രണ്ടുദേശക്കാരായ രണ്ടുപേര്‍. പിന്നണിഗായകനായും അഭിനേതാവായും കൃഷ്ണചന്ദ്രന്‍ തിളങ്ങിയപ്പോള്‍ നായികയായും സ്വഭാവനടിയായും വനിത മാറ്റുതെളിയിച്ചു. ഇരുവരും സിനിമയില്‍ നാല്പതുവര്‍ഷം പിന്നിട്ടുകഴിഞ്ഞു. ആ സുവര്‍ണകാലത്തിലേക്ക് തിരിഞ്ഞുനോക്കുകയാണവര്‍. 

കൃഷ്ണചന്ദ്രന്‍: സിനിമയില്‍ തന്നെയായിരുന്നു ഞങ്ങളുടെ ജീവിതം. ബി.എ ഫസ്റ്റ് ഇയര്‍ പഠിക്കുമ്പോഴായിരുന്നു 'രതിനിര്‍വേദ'ത്തിന്റെ ഷൂട്ടിങ്. രണ്ടാം വര്‍ഷം പഠിക്കുമ്പോള്‍ മൊത്തം എട്ട് സിനിമകളില്‍ അഭിനയിച്ചു. അറിയാതെ കുറേ അബദ്ധങ്ങളും പറ്റി. സെക്‌സ് മൂവി എന്ന കാറ്റഗറിയില്‍ പെടുത്താവുന്ന രണ്ടുമൂന്ന് ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളില്‍ അഭിനയിച്ചു. പല സിനിമകളിലും ബിറ്റുകള്‍ ചേര്‍ത്തുവെച്ച് പ്രദര്‍ശിപ്പിച്ച കാര്യം പിന്നീടാണ് അറിയുന്നത്. ആ സിനിമകളുടെ എഡിറ്ററാണ് ഇക്കാര്യം പറയുന്നത്. ''എടാ, സിനിമയില്‍ കെട്ടിപ്പിടിക്കുന്നതുവരെ നീയായിരുന്നു. ബാക്കിയുള്ളത് വേറെ ആളെ വെച്ച് ഷൂട്ട് ചെയ്തു.'' ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആയതുകൊണ്ട്, ആള് മാറിയത് അറിയാനും പറ്റില്ല. അക്കാലത്ത് അഭിനയിച്ചതില്‍ നല്ലതെന്ന് പറയാന്‍ പറ്റുന്നത് 'കാന്തവലയം', 'ലൗലി' എന്നീ സിനിമകളാണ്. 

അച്ഛനും അമ്മയും പഠിത്തത്തില്‍ ശ്രദ്ധിക്കാന്‍ പറഞ്ഞതുകൊണ്ട് പിന്നീടുവന്ന അവസരങ്ങളെല്ലാം വേണ്ടെന്നുവെച്ചു. ബി.എ. മ്യൂസിക് ഒന്നാം റാങ്കോടെ പാസായി. മദ്രാസ് യൂണിവേഴ്സിറ്റിയില്‍ എം.എ. മ്യൂസിക്കിന് ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കിയില്ല. ആയിടയ്ക്ക് കോഴിക്കോടുവെച്ച് എല്ലാ താരങ്ങളും പങ്കെടുത്ത ഒരു പരിപാടിയുണ്ടായിരുന്നു. ഞാനതില്‍ പാടി. നല്ല കൈയടിയും കിട്ടി. പരിപാടി കഴിഞ്ഞപ്പോള്‍ ശശിയേട്ടനും സീമച്ചേച്ചിയും വന്ന് അഭിനന്ദിച്ചു. എന്നിട്ട് പറഞ്ഞു, ''എടാ, ഞങ്ങളുടെ അടുത്ത പടത്തില്‍ നീയാണ് പാടുന്നത്.'' അങ്ങനെയാണ് 'ഇണ' എന്ന സിനിമയിലേക്ക് വരുന്നത്. 'വെള്ളിച്ചില്ലും വിതറി' ഉള്‍പ്പെടെ മൂന്ന് പാട്ടുകള്‍. അതിനുംമുന്‍പേ 'മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള' എന്ന പടത്തില്‍ ദേവരാജന്‍ മാഷിനുവേണ്ടി പാടിയിരുന്നു. പക്ഷേ,  ആ പാട്ട് ഷൂട്ട് ചെയ്തില്ല. റെക്കോഡിലും ആ പാട്ടില്ല. അതേ സമയത്താണ് ഇളയരാജസാറിന്റെ പാട്ടുകള്‍ പാടാനുള്ള അവസരവും കിട്ടുന്നത്. 

വനിത: 'ചന്ദ്രബിബം' ആയിരുന്നു ആദ്യത്തെ മലയാളസിനിമ. അതിനുശേഷം അവസരങ്ങള്‍ വന്നുകൊണ്ടിരുന്നു. മലയാളം അറിയില്ലായിരുന്നു. ഓഫറുകള്‍ വന്നുതുടങ്ങിയപ്പോള്‍ അച്ഛന്‍ മലയാളം ട്യൂഷനൊക്കെ ഏര്‍പ്പെടുത്തി. എനിക്ക് കോമഡി നന്നായി ചെയ്യാന്‍ പറ്റുമെന്ന് ആദ്യമായി പറഞ്ഞത് കമല്‍ഹാസനാണ്. 'റാണിത്തേനി' എന്ന സിനിമയില്‍ അദ്ദേഹത്തിന്റെ പെങ്ങളായിട്ടാണ് അഭിനയിച്ചത്. എന്റെ കോമഡി ടൈമിങ് കണ്ടിട്ട് അദ്ദേഹം കൂടെ അഭിനയിക്കുന്ന വൈ.ജി. മഹേന്ദ്രനോട് പറഞ്ഞു, ''അവരോട് കോമഡി ട്രാക്ക് എടുക്കാന്‍ പറയണം. അവിടെയിപ്പോള്‍ മനോരമ മാത്രമേയുള്ളൂ''വെന്ന്. പിന്നീട് വൈ.ജി. മഹേന്ദ്രനും ഞാനും കൂടിയുള്ള 25-ഓളം സിനിമകളിറങ്ങി. സൂപ്പര്‍ഹിറ്റ് ജോഡിയായി ഞങ്ങള്‍.
 

(കൂടുതല്‍ വായിക്കാം ഓഗസ്റ്റ് ഒന്നാം ലക്കം ഗൃഹലക്ഷ്മി മാസികയില്‍)

ഓണ്‍ലൈന്‍ വഴിവാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക:https://digital.mathrubhumi.com/3740018/Grihalakshmi/Grihalakshmi-2023-August-1-15#dual/1/1