വായന മരിച്ചോ? നാലാളു കൂടുന്ന സാംസ്‌കാരിക ചര്‍ച്ചകളിലെല്ലാം വായനയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കപ്പെടുന്നുണ്ട്. കുട്ടികള്‍ക്ക് വായനയില്ല, ചെറുപ്പക്കാര്‍ വായിക്കുന്നതേയില്ല, മധ്യവയസ്‌ക്കര്‍ക്ക് വായിക്കാന്‍ പഴയ ഉത്സാഹമില്ല... അങ്ങനെ ആശങ്കകള്‍ അനേകം. എന്നിട്ടും ദിവസവും പുതിയ പുസ്തകങ്ങള്‍ എഴുതപ്പെടുന്നു, മിക്കതും അതിവേഗം വിറ്റഴിയപ്പെടുന്നു. എഴുത്തുകാരെ സമൂഹം ആഘോഷിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. നിത്യ സാധകമെന്നോണം വായിക്കുന്നവരുണ്ട്. വല്ലപ്പോഴും മാത്രം അതിനു മുതിരുന്നവരും ജീവിതത്തില്‍ ഒറ്റ പുസ്തകത്തിലൂടെ മാത്രം സഞ്ചരിച്ചവരും ഉണ്ടാകും.

ജീവിതത്തിന്റെ പല വഴികളിലൂടെ നടന്ന്, ഒരുപാട് മുന്നോട്ടെത്തിയ ചില സ്ത്രീകള്‍... വായന എന്ത് സ്വാധീനമാകും അവരുടെ ജീവിതത്തില്‍ ചെലുത്തിയിട്ടുള്ളത്? തെളിവാര്‍ന്ന വായനാനുഭവത്തെപ്പറ്റി അവര്‍ക്കും പറയാനുണ്ടാവില്ലേ ചിലതൊക്കെ. 

വായനയെ കൊന്നവനെന്ന് ചീത്തപ്പേരു കേട്ട മൊബൈലിലൂടെ തന്നെയാക്കി വര്‍ത്തമാനം. മറ്റൊരു കോളിന്റെ തിരക്കില്‍ പെട്ടവരെയും പരിധിക്കു പുറത്തായവരെയും വീണ്ടും വീണ്ടും വിളിച്ചു. മനസ്സിലേക്കു കടന്നു വന്ന പേരുകളും ഓര്‍മകളും മടിയേതുമില്ലാതെ ഓരോന്നായി അവര്‍ പങ്കുവെച്ചു. അങ്ങനെ വായനയെ ഓര്‍ത്തുകൊണ്ട് ഡിജിറ്റല്‍ വഴിയിലൂടെ അവര്‍ക്കൊപ്പം ഒരു ചെറുയാത്ര... 

ആരുടെയൊക്കെ എഴുത്ത് വായിച്ചാലും അവരെ മറക്കില്ല

ആദ്യം വിളിച്ചത് ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ അഞ്ജു ബോബി ജോര്‍ജിനെയാണ്. ''ഞാന്‍ അത്ര വലിയ വായനക്കാരിയൊന്നുമല്ല, ഒരുപാടൊന്നും പറയാനുണ്ടാകില്ല...'' എന്നൊക്കെ പറഞ്ഞു. പക്ഷേ, സംസാരിച്ചു തുടങ്ങിയപ്പോള്‍ അഞ്ജുവിന് പറയാന്‍ ഒത്തിരിയുണ്ടായിരുന്നു.

 ''കുടുംബത്തില്‍ എല്ലാവരും നല്ല വായനക്കാരാണ്. ഞാന്‍ ഏറ്റവുമധികം പുസ്തകങ്ങള്‍ വായിച്ചത് കോളേജു കാലത്താണ്. അക്കാലത്ത് സ്ഥിരം വായനശാലയില്‍ പോകും. കഥകളും നോവലുകളുമാണ് അധികം വായിച്ചിട്ടുള്ളത്. ഇന്നും ഓര്‍മയില്‍ ഏറ്റവും മിഴിവ് മാധവിക്കുട്ടിയുടെ എഴുത്തിനാണ്. അവരുടെ എല്ലാ പുസ്തകങ്ങളും ഞാന്‍ വായിച്ചിട്ടുണ്ട്. നമ്മുടെ അനുഭവങ്ങള്‍ തന്നെയാണ് അവരും എഴുതിയത്. എന്നിട്ടും വായിക്കുമ്പോള്‍ പുതിയതായി തോന്നും. ആ ഭാഷയുടെ സൗന്ദര്യം പ്രത്യേകം തന്നെ. ആരുടെയൊക്കെ എഴുത്ത് വായിച്ചാലും അവരെ മറക്കില്ല. 'നീര്‍മാതളം പൂത്ത കാലം' ആര്‍ക്കെങ്കിലും മറക്കാന്‍ പറ്റുമോ! ഇന്നും അതിലെ സന്ദര്‍ഭങ്ങള്‍ എന്റെ ഓര്‍മയിലുണ്ട്. 

പിന്നീട് തടസ്സങ്ങളില്ലാതെ വായിക്കാന്‍ അവസരം കിട്ടുന്നത് അമേരിക്കയില്‍ അത്‌ലറ്റിക്‌സ് പരിശീലനത്തിന് പോയ കാലത്താണ്. മറ്റ് അത്‌ലറ്റുകള്‍ ആരുമില്ലായിരുന്നതുകൊണ്ട് വല്ലാത്ത ഏകാന്തതയായിരുന്നു. അതോടൊപ്പം ഗൃഹാതുരത്വവും. ശരീരത്തിനാണെങ്കില്‍ ക്ഷീണവും. ഇതിനെയെല്ലാം മറികടന്നത് വായനയിലൂടെയാണ്. ബ്രിട്ടീഷ് എഴുത്തുകാരി ജെ.കെ റൗളിങ് എഴുതിയ ഹാരിപോട്ടര്‍ നോവല്‍  മുഴുവന്‍ ഞാന്‍ പരിശീലന സമയത്തു വായിച്ചു തീര്‍ത്തു. 



ഓരോ പ്രാവശ്യവും ഈ കഥ പറയുമ്പോള്‍ മക്കള്‍ ചിരിക്കും. അമ്മയുടെ ഹാരിപോട്ടര്‍ കമ്പം അവര്‍ക്കു തമാശയാണ്. അത് കുട്ടികളുടെ പുസ്തകമാണെന്ന് അവര്‍. കുട്ടികള്‍ മാത്രം വായിച്ചിട്ടല്ലല്ലോ ഹാരിപോട്ടര്‍ ഈ നൂറ്റാണ്ടിലെ ഏറ്റവുമധികം വിറ്റഴിഞ്ഞ പുസ്തകമായത്. ഈയടുത്ത കാലത്ത് ചില പുസ്തകങ്ങള്‍ വാങ്ങിയിരുന്നു. നല്ലതാണെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു കേട്ടു വാങ്ങിയതാണ്. വായന മുഴുവനാക്കാന്‍ പറ്റിയില്ല. അതില്‍ സങ്കടമുണ്ട്. ഈ വാങ്ങിയ പുസ്തകങ്ങളൊക്കെ മക്കള്‍ വായിക്കുമെന്നാണ് പ്രതീക്ഷ. '' 

അമ്മ ചൊല്ലിക്കേട്ട കവിതാശകലത്തിന്റെ അര്‍ഥം എനിക്ക് മനസ്സിലാക്കിത്തന്നത് അറബിക്കഥയാണ്

എഴുത്തുകാരുടെ വായന വേറെയായിരിക്കുമോ? കയ്യില്‍ തൂലികയേന്തിയ വായനക്കണ്ണ് എത്ര വ്യത്യസ്തമായിരിക്കുമെന്ന് ആകാംക്ഷ തോന്നി. കെ.രേഖയെ വിളിച്ചു. ''ഞാന്‍ വായിച്ചു തീര്‍ത്ത ആദ്യത്തെ വലിയ പുസ്തകം എം. അച്യുതന്‍ 'ആയിരത്തൊന്നു രാവുകള്‍'എന്ന പേരില്‍ പരിഭാഷപ്പെടുത്തിയ അറബിക്കഥകളുടെ സമാഹാരമാണ്. നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കഥാകൃത്ത് ടി. വി. കൊച്ചുബാവയോടു കടം വാങ്ങി വായിക്കുകയായിരുന്നു. 

'വായനക്കാര്‍ക്കിഷ്ടമാണെങ്കില്‍ സങ്കല്പ വായുവിമാനത്തിലേറിയാലും
പ്രീതരായി സഞ്ചാരം ചെയ്യാം നമുക്കല്പം ഭൂതകാല ആകാശ വീഥിയില്‍'
അമ്മ ചൊല്ലിക്കേട്ട കവിതാശകലത്തിന്റെ അര്‍ഥം എനിക്ക് മനസ്സിലാക്കിത്തന്നത് അറബിക്കഥയാണ്. സങ്കല്പത്തിന്റെ നിറച്ചാര്‍ത്തേറിയ ലോകത്തേക്ക് ഒരു പട്ടമാക്കി എന്നെ പറത്തി വിട്ടതും ഈ വായനാനുഭവമാണ്. കഥയുടെ അത്ഭുതശക്തിയെ ഇതു പോലെ പറഞ്ഞുവെച്ച മറ്റൊരു പുസ്തകമില്ല. 

അസാമാന്യമായ പ്രായോഗിക ശക്തി ഉപയോഗപ്പെടുത്തി തന്റെയും തന്റെ രാജ്യത്തെ സര്‍വ പെണ്‍കുട്ടികളുടെയും ജീവന്‍ കാത്ത ഷെഹറസാദ്. കഥയുടെ കരുത്താണ് അവള്‍ കാട്ടിത്തന്നത്. വാളിനെ വെന്ന ഭാവനയുടെ മൂര്‍ച്ച. കടലിനെ വെല്ലുവിളിച്ചും വിധിയോട് പൊരുതിയും ദൂരങ്ങള്‍ പിന്നിട്ട സിന്‍ബാദ്... എങ്ങോട്ടു വേണമെങ്കിലും പറക്കാന്‍ പറ്റുന്ന മാന്ത്രിക പരവതാനി... സമയസീമകളെയും ഭൂവരമ്പുകളെയും കവച്ച മനുഷ്യഭാവനയുടെ ആഴമില്ലാക്കടലാണ് അറബിക്കഥ. മക്കള്‍ ഹാരിപോട്ടര്‍ പരമ്പര ആസ്വദിക്കുന്നത് കാണുമ്പോള്‍ ഞാന്‍ അറബിക്കഥയുടെ മാന്ത്രികത ഓര്‍ക്കും. അതിനോളം വരുമോ ഇനിയൊരു സൃഷ്ടിയും?'' 

  ആത്മസംഘര്‍ഷങ്ങളുടെ ചുഴലിയില്‍ ദിശ നഷ്ടപ്പെട്ട ദസ്തയേവ്‌സ്‌കി

വായന പോലെ മറ്റൊരു ലഹരിയാണ് സിനിമ. മനസ്സില്‍ തറഞ്ഞ ചലച്ചിത്രക്കാഴ്ചകള്‍ എത്രയെത്ര! അതിലൊന്നാണ് മലയാളിക്ക് നടി നവ്യ നായരുടെ മുഖം. നവ്യ വായനാനുഭവങ്ങളെപ്പറ്റി വാചാലയായി. ''ഇഷ്ടക്കൂടുതല്‍  കൊണ്ട് പലയാവര്‍ത്തി വായിച്ച പുസ്തകങ്ങളാണ് 'ഖസാക്കിന്റെ ഇതിഹാസ'വും 'ഒരു സങ്കീര്‍ത്തനം പോലെ'യും. ബേപ്പുര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ കൂട്ടുകൂടി കുറേ നടന്നതാണ്.

അനായാസമായി വായിച്ചു പോകാവുന്ന എഴുത്താണ് ബഷീറിന്റേത്. കുട്ടികള്‍ക്കും ആസ്വദിക്കാം. ഏറെ പറയാനുള്ളത് പെരുമ്പടവത്തിന്റെ 'ഒരു സങ്കീര്‍ത്തനം പോലെ' എന്ന പുസ്തകത്തെ കുറിച്ച് തന്നെ. വിശ്വ വിഖ്യാതനായ റഷ്യന്‍ എഴുത്തുകാരന്‍ ദസ്തയേവ്‌സ്‌കിയുടെയും ഭാര്യ അന്നയുടെയും കഥ പറഞ്ഞ 'ഒരു സങ്കീര്‍ത്തനം പോലെ.' ആത്മസംഘര്‍ഷങ്ങളുടെ ചുഴലിയില്‍ ദിശ നഷ്ടപ്പെട്ട ദസ്തയേവ്‌സ്‌കി... അയാള്‍ക്ക് പ്രണയനങ്കൂരമായ അന്ന... എം.ടി യുടെ 'മഞ്ഞ്' പോലൊരു ഗദ്യകവിത. എന്നെപ്പോലെ ഓരോ അനുവാചകനും സ്വയം നഷ്ടപ്പെട്ടുപോകും ആ പുസ്തകത്തില്‍.

ഇങ്ങനെയും മനുഷ്യന്റെ ചിന്തകളെ കീറിമുറിച്ച്, കഷണങ്ങളാക്കി, ഇഴകളാക്കി കാണിച്ചു തരാന്‍ കഴിയുമോ? ദസ്തയേവ്‌സ്‌കി എന്ന മനുഷ്യനെപ്പറ്റി നമുക്ക് എന്തറിയാം? അദ്ദേഹം എഴുതിയ പുസ്തകങ്ങള്‍ നമ്മള്‍ വായിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റില്‍ ജീവചരിത്രക്കുറിപ്പുകള്‍ കണ്ടിട്ടുണ്ടാകും. അദ്ദേഹത്തിലെ എഴുത്തുകാരന്‍ കടന്നു പോയ കുടുംബപ്രശ്‌നങ്ങളെക്കുറിച്ചും കഥകള്‍ കേട്ടിട്ടുണ്ടാകും. ദസ്തയേവ്‌സ്‌കി എങ്ങനെയായിരുന്നാലും ഇങ്ങനെയായിരുന്നു, ഇതായിരുന്നു അദ്ദേഹത്തിന്റെ യാഥാര്‍ഥ്യം എന്ന് വിശ്വസിപ്പിക്കാന്‍ നോവലിന് സാധിക്കുന്നുണ്ട്.

 അന്നയുടെയും ദസ്തയേവ്‌സ്‌കിയുടെയും പ്രണയം അതിമനോഹരമായിട്ടാണ് നോവല്‍ ആവിഷ്‌കരിക്കുന്നത്. സൃഷ്ടിയുടെ ഭാരിച്ച ഉത്തരവാദിത്തം ചുമലില്‍ പേറി, ജീവിതത്തോട് ഇടയുന്ന മഹാനായ എഴുത്തുകാരന്‍ തന്നെക്കാള്‍ എത്രയോ ചെറുപ്പമായ അന്നയ്ക്ക് മുന്നില്‍ കണ്ണീരണിയുന്നു. നിഷ്‌കളങ്കനായ കുഞ്ഞിലേക്കുള്ള അദ്ദേഹത്തിന്റെ പരിവര്‍ത്തനം അവരുടെ പ്രണയ തീവ്രതയുടെ സാക്ഷ്യപ്പെടുത്തലാണ്. അന്നയുടെ കൈകളിലേക്ക് അദ്ദേഹം ഉരുകിയമരുന്ന രംഗങ്ങള്‍ക്ക് എന്ത് ചാരുതയാണ്! വായിച്ചവര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്തത്ര വൈകാരികമായിട്ടാണ് ഈ പുസ്തകം എഴുതിയിട്ടുള്ളത്. അതിനെ ഇഷ്ടപ്പെടാതിരിക്കുക അസാധ്യം.''

എണ്ണിത്തീര്‍ക്കാനാവാത്ത പ്രതിസന്ധികളിലൂടെയാണ് പലരും ജീവിച്ചു പോകുന്നത്

അഫ്ഗാന്‍ എഴുത്തുകാരന്‍ ഖാലിദ് ഹൊസൈനിയുടെ 'ദി കൈറ്റ് റണ്ണര്‍' എന്ന നോവലാണ് മെറിന്‍ ഓര്‍ത്തെടുത്തത്. ''വളരെക്കാലം മുന്‍പാണ്  'ദി കൈറ്റ് റണ്ണര്‍' വായിച്ചത്. സ്‌കൂള്‍ കാലഘട്ടത്തിലാണെന്നാണ് ഓര്‍മ. പരിചയമില്ലാത്ത സാംസ്‌കാരിക ഭൂമികയാണ് പുസ്തകത്തിലേത്. യുദ്ധവും അധിനിവേശവും അഭയാര്‍ഥി പ്രശ്‌നങ്ങളും കലര്‍ന്ന അഫ്ഗാന്റെ നേര്‍ക്കാഴ്ച. അതേപ്പറ്റി അറിയാനുള്ള ആകാംക്ഷ കൊണ്ടാണ് വായിക്കാന്‍ തീരുമാനിച്ചത്. കാബൂള്‍ കടന്നു പോയ സംഘര്‍ഷങ്ങള്‍ തീഷ്ണത ഒട്ടും ചോരാതെ ഹൊസൈനി കാട്ടിത്തന്നു.

എനിക്ക് ഏറ്റവും ഹൃദയസ്പര്‍ശിയായിത്തോന്നിയത് നോവലില്‍ അവതരിപ്പിച്ചിട്ടുള്ള കുട്ടിക്കാലത്തിന്റെ നൈര്‍മല്യമാണ്. 
സമൂഹം സ്ത്രീജീവിതത്തില്‍ ഏല്‍പ്പിക്കുന്ന ആഘാതങ്ങളും കൃത്യതയോടെ നോവല്‍ പറയുന്നു. വായിച്ചു തീര്‍ന്നപ്പോള്‍ മനുഷ്യയാതനകളെക്കുറിച്ചോര്‍ത്ത് ദുഃഖം തോന്നി. അതിതീവ്രമായ വൈകാരിക അനുഭവമായിരുന്നു 'ദി കൈറ്റ് റണ്ണര്‍'. ഇതേ പോലെ എന്റെ മനസ്സില്‍ ആഴത്തില്‍ പതിച്ച മറ്റൊരു പുസ്തകമില്ല 


എത്രയോ ആളുകളെ ഞാന്‍ നിത്യേന കാണുന്നു. എണ്ണിത്തീര്‍ക്കാനാവാത്ത പ്രതിസന്ധികളിലൂടെയാണ് പലരും ജീവിച്ചു പോകുന്നത്. നമുക്ക് സങ്കല്പിക്കാനാകാത്തത്ര വിഷമതകള്‍ നമുക്ക് ചുറ്റിലുമുള്ള പലര്‍ക്കുമുണ്ട്. മനുഷ്യരുടെ വേദനകള്‍ ഭൂമിയില്‍ ഇവിടെയും അവിടെയും ഒക്കെ ഒരുപോലെയാണ്. പ്രത്യേകിച്ചും സ്ത്രീകളുടെ അവസ്ഥ. എല്ലായിടത്തും ചൂഷണങ്ങള്‍. മുറിവേല്‍ക്കപ്പെടുന്ന പാവം മനുഷ്യജന്മങ്ങള്‍ക്ക് പറയാനുള്ളത് ഒരേ കഥ തന്നെ.'' 

ആരെങ്കിലുമൊരാള്‍ വന്ന് വായനയുടെ അത്ഭുത ലോകത്തെപ്പറ്റി ചോദിച്ചാല്‍ നിങ്ങള്‍ക്ക് എന്താവും പറയാനുണ്ടാവുക... ഇന്നേ വരെ മറിച്ച താളുകളില്‍ ഓര്‍മയിലേക്ക് അച്ചടിക്കപ്പെട്ട പേര് ഏതു പുസ്തകത്തിന്റേതായിരിക്കും? ഓര്‍ത്തു നോക്കൂ...