സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്ത പ്രചരിച്ചപ്പോഴാണ് മലയാളി ടി.എസ് രാജുവിനെ വീണ്ടുമോര്‍ത്തത്. വാര്‍ത്ത കേട്ട് പലരും ഓടിയെത്തിയപ്പോഴാണ് രാജുവും ഈ വാര്‍ത്ത അറിയുന്നത്. 

''വ്യാജവാര്‍ത്ത പരന്നതിനെക്കുറിച്ച് എനിക്കൊരു പിടിയുമില്ല. നടന്‍ അജു വര്‍ഗീസിന്റെ പോസ്റ്റാണ് ഞാന്‍ കണ്ടത്. അയാളെ നേരിട്ട് പരിചയമില്ല. ഇന്‍സ്റ്റഗ്രാമിനെക്കുറിച്ചൊന്നും എനിക്ക് വലിയ ധാരണയില്ല. ആരെങ്കിലും മൂന്നാല് പേര് കണ്ട് അതങ്ങ് മാഞ്ഞോളും എന്നാണ് വിചാരിച്ചത്. പക്ഷേ, വാതില്‍ തുറന്ന് മുറ്റത്തിറങ്ങിയതും ആളുകള്‍ വിളിച്ചുചോദിക്കുന്നു, 'ദേ, മരിച്ചയാളല്ലേ ഈ നടന്നുവരുന്നതെന്ന്'. അന്തംവിട്ടുപോയി. അയല്‍ക്കാരൊക്കെ എന്റെ വീട്ടുവാതുക്കലുണ്ട്. മാധ്യമപ്രവര്‍ത്തകരും ഗേറ്റിന് മുന്നിലെത്തിയിരിക്കുന്നു. ഞാനൊക്കെ ചത്ത് കിടന്നാല്‍ ആരുമറിയില്ലെന്നായിരുന്നു വിചാരം. ഇതോടെ അതങ്ങ് മാറിക്കിട്ടി.'' സിനിമകളിലും സീരിലുകളിലുമൊക്കെ കണ്ടതിനേക്കാള്‍ വലിയ ചിരി ചിരിച്ചു ടി.എസ്. രാജു. ഇത്ര വര്‍ഷത്തെ ജീവിതത്തിനിടയില്‍ അദ്ദേഹത്തെ ഏറ്റവും ചിരിപ്പിച്ച വാര്‍ത്തകളിലൊന്നായിരുന്നു ഇത്.

''ഇങ്ങനെയൊരു വാര്‍ത്ത വന്നതില്‍ വിഷമമുണ്ടായിട്ടുണ്ട്. പക്ഷേ, അതെന്നെ സ്‌നേഹിക്കുന്നവരെ ഓര്‍ത്താണ്. എന്റെ സുഹൃത്തിന്റെ മോള് വിളിച്ചു. പെട്ടെന്ന് വിദേശത്തുള്ള എന്റെ മകള്‍ക്ക് മെസേജ് അയച്ചു. ഇങ്ങനെയൊരു ഫെയ്ക്ക് ന്യൂസ് വന്നിട്ടുണ്ടെന്ന് പറഞ്ഞു. സഹപ്രവര്‍ത്തകര്‍ക്കും മെസേജ് അയച്ചു. എന്നാലും ഫോണ്‍കോളുകളുടെ പ്രവാഹമായിരുന്നു. എന്നെ ശ്രദ്ധിക്കാന്‍ ആരുമില്ല, മരിച്ചാല്‍ പോലും വന്നുനോക്കാന്‍ ആരുമുണ്ടാവില്ലെന്ന് ഞാന്‍ മോളോട് പറയാറുണ്ട്. ഈ വാര്‍ത്ത വന്നപ്പോള്‍ അവളെന്നോട് ചോദിച്ചു. ഇപ്പോ മനസ്സിലായോ, അച്ഛനെ സ്‌നേഹിക്കുന്ന എത്ര ആളുകളുണ്ടെന്ന്.''
 

(കൂടുതല്‍ വായിക്കാം ഓഗസ്റ്റ് ഒന്നാം ലക്കം ഗൃഹലക്ഷ്മി മാസികയില്‍)

ഓണ്‍ലൈന്‍ വഴിവാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: https://digital.mathrubhumi.com/3740018/Grihalakshmi/Grihalakshmi-2023-August-1-15#dual/1/1