ഐ.സി.സിയുടെ ഹാള്‍ ഓഫ് ഫെയിം പട്ടികയിലിടം പിടിച്ച് ഇന്ത്യയുടെ മുന്‍ വനിതാ സ്പിന്നര്‍ നീതു ഡേവിഡ്. ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം എബി ഡിവില്ലിയേഴ്‌സ്, മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ അലസ്റ്റര്‍ കുക്ക് എന്നിവര്‍ക്കൊപ്പമാണ് നീതുവും ലിസ്റ്റിലിടം നേടിയത്.
ഈ അംഗീകാരം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരമാണ് നീതു. ഡയാന എഡല്‍ജിയാണ് ആദ്യതാരം.
മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ആണ് നീതു. 1995-ലാണ് അവര്‍ ടെസ്റ്റ് മത്സരത്തിലൂടെ അന്താരാഷ്ട്രക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. അതും പതിനേഴ് വയസ്സ് മാത്രമുള്ളപ്പോള്‍. ആദ്യ ടെസ്റ്റ്മത്സരം ന്യൂസിലന്‍ഡിനെതിരെയായിരുന്നു. അതില്‍ 51 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റെടുത്തുകൊണ്ട് നീതു തന്റെ വരവറിയിച്ചു.
അതേ വര്‍ഷം തന്നെ ജംഷഡ്പൂരില്‍ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റില്‍ അവര്‍ ചരിത്രം കുറിച്ചു. ആ മത്സരത്തില്‍ രണ്ടാമത്തെ ഇന്നിങ്‌സില്‍നിന്ന് എട്ട് വിക്കറ്റാണ് അവര്‍ നേടിയത്. രണ്ട് ഇന്നിങ്‌സുകളില്‍നിന്നായി ഒമ്പത് വിക്കറ്റ്. ആ നേട്ടം കുറിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരമായി നീതു. ഇന്നും ആ റെക്കോഡ് തകര്‍ക്കപ്പെടാതെ നില്‍ക്കുന്നു.
1997-ല്‍ സെമി ഫൈനല്‍ വരെയെത്തിയ ലോകകപ്പ് ടീമിലും അവര്‍ അംഗമായിരുന്നു. ലോകകപ്പില്‍ നീതു അഞ്ചുവിക്കറ്റെടുത്തു. 2006-ല്‍ അവര്‍ അന്താരാഷ്ട്രക്രിക്കറ്റില്‍നിന്ന് വിരമിച്ചു. പക്ഷേ 2008-ല്‍ വീണ്ടും തിരിച്ചുവന്ന് ഏഷ്യ കപ്പ് കളിച്ചു. ആ വര്‍ഷം സെപ്റ്റംബറില്‍ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തോടെ അവര്‍ തന്റെ കരിയറിന് വിരാമമിട്ടു. അപ്പോഴേക്കും പത്ത് ടെസ്റ്റ് മത്സരങ്ങളും 97 ഏകദിനമത്സരങ്ങളും കളിച്ചുകഴിഞ്ഞിരുന്നു അവര്‍. ടെസ്റ്റില്‍ 41 വിക്കറ്റുകളാണ് നീതുവിന്റെ പേരിലുള്ളത്. ഏകദിനത്തില്‍ 141 വിക്കറ്റുകളും. ഏകദിനത്തില്‍ ആദ്യമായി 100 വിക്കറ്റ് എടുക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാതാരവും നീതു തന്നെ.
ഇപ്പോള്‍ ഇന്ത്യ വനിതാ ക്രിക്കറ്റ് ടീം സെലക്ടറാണ് നീതു. ബിഷന്‍ സിങ് ബേദി, കപില്‍ ദേവ്, സുനില്‍ ഗവാസ്‌കര്‍, അനില്‍ കുംബ്ലെ, രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, വിനു മങ്കദ് എന്നിവരാണ് മുമ്പ് ഐ.സി.സി ഹാള്‍ ഓഫ് ഫെയിമിലിടം പിടിച്ച ഇന്ത്യന്‍ ക്രിക്കറ്റില്‍നിന്നുള്ള പുരുഷതാരങ്ങള്‍.
Content Highlights: neetu david, former cricketer inducted in icc hall of fame
Published: 17 Oct 2024, 12:25 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented