
ഒറ്റരാത്രി മതി ജീവിതം മാറിമറിയാന്‍ എന്ന് നവംബര്‍ 18-ന് രാവിലെ മിറാ മുറാദി തിരിച്ചറിഞ്ഞിട്ടുണ്ടാവും. ഓപ്പണ്‍ എ.ഐയുടെ സി.ഇ.ഒ. സ്ഥാനത്തുനിന്നും സഹസ്ഥാപകനായ സാം ഓള്‍ട്മാന്‍ നീക്കം ചെയ്യപ്പെട്ടതും ഇടക്കാല സി.ഇ.ഒ ആയി മിറ തിരഞ്ഞെടുക്കപ്പെട്ടതിനുമിടയില്‍ ഒരു രാത്രിയുടെ ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളു. കമ്പനിയുടെ ചീഫ് ടെക്നോളജി ഓഫീസര്‍ ആയിരുന്നു മിറ ഇതുവരെ.
നിര്‍മിത ബുദ്ധിയുടെ (എ.ഐ) മുന്‍നിര വ്യക്തിത്വങ്ങളില്‍ ഒരാളായി മിറാ മുറാദി മാറിയത് അതിവേഗമാണ്. 34-കാരിയായ മിറാ മുറാദി അല്‍ബേനിയ സ്വദേശിയാണ്. ഇന്ത്യക്കാരിയാണെന്ന തോതില്‍ വലിയ പ്രചാരണമുണ്ടായിരുന്നെങ്കിലും താന്‍ അല്‍ബേനിയയില്‍ ജനിച്ചുവളര്‍ന്നതാണെന്ന് അവര്‍ തന്നെ വിശദീകരിച്ചതോടെയാണ് പ്രചരണങ്ങള്‍ക്ക് അവസാനമായത്. ബാല്യം അല്‍ബേനിയയില്‍ ആയിരുന്നെങ്കിലും കാനഡയിലും അമേരിക്കയിലുമായിരുന്നു മിറയുടെ വിദ്യാഭ്യാസം. മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാന്തരബിരുദം നേടിയ മിറ, ഒരു ഹൈബ്രിഡ് റേസ്-കാര്‍ നിര്‍മ്മിച്ചുകൊണ്ടാണ് പഠിക്കുമ്പോള്‍ പ്രൊജക്ട് പൂര്‍ത്തിയാക്കിയത്.
ഗോള്‍ഡ്മാന്‍ സാക്സില്‍ ഇന്റേണിയായി കരിയര്‍ ആരംഭിച്ച മിറ പിന്നീട് സോഡിയാക് എയ്റോസ്പേസിലേക്ക് മാറി. അവിടെയിരുന്നുകൊണ്ട് ടെല്‍സയുടെ മോഡല്‍ എക്‌സിനുവേണ്ടി മൂന്ന് വര്‍ഷം ജോലിചെയ്തു.

ഡീഫ് ഫേക്ക് വീഡിയോ
അഭിനേതാക്കളായ രശ്മിക മന്ദാന, കത്രീന കൈഫ്, കജോള്‍ എന്നിവരുടെ ഡീപ്‌ഫേക്ക് വീഡിയോകള്‍ വൈറലായതിന് പിന്നാലെ ഓപ്പണ്‍ എ.ഐയും ഡീപ് ഫേക്ക് വീഡിയോകളും വന്‍ വിവാദമായിരുന്നു. എ.ഐ, ചാറ്റ് ജി.പി.ടി തുടങ്ങിയ വാക്കുകള്‍ മിക്കവരും കേട്ടുതുടങ്ങിയിട്ടുതന്നെ അധികനാളായിട്ടില്ലെങ്കിലും വിവാദം ഇന്ത്യയില്‍ കത്തിപ്പടര്‍ന്നു.
''ഞങ്ങളുടെ സംവിധാനങ്ങള്‍ ഇപ്പോള്‍ വ്യാപകമായി സ്വീകരിക്കപ്പെടുന്ന ഒരു നിര്‍ണായകഘട്ടമാണിത്. ഡവലപ്പര്‍മാര്‍ ഞങ്ങളുടെ പ്ലാറ്റ് ഫോമുകളില്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. നയരൂപകര്‍ത്താക്കള്‍ ഇതെങ്ങനെ നിയന്ത്രിക്കാമെന്നതിനെക്കുറിച്ച് മികച്ചരീതിയില്‍ ആലോചിച്ചുവരുന്നു. ഇത് സ്വാഗതാര്‍ഹമായ പുരോഗതിയാണ്. സമൂഹ നന്മയ്ക്കായി എ.ഐ. നിര്‍മിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഒരു ഭാവിയാണ് ഇതുകൊണ്ട് വിഭാവനം ചെയ്യുന്നത്.'' സ്ഥാനമേറ്റെടുത്ത ശേഷം മിറാ മുറാദി പറഞ്ഞവാക്കുകളാണിത്. ഡീപ് ഫേക് വീഡിയോകളും മറ്റുമുണ്ടാക്കുന്ന പ്രശ്‌നങ്ങളെ നയപരമായി എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനും അവര്‍ പ്രാധാന്യം നല്‍കുന്നു.

നിര്‍മിത ബുദ്ധി അഥവാ എ.ഐ. നിര്‍മിത ബുദ്ധിക്കായുള്ള കമ്പനികളില്‍ പ്രമുഖരാണ് ഓപ്പണ്‍ എ.ഐ. എന്ന കമ്പനി. ഈ കമ്പനി നവംബര്‍ 17-ന് വിളിച്ചുചേര്‍ത്ത അടിയന്തര ബോര്‍ഡ് യോഗത്തിലാണ് സഹസ്ഥാപകയും ബോര്‍ഡ് അംഗവുമായ ഇല്യ സുറ്റ്‌സ്‌കെവര്‍, സാം ഓള്‍ട്ട്മാനെ സ്ഥാനത്തുനിന്നു നീക്കുന്ന കാര്യം അറിയിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിശ്വാസ്യത ഇല്ലാതായതിനാലാണ് നടപടിയെന്നാണ് ബോര്‍ഡിന്റെ വിശദീകരണം.
മറ്റൊരു സഹസ്ഥാപകനും ചെയര്‍മാനുമായ ഗ്രെഗ് ബ്രോക്ക്മാന്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും മാറി പ്രസിഡന്റായി കമ്പനിയില്‍ തുടരുമെന്നും അറിയിപ്പില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെ അടിസ്ഥാനമാക്കി ഓപ്പണ്‍ എ.ഐ. കമ്പനിയില്‍നിന്നു രാജിവെക്കുന്നതായി ബ്രോക്മാനും അറിയിച്ചുകഴിഞ്ഞു. ഓള്‍ട്മാന്റെ രാജിയെത്തുടര്‍ന്ന് മുതിര്‍ന്ന ഗവേഷകരായ ജാക്കൂബ് പച്ചോക്കി, അലക്‌സാണ്ടര്‍ മാഡ്രി, സിമോന്‍ സിഡോര്‍ എന്നിവരും രാജിവെച്ചു.
Content Highlights: mira murati, open ai, ceo open ai
Published: 18 Nov 2023, 04:47 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented