രു വര്‍ഷം മുമ്പ് ‘ആവേശം’ സിനിമയുണ്ടാക്കിയ ഒരാവേശമുണ്ട്. രംഗണ്ണനും പിള്ളേരും ചേര്‍ന്ന് പ്രേക്ഷകരുടെ മനസ്സാണ് 'തൂക്കി'യത്. ചിത്രത്തിലെ ഹിറ്റ് ഡയലോഗുകളില്‍ ഒന്നായിരുന്നു 'ബിബിമോന്‍ ഹാപ്പിയല്ലേ' എന്നത്. മിഥുന്‍ ജയ്ശങ്കറായിരുന്നു ബിബിമോനായി സ്‌ക്രീനിലെത്തിയത്. പൂജപ്പുര സ്വദേശിയായ മിഥുന്റെ ആദ്യ സിനിമ. 'ആവേശ'ത്തിന്റെ ആവേശം തീരുന്നതിനുമുമ്പ് തന്നെ മിഥുനെ തേടി തമിഴില്‍ നിന്നും ഓഫറെത്തി. സിമ്രാനും ശശികുമാറും ഒന്നിക്കുന്ന 'ടൂറിസ്റ്റ് ഫാമിലി'യില്‍ അവരുടെ മകന്റെ വേഷം. തമിഴ് ഇന്‍ഡസ്ട്രിയില്‍ സിനിമ ബ്ലോക് ബസ്റ്ററായതിനുപിന്നാലെ ഒടിടിയിലും മികച്ച പ്രതികരണങ്ങള്‍ നേടുകയാണ്. മലയാളികളുടെ ബിബിമോന്‍ ഇപ്പോള്‍ തമിഴര്‍ക്ക് നിതു ആണ്. തന്റെ കഥാപാത്രങ്ങളെ സ്വീകരിച്ച പ്രേക്ഷകരോട് സന്തോഷവും നന്ദിയും അറിയിക്കുകയാണ് മിഥുന്‍.

To advertise here,

'’കരിയറിന്റെ തുടക്കത്തില്‍ കിട്ടിയ രണ്ട് സിനിമകള്‍, അതിലെ കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതില്‍ വളരെ സന്തോഷമുണ്ട്. 'ആവേശ'ത്തിന്റെ വിജയം വലിയൊരു ഉത്തരവാദിത്തമായിരുന്നു. അധികം വൈകാതെ തന്നെ തമിഴില്‍ നിന്നും ഓഫറുമെത്തി. ഗുഡ് നൈറ്റ്, ലവര്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകള്‍ നിര്‍മിച്ച മില്യണ്‍ ഡോളര്‍ സ്റ്റുഡിയോസില്‍ നിന്നാണ് എനിക്ക് വിളി വന്നത്. ആ രണ്ട് സിനിമകളും ഞാന്‍ കണ്ടിട്ടുള്ളതാണ്. അപ്പോള്‍തന്നെ ഒരു പോസിറ്റീവ് വൈബ് കിട്ടി. അടുത്ത ദിവസം ചെന്നൈയിലേക്ക് പോയി. കഥ കേട്ടു. ഇഷ്ടമായി. ചെയ്യാമെന്ന് ഉറപ്പിച്ചു. രണ്ടാഴ്ച കൊണ്ട് ഷൂട്ടിങ്ങും തുടങ്ങി.’'

ആവേശത്തോടെ ടൂറിസ്റ്റ് ഫാമിലിയിലേക്ക്
കഴിഞ്ഞവര്‍ഷം ഏപ്രിലിലായിരുന്നു ‘ആവേശം’ റിലീസായത്. ‘ടൂറിസ്റ്റ് ഫാമിലി’ ഇക്കഴിഞ്ഞ മെയ് ഒന്നിനും റിലീസായി. രണ്ട് സിനിമകളും രണ്ട് തരത്തിലുള്ള അനുഭവങ്ങളാണ് എനിക്ക് സമ്മാനിച്ചത്. ‘ആവേശ’ത്തില്‍ പുതുമുഖമായിരുന്നു. തമിഴ് ഇന്‍ഡസ്ട്രിയില്‍ ഞാന്‍ തുടക്കക്കാരനായിരുന്നുവെങ്കിലും എല്ലാവരും ആവേശം കണ്ടതുകൊണ്ട് വളരെ സ്‌നേഹത്തോടെയാണ് എന്നെ സ്വീകരിച്ചത്. എനിക്ക് തമിഴ് അറിയില്ലെങ്കിലും ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. സീനിയേഴ്‌സായ ഒരു കൂട്ടം താരങ്ങള്‍ക്കൊപ്പമാണ് അഭിനയിച്ചത്.

‘ആവേശ’ത്തില്‍ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ ഫഹദിക്കയ്‌ക്കൊപ്പമാണല്ലോ അഭിനയിക്കുന്നത്. ഒരു സീന്‍ തുടങ്ങുന്നതിനുമുമ്പ് അദ്ദേഹം നടത്തുന്ന തയ്യാറെടുപ്പുകളെല്ലാം നിരീക്ഷിക്കുമായിരുന്നു. അതൊക്കെ അടുത്ത് നിന്ന് കാണാന്‍ സാധിച്ചു. ‘ടൂറിസ്റ്റ് ഫാമിലി’യെത്തിയപ്പോള്‍ സിമ്രാന്‍ മാമും ശശികുമാര്‍ സാറും ചെയ്യുന്നതും ശ്രദ്ധിച്ചു. അവരുടെ രീതികളും കണ്ട് മനസ്സിലാക്കി. അതില്‍ വളരെ സന്തോഷമുണ്ട്. നേരത്തെ തന്നെ തിരക്കഥ നോക്കി സംഭാഷണങ്ങളെല്ലാം മന:പാഠമാക്കിയിരുന്നു. എന്നിട്ട് അതുപോലെ പെര്‍ഫോം ചെയ്തു. ശ്രീലങ്കന്‍ തമിഴ് സ്ലാങ് ആണ് സിനിമയില്‍ പറയുന്നത്. ഡബ്ബിങ് സമയത്ത് തെറ്റുകള്‍ തിരുത്തിത്തരാന്‍ സഹായത്തിന് ഒരു അമ്മയുണ്ടായിരുന്നു. സംവിധായകന്‍ അബിഷന്‍ ജീവന്തിന്റെ ആദ്യ സിനിമയാണ് ‘ടൂറിസ്റ്റ് ഫാമിലി’. അദ്ദേഹവും അസിസ്റ്റന്റായി വര്‍ക്ക് ചെയ്തവരുമെല്ലാം ചെറുപ്പക്കാരായതുകൊണ്ട് നല്ല വൈബായിരുന്നു. ശശികുമാര്‍ സാറും സിമ്രാന്‍ മാമും മലയാളസിനിമകളൊക്കെ കാണാറുണ്ട്. പല സിനിമകളും കണ്ടിട്ട് അതിന്റെ കാര്യങ്ങളൊക്കെ സംസാരിക്കുമായിരുന്നു. സിമ്രാന്‍ മാം ‘ആവേശം’ രണ്ട് തവണ കണ്ടിട്ടുണ്ടെന്ന് പറഞ്ഞു. നല്ല സിനിമയുടെ ഭാഗമാകണമെന്നാണ് ആഗ്രഹിച്ചത്. അതുപോലെതന്നെ സംഭവിച്ചു. സിനിമ നന്നായി, നല്ല റിസള്‍ട്ടും കിട്ടി.
എഴുതാനൊക്കെ ഇഷ്ടമാണ്. കൂട്ടുകാര്‍ക്കൊപ്പമിരുന്ന് കഥകളൊക്കെ ചര്‍ച്ചചെയ്യാറുണ്ട്. ഏറ്റവുമടുത്ത ഒന്നുരണ്ട് സുഹൃത്തുക്കളുണ്ട്. എന്റെ അഭിനയത്തിലെ നല്ലതും ചീത്തയും പാളിച്ചകളുമൊക്കെ അവര്‍ തുറന്നു പറയും. വേറെ ആരും അങ്ങനെ പറയാറില്ല. അതുപോലെ ഫേസ്ബുക്കില്‍ വരുന്ന പോസ്റ്റുകളും ശ്രദ്ധിക്കാറുണ്ട്. അതെല്ലാം എന്റെ അഭിനയത്തിലെ തെറ്റുകള്‍ തിരുത്താനുള്ള പ്രചോദനം നല്‍കാറുണ്ട്.

 

 

കുടുംബം
അച്ഛന്‍ ജയശങ്കര്‍ ഇലക്ട്രീഷ്യനാണ്. അമ്മ സുജിത, ചേട്ടന്‍ എംബിഎ പഠിക്കുന്നു. പണ്ടേ സിനിമയോട് മാത്രമാണ് താത്പര്യമുണ്ടായിരുന്നത്. സിനിമ കാണാനും ഡയലോഗുകൾ പറയാനൊക്കെ ഇഷ്ടമായിരുന്നു. എന്നാല്‍ സിനിമ മാത്രം സ്വപ്‌നം കണ്ട് നടന്ന ആളായിരുന്നില്ല. അഭിനയിക്കണം എന്ന മോഹവുമുണ്ടായിരുന്നില്ല. പ്രത്യേകിച്ച് ഒരാഗ്രഹങ്ങളും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. 2022-ലാണ് ഡിഗ്രി കഴിയുന്നത്. ആ സമയത്ത് തന്നെയാണ് ‘ആവേശ’ത്തിലേക്കുള്ള കാസ്റ്റിങ് കോള്‍ കാണുന്നതും. ആദ്യമായി പങ്കെടുത്ത ഓഡിഷനാണ് ‘ആവേശം’. അതില്‍ തന്നെ സെലക്ടായി. ‘ആവേശം’ ചെയ്യുന്നതിനുമുമ്പ് വീട്ടില്‍ നിന്ന് പിന്തുണ കിട്ടിയിരുന്നില്ല. എന്നാല്‍ സിനിമയുടെ ഷൂട്ട് തുടങ്ങിയപ്പോള്‍ എല്ലാവരും കൂടെനിന്നു. ഇപ്പോള്‍ എല്ലാവരും ഹാപ്പിയാണ്. കുടുംബത്തിലുള്ളവരൊക്കെ എന്നെപ്പറ്റി അന്വേഷിക്കുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. ഇപ്പോള്‍ കൊച്ചിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് താമസം. തമിഴില്‍ നിന്നും മലയാളത്തില്‍നിന്നുമൊക്കെ പുതിയ പ്രൊജക്ടുകള്‍ വരുന്നുണ്ട്. ചര്‍ച്ചകള്‍ നടക്കുകയാണ്. ഒടിടിയില്‍ റിലീസായശേഷം ‘ടൂറിസ്റ്റ് ഫാമിലി’ കണ്ടിട്ട് എല്ലാവരും വിളിക്കുന്നുണ്ട്. ഇപ്പോഴും പലരും ബിബിമോന്‍ എന്നാണ് വിളിക്കുന്നത്. അതൊരു സുഖമുള്ള വിളി തന്നെയാണ്’’.