'മിലേ ഹൊ തും ഹം കോ' എന്ന പാട്ട് കേള്‍ക്കുമ്പോള്‍ സംഗീതാസ്വാദകരുടെ മനസ്സിലേക്ക് വരുന്നത് രണ്ട് മുഖങ്ങളായിരിക്കും. ഗായിക നേഹ കക്കര്‍, സഹോദരനും സംഗീതസംവിധായകനുമായ ടോണി കക്കര്‍ എന്നിവരുടേത്. ബോളിവുഡ് ഗാനലോകത്ത് ഇന്ന് അറിയപ്പെടുന്ന രണ്ടുപേരുകളാണിവ. അതിനൊപ്പം അവരുടെ സഹോദരി സോനു കക്കറും. ഇതില്‍ ഏറ്റവും വിലപിടിപ്പുള്ള താരം നേഹയാണ്. ആരാധകരേറെയുള്ളതും.
കഠിനാധ്വാനത്തിന്റെയും കഷ്ടപ്പാടുകളുടെയും നാളുകള്‍ കടന്നാണ് സഹോദരങ്ങള്‍ ഇന്ന് പ്രശസ്തിയിലെത്തിനില്‍ക്കുന്നത്. ഒട്ടും എളുപ്പമല്ലായിരുന്നു ആ യാത്രകള്‍. അതുകൊണ്ടാവാം, ഇന്നും ആ നാളുകളെക്കുറിച്ചോര്‍ക്കുമ്പോള്‍ അവരുടെ കണ്ണുകള്‍ നിറയുന്നത്. ഋഷികേശ് കക്കറിന്റെയും നിധി കക്കറിന്റെയും മക്കള്‍ പിന്നീട് ലോകമറിയുന്ന പാട്ടുകാരായ കഥ, ഒരു സിനിമ പോലെ തന്നെ അവിശ്വസനീയമാണ്.

ഋഷികേശിലെ ഒരു ഒറ്റമുറി വീട്ടിലായിരുന്നു അക്കാലത്തെ താമസം. ഭക്ഷണം പാകംചെയ്തിരുന്നതും കിടന്നുറങ്ങിയിരുന്നതുമെല്ലാം ആ മുറിയില്‍ തന്നെ. സാമ്പത്തികബുദ്ധിമുട്ടുകള്‍ ഏറെ അലട്ടിയിരുന്ന കുടുംബം. ചെറുപ്രായത്തില്‍ തന്നെ സോനുവും ടോണിയും നാട്ടിലെ ഓരോ ചെറിയ വേദികളിലും പാടിത്തുടങ്ങി. അതൊന്നും സാമ്പത്തികപ്രശ്‌നങ്ങള്‍ മറികടക്കാന്‍ സഹായിക്കില്ലെന്ന് കുടുംബത്തോടെ അവര്‍ ഡല്‍ഹിയിലേക്ക് മാറി. താമസം പഴയതിലും മോശമായ ചുറ്റുപാടില്‍. അതൊന്നും അവരുടെ മനസ്സിനെ തളര്‍ത്തിയില്ല. ടോണി ഡല്‍ഹിയിലെ പരിപാടികള്‍ക്കും പാടിത്തുടങ്ങി. ഒപ്പം നാലുവയസ്സുള്ള കുഞ്ഞനുജത്തി നേഹയും.
''90-കളുടെ തുടക്കത്തിലാണ് ഋഷികേശില്‍നിന്ന് ഡല്‍ഹിയിലേക്ക് മാറുന്നത്. എനിക്കും സഹോദരിമാര്‍ക്കും അക്കാലത്ത് ഒരേയൊരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ, എങ്ങനെയെങ്കിലും മാതാപിതാക്കളെ സാമ്പത്തികമായി സഹായിക്കണം. അന്നൊക്കെ ഭജനുകളാണ് അതിന് സഹായിച്ചത്'', ടോണി പറയുന്നു. 50 രൂപയ്ക്ക് വേണ്ടി ആ കുട്ടികള്‍ പ്രാര്‍ഥനാഗീതങ്ങളും ഭജനുകളും പാടി.

''ഡല്‍ഹിയിലെ ഓരോ ചെറിയ തെരുവുകളിലും ഞാന്‍ പരിപാടികളില്‍ പാട്ടുപാടിയിട്ടുണ്ട്. നാലുവയസ്സ് മുതല്‍ 16 വയസ്സ് വരെ ഭജനുകള്‍ മാത്രമായിരുന്നു. ചില ദിവസങ്ങളില്‍ നാല് പരിപാടികള്‍ വരെയുണ്ടാവാറുണ്ടായിരുന്നു. അതൊക്കെയായിരുന്നു എന്റെ പരിശീലനക്കളരി,'' നേഹ കൂട്ടിച്ചേര്‍ക്കുന്നു. സംഗീതത്തില്‍ പ്രത്യേകപരിശീലനമൊന്നും നേടിയില്ലെങ്കിലും, ഒരുനാള്‍ കാത്തിരിക്കുന്നുവെന്ന് അവര്‍ മൂന്നുപേര്‍ക്കും ഉറപ്പായിരുന്നു. അക്കാലത്ത് ഇന്ത്യന്‍ ഐഡല്‍ എന്ന സംഗീതറിയാലിറ്റി ഷോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും, ആദ്യറൗണ്ടുകളില്‍ തന്നെ പുറത്താക്കപ്പെട്ടു.
ആദ്യം ബോളിവുഡിലെത്തുന്നത് സോനു കക്കറാണ്. 'ബാബുജി സരാ ധീരേ ചലോ' എന്ന ആദ്യഗാനം തന്നെ സൂപ്പര്‍ഹിറ്റായി. തുടര്‍ന്ന് പല ഭാഷകളിലായി, സോനു ഒട്ടേറെ പാട്ടുകള്‍ പാടി. കളിമണ്ണ് എന്ന മലയാളംസിനിമയിലും സോനു പാടിയിട്ടുണ്ട്.
ഡല്‍ഹിയില്‍ കൂടുതല്‍ അവസരങ്ങള്‍ കിട്ടില്ലെന്ന് ഉറപ്പായപ്പോള്‍, ടോണിയും നേഹയും മുംബൈയിലേക്ക് യാത്രയായി. നേഹയ്ക്ക് ചില സിനിമകളില്‍ കോറസ് പാടാനുള്ള അവസരങ്ങള്‍ ലഭിച്ചു. ''ബോളിവുഡ് യാത്ര തുടങ്ങുന്നത്, മുംബൈയിലേക്ക് എത്തിയപ്പോഴാണ്. നേഹ ചില പാട്ടുകളുടെ റെക്കോര്‍ഡിങ്ങുകള്‍ക്ക് പോകുമ്പോള്‍, ഞാന്‍ ഫ്രീയായിരിക്കും. ഇഷ്ടംപോലെ സമയമുണ്ടാവും. അതൊക്കെ സംഗീതത്തിന്റെ ടെക്‌നിക്കല്‍ വശങ്ങള്‍ പഠിക്കാനാണ് ഞാന്‍ വിനിയോഗിച്ചത്. സംഗീതസംവിധാനമെന്തെന്ന് പഠിച്ചതും അവിടുന്നാണ്'', ടോണി പറയുന്നു. കുറേ മ്യൂസിക് സിംഗിളുകളിലൂടെയാണ് ടോണി തന്റെ വരവറിയിച്ചത്. പിന്നീട് വണ്‍ നൈറ്റ് സ്റ്റാന്‍ഡ്, ഹേറ്റ് സ്‌റ്റോറി 4, ലുക്കാ ഛുപ്പി, പതി പത്‌നി ഓര്‍ വോ...തുടങ്ങിയ സിനിമകളിലൂടെ സംഗീതസംവിധായകനായി.
കോക്ടെയില്‍ എന്ന സിനിമയിലെ സെക്കന്‍ഡ് ഹാന്‍ഡ് ജവാനി എന്ന പാട്ടാണ് നേഹയുടെ കരിയറില്‍ വഴിത്തിരിവായത്. അവിടുന്നങ്ങോട്ട് അവസരങ്ങള്‍ ഒരുപാട് തേടിയെത്തി. മുട് മുട് കേ, ദില്‍ബര്‍, ഏ ദില്ല മര്‍ജാനിയാ, ഗോല്‍ ഗപ്പ, കാലാ ചശ്മ...ബോളിവുഡില്‍ തന്റെ പേരും കൂടി കൂട്ടിച്ചേര്‍ക്കാന്‍ നേഹയ്ക്ക് കഴിഞ്ഞു. വ്യത്യസ്തമായ ശബ്ദം തന്നെയാണ് നേഹയുടെ പ്രത്യേകത. ഇന്ന് ഒരു പാട്ടുപാടാന്‍ 10 ലക്ഷം രൂപയാണ് നേഹയ്ക്ക് പ്രതിഫലമായി ലഭിക്കുന്നത്. ഇന്ത്യന്‍ ഐഡലില്‍നിന്ന് മുമ്പ് പുറത്താക്കപ്പെട്ട നേഹ, വര്‍ഷങ്ങള്‍ക്കുശേഷം അതേ ഷോയില്‍ വിധികര്‍ത്താവായി തിരിച്ചുവന്നു. ശരിക്കുമൊരു മധുരപ്രതികാരം. 78.6 മില്യണ്‍ ആളുകളാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്.
വര്‍ഷങ്ങള്‍ക്കിപ്പുറം, പേരും പ്രശസ്തിയും തേടിയെത്തിയപ്പോഴും വന്നവഴിയോര്‍ത്ത് പലപ്പോഴും പല വേദികളിലും വിതുമ്പിയിട്ടുണ്ട് നേഹ. ചേച്ചിയാണ് തങ്ങളുടെ കുടുംബത്തിന്റെ നെടുംതൂണെന്നും, തങ്ങളുടെ പ്രചോദനമെന്നും ടോണിയും നേഹയും എപ്പോഴും പറയാറുണ്ട്. ''സോനു കാരണമാണ് ഞങ്ങള്‍ ഇന്നീ നിലയിലെത്തിയത്. ഞങ്ങളുടെ കുടുംബത്തിലെ ദേവിയാണ് സോനു'', ഒരിക്കല്‍ ടോണി പറഞ്ഞതിങ്ങനെ. പരസ്പരമുള്ള ആ ഇഴയടുപ്പം തന്നെയാവാം, അവരെ പിന്നെയും മുന്നിലേക്ക് നയിക്കുന്നതും.
Content Highlights: neha kakkar, sonu kakkar, tony kakkar-singing trio in bollywood
Published: 12 Jun 2024, 12:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented