ബിഹാറിലെ വോട്ടർമാരിൽ അവബോധമുണ്ടാക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച സ്വീപ് ഐക്കണായിരുന്നു ബോളിവുഡ് നടിയായ നീതു ചന്ദ്ര. പക്ഷേ, ഇക്കഴിഞ്ഞ ദിവസം അവരെ സ്ഥാനത്തുനിന്ന് പുറത്താക്കുകയുണ്ടായി. ആളുകളെ വോട്ടിങ്ങിൽ പങ്കെടുക്കാൻ പ്രേരിപ്പിക്കാനും അതിലൂടെ വോട്ടിങ് ശതമാനം വർധിപ്പിക്കാനുമൊക്കെയാണ് സംസ്ഥാനതലത്തിൽ സ്വീപ് ഐക്കണുകളെ നിയോഗിക്കുന്നത്. ഇങ്ങനെ നിയോഗിക്കപ്പെടുന്ന സ്വീപ് ഐക്കണുകൾ നിഷ്പക്ഷരായിരിക്കണമെന്നാണ് നിയമം.

എന്നാൽ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചശേഷം, ഒരു തത്സമയ ടിവി ചർച്ചയിൽ നീതു ചന്ദ്ര പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, നിതീഷ് കുമാർ എന്നിവരെ പ്രശംസിച്ചു. ഇത് വിവാദമായതോടെയാണ് അവരെ പുറത്താക്കിയത്.

"തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കിടെ, നിങ്ങൾ ചില രാഷ്ട്രീയ പാർട്ടികൾക്ക് അനുകൂലമായി അഭിപ്രായം പ്രകടിപ്പിച്ചതായി പരാതികൾ കിട്ടി. ബിഹാർ സ്വീപ് ഐക്കണായി നിയമിക്കുമ്പോൾ നൽകിയ ഉറപ്പിന് വിരുദ്ധമാണിത്. ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്ന് നിങ്ങൾ ഉറപ്പിൽ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായോ സ്ഥാനാർഥിയുമായോ സഹകരിക്കില്ലെന്നും നിങ്ങൾ സൂചിപ്പിച്ചിരുന്നു. സ്വീപ് ഐക്കൺ സ്ഥാനത്ത് നിന്ന് നിങ്ങളെ ഉടനടി നീക്കം ചെയ്യുന്നു" അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ പ്രശാന്ത് കുമാർ നടിക്ക് അയച്ച കത്തിൽ പറഞ്ഞു.

ബിഹാറിന്റെ തലസ്ഥാനമായ പട്നയിൽ ജനിച്ചുവളർന്ന നീതു അഭിനയത്തിലും മാർഷ്യൽ ആർട്സിലും കഴിവുതെളിയിച്ച വ്യക്തിയാണ്. ആളുകൾക്കിടയിൽ വലിയ സ്വാധീനവുമുണ്ട്. അഭയ് ഡിയോൾ, പരേഷ് റാവൽ എന്നിവർ അഭിനയിച്ച 'ഓയ് ലക്കി ലക്കി ഓയ്', അക്ഷയ് കുമാറും ജോൺ എബ്രഹാമും അഭിനയിച്ച 'ഗരം മസാല', ആർ. മാധവനൊപ്പമുള്ള '13ബി' തുടങ്ങിയ ബോളിവുഡ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഗോദാവരി, തീരാത വിളയാട്ടു പിള്ളൈ, മനം, സിങ്കം 3, വൈഗൈ എക്സ്പ്രസ് തുടങ്ങിയ ദക്ഷിണേന്ത്യൻ സിനിമകളിലും വേഷമിട്ടു. 'നെവർ ബാക്ക് ഡൗൺ: റിവോൾട്ട്' എന്ന ഹോളിവുഡ് ചിത്രത്തിലും നീതു അഭിനയിച്ചിട്ടുണ്ട്. സഹോദരൻ നിതിൻ ചന്ദ്ര സംവിധാനം ചെയ്ത 'മിഥില മഖാൻ' എന്ന സിനിമയുടെ നിർമാതാവ് എന്ന നിലയിൽ, മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരത്തിന് അവർ അർഹയായിരുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi