''അവള്‍ ഒറ്റക്കല്ല ഇറങ്ങിവരുന്നത്. ഇതഃപര്യന്തം ഇന്ത്യയുടെ വന്‍പദ്ധതികളുടെ നടത്തിപ്പിനുവേണ്ടി സ്വന്തം മണ്ണില്‍ നിന്ന് പിഴുതെറിയപ്പെട്ട, നിലാരംബരായ 60-65 മില്യണ്‍ ജനങ്ങളുടെ ഒരു മഹാപ്രവാഹമായിരുന്നു അത്. മുങ്ങിപ്പോയ അനന്തവിസ്തൃതമായ കാടുകളേയും ഗ്രാമങ്ങളേയും വയലുകളേയും വഹിച്ചുകൊണ്ടുള്ള ഒരു ഗംഭീര വരവായിരുന്നു അത്.''

To advertise here,

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ബുധിനിയെ കണ്ടെത്തല്‍ എന്ന ലേഖനത്തില്‍ ബുധിനി മെജാനെ ആദ്യമായി നേരില്‍ കണ്ടതിനെ സാറാ ജോസഫ് അവതരിപ്പിച്ചിരിക്കുന്നത് ഇങ്ങനെയാണ്. 1959-ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിനൊപ്പം ദാമോദര്‍വാലിയിലെ ഡി.വി.സി (ദാമോദര്‍വാലി കോര്‍പ്പറേഷന്‍) വികസനപദ്ധതിയുടെ ഭാഗമായി പാഞ്ചേത്ത് ഡാം ഉദ്ഘാടനം ചെയ്തത് സാന്താള്‍ ഗോത്രവര്‍ഗത്തില്‍പ്പെട്ട 15 കാരിയായ ബുധിനിയായിരുന്നു. ആ ചടങ്ങില്‍ നെഹ്‌റുവിന്റെ കഴുത്തില്‍ മാല അണിയിച്ചതിനാല്‍ ഗോത്രാചാരം ലംഘിച്ചെന്നാരോപിച്ച് രായ്ക്കുരാമാനം അവര്‍ നാടു കടത്തപ്പെടുകയായിരുന്നു. സദ് ഉദ്ദേശത്തോടെ ചെയ്ത പ്രവര്‍ത്തിയില്‍ നെഹ്‌റു അറിഞ്ഞിരുന്നില്ലെങ്കിലും 'ട്രൈബല്‍ വൈഫ് ഓഫ് നെഹ്‌റു' എന്ന അപകീര്‍ത്തിയും പരിഹാസവും തുലച്ചത് ബുധിനിയുടെ ജീവിതത്തെത്തന്നെയായിരുന്നു. വികസനത്താല്‍ അഭയാര്‍ത്ഥികളാക്കപ്പെടുന്ന, ഇരകളാകുന്ന, ജീവിതം തകര്‍ക്കപ്പെടുന്ന പാര്‍ശ്വവല്‍കൃത സമൂഹത്തിന്റെ പ്രതീകമായിരുന്നു ബുധിനി. അന്നത്തെ വാര്‍ത്തകളില്‍ മാത്രം കണ്ട് മറക്കപ്പെട്ട ബുധിനിയും അവരുടെ ജീവിതവും എങ്ങനെയായിരുന്നുവെന്ന് ആവിഷ്‌കരിച്ചത് സാറാ ജോസഫാണ്. ഒരിക്കല്‍ മരിച്ചെന്നു വിശ്വസിച്ച് പിന്നീടു നേരില്‍ കണ്ട ബുധിനിയുടെ വേര്‍പാടില്‍ തന്റെ കഥാപാത്രത്തേയും താന്‍ കണ്ട ഏറ്റവും ശക്തയായ ആദിവാസി സ്ത്രീയേയും ഓര്‍ക്കുകയാണ് സാറാ ജോസഫ്.

''നമ്മുടെ രാജ്യത്തിന്റെ വികസനചരിത്രവുമായി വളരെ ബന്ധപ്പെട്ടുകിടക്കുന്ന, എന്നാല്‍ വികസനത്തിന്റെ പേരില്‍ പുറത്താക്കപ്പെട്ട പാര്‍ശ്വവല്‍കൃത സമൂഹത്തെ പ്രതിനിധീകരിക്കുന്ന സ്ത്രീയാണ് ബുധിനി. രാഷ്ട്രനിര്‍മ്മാണത്തിനിടക്ക് പൊട്ടിപ്പോയ ഒരു മണ്‍ക്കട്ടയല്ല. ബുധിനി ഒരടയാളമാണ്. പെട്ടന്നു മായ്ച്ചുകളയാനാവാത്ത അടയാളം. രാഷ്ട്ര ചരിത്രത്തിനും വികസനത്തിനുമായി സ്വന്തം മണ്ണില്‍ നിന്നും പിഴുതെറിയപ്പെട്ടവരെ, വേട്ടയാടപ്പെട്ടവരെ, നാട് നഷ്ടമായവരെ ക്കൂടെ അവര്‍ പ്രതിനിധീകരിക്കുന്നു. അങ്ങനെ ഒരു വലിയ രാഷ്ട്രീയ പ്രധാന്യമാണ് എന്റെ ഉള്ളിലെ ബുധിനിക്കുള്ളത്. ബുധിനിയുടെ നഷ്ടം ഒരുപക്ഷേ നിശബ്ദമായ ഒരു കാര്യമായിരിക്കാം. അന്നത്തെ വാര്‍ത്തക്കിപ്പുറം അവര്‍ക്ക് എന്തു സംഭവിച്ചെന്നോ എവിടെയാണെന്നോ ഒന്നും നാം അറിഞ്ഞിട്ടില്ല. കഥയ്ക്കാവശ്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ 2019-ല്‍ ഝാര്‍ഖണ്ഡിലെത്തിയപ്പോഴാണ് 2010-ല്‍ മരണപ്പെട്ടെന്ന് മാധ്യമങ്ങള്‍ പറഞ്ഞ ബുധിനി മെജാനെ നേരില്‍ക്കാണുന്നത്. ജീവിച്ചിരിക്കുന്നതില്‍ ഒരുപാട് സന്തോഷവും എന്നാല്‍ ഇതുവരെ വിശ്വസിച്ചത് സത്യമല്ലെന്നറിയുമ്പോഴുണ്ടാകുന്ന അത്ഭുതവുമായിരുന്നു അപ്പോള്‍. ആഹ്ലാദവും അതേ സമയം ഒരു നടുക്കവും.''

placeholder
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ബുധിനി നോവലിനായി ഭാഗ്യനാഥൻ വരച്ചത്.
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ
ബുധിനി നോവലിനായി
ഭാഗ്യനാഥൻ വരച്ചത്

2012-ല്‍ ഹിന്ദു ദിനപത്രത്തില്‍ വന്ന ചിത്ര പദ്മനാഭന്റെ Recovering Budhini Mejhan from the silted landscapes of modern India എന്ന ലേഖനത്തിലൂടെയാണ് ബുധിനി മരിച്ചെന്ന വാര്‍ത്ത പുറത്തുവരുന്നത്. ഝാര്‍ഖണ്ഡിലെത്തിയപ്പോള്‍ ദാമോദര്‍വാലി കോര്‍പ്പറേഷന്‍ പി.ആര്‍.ഒ ആയിരുന്ന വിജയകുമാറില്‍ നിന്നാണ് ബുധിനി മരിച്ചിട്ടില്ലെന്ന വാര്‍ത്ത സാറാ ജോസഫറിയുന്നത്. ഒരു നോവലെഴുതുന്നുണ്ടെന്നു പറഞ്ഞപ്പോള്‍ മുമ്പുണ്ടായതിനെക്കുറിച്ചൊന്നും പറയാന്‍ അവര്‍ കൂട്ടാക്കിയില്ല. കഴിഞ്ഞതു കഴിഞ്ഞെന്നു മാത്രമായിരുന്നു അവര്‍ക്കു പറയാനുണ്ടായിരുന്നത്. തന്റേതല്ലാത്ത തെറ്റുകളാല്‍ ജീവിതഗതി മാറുകയും വേട്ടയാടപ്പെടുകയും ചെയ്ത്, ആക്രമണങ്ങളിലൊന്നും തളരാതെ, ആരേയും പരാതി പറയുകയോ കുറ്റപ്പെടുത്തുകയോ ചെയ്യാതെ ജീവിച്ചുമരിച്ച ശക്തയായ സ്ത്രീ-ബുധിനി മെജാന്‍.