നടൻ പ്രദീപ് റാവത്തിന്റെ (Pradeep Rawat) വിയോഗവാർത്ത സിനിമാ ലോകത്തെ ഒന്നാകെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം മുംബൈയിൽ വെച്ചാണ് അന്തരിച്ചത്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിൽ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി നിരവധി അവിസ്മരണീയമായ വില്ലൻ കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ അദ്ദേഹത്തിന് സാധിച്ചു.
2005ൽ പുറത്തിറങ്ങിയ 'ഗജിനി' എന്ന തമിഴ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിലൂടെയാണ് അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടത്. 'ഗജിനി' തെലുങ്കിലും വില്ലനായെത്തിയതും അദ്ദേഹം തന്നെ. 2008ൽ ആമിർ ഖാൻ നായകനായ ഹിന്ദി റീമേക്കിലും ഇതേ കഥാപാത്രത്തെ അവതരിപ്പിച്ചു.
Also Read
ആമിർ ഖാനെ നായകനാക്കി എ.ആർ. മുരുകദോസ് സംവിധാനം ചെയ്ത ചിത്രം മെഗാഹിറ്റായി. ആ സിനിമ പിറക്കാൻ കാരണക്കാരനായത് പ്രദീപ് റാവത്താണ്. എങ്ങനെയാണ് ആമിർ ഖാനെ ഈ ചിത്രത്തിലേക്ക് എത്തിച്ചതെന്ന് രണ്ട് വർഷം മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ പ്രദീപ് റാവത്ത് വെളിപ്പെടുത്തിയിരുന്നു.
എസ്.എസ്. രാജമൗലിയുടെ 'സൈ' (Sye) എന്ന തെലുങ്ക് ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് പ്രദീപ് ആദ്യമായി മുരുകദോസിനെ കാണുന്നത്. 'ലഗാൻ' എന്ന ചിത്രത്തിലെ പ്രദീപിന്റെ പ്രകടനം കണ്ടാണ് രാജമൗലി അദ്ദേഹത്തെ 'സൈ'യിലേക്ക് ക്ഷണിക്കുന്നത്. ഹൈദരാബാദിൽ വെച്ച് ചിത്രീകരണം നടക്കുമ്പോൾ, മേക്കപ്പ് റൂമിന്റെ വാതിലിന് പിന്നിലൂടെ ഒരാൾ അടിക്കടി എത്തിനോക്കി പോകുന്നത് പ്രദീപിന്റെ ശ്രദ്ധയിൽപ്പെട്ടു. ആരാണെന്ന് അന്വേഷിച്ചപ്പോഴാണ് തമിഴിലെ യുവ സംവിധായകനാണെന്ന് അറിയുന്നത്. അന്ന് മുരുകദോസിന് ഇംഗ്ലീഷോ ഹിന്ദിയോ സംസാരിക്കാൻ വശമില്ലായിരുന്നു.
സൽമാൻ ഖാനല്ല, ആമിർ ഖാൻ
തമിഴിൽ സൂപ്പർഹിറ്റായ 'ഗജിനി' ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമ്പോൾ സൽമാൻ ഖാനെ നായകനാക്കാനാണ് മുരുകദോസ് ആഗ്രഹിച്ചിരുന്നത്. മുൻപ് സൽമാൻ ഖാനൊപ്പം അഭിനയിച്ചിട്ടുള്ള പ്രദീപ് റാവത്തിനോട് ഇതിനായി സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. എന്നാൽ പ്രദീപ് മറ്റൊരു രീതിയിലാണ് ചിന്തിച്ചത്: "സൽമാൻ ഖാൻ പെട്ടെന്ന് ദേഷ്യപ്പെടുന്ന വ്യക്തിയാണ്. അന്ന് ഇംഗ്ലീഷോ ഹിന്ദിയോ സംസാരിക്കാൻ അറിയാത്ത മുരുകദോസും സൽമാനും തമ്മിൽ ചിലപ്പോൾ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാം എന്ന് എനിക്ക് തോന്നി. എന്നാൽ ആമിർ ഖാനെ എനിക്ക് 25 വർഷമായി അറിയാം. അദ്ദേഹം ആരോടും ദേഷ്യപ്പെടുകയോ മോശം വാക്കുകൾ ഉപയോഗിക്കുകയോ ചെയ്യില്ല. അതുകൊണ്ട് ഈ ചിത്രത്തിന് ഏറ്റവും അനുയോജ്യൻ ആമിർ ആണെന്ന് ഞാൻ ഉറപ്പിച്ചു," പ്രദീപ് ഓർത്തെടുത്തു.
ആമിറിനെ വീഴ്ത്തിയ തന്ത്രം
തുടർന്ന് പ്രദീപ് ആമിർ ഖാനെ സമീപിച്ചു. എന്നാൽ ഹിന്ദി റീമേക്കിലെ നായകനാകാൻ വേണ്ടിയാണ് കാണുന്നത് എന്ന് തുടക്കത്തിൽ ആമിറിനോട് പറഞ്ഞില്ല. പകരം, അദ്ദേഹത്തെ തമിഴ് 'ഗജിനി' കാണിക്കുക മാത്രമാണ് ചെയ്തത്. ചിത്രം കണ്ട ആമിർ ഖാൻ ആദ്യം തീരുമാനമെടുക്കാൻ അല്പം മടിച്ചെങ്കിലും, പ്രദീപ് റാവത്തിനോടുള്ള സൗഹൃദവും ആദരവും കാരണം ഒടുവിൽ സിനിമ ചെയ്യാൻ സമ്മതിക്കുകയായിരുന്നു.
ചരിത്രം കുറിച്ച 'ഗജിനി'
പിന്നീടുണ്ടായത് ചരിത്രമാണ്! 2008 ഡിസംബർ 25-ന് റിലീസ് ചെയ്ത 'ഗജിനി' ബോക്‌സ് ഓഫീസിൽ ഹിറ്റായി മാറി. ബോളിവുഡ് സിനിമാ ചരിത്രത്തിൽ ആദ്യമായി 100 കോടി കളക്ഷൻ നേടുന്ന ചിത്രമായി മാറി. ഇന്ന് ഇന്ത്യൻ സിനിമയിലെ '100 കോടി ക്ലബ്ബ്' എന്ന സങ്കല്പത്തിന് തന്നെ തുടക്കമിട്ടത് ഈ ചിത്രമായിരുന്നു.
ഇന്ത്യൻ സിനിമയുടെ വില്ലൻ
അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന പ്രദീപ് റാവത്ത് ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് അന്തരിച്ചത്. 74 വയസ്സായിരുന്നു. നടൻ യാഷ്പാൽ ശർമ്മയാണ് സോഷ്യൽ മീഡിയയിലൂടെ വിയോഗവാർത്ത സ്ഥിരീകരിച്ചത്. ഭാര്യയും മകൻ വിക്രമാദിത്യയും അടങ്ങുന്നതാണ് കുടുംബം.
അഞ്ചോളം ഭാഷകളിലായി നിരവധി ജനപ്രിയ ചിത്രങ്ങളിൽ വില്ലനായും സ്വഭാവനടനായും തിളങ്ങിയ പ്രദീപ് റാവത്തിന്റെ വിയോഗത്തിൽ ചലച്ചിത്ര ലോകവും ആരാധകരും അനുശോചനം രേഖപ്പെടുത്തി.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Versatile actor Pradeep Rawat passes away at 74 after a battle with cancer., Known for his iconic villain role in the Tamil and Hindi versions of Ghajini., Played a pivotal role in bringing Aamir Khan on board for the Hindi remake of Ghajini., Celebrated for a three-decade career across Hindi, Telugu, Tamil, Kannada, and Malayalam cinema.
Published: 05 Aug 2026, 11:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented