
രവീന്ദ്ര ജഡേജയും റിവാബ ജഡേജയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം / PTI
ജീവിതത്തിലെ മറ്റൊരു ഇന്നിങ്‌സിലേക്ക് കടന്നിരിക്കുകയാണ് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ. ഗുജറാത്ത് മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രിയുടെ റോളിൽ ഇനിയവരെ കാണാം. 2027-ലെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പുതുമുഖവും യുവനിരയിൽനിന്നുള്ള നേതാവുമായ റിവാബയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതെന്ന് പറയപ്പെടുന്നു.
രാജ്‌കോട്ടിലെ രാജകീയപാരമ്പര്യമുള്ള രജപുത്രകുടുംബത്തിലാണ് റിവാബയുടെ ജനനം. രാഷ്ട്രീയപരമായി കോൺഗ്രസിനോട് അടുത്തുനിൽക്കുന്നവരായിരുന്നു കുടുംബാംഗങ്ങൾ. മുതിർന്ന കോൺഗ്രസ് നേതാവ് ഹരിസിങ് സോളങ്കി, റിവാബയുടെ അമ്മാവനാണ്. രാജ്‌കോട്ടിലെ ആത്മീയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്റ് സയൻസിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം നേടിയശേഷം ആ മേഖലയിൽ ജോലി ചെയ്യാനായിരുന്നു റിവാബയ്ക്ക് താത്പര്യം. എന്നാൽ പിന്നീട് രാഷ്ട്രീയത്തിലേക്ക് തിരിയുകയായിരുന്നു.
രാജ്‌കോട്ടിലെ കർണിസേനയിലെ അംഗമായി അവർ. 2018-ൽ സഞ്ജയ് ലീലാ ബൻസാലിയുടെ പത്മാവത് സിനിമയ്‌ക്കെതിരെ രജ്പുത് സംഘടനകൾ പ്രതിഷേധിച്ചപ്പോൾ, മുൻനിരയിൽ റിവാബയുമുണ്ടായിരുന്നു. കർണിസേനയിൽ അംഗമായാണ് അവർ പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. അതേ വർഷം കർണിസേനയുടെ വനിതാ വിങ്ങിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
2019-ലാണ് ബിജെപിയിൽ ചേർന്നത്. 2022-ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ജാംനഗർ നോർത്ത് മണ്ഡലത്തിൽ മത്സരിച്ചു. 40,000-ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു.
രവീന്ദ്ര ജഡേജയുടെ ഭാര്യയെന്നതിൽ നിന്ന് മാറി, സ്വന്തമായൊരു വ്യക്തിത്വം ഉണ്ടാക്കിയെടുക്കാനും അവർക്ക് കഴിഞ്ഞു. ജാംനഗറിൽ സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾക്ക് അവർ നേതൃത്വം നൽകി. സ്ത്രീകളെ ശാക്തീകരിക്കുക, സഹായിക്കുക എന്നീ ലക്ഷ്യങ്ങളുമായി ശ്രീ മാതൃശക്തി ചാരിറ്റബിൾ ട്രസ്റ്റ് എന്ന സംഘടന തുടങ്ങി. ഗ്രാമങ്ങൾ സന്ദർശിക്കുകയും സ്ത്രീകളുമായി ആശയവിനിമയം നടത്തുകയും സാനിറ്ററി നാപ്കിനുകൾ വിതരണം നടത്തുകയും ചെയ്യുന്ന വീഡിയോകൾ അവർ സോഷ്യൽമീഡിയയിൽ നിരന്തരം പങ്കുവെക്കാറുണ്ട്. തിരഞ്ഞെടുപ്പ് സത്യവാങ് മൂലം പ്രകാരം 100 കോടിയാണ് ഇവരുടെ ആസ്തി.
2016-ൽ ഒരു പാർട്ടിക്കിടെയാണ് റിവാബയും ജഡേജയും ആദ്യമായി കണ്ടുമുട്ടുന്നത്. ജഡേജയുടെ സഹോദരി നൈനയുടെ അടുത്തസുഹൃത്തായിരുന്നു റിവാബ. ആദ്യനോട്ടത്തിൽ തന്നെ ഇരുവർക്കും ഇഷ്ടപ്പെട്ടു. ആ വർഷം തന്നെ വിവാഹിതരായി, തൊട്ടടുത്തവർഷം അവർക്കൊരു പെൺകുഞ്ഞുണ്ടായി.
മകളുടെ അഞ്ചാം പിറന്നാൾ ആഘോഷം വ്യത്യസ്തമായ രീതിയിലാണ് അവർ ആഘോഷിച്ചത്. അന്ന് ജാംനഗറിലെ പോസ്റ്റ് ഓഫീസിൽ 101 സുകന്യ സമൃദ്ധി അക്കൗണ്ടുകൾ തുറന്നുകൊടുത്തുകൊണ്ടായിരുന്നു അവരുടെ ആഘോഷം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ പെൺകുട്ടികൾക്കായാണ് ഇത് തുടങ്ങിയത്. ഓരോ അക്കൗണ്ടിലുമായി 11,000 രൂപ വീതം നിക്ഷേപിച്ചു. ഇതിന് റിവാബയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിക്കുകയും ചെയ്തു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Rivaba Jadeja, wife of cricketer Ravindra Jadeja, enters Gujarat cabinet as Education Minister. Known for activism and PM Modi`s praise for her welfare initiatives
Published: 18 Oct 2025, 11:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented