1980-കളിലെ പ്രശസ്ത ബോളിവുഡ് താരമായിരുന്നു രാജ് കിരൺ. ഭാഗ്യ-നിർഭാഗ്യങ്ങളുടെ ഇടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സിനിമയിൽ, റിലീസാവാത്ത മൂന്നു സിനിമകളോടെയായിരുന്നു രാജിന്റെ തുടക്കം. 1975-ലാണ് ആദ്യസിനിമയായ 'കാഗസ് കി നാവോ' പുറത്തിറങ്ങുന്നത്. തുടക്കം ഗംഭീരമായിരുന്നില്ലെങ്കിലും, പിന്നീട് നല്ല റോളുകൾ അദ്ദേഹത്തെ തേടിയെത്തി. ചോക്ലേറ്റ് ബോയ് ലുക്ക് ആയതുകൊണ്ട്, രാജിന് കിട്ടിയതേറെയും റൊമാന്റിക് ഹീറോ വേഷങ്ങളായിരുന്നു . ചുരുക്കം ചില സിനിമകളിൽ വില്ലൻവേഷങ്ങളും ചെയ്തു.
ആദ്യമൊക്കെ റൊമാന്റിക് ഹീറോ വേഷങ്ങളായിരുന്നു. അതിനൊപ്പം വില്ലൻ കഥാപാത്രങ്ങളും ചെയ്തു. അക്കാലത്തെ പ്രശസ്തതാരങ്ങളായ ശബാന ആസ്മിയുടെയും സ്മിതാ പാട്ടീലിന്റെയും നായകനായി. സ്മിതാ പാട്ടീലിനൊപ്പം അഭിനയിച്ച 'ചഠ്പഠി', ഷബാന ആസ്മിക്കൊപ്പമുള്ള 'അർഥ്', റീന റോയുടെ നായകനായി 'ബേസുബാൻ', 'കിസ്സാ കുർസി കാ', 'ശിക്ഷാ', 'കർസ്', 'ബസേര' എന്നിവയാണ് രാജിന്റേതായുള്ള ശ്രദ്ധേയചിത്രങ്ങൾ.
ചില വർഷങ്ങളിൽ 10 മുതൽ 20 സിനിമകളിൽ വരെ അദ്ദേഹം അഭിനയിച്ചു. പക്ഷേ അവയിലേറെയും ശ്രദ്ധിക്കപ്പെട്ടില്ല. രാജിന്റെ പല സിനിമകളും റിലീസാവാതായി. അതോടെ 'അൺലക്കി സ്റ്റാർ' എന്ന പേരുവീണു. 90-കൾ ആയപ്പോഴേക്കും അദ്ദേഹത്തിന്റെ കരിയർ ഇടിയാൻ തുടങ്ങി.
രാജിന്റെ 40-ഓളം ചിത്രങ്ങളാണ് ഇന്നും റിലീസാവാതെ നിൽക്കുന്നത്. ഏറ്റവും അവസാനം അഭിനയിച്ച 'അകേലി' (2014) എന്ന സിനിമയും ഇതുവരെയും തിയേറ്ററിൽ റിലീസായിട്ടില്ല. ഒടുവിൽ നിർമാതാക്കൾ യൂട്യൂബിൽ മാത്രം റിലീസ് ചെയ്യാൻ നിർബന്ധിതരാവുകയായിരുന്നു. പതുക്കെ സിനിമയിൽ അവസരങ്ങൾ കുറയാൻ തുടങ്ങി. ആയിടയ്ക്കാണ് ഒരു ആശ്രമത്തിൽ അതിക്രമിച്ചുകടക്കാനുള്ള ശ്രമത്തിൽ, രാജ് അറസ്റ്റിലാവുന്നത്. ഒരുമാസത്തോളം രാജ് ജയിലിൽ കിടന്നു. ഇത് കുടുംബാംഗങ്ങൾ ആരുമറിഞ്ഞില്ല. ഒരു മാധ്യമത്തിൽ വാർത്ത വന്നപ്പോഴാണ്, ആളുകൾ ഇതിനെക്കുറിച്ച് അറിയുന്നത്. തൊട്ടടുത്തദിവസം തന്നെ അച്ഛൻ വന്ന് ജാമ്യത്തിലിറക്കുകയും ചെയ്തു. പിന്നാലെ, സഹോദരനൊപ്പം അമേരിക്കയിലേക്ക് പോയി. കുറച്ചുനാൾ അവിടെ കഴിഞ്ഞശേഷം വീണ്ടും നാട്ടിലേക്ക്.
പിന്ന രാജിനെ കണ്ടെത്തുന്നത് മുംബൈയിലുള്ള ഒരു ആശ്രമത്തിലായിരുന്നു. 'അർഥി'ന്റെ സംവിധായകൻ കൂടിയായ മഹേഷ് ഭട്ടാണ് അവിടെവെച്ച് രാജിനെ കാണുന്നത്. ''വിഷാദത്തിൽ മുങ്ങിയ പോലെയായിരുന്നു അന്ന് അദ്ദേഹം'', മഹേഷ് ഭട്ട് പിന്നീട് പറഞ്ഞു. അവിടുന്ന് പുറത്തുവന്നപ്പോൾ മഹേഷ് ഭട്ടും മറ്റുചില സംവിധായകരും രാജിന് സിനിമയിൽ അഭിനയിക്കാനുള്ള ചില അവസരങ്ങൾ കൊടുത്തു. അതൊന്നും കാര്യമായി വിജയിച്ചില്ല.
പിന്നാലെ ബോളിവുഡിനെ ഞെട്ടിച്ചുകൊണ്ട് ആ വാർത്തയെത്തി. രാജ് കിരൺ അപ്രത്യക്ഷനായിരിക്കുന്നു. ഒരു തെളിവുപോലും അവശേഷിപ്പിക്കാതെയുള്ള വിടവാങ്ങൽ. എവിടെയാണെന്ന് ആർക്കുമറിയില്ല. അമേരിക്കയിലാണെന്ന് ആരൊക്കെയോ പറഞ്ഞു. രാജ് ജീവനോടെയില്ലെന്നും വാർത്തകൾ പരന്നു. അദ്ദേഹത്തിന്റെ സ്വകാര്യജീവിതം പ്രശ്‌നങ്ങളിലൂടെ കടന്നുപോവുകയാണെന്നും അഭ്യൂഹങ്ങളുണ്ടായി.
രാജിനെ കാണുന്നില്ലെന്ന് അറിഞ്ഞപ്പോൾ പലരും അദ്ദേഹത്തിനായുള്ള അന്വേഷണത്തിലായി. താരങ്ങളായ റിഷി കപൂറും ദീപ്തി നവലും, രാജിനെ കണ്ടെത്താനായി തുനിഞ്ഞിറങ്ങി. ഒരിക്കൽ അമേരിക്കയിൽ ചെന്നപ്പോൾ റിഷി, രാജിന്റെ സഹോദരനായ ഗോവിന്ദിനെ വിളിച്ചു. തന്റെ സഹോദരൻ ജീവനോടെയുണ്ടെന്നും, അറ്റ്‌ലാന്റയിലെ മാനസികാരോഗ്യകേന്ദ്രത്തിലാണെന്നും, ചികിത്സയ്ക്കായി രാജ് തന്നെയാണ് പണംമുടക്കുന്നതെന്നും ഗോവിന്ദ് അറിയിച്ചു. അതിനൊപ്പം രാജിന് ഭാര്യയും മക്കളും ഉൾപ്പെടെയുള്ള കുടുംബവുമായി ഒരു ബന്ധവുമില്ലെന്നും. കടുത്ത വിഷാദരോഗവും മൂഡ് സ്വിങ്ങും ബാധിച്ചപ്പോൾ കുടുംബം രാജിനെ ഉപേക്ഷിച്ചതാണെന്നും ഗോവിന്ദ്, റിഷിയോട് പറഞ്ഞു.
ഏകദേശം അതേ സമയത്താണ് ദീപ്തി നവൽ ഫേസ്ബുക്കിൽ ഒരു പോസ്റ്റിടുന്നത്. 'രാജ് കിരൺ എന്ന സുഹൃത്തിനെക്കുറിച്ച് അറിയുന്നവർ ആരെങ്കിലുമുണ്ടെങ്കിൽ വിവരങ്ങൾ പങ്കുവെക്കണം. അമേരിക്കയിൽ ടാക്‌സി ഓടിക്കുകയാണെന്ന് പറഞ്ഞുകേട്ടിരുന്നു. വേറൊന്നും അറിയില്ല', എന്നാണ് ദീപ്തി പോസ്റ്റിട്ടത്.
ഇതിനുപിന്നാലെ ദീപ്തിക്കും റിഷിക്കും ഒരു ഫോൺകോൾ വന്നു. രാജിന്റെ സഹോദരനെന്നാണ് വിളിച്ചയാൾ പരിചയപ്പെടുത്തിയത്. രാജിനെക്കുറിച്ച് ആരും വ്യാകുലപ്പെടേണ്ടതില്ലെന്നാണ് വിളിച്ചയാൾ പറഞ്ഞത്. എന്നാൽ, ഇക്കാര്യങ്ങളെല്ലാം നുണയാണെന്ന് പറഞ്ഞുകൊണ്ട് രാജിന്റെ മകൾ റിഷിക രംഗത്തെത്തി. ''അച്ഛൻ എവിടെയാണെന്ന് ഇപ്പോഴും ഞങ്ങൾക്കറിയില്ല. അമേരിക്കയിലാണെന്ന് ആരൊക്കെയോ പറഞ്ഞു. അദ്ദേഹത്തെ കണ്ടെത്താനായി ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് ഏജൻസിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്''. അതോടെ എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമായി. പക്ഷേ, ഇന്നും അദ്ദേഹം എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ല.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: disappearance 1980s bollywood star raj kiran. Find out about his career struggles, and the ongoing mystery about him
Published: 22 Jun 2025, 12:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented