സിനിമാ ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത  പെണ്‍കുട്ടിയായിരുന്നു തിരുവല്ലക്കാരിയായ ഡയാന മറിയം കുര്യന്‍. ഒരു നിയോഗം പോലെ അവര്‍ സിനിമയില്‍ വന്നു, സിനിമാ ആരാധകരുടെ പ്രിയപ്പെട്ട നയന്‍താര ആയി മാറി. സ്വന്തം പ്രയത്‌നംകൊണ്ട് മുന്നേറി മലയാളം കടന്ന് തമിഴ്, തെലുഗു, കന്നഡ എന്നിങ്ങനെ തെന്നിന്ത്യന്‍ സിനിമകളും കടന്ന് ഈ ലേഡി സൂപ്പർസ്റ്റാറിന്റെ യാത്ര ഹിന്ദിയിലും എത്തി.

സിനിമാ ലോകത്തും ആരാധകര്‍ക്കിടയിലും ലഭിക്കുന്ന ആദരം മാത്രമല്ല അവരെ സൂപ്പര്‍സ്റ്റാര്‍ ആക്കുന്നത്. അടിമുടി പ്രൊഫഷണലാണ് നയന്‍താര. സ്വയം പരീക്ഷിച്ചും നവീകരിച്ചും, പുതിയ സിനിമകള്‍ തിരഞ്ഞെടുത്തും നേടിയെടുത്തതാണ് ഈ താരസിംഹാസനം. സിനിമാ ലോകം കീഴടക്കിയ താര സുന്ദരിക്ക്‌ ഇന്ന് 41-ാം ജന്മദിനം.

സത്യന്‍ അന്തിക്കാടിന്റെ ‘മനസ്സിനക്കരെ’ എന്ന സിനിമയിലൂടെയായിരുന്നു നയന്‍താര സിനിമയിലേക്കെത്തുന്നത്. തമിഴിലക്ക് അവസരം കിട്ടിയതില്‍ പിന്നെ സിനിമയില്‍ തിരക്കുളള നായികയായി. എല്ലാ മുന്‍നിര നായകന്മാരോടൊപ്പവും അഭിനയിച്ച് മഹാവിജയങ്ങളിലേക്ക് പടിപടിയായി നടന്നുകയറി നയന്‍താര. ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന ലേഡി സൂപ്പര്‍സ്റ്റാർ ആയി മാറി. താരമൂല്യംകൊണ്ട് നായകനൊപ്പമോ നായകനേക്കാളോ പ്രതിഫലം വാങ്ങുന്ന നായികയായി. സൗന്ദര്യംകൊണ്ടും കഴിവുകൊണ്ടും നയന്‍താര എന്ന ബ്രാന്‍ഡ് ഹിറ്റുകള്‍ വാരി.

രണ്ട് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ യാത്രയില്‍ നയന്‍താര നിറയാത്ത ഗോസിപ്പ് കോളങ്ങളില്ല. കേള്‍ക്കാത്ത പഴികളില്ല. തമിഴ് നടന്‍ ചിമ്പുവുമായുളള പ്രണയവും അതിന് ശേഷം പ്രഭുദേവയുമായുളള ബന്ധവും വിവാദമായിരുന്നു. പിന്നീട് 2015-ല്‍ ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയില്‍, സംവിധായകന്‍ വിഘ്‌നേഷ് ശിവനുമായി താരം പ്രണയത്തിലായി. ഇരുവരും 2022-ല്‍ വിവാഹിതരായി. വാടക ഗര്‍ഭധാരണത്തിലൂടെ ഉയിര്‍, ഉലക് എന്ന് പേരുളള ഇരട്ടക്കുട്ടികളെ വരവേറ്റു. ഈ കാലയളവിലും നയന്‍സിന്റെ വ്യക്തി ജീവിതം വാര്‍ത്തകളിലും വിവാദങ്ങളിലും നിറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമല്ലാതിരുന്ന താരം സമീപകാലത്താണ് ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് തുടങ്ങി ഫോട്ടോകള്‍ പങ്കുവെച്ച് തുടങ്ങിയത്. അതും തന്റെ ബ്യൂട്ടി ബ്രാന്‍ഡ് ‘9 സ്‌കിന്‍ ബൈ നയന്‍താര’യുടെ ലോഞ്ചിന് മുന്നോടിയായി.

ബ്രാന്‍ഡ് പങ്കുവെച്ച ഒരു വീഡിയോയില്‍, നയന്‍താര തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തിയിരുന്നു. നാട്ടില്‍ ലഭ്യമായ തനതായ ഭക്ഷണം കഴിക്കുന്ന ശീലമാണ് ചര്‍മ്മവും മുടിയും പോഷിപ്പിക്കാനായി താന്‍ സ്ഥിരമായി ചെയ്യുന്ന കാര്യമെന്ന് അവര്‍ പറഞ്ഞിരുന്നു. കാലാനുസൃതമായി ഉണ്ടാകുന്ന പ്രാദേശിക ഭക്ഷണ പദാർത്ഥങ്ങൾ നിങ്ങളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിനും മുടിക്കും നല്ലതാണെന്ന് അവർ വെളിപ്പെടുത്തി. ഭക്ഷണരീതികള്‍ കൂടാതെ, ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും നടി സംസാരിച്ചിരുന്നു.

ചന്ദ്രമുഖി, ബിഗില്‍, രാജ റാണി, മായ, കൊലമാവ് കോകില, ആരം, ഡോറ, നെട്രികന്‍ അങ്ങനെ നയന്‍സിന്റെ ഹിറ്റ് ലിസ്റ്റ് തുടരുകയാണ്. കിങ് ഖാന്‍ ഷാരൂഖാനൊപ്പം 'ജവാനി'ലും നായികയായി നയന്‍താര എത്തി. പ്രതിസന്ധികളെ തരണം ചെയ്ത് സിനിമയുടെ ആകാശത്തേക്ക് പറന്ന തിരുവല്ലക്കാരി, ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളായി മാറിയ കഥ പ്രചോദനമുണര്‍ത്തുന്നതാണ്. യഷ് നായകനാകുന്ന ടോക്‌സിക്ക്, മൂക്കുത്തി അമ്മാന്‍ 2, പാട്രിയറ്റ് എന്നിവയാണ് നയന്‍താരയുടതായി ഇനി പുറത്തിറങ്ങാനുളള ചിത്രങ്ങള്‍.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi