പ്രിയങ്ക ചോപ്ര ഇന്നൊരു ഒരു ആഗോളതാരമാണ്. ലോകത്തുടനീളം അവർക്ക് ആരാധകരുണ്ട്. ബോളിവുഡിന്റെ ഉയരങ്ങളിൽ നിന്ന് ഹോളിവുഡിലേക്ക് കടക്കുമ്പോൾ പ്രിയങ്ക ചില പ്രതിസന്ധികളും നേരിട്ടിരുന്നു. അമേരിക്കയിൽ ഒരു ബ്രൗൺ ബോളിവുഡ് താരത്തെ അവതരിപ്പിക്കാൻ ശ്രമിച്ചപ്പോൾ അത് ഭ്രാന്തും വിഡ്ഢിത്തവുമാണെന്ന് പറഞ്ഞ് ആളുകൾ തന്നെയാദ്യം കളിയാക്കിയിരുന്നെന്ന് പറയുകയാണ് അവരുടെ മാനേജർ അഞ്ജുല ആചാര്യ.

To advertise here,

'ദി ഓകെ സ്വീറ്റി ഷോ' എന്ന പരിപാടിയിൽ സംസാരിക്കവേ, അമേരിക്കൻ ത്രില്ലർ സീരീസായ ‘ക്വാണ്ടിക്കോ’യ്ക്ക് മുമ്പുള്ള അനുഭവം അവർ വെളിപ്പെടുത്തി. "പ്രിയങ്കയെ ഞാൻ കൊണ്ടുവന്നപ്പോൾ ആളുകൾ എന്നെ വിഡ്ഢിയെന്ന് വിളിച്ചു. എല്ലാവരും പറഞ്ഞു, 'നിങ്ങൾക്ക് അമേരിക്കയിൽ ഒരു ബ്രൗൺ ബോളിവുഡ് താരത്തെ വിജയിപ്പിക്കാനാവില്ല' എന്ന്. ഞാൻ ജിമ്മി (ജിമ്മി ഐവിൻ- ഇൻ്റർസ്‌കോപ്പ് റെക്കോർഡ്‌സിൻ്റെ സഹസ്ഥാപകൻ)യുടെ അടുത്തേക്ക് പോയി, കാരണം ഞങ്ങൾ ഒരു ലേബൽ ഡീൽ വഴി പ്രിയങ്കയുമായി ഒപ്പുവെച്ചിരുന്നു. എൻ്റെ അരക്ഷിതമായ ചില നിമിഷങ്ങളിലൊന്നായിരുന്നു അത്. ഞാൻ പറഞ്ഞു, 'ജിമ്മി, ആളുകൾ എനിക്ക് ഭ്രാന്താണെന്ന് പറയുന്നു', അപ്പോൾ അദ്ദേഹം പറഞ്ഞു, 'നിനക്കറിയാമോ? ഞാൻ എമിനെം എന്ന വെളുത്ത നിറക്കാരനായ റാപ്പറെ അവതരിപ്പിക്കാൻ ആഗ്രഹിച്ചപ്പോൾ എല്ലാവരും എനിക്ക് ഭ്രാന്താണെന്ന് കരുതി' എന്ന്."

ഹോളിവുഡിൽ പ്രിയങ്കയുടെ വളർച്ച

ഡ്വെയ്ൻ ജോൺസണും സാക് എഫ്രോണും അഭിനയിച്ച ബേവാച്ചിലെ പ്രതിനായിക വേഷത്തിലൂടെയാണ് പ്രിയങ്ക ഹോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. എബിസിയുടെ ‘ക്വാണ്ടിക്കോ’യിലെ പ്രധാന വേഷത്തിലൂടെ പ്രിയങ്ക പേരെടുത്തു. അതിനുശേഷം അവർക്ക് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. പിന്നീട് മാട്രിക്സ്: റെവല്യൂഷൻസ്, സിറ്റാഡൽ, ലവ് എഗെയ്ൻ, ഈസ്ൻ്റ് ഇറ്റ് റൊമാൻ്റിക് തുടങ്ങിയ പ്രോജക്റ്റുകളിലും അവൾ ഭാഗമായി. നിലവിൽ, ഭർത്താവ് നിക്ക് ജോനാസിനൊപ്പം അമേരിക്കയിൽ താമസിക്കുകയാണ് പ്രിയങ്ക. ദമ്പതികൾക്ക് മാൾട്ടി മേരി എന്നൊരു മകളുണ്ട്.

കാൾ അർബനോടൊപ്പം പൈറേറ്റ് അഡ്വഞ്ചർ ചിത്രമായ 'ദി ബ്ലഫ്' ആണ് പ്രിയങ്കയുടെ അടുത്ത ചിത്രം, ഫെബ്രുവരി 25ന് പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും. വർഷങ്ങൾക്ക് ശേഷം മഹേഷ് ബാബുവും പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷങ്ങളിൽ എത്തുന്ന എസ്.എസ്. രാജമൗലിയുടെ തെലുങ്ക് ചിത്രം 'വാരണാസി'ലൂടെ പ്രിയങ്ക ഇന്ത്യൻ സിനിമയിലേക്കും തിരിച്ചെത്തുകയാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi