1940-കളുടെ അവസാനം. അന്ന് വിദ്യാഭ്യാസം എന്നത് പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം ഒരു വിദൂരസ്വപ്‌നമാണ്, പ്രത്യേകിച്ച് മുസ്ലീം സമുദായത്തില്‍നിന്നുള്ള പെണ്‍കുട്ടി. അങ്ങനെയുള്ളപ്പോഴാണ് തന്റെ മൂത്തമകളെ ഉന്നതവിദ്യാഭ്യാസത്തിനായി തിരുവനന്തപുരത്തയക്കാന്‍ പത്തനംതിട്ട അണ്ണാവീട്ടില്‍ മീര്‍ സാഹിബ് തീരുമാനിക്കുന്നത്. പെണ്‍കുട്ടികളും നന്നായി പഠിച്ച്, സ്വന്തം കാലില്‍ നില്‍ക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. സുപ്രീം കോടതിയിലെ ആദ്യ വനിതാ ജസ്റ്റിസായി മകള്‍ ഫാത്തിമ ബീവി, പിതാവിന്റെ ആഗ്രഹങ്ങളെ സാധൂകരിക്കുകയും ചെയ്തു.
മീര്‍ സാഹിബിന്റെയും ഖദീജ ബീവിയുടെയും എട്ടുമക്കളില്‍ മൂത്തയാളായിരുന്നു ഫാത്തിമ. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ എല്ലാ മക്കളെയും നന്നായി പഠിക്കാന്‍ പിതാവ് പ്രോത്സാഹിപ്പിച്ചു. എം.എസ്.സിക്ക് ചേരാന്‍ നിന്ന ഫാത്തിമയെ, നിയമത്തിലേക്ക് തിരിച്ചുവിട്ടതും പിതാവ് തന്നെ. അന്നത്തെ കാലത്ത് കുടുംബത്തെ വിട്ട് മറ്റൊരു നഗരത്തിലേക്ക് പഠിക്കാന്‍ പോവുകയെന്നത് ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം ധീരമായ തീരുമാനമായിരുന്നു. അതിനും വീട്ടുകാര്‍ കൂടെനിന്നു.
അങ്ങനെ തിരുവനന്തപുരത്തേക്ക് വണ്ടികയറി, ലോ കോളേജില്‍ അഡ്മിഷനും ശരിയായി. അഞ്ച് പെണ്‍കുട്ടികള്‍ കൂടി തന്റെ ബാച്ചിലുണ്ടായിരുന്നുവെന്ന് പിന്നീട് ഫാത്തിമ ബീവി ഓര്‍ത്തെടുത്തു. അവരില്‍ മൂന്നുപേര്‍ അടുത്തവര്‍ഷങ്ങളില്‍ പഠനം പാതിവഴിയില്‍ നിര്‍ത്തുകയും ചെയ്തു. തിരുവനന്തപുരത്തെ ഒരു വക്കീലിന്റെ കീഴിലായിരുന്നു അവരുടെ പ്രാക്ടീസ്.
അതിനുശേഷം 1950-ലാണ് അവര്‍ തന്റെ ഔദ്യോഗികജീവിതം തുടങ്ങുന്നത്. പുരുഷന്‍മാര്‍ അടക്കിവാണിരുന്ന, സ്ത്രീകള്‍ തീരെയില്ലാതിരുന്ന മേഖലയിലേക്കാണ് ഫാത്തിമ ബീവി എത്തുന്നത്. പലരെയും ഞെട്ടിച്ചു അത്. 1958-ല്‍ കൊല്ലം മുന്‍സിഫായി, അവിടുന്ന് പതുക്കെ ഓരോ പടികളായി ചവിട്ടിക്കയറി, സുപ്രീം കോടതി വരെയെത്തി. വിരമിച്ചശേഷം തമിഴ്‌നാട് ഗവര്‍ണറായി നിയോഗിക്കപ്പെട്ടു.

തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക്
തമിഴ്‌നാട് രാഷ്ട്രീയം കലങ്ങിമറിഞ്ഞൊരു ഘട്ടത്തിലാണ് ഫാത്തിമ ബീവി ഗവര്‍ണറായി നിയമിക്കപ്പെടുന്നത്. തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയ പാര്‍ട്ടിയുടെ നേതാവ് എന്ന നിലയ്ക്ക് മന്ത്രിസഭ രൂപീകരിക്കാന്‍ അവര്‍, ജയലളിതയെ ക്ഷണിച്ചു. ജയലളിത മുഖ്യമന്ത്രിയാവുകയും ചെയ്തു.
അഴിമതിക്കേസില്‍ ജയലളിതയ്‌ക്കെതിരെ ശിക്ഷ വിധിക്കുകയും ആറുവര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് അയോഗ്യത കല്‍പ്പിക്കുകയും ചെയ്ത സമയത്താണ് അവര്‍ മുഖ്യമന്ത്രിയാവുന്നത്. ഇത് എതിര്‍പക്ഷത്തെയും കേന്ദ്രത്തെയും ചൊടിപ്പിച്ചു. സംഭവത്തില്‍ കൃത്യമായ റിപ്പോര്‍ട്ട് നല്‍കിയില്ലെന്ന് പറഞ്ഞ് ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍, കേന്ദ്രം രാഷ്ട്രപതിയോടാവശ്യപ്പെട്ടു. ഇതറിഞ്ഞ ഫാത്തിമ ബീവി രാജിവെക്കുകയും ചെയ്തു. തലകുനിക്കാതെ തന്നെയുള്ള പടിയിറക്കമായിരുന്നു അവരുടേത്.
നിയമവശങ്ങളെക്കുറിച്ച് സുപ്രീം കോടതിയില്‍ ഉള്‍പ്പെടെയുള്ള നിയമജ്ഞരോട് സംസാരിച്ചശേഷമാണ് മന്ത്രിസഭ രൂപീകരിക്കാന്‍ ജയലളിതയെ ക്ഷണിച്ചതെന്ന് പിന്നീട് ഫാത്തിമ ബീവി പറഞ്ഞിട്ടുണ്ട്. എങ്കിലും തന്നെ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് നീക്കാനുള്ള ശ്രമം നടക്കുന്നുവെന്നറിഞ്ഞപ്പോള്‍ തന്നെ രാജിവെക്കുകയായിരുന്നു. പിന്നീട്, ക്രിമിനല്‍ കേസില്‍ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാള്‍ക്ക് മുഖ്യമന്ത്രിയാവാന്‍ അര്‍ഹതയില്ലെന്ന് പറഞ്ഞ് സുപ്രീം കോടതി ജയലളിതയുടെ നിയമനം റദ്ദാക്കി.
ഔദ്യോഗികമായ എല്ലാ ചുമതലകളില്‍നിന്നും വിട്ടുമാറി അവര്‍ പത്തനംതിട്ടയിലേക്ക് തിരിച്ചെത്തി, അവിടെയായിരുന്നു ശേഷിച്ച ജീവിതം. തൊണ്ണൂറ്റിയാറാം വയസ്സില്‍ അവര്‍ വിടപറയുമ്പോഴും, അവരുടെ നേട്ടങ്ങള്‍ ഒരു മാതൃകയായി എന്നും നമ്മുടെ മുന്നിലുണ്ടാവും.
Content Highlights: remembering first woman justice of supreme court, fathima beevi
Published: 23 Nov 2023, 05:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented