സ്‌കൂളിലേക്ക് വാട്ടർബോട്ടിലിൽ ചാരായം കൊണ്ടുവന്ന പത്താംക്ലാസുകാന്റെ വാർത്ത കേരളത്തെ ഞെട്ടിച്ചിട്ട് ഏറെ ദിനങ്ങളൊന്നുമായില്ല. കേരളസർക്കാരിന്റെ ലഹരിമരുന്നുകളുടെ വ്യാപനം തടയുന്നതിനുള്ള പദ്ധതിയായ ഓപ്പറേഷൻ തൂഫാൻ വഴി ഇതുവരെ നിരവധി ലഹരിക്കേസുകൾ കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായവരും ഏറെയുണ്ട്. ജൂൺ രണ്ട് മുതൽ 21 വരെയുള്ള കണക്കനുരിച്ച് 3788 പേരെയാണ് ലഹരിക്കേസിൽ അറസ്റ്റ് ചെയ്തത്. കേരളത്തിൽ രാസലഹരിയുടെ ആവശ്യക്കാർ ഏറെയാണെന്നാണ് അധികൃതരുടെ കണ്ടെത്തൽ. പ്രത്യേകിച്ചും നമ്മുടെ സ്‌കൂൾ- കോളേജ് പരിസരങ്ങൾ ഇത്തരം ലഹരിയിടപാടുകളുടെ കേന്ദ്രങ്ങളാവുന്നു എന്നതും ഞെട്ടിക്കുന്നതാണ്. കൗമാരക്കാരിലെ ലഹരി ഉപയോഗം നല്ല പൗരന്മാരായ വളരേണ്ട നാളത്തെ തലമുറയുടെ തന്നെ നാശത്തിനാണ് കാരണമാകുന്നത്. ഒരു കുട്ടിയുടെ തലച്ചോറിന്റെ വളർച്ച 12 വയസ്സുവരെയാണ്. ആ വളർച്ച പൂർത്തിയാവുന്നത് 24 വയസ്സോടെയാണ്. ലഹരിമരുന്നിന് അടിമകളാവുന്ന യുവാക്കൾ ഈ പ്രായത്തിനിടയിലുള്ളവരാണ്. അവരുടെ വ്യക്തിത്വവും കഴിവുകളുമെല്ലാം അതോടെ ഇല്ലാതെയാവുകയാണ്.

കൊല്ലുന്ന സിന്തറ്റിക്ക് ലഹരി

അമേരിക്കയുടെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ കൊലപാതകങ്ങളെ മാസ് മർഡർ, സീരിയൽ കില്ലിങ്, കില്ലിങ് സ്പ്രീ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. ഒരേദിവസം പലസ്ഥലങ്ങളിൽ മൂന്നിലധികം പേരെ കൊല്ലുന്നതാണ് കില്ലിങ് സ്പ്രീ. വലിയൊരു കാലയളവിൽ ഒരുപാട് പേരെ പലസ്ഥലങ്ങളിലായി കൊല്ലുന്നതിനെ സീരിയൽ കില്ലിങ് എന്നും ഒറ്റദിവസം ഒന്നോ ഒന്നിലധികമോ ആളുകളെ ഒരേ സ്ഥലത്ത് കൊല്ലുന്നതിനെ മാസ് മർഡറെന്നുമാണ് വിളിക്കുന്നത്. കില്ലിങ് സ്പ്രീ പോലുള്ള സംഭവങ്ങൾ വിദേശത്ത് മാത്രമാണെന്ന് കരുതിയിടത്താണ് നമ്മുടെ നാട്ടിലെ പുതുതലമുറ അതിക്രൂരകൊലപാതങ്ങളുടെയും അതിക്രമങ്ങളുടെയും ആസൂത്രകരാവുന്നത്. ഇങ്ങനെയുള്ള കൊലപാതകപരമ്പരകൾക്കുപിന്നിൽ ലഹരിയുടെ ഉപയോഗമുണ്ടെന്നാണ് പോലീസ് നിഗമനം. ലോകത്തിൽ ഇതുവരെ രജിസ്റ്റർ ചെയ്യപ്പെട്ടതിൽ 70 ശതമാനത്തിലേറെ കില്ലിങ് സ്പ്രീ കേസുകളിൽ സിന്തറ്റിക് ലഹരിക്കടിമകളായവരാണ് പ്രതികൾ.

ന്യൂജെൻ ലഹരികളായ മെതാംഫിറ്റമിൻ, എം.ഡി.എം. എ, കൊക്കയ്ൻ എന്നിവ തലച്ചോറിനെ ഉദ്ദീപിപ്പിച്ച് അമിതദേഷ്യവും സംശയരോഗവും അക്രമാസക്തിയും ഉണ്ടാക്കാം. എൽ.എസ്.ഡി.യും മാജിക് മഷ്റൂമും കഞ്ചാവും മായക്കാഴ്ചകളും ഇല്ലാശബ്ദങ്ങളും അനുഭവിപ്പിക്കുകയും ആത്മനിയന്ത്രണം ദുർബലമാക്കുകയും ചെയ്യാം. ഇവയൊക്കെ വിലപിടിച്ചവയാണ് എന്നതും ഉപയോഗം പെട്ടെന്ന് നിർത്തിയാൽ കടുത്ത അസ്വസ്ഥതകൾ ഉളവാക്കുമെന്നതും ഏതുവിധേനയും ഇവയ്ക്ക് വേണ്ട പണം കണ്ടെത്താൻ യുവാക്കളെ പ്രേരിപ്പിക്കും.

ഒരുകാലംവരെ ലഹരിയെന്നാൽ മദ്യവും പുകയിലയുത്പന്നങ്ങളുമായിരുന്നു. ദുഃഖം മറക്കാനായി മദ്യപിക്കുന്നവർ നിത്യജീവിതത്തിൽ ചിരപരിചിതരാണല്ലോ. മദ്യത്തിൽനിന്ന് കഞ്ചാവിലേക്കായിരുന്നു പിന്നീട് യാത്ര. കഞ്ചാവ് കഴിഞ്ഞാൽ കൊക്കെയിൻ, ഹാഷിഷ് ഓയിൽ എന്നിങ്ങനെ ലഹരികളേറെയുണ്ട്. അവയിലേറ്റവും അപകടകാരിയാണ് മെതലീൻ ഡയോക്‌സി മെത്താഫെറ്റാമിൻ എന്ന മെത്ത് അഥവാ എം.ഡി.എം.എ. മറ്റ് ലഹരികൾ കാലങ്ങളോളം ഉപയോഗിച്ച് മനുഷ്യൻ അടിമകളാകുമ്പോൾ ഒറ്റത്തവണ ഉപയോഗിച്ചാൽ പിടിമുറുക്കുന്ന ലഹരിയാണ് മെത്തെന്ന് ഫോറൻസിക് സൈക്കോളജിസ്റ്റ് മെബിൻ വിൽസൺ തോമസ് പറയുന്നു.

രാസലഹരി അഥവാ സിന്തറ്റിക് ഡ്രഗ് രാസപരമായി നിർമിച്ച മയക്കുമരുന്നുകളാണ്. ഇതിൽ കൊക്കെയ്ൻ, ഹെറോയിൻ പോലെയുള്ള പ്രകൃതിദത്ത മയക്കുമരുന്നുകൾക്ക് സമാനമായി പ്രവർത്തിക്കുന്നതും അതിനേക്കാളേറെ ശക്തമായ ഫലങ്ങൾ ഉണ്ടാക്കുന്നതുമായ ചേരുവകൾ അടങ്ങിയിരിക്കും. ലാബുകളിൽ രാസപരമായി നിർമിക്കുന്ന ഈ മരുന്നുകൾ പലപ്പോഴും മിതമായ വിലയ്ക്ക്, ശക്തമായ ഉത്തേജന സ്വഭാവത്തോടെ വിപണിയിൽ പരോക്ഷമായി ലഭിക്കും. യുവതലമുറ എളുപ്പത്തിൽ ഈ കെണിയിൽ വീഴുകയുംചെയ്യും.

എം.ഡി.എം.എ. സിന്തറ്റിക് മയക്കുമരുന്നാണ്. തലച്ചോറിന്റെ സെൻഡ്രൽ നെർവസ് സിസ്റ്റത്തെയാണ് എം.ഡി.എം.എ. നേരിട്ട് ബാധിക്കുക. ഈ ലഹരി ഉപയോഗിച്ചശേഷം മാരകമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് ഒരു കുറ്റബോധവും തോന്നാത്തിന് കാരണം ഇതാണ്. ഇതിന്റെ ഉപയോഗം താത്കാലികമായ സന്തോഷവും ഒടുവിൽ ഗുരുതരമായ മാനസികശാരീരിക പ്രശ്‌നങ്ങളുമുണ്ടാക്കാം.

അമിതമായ സന്തോഷവും സ്‌നേഹവും അടുപ്പവും വ്യഗ്രതയും നർമബോധവുമെല്ലാം ഇതുപയോഗിക്കുന്നവരിൽ കാണാം. എടുത്തുചാട്ടം(Impulsive Behaviour), അമിത ഉത്സാഹം (Hyperactivity) എന്നിവയും എം.ഡി.എം.എ. ഉപയോഗിക്കുന്നവരിൽ സാധാരണമാണ്.

ഡിപ്രഷൻ (Depression), ആത്മവിശ്വാസക്കുറവ് (Low Self esteem), ബുദ്ധിശക്തിയും ഓർമശക്തിയും കുറയുന്നത്, ഹൃദയം, കരൾ എന്നിവയുടെ തകരാറ്... എന്നിങ്ങനെ മാരകമായ അവസ്ഥകളും പിന്നാലെയെത്തും.''

മാതാപിതാക്കളും അധ്യാപകരും ഏറെ കരുതണം

1. മുഖത്തോ വസ്ത്രത്തിലോ മറ്റോ വെളുത്ത പൊടി കാണപ്പെടുക, കുട്ടികളുടെ മുറിയിൽനിന്നോ ബാഗിൽനിന്നോ അസാധാരണതരം കുഴലുകളോ കുത്തിപ്പൊടിക്കാനുള്ള സാമഗ്രികളോ കിട്ടുക, ഇതുവരെയില്ലാത്ത ഭീതികളോ വിചിത്രമായ പെരുമാറ്റമോ ദൃശ്യമാവുക എന്നിവ ലഹരിയുപയോഗത്തിന്റെ സൂചനകളാകാം.

2. പെട്ടെന്ന് പഠനത്തിൽ ശ്രദ്ധകുറയുക, അനാവശ്യമായും അമിതമായും പണം ചെലവഴിക്കുക, പണം ലഭിക്കാനായി വീട്ടിൽ പ്രശ്‌നങ്ങളുണ്ടാക്കുക, മറ്റുള്ളവരോടുള്ള പെരുമാറ്റം മോശമാകുക, ദിനചര്യകളിലെ വ്യത്യാസം, ഉറക്കക്കുറവ്, ഭക്ഷണം കഴിക്കാനുള്ള മടി എന്നിവ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം.

3. കുട്ടികൾ തങ്ങളുടെ സാധാരണ സ്വഭാവത്തിൽ നിന്ന് വ്യത്യസ്തമായി പെട്ടെന്ന് ദേഷ്യപ്പെടുകയും പൊട്ടിത്തെറിക്കുകയും സ്വയമോ മറ്റുള്ളവരെയോ ദേഹോപദ്രവം ചെയ്യാൻ ശ്രമിക്കുകയുമൊക്കെ ചെയ്യുന്നത് പ്രത്യേകം കരുതൽ വേണ്ട കാര്യങ്ങളാണ്.

4. മോഷണം പോലുള്ള ശീലങ്ങൾ തുടങ്ങിയാൽ, കുട്ടിയുടെ കൈകളിലും മറ്റും അസാധാരണമായ പാടുകളോ മുറിവുകളോ ശ്രദ്ധയിൽ പെട്ടാലൊക്കെ കാര്യകാരണങ്ങൾ തിരക്കാൻ മടിക്കരുത്.

5. കുട്ടികളുടെ സുഹൃത്തുക്കൾ ആരൊക്കെയാണ്, സ്‌കൂളിലേക്കോ കോളേജിലേക്കോ പോകുമ്പോൾ അവരവിടെ കൃത്യമായി എത്തുന്നുണ്ടോ, തിരിച്ച് വീട്ടിലേക്ക് എത്തുന്ന സമയം എന്നിവയിലെല്ലാം മാതാപിതാക്കളുടെയും ശ്രദ്ധയുണ്ടാവണം.

6. ഓൺലൈനിൽ കുട്ടികൾ എന്തൊക്കെ കാണുന്നു എന്നും മാതാപിതാക്കൾ അറിയണം. മാതാപിതാക്കൾ ഡിജിറ്റൽ അറിവുകൾ നേടുകയും വേണം.

7. ലഹരിയുപയോഗിക്കുന്നുവെന്ന് കണ്ടെത്തിയാൽ അവരെ കുറ്റപ്പെടുത്തുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യാതെ വിദഗ്ധസഹായം ലഭ്യമാക്കുക.

തയ്യാറാക്കിയത്: റോസ് മരിയ വിൻസെന്റ്‌
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi