ആര്യൻ ഖാൻ ആദ്യമായി സംവിധാനം ചെയ്ത 'ദ ബാഡ്‌സ് ഓഫ് ബോളിവുഡ്' ചർച്ചയാവുകയാണ്. ഈ ആക്ഷൻ കോമഡി സീരീസ് നെറ്റ്ഫ്‌ളിക്‌സിലാണ് റിലീസ് ചെയ്തത്. സീരീസിലെ താരങ്ങളെക്കുറിച്ചുള്ള ചർച്ചകളും സോഷ്യൽമീഡിയയിൽ സജീവമാണ്. അതിൽ ജരജ് സക്‌സേന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രജത് ബേദിയെ സംബന്ധിച്ചിടത്തോളം ഇത് ബോളിവുഡിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ്.
സിനിമാകുടുംബത്തിൽനിന്നു വന്ന വ്യക്തിയാണ് രജത്. ഫിലിംമേക്കർ നരേന്ദ്ര ബേദിയുടെ മകനും എഴുത്തുകാരനായ രജീന്ദർ സിങ് ബേദിയുടെ കൊച്ചുമകനും. സഹോദരൻ മനേക് ബേദിയും സിനിമാനടൻ തന്നെ. പക്ഷേ രജത് ആദ്യം കൈവെച്ചത് മോഡലിങ്ങിലും. ഗ്ലാഡ്‌റാഗ്‌സ് മാൻഹണ്ടിൽ വിജയിയായി. ഒരു അന്താരാഷ്ട്ര മത്സരത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും റണ്ണർ അപ്പ് ആവുകയും ചെയ്തു.
അതുകഴിഞ്ഞ് സ്വാഭാവികമായും രജത്തും സിനിമയിലെത്തി. തബുവിന്റെ നായകനായി '2001: ദോ ഹസാർ ഏക്' എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം. സിനിമ പരാജയപ്പെട്ടതോടെ, സഹതാരമായി ഒതുക്കപ്പെട്ടു രജത്. കരൺ അർജുൻ, ഇന്റർനാഷണൽ ഖിലാഡി, യേ ദിൽ ആഷിഖാനാ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും, വഴിത്തിരിവായത് രാകേഷ് റോഷൻ സംവിധാനം ചെയ്ത 'കോയി...മിൽ ഗയാ' എന്ന സിനിമയിലെ റോളാണ്.
രജത്തിന്റെ അഭിനയം അന്നേറെ പ്രശംസിക്കപ്പെട്ടു. ഇനി രജത്തിനെ തേടി നല്ല റോളുകളെത്തുമെന്ന് എല്ലാവരും കരുതി. പക്ഷേ പ്രതീക്ഷിച്ചതല്ല നടന്നത്. ''കോയി...മിൽ ഗയാ എന്ന സിനിമയേക്കാൾ മികച്ചൊരു ഹിറ്റ് എനിക്ക് കിട്ടാനില്ല. പക്ഷേ അതിൽനിന്ന് എനിക്കൊന്നും ലഭിച്ചില്ല. അത്യാവശ്യം സ്‌പേസ് ഉള്ള കഥാപാത്രമായിരുന്നു എന്റേത്. പക്ഷേ, പ്രീതി സിന്റയ്‌ക്കൊപ്പമുള്ള സീനുകൾ ഉൾപ്പെടെ പലതും വെട്ടിമാറ്റി. സിനിമ റിലീസായപ്പോൾ പ്രൊമോഷൻ പരിപാടികളിൽനിന്ന് മാറ്റിനിർത്തപ്പെടുകയും ചെയ്തു. അതോടെ ആകെ നിരാശയായി'', സിനിമ റിലീസായപ്പോൾ അദ്ദേഹം പറഞ്ഞു. രാകേഷ് റോഷനാണ് തന്നെ ഒതുക്കാൻ ശ്രമിക്കുന്നതെന്നും അന്ന് രജത് ആരോപിച്ചു.
അതിനുശേഷവും കുറച്ച് സിനിമകൾ ചെയ്‌തെങ്കിലും പ്രത്യേകിച്ച് കാര്യമില്ലെന്ന് അദ്ദേഹത്തിന് തോന്നി. ലഭിക്കുന്ന പ്രതിഫലവും വളരെ കുറവ്. അങ്ങനെ സിനിമയിൽനിന്ന് മാറിനിൽക്കാൻ തീരുമാനിച്ചു. പുറകെ കാനഡയിലേക്ക് പോയി, ഒരു ബിസിനസും തുടങ്ങി. അപ്പോഴും സിനിമ തന്നെയായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ. 'പക്ഷേ എന്റെ സിനിമാകരിയറിൽ ഞാനൊട്ടും സന്തുഷ്ടനായിരുന്നില്ല'', അദ്ദേഹം പലപ്പോഴും പറഞ്ഞു. അതേ സമയത്തുതന്നെയാണ് ചില പഞ്ചാബി സിനിമകൾ നിർമിച്ചുതുടങ്ങിയതും. വർഷങ്ങൾക്കുശേഷം അദ്ദേഹം നാട്ടിലേക്ക് തിരിച്ചെത്തി. ചില തെലുഗുസിനിമകളിൽ അഭിനയിക്കുകയും ചെയ്തു.
'ബാഡ്‌സ് ഓഫ് ബോളിവുഡ്' ട്രെയിലർ റിലീസിനുമുമ്പായുള്ള ഒരഭിമുഖത്തിൽ അദ്ദേഹം സിനിമയിൽനിന്ന് മാറിനിന്നതിനെപ്പറ്റി പറഞ്ഞതിങ്ങനെ, ''ഹിന്ദിസിനിമ എനിക്ക് നിരാശ മാത്രമേ നൽകിയുള്ളൂ. 'കോയി... മിൽ ഗയ'യിലെ റോൾ വെട്ടിമാറ്റിയത് തന്നെയാണ് സിനിമയിൽനിന്ന് അകലാനുള്ള പ്രധാനകാരണം. പ്രീതി സിന്റയും ഞാനുമുള്ള സീനുകളുണ്ടായിരുന്നു സിനിമയിൽ. ഹൃത്വിക് റോഷനും പ്രീതി സിന്റയുമുള്ള റോളുകൾ. അതിൽ ഞാനുള്ള സീനുകൾ മാത്രം വെട്ടിമാറ്റി''. എന്തായാലും വർഷങ്ങൾക്കുശേഷമുള്ള രജത്തിന്റെ തിരിച്ചുവരവിനെ ആരാധകർ വിശേഷിപ്പിക്കുന്നത് ഒറ്റവാചകത്തിലാണ്, 'ദ ഒ.ജി വില്ലൻ ഈസ് ബാക്ക്'.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Rajat Bedi returns to acting after years with Aryan Khan`s series Bads of Bollywood. He opens up about his Koi... Mil Gaya experience and exit from the industry
Published: 18 Sept 2025, 04:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented