ഇന്ത്യന്‍ ക്രിക്കറ്ററായ ഋഷഭ് പന്ത് ഒരു വലിയ വാഹനാപകടത്തില്‍നിന്ന് രക്ഷപ്പെട്ടിട്ട് മാസങ്ങളാവുന്നതേയുള്ളൂ. ക്രിക്കറ്റില്‍നിന്ന് മാറിനിന്ന പന്ത്, തിരിച്ചുവരാനൊരുങ്ങുകയാണ്. ഈ വര്‍ഷത്തെ ട്വന്റി ട്വന്റി ലോകകപ്പിലൂടെയായിരിക്കും മടങ്ങിവരവെന്നാണ് പറയപ്പെടുന്നത്. നടുക്കിയ ആ ദുരന്തത്തിനിപ്പുറം, 13 മാസങ്ങള്‍ക്കുശേഷം ആ അപകടത്തെക്കുറിച്ച് പന്ത് സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ഒരഭിമുഖത്തില്‍ സംസാരിച്ചതങ്ങിനെ. 

''ജീവിതത്തിലാദ്യമായി ഈ ലോകത്ത് എന്റെ ജീവിതം തീര്‍ന്നുവെന്ന് തോന്നിയ നിമിഷമായിരുന്നുവത്. പരിക്കുകളെക്കുറിച്ച് ഞാന്‍ ബോധവാനായിരുന്നു. ആസ്പത്രിയില്‍ എത്തിയപ്പോള്‍ ഞാന്‍ ഡോക്ടറോട് ഒരേയൊരു കാര്യമേ ചോദിച്ചുള്ളൂ, എത്ര സമയമെടുക്കും ഞാന്‍ ഓകെയാവാന്‍. പതിനാറ് അല്ലെങ്കില്‍ പതിനെട്ട് മാസമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി''.   

2022 ഡിസംബര്‍ 30-നായിരുന്നു അപകടം. തന്റെ എസ്.യു.വി.യില്‍ ഡല്‍ഹിയില്‍നിന്ന് സ്വന്തം നാടായ റൂര്‍ക്കിയിലേക്കുള്ള യാത്രയിലായിരുന്നു പന്ത്. നിയന്ത്രണം വിട്ട വണ്ടി നേരെവന്ന് ഡിവൈഡറിലിടിച്ചു, നിമിഷനേരം കൊണ്ട് വണ്ടിക്ക് തീപിടിക്കുകയും ചെയ്തു. അതിരാവിലെ ആയതുകൊണ്ട് ആളുകള്‍ കുറവായിരുന്നു. അതുവഴി വന്ന ഹരിയാണ ട്രാന്‍സ്‌പോര്‍ട്ട് ബസിലെ ഡ്രൈവറും കണ്ടക്ടറും യാത്രക്കാരുമാണ് പന്തിനെ പുറത്തേക്കെടുത്തത്. മൂന്നോ നാലോ തവണ കാര്‍ തലകീഴായി മറിഞ്ഞശേഷമാണ് കാറിന് തീപിടിച്ചതെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. 

placeholder
അപകടസ്ഥലത്തുനിന്നുള്ള കാറിന്റെ ചിത്രം / PTI

രക്ഷിച്ച ബസ് ഡ്രൈവര്‍ സുഷീല്‍ മന്‍ ആണ് അപകടം നേരില്‍ കണ്ടൊരാള്‍. 'ഏകദേശം മുന്നൂറ് മീറ്റര്‍ ദൂരത്തില്‍ വളരെ വേഗത്തിലെന്തോ വെളിച്ചം അങ്ങോട്ടുമിങ്ങോട്ടും പോവുന്നതാണ് ആദ്യം കണ്ടത്. പക്ഷേ കാറാണെന്ന് ആദ്യം മനസ്സിലായിരുന്നില്ല. അപ്പോഴേ തൊട്ടടുത്ത സീറ്റിലുണ്ടായിരുന്ന കണ്ടക്ടറോട് ഞാന്‍ കാര്യം പറഞ്ഞു. കുറച്ചുകൂടി അടുത്തെത്തിയപ്പോഴാണ് കാര്‍ ഡിവൈഡറില്‍ ഇടിച്ചുനില്‍ക്കുന്നത് കണ്ടത്. അപ്പോഴേക്കും ബസിന് തൊട്ടടുത്തായിരുന്നു കാര്‍. പെട്ടെന്ന് തന്നെ ഞങ്ങള്‍ അങ്ങോട്ട് ഓടിച്ചെന്നു. അതിലുള്ളയാളുടെ ശരീരം പകുതിയും പുറത്തായിരുന്നു. ഞങ്ങളയാളെ വേഗം വലിച്ചെടുത്തു. അതിനുള്ളില്‍ തന്നെ കാറിന് തീപിടിക്കുകയും ചെയ്തിരുന്നു. അപ്പോള്‍ പുറത്തെടുക്കാന്‍ കഴിഞ്ഞില്ലായിരുന്നുവെങ്കില്‍, മരണം ഉറപ്പായിരുന്നു'', സുഷീല്‍ വിശദീകരിച്ചു. 

പുറത്തെടുക്കുമ്പോള്‍ പന്തിന് ബോധമുണ്ടായിരുന്നു. അദ്ദേഹം തന്നെയാണ് പേരും മറ്റ് വിവരങ്ങളും രക്ഷാപ്രവര്‍ത്തകര്‍ക്ക് കൈമാറിയത്. എങ്കിലും തലയ്ക്കും കാലിനും മുഖത്തും ശരീരത്തിന്റെ പിന്‍ഭാഗത്തുമെല്ലാം ഗുരുതരമായ പരിക്കുകളായിരുന്നു. മുഖത്തെ പരിക്കുകള്‍ ഗുരുതരമായതിനാല്‍, പ്ലാസ്റ്റിക് സര്‍ജറിയിലൂടെയാണ് അതെല്ലാം നേരെയാക്കിയത്.