2002-ൽ സിനിമയിലെത്തിയതാണ് റിമി സെൻ. പിന്നീട് സിനിമയുപേക്ഷിച്ച് അപ്രത്യക്ഷയാവുകയും ചെയ്തു. ഇപ്പോൾ താരത്തിന്റെ പുതിയ ലുക്കാണ് ചർച്ചയാവുന്നത്.
'ബോട്ടോക്‌സും ഫില്ലേഴ്‌സും അമിതമായി ഉപയോഗിച്ചതുകൊണ്ടും ഫേസ് ലിഫ്റ്റ് ചെയ്തതുകൊണ്ടും അവരെ തീരെ മനസ്സിലാവുന്നില്ല, നിങ്ങളുടെ മുഖം നശിപ്പിച്ചു, മുഖത്തിന്റെ ആകൃതി മാറി...' എന്നിങ്ങനെ കമന്റുകൾ നിറയുന്നു. അത്രയും വലിയ ട്രാൻസ്‌ഫോർമേഷനാണ് താരത്തിന്റെ മുഖത്ത് വന്നിട്ടുള്ളതെന്നും അവർ പറയുന്നു. എന്നാൽ, താൻ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടില്ല, ബോട്ടോക്‌സും ഫില്ലേഴ്‌സും മാത്രമാണ് ചെയ്തതെന്നും റിമി പറയുന്നു.
50 വയസ്സ് കഴിഞ്ഞാൽ താൻ ഫേസ് ലിഫ്റ്റ് ചെയ്യുമെന്നും താരം വെളിപ്പെടുത്തുന്നു. ''ഫേസ് ലിഫ്റ്റിൽ മിടുക്കരായ നിരവധി ഡോക്ടർമാരുണ്ട് വിദേശത്ത്. എനിക്കും അത് ചെയ്യാനാഗ്രഹമുണ്ട്. 50-നുശേഷം ഞാനതിനെക്കുറിച്ച് ചിന്തിക്കും''.
'നീ തൊടു കാവാലി' എന്ന സിനിമയിലൂടെ 2002-ലയാണ് റിമി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. അതുകഴിഞ്ഞ് പ്രിയദർശൻ സംവിധാനം ചെയ്ത 'ഗോൽമാലി'ലൂടെയാണ് ജനപ്രിയതാരമാകുന്നത്.
ഗോൽമാൽ: ഫൺ അൺലിമിറ്റഡ്, ഫിർ ഹേരാ ഫേരി, ദീവാനാ ഹുയേ പാഗൽ, ഗരംമസാല, ഹംഗാമ, ബഗ്ബാൻ...റിമി അഭിനയിച്ച സിനിമകളുടെ ലിസ്റ്റ് നീളും. അധികവും കോമഡി സിനിമകളാണ്. സൽമാൻ ഖാൻ, ആമിർ ഖാൻ, ഷാഹിദ് കപൂർ, അക്ഷയ് കുമാർ, അക്ഷയ് ഖന്ന, അഭിഷേക് ബച്ചൻ എന്നിവർക്കൊപ്പവും താരം പ്രത്യക്ഷപ്പെട്ടു. അഭിനയിച്ച സിനിമകളിലേറെയും ഹിറ്റായെങ്കിലും, റിമിയുടെ കരിയറിൽ ഈ വിജയങ്ങൾ പ്രത്യേകിച്ച് മാറ്റമൊന്നും വരുത്തിയില്ലെന്ന് മാത്രം.
''എനിക്ക് പബ്ലിക് റിലേഷൻസ് ചെയ്യാൻ താത്പര്യമില്ലായിരുന്നു. ഞാൻ തന്നെയാണ് എന്റെ കരിയർ നശിപ്പിച്ചതെന്നുപറയാം. നിങ്ങളുടെ കഴിവുകൾ എങ്ങനെ വിൽക്കണമെന്ന് അറിയില്ലെങ്കിൽ, ഏത് മേഖലയിലായാലും നിങ്ങൾക്ക് ജീവിതത്തിൽ ഒന്നും നേടാൻ കഴിയില്ല. സൽമാൻ ഖാനുമായി നല്ല സൗഹൃദമുണ്ടായിരുന്നു എനിക്ക്. അദ്ദേഹത്തിനൊപ്പം 'ക്യോം കി' എന്ന സിനിമയിൽ അഭിനയിച്ചിട്ടുമുണ്ട്. അദ്ദേഹം ഒരു മാന്യനായ വ്യക്തിയാണ്. സൽമാന്റെ പെരുമാറ്റവും അങ്ങനെ തന്നെ. എനിക്ക് വേണമെങ്കിൽ ജോലിക്കായി സൽമാനെ സമീപിക്കാമായിരുന്നു. പക്ഷേ ഞാനൊരിക്കലും സഹായത്തിനായി അദ്ദേഹത്തിനടുത്തേക്ക് പോയിട്ടില്ല. അങ്ങനെ ആർക്കും ഭാരമാകാൻ ഞാനാഗ്രഹിച്ചിരുന്നില്ല'', റിമി പറയുന്നു.
പെട്ടെന്നൊരു നാൾ അവർ സിനിമയിൽനിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. അതിനെക്കുറിച്ച് താരം പറയുന്നതിങ്ങനെ, ''അപ്പോഴേക്കും കോമഡി സിനിമകളും റോളുകളും ചെയ്ത് എനിക്ക് മടുത്തിരുന്നു. അത്തരം സിനിമകളിൽ എനിക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലായിരുന്നു. മിക്ക സിനിമകളിലും ഒരു ഫർണീച്ചർ പോലെയായിരുന്നു എന്റെ അവസ്ഥ. അന്ന് അധികവും പുരുഷകേന്ദ്രീകൃതസിനിമകളായിരുന്നു ഉണ്ടായിരുന്നത്''. ഇപ്പോൾ ദുബായിൽ റിയൽ എസ്‌റ്റേറ്റ് ഏജന്റാണവർ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Explore Rimi Sen`s dramatic transformation and new career as a real estate agent after leaving Bollywood. Discover her insights on plastic surgery and career choices
Published: 21 Jan 2026, 10:50 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented