ഷാരൂഖ് ഖാന്റെ മൂത്തമകനായ ആര്യൻ ഖാൻ എന്നും ക്യാമറയ്ക്ക് പിന്നിൽ നിൽക്കാൻ താത്പര്യപ്പെട്ടിരുന്ന വ്യക്തിയാണ്. 24 വർഷങ്ങൾക്കുമുമ്പ് 'കഭി ഖുഷി കഭി ഗം' എന്ന സിനിമയിലൊരു സീനിൽ അച്ഛന്റെ ബാല്യകാലം അവതരിപ്പിച്ചിരുന്നു ആര്യൻ. അതിനുശേഷം അച്ഛൻ ബോളിവുഡിലെ സൂപ്പർതാരമായപ്പോഴും സിനിമയിൽനിന്ന് അകന്നുനിൽക്കാനാണ് തീരുമാനിച്ചത്. എന്നാൽ, പല സിനിമകൾക്കുവേണ്ടിയും ഡബ്ബ് ചെയ്തിട്ടുമുണ്ട് ആര്യൻ. ദ ലയൺ കിങ്, ദ ഇൻക്രെഡിബിൾസ് എന്നിവ അവയിൽ ചിലത് മാത്രം.

യൂണിവേഴ്‌സിറ്റി ഓഫ് സതേൺ കാലിഫോർണിയയിൽനിന്ന് ബാച്ചിലർ ഓഫ് ഫൈൻ ആർട്‌സിലാണ് ആര്യൻ ബിരുദം നേടിയത്. അതിനുശേഷമാണ് സംവിധാനരംഗത്തേക്ക് കടക്കുന്നത്. ദ ബാർഡ്‌സ് ഓഫ് ബോളിവുഡ് (The BA**DS of Bollywood) എന്ന ടെലിവിഷൻ സീരീസിലൂടെയാണ് സംവിധായകന്റെ കുപ്പായമണിഞ്ഞത്. തിരക്കഥാരചന നിർവഹിച്ചതും ആര്യൻ തന്നെ.

ബോബി ഡിയോൾ, രാഘവ് ജുയാൽ ഉൾപ്പെടെയുള്ള വൻതാരനിരയാണ് സീരീസിൽ അഭിനയിച്ചിട്ടുള്ളത്. അതിനൊപ്പം അമിതാഭ് ബച്ചൻ, റൺബീർ കപൂർ, ആമിർ ഖാൻ, സെയ്ഫ് അലി ഖാൻ, സൽമാൻ ഖാൻ, ഷാരൂഖ്, ഭാര്യ ഗൗരി, മക്കളായ സുഹാന, അബ്രാം തുടങ്ങിയവർ അതിഥിവേഷങ്ങളിലെത്തുകയും ചെയ്യുന്നു. ഈ മാസം 18-ന് നെറ്റ്ഫ്‌ളിക്‌സിലാണത് റിലീസ് ചെയ്യുന്നത്.

എന്നാൽ, തന്റെ സ്വകാര്യജീവിതത്തിലേക്കെത്തുമ്പോൾ എന്നും ട്രോളർമാരുടെ ഇരയാണ് ആര്യൻ. ക്യാമറയ്ക്കുമുമ്പിലും അല്ലാതെയും ചിരിയില്ലാത്ത മുഖവുമായി പ്രത്യക്ഷപ്പെടുന്നതാണ് ട്രോൾ ചെയ്യപ്പെടാനുള്ള വലിയ കാരണം. ഇപ്പോൾ ആര്യൻ ചിരിക്കാത്തതിന്റെ കാരണം തുറന്നുപറയുകയാണ് രാഘവ് ജുയാൽ. ''ക്യാമറയ്ക്കുമുന്നിൽ ചിരിക്കാൻ ആര്യന് തീരെ താത്പര്യമില്ല. അത്തരത്തിലൊരു ഫോബിയ ഉള്ളയാളാണ് അദ്ദേഹം. അദ്ദേഹം ഒരിക്കലും ക്യാമറയ്ക്കുമുന്നിൽ ചിരിക്കില്ല. എപ്പോഴും ആറ്റിറ്റിയൂഡ് ഇട്ട് നിൽക്കാനാണ് താത്പര്യം. ആര്യന്റെ ആരാധകർക്കും അതാണിഷ്ടം. സംവിധാനം ചെയ്യുമ്പോഴും ഇടയ്ക്കിടെ അദ്ദേഹം ഞങ്ങളോട് മുഖം ചുളിക്കും. പക്ഷേ, അതിനിടയിലും ഒരു കുഞ്ഞിനെ പോലെ ഊർജം നിലനിർത്തുന്നയാളാണ്'', രാഘവ് പറയുന്നു.

''ഞാനൊരു ദിവസം ആര്യനോട് പറഞ്ഞു, എന്നെങ്കിലുമൊരിക്കൽ ഞാൻ നിങ്ങളെ ക്യാമറയ്ക്കുമുന്നിൽ ചിരിപ്പിക്കും'. അതിന് ആര്യന്റെ മറുപടി പെട്ടെന്നായിരുന്നു, 'ബ്രോ, അങ്ങനെ ചെയ്യരുത്'. എപ്പോൾ പരസ്പരം കണ്ടാലും അതും പറഞ്ഞ് പേടിപ്പിക്കും ഞാൻ'', രാഘവ് പറഞ്ഞുനിർത്തുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi