സരോജിനി വിട്ടുവീഴ്ച ചെയ്തില്ല. തിരക്കുള്ള ഡോക്ടര്‍ ഉദ്യോഗത്തിനിടെ നായിഡുവും കുടുംബത്തിന് സമയം നല്‍കി. സരോജിനിയുടെ മകള്‍ പദ്മജ ക്വിറ്റ് ഇന്ത്യ സമരത്തില്‍ അമ്മയ്ക്കൊപ്പമുണ്ടായിരുന്നു.