ജീവിതത്തിൽ ഭയാനകമായ ഒരു തിരിച്ചറിവുണ്ടായ സംഭവത്തെക്കുറിച്ച് പറയുകയാണ് നടൻ സഞ്ജയ് ദത്ത് ഇപ്പോൾ. മയക്കുമരുന്ന് തന്നെ പൂർണമായും കാർന്നെടുത്തുവെന്ന് മനസ്സിലായ നിമിഷത്തെപ്പറ്റിയാണത്. ഒരു ദിവസം രാവിലെ കണ്ണാടിയിൽ നോക്കിയപ്പോഴാണ് വിളറിപ്പോയ മുഖം തിരിച്ചറിയുന്നത്. ക്ഷീണിതനായിരുന്നു, ജീവച്ഛവമായ പോലെ തോന്നി. അപ്പോഴാണ് അത് തന്നെ ശക്തമായി ബാധിച്ചുകഴിഞ്ഞെന്ന് മനസ്സിലായതെന്ന് സഞ്ജയ് പറയുന്നു- "ഞാൻ മരിക്കുന്നത് കാണുകയായിരുന്നു".
വർഷങ്ങളായുള്ള ലഹരി ഉപയോഗത്തിൽ നിന്നും സ്വയം നശിപ്പിക്കുന്നതിൽ നിന്നും തന്നെ ഉണർത്തിയത് ആ സംഭവമാണെന്നും പിതാവിനോട് സഹായം തേടാൻ പിന്നീട് തീരുമാനിക്കുകയായിരുന്നെന്നും സഞ്ജയ് പറഞ്ഞു. പ്രശസ്ത നടനും രാഷ്ട്രീയക്കാരനുമായിരുന്നു സഞ്ജയ് ദത്തിന്റെ പിതാവ് സുനിൽ ദത്ത്.
1980-കളിൽ അമ്മയുടെ മരണത്തിനു പിന്നാലെ, സഞ്ജയ് മോശം അവസ്ഥയിലായിരുന്നു. കാലക്രമേണ, ലഹരി ഉപയോഗം കൂടി- ഹെറോയിൻ, എൽഎസ്ഡി, മറ്റ് ലഹരിമരുന്നുകൾ എന്നിവയുടെ കഠിനമായ ഉപയോഗം ശരീരത്തെയും മാനസികാരോഗ്യത്തെയും സാരമായി ബാധിച്ചു. അമിതമായി ലഹരിയുപയോഗിച്ചശേഷം രണ്ടുദിവസം സഞ്ജയ് മയങ്ങിക്കിടന്നിരുന്നു.
ബോധം വീണ്ടെടുത്തപ്പോൾ, വീട്ടുജോലിക്കാരനാണ് രണ്ടു ദിവസം താൻ ബോധമില്ലാതെ കിടക്കുകയായിരുന്നെന്ന് അറിയിച്ചത്. കണ്ണാടിയിൽ നോക്കിയപ്പോൾ പരിഭ്രാന്തിയും കുറ്റബോധവും ഞെട്ടലുമുണ്ടായി. ഇതായിരിക്കാം അവസാനമെന്ന് തിരിച്ചറിഞ്ഞുവെന്നാണ് സഞ്ജയ് ആ സംഭവത്തെപ്പറ്റി പറഞ്ഞത്.
അന്നദ്ദേഹം അച്ഛന്റെ അടുത്തേക്ക് ചെന്ന് ലഹരി നിർത്താൻ സഹായിക്കണമെന്ന് അപേക്ഷിച്ചു. അദ്ദേഹം ഒപ്പം നിന്നു.
സഞ്ജയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള ഏർപ്പാടുകൾ സുനിൽ ചെയ്തു. പിന്നാലെ അമേരിക്കയിലെ ഒരു പുനരധിവാസ കേന്ദ്രത്തിലേക്കയച്ചു. പഴയ ജീവിതത്തിൽ നിന്ന് അകന്നുനിന്ന ആ രണ്ടു വർഷങ്ങൾ ജീവിതത്തിൽ കാര്യമായ സ്വാധീനമുണ്ടാക്കി. കൗൺസിലർമാരോടൊപ്പം സമയം ചെലവഴിച്ചും തടാകത്തിനരികിൽ നടന്നും വ്യായാമം ചെയ്തും ലളിതമായ സന്തോഷങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് വീണ്ടുമെത്തി. ഈ സാധാരണ ജീവിതമാണ് തനിക്കുവേണ്ടതെന്ന് അദ്ദേഹം തിരിച്ചറിയുക കൂടിയായിരുന്നു അപ്പോൾ.
വ്യായാമം ചെയ്യുന്നത് ലഹരിമരുന്നുകളേക്കാൾ മെച്ചപ്പെട്ട ഒരു ഉത്തേജനം നൽകുന്നുണ്ടെന്ന് തനിക്കു തോന്നിയെന്നും സഞ്ജയ് പറയുന്നു. ശരീരത്തെയും മനസ്സിനെയും പുനർനിർമിക്കാനുള്ള വഴിയായി അത്. പുനരധിവാസകേന്ദ്രത്തിൽ നിന്ന് മടങ്ങിയ ശേഷം താൻ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് സഞ്ജയ് പറയുന്നു. ഇപ്പോൾ 40-ൽ കൂടുതൽ വർഷങ്ങളായി ലഹരിയോടു വിടപറഞ്ഞിട്ട്.
കുറേ വർഷങ്ങളും അവസരങ്ങളും ആത്മാഭിമാനവും നഷ്ടപ്പെട്ടുപോയെങ്കിലും പിന്നീടദ്ദേഹം എല്ലാം തിരിച്ചുപിടിച്ചു. ജീവിതവും കരിയറും പുനർനിർമിച്ചു. അച്ഛന്റെ പിന്തുണ അതിൽ നിർണായകമായിരുന്നുവെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover Sanjay Dutt`s powerful journey from addiction and self-destruction to redemption, inspired by his father Sunil Dutt. A story of hope and resilience.
Published: 04 Dec 2025, 02:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented