നടനും സംവിധായകനുമായ സലിം ഹസ്സൻ ഒരിക്കൽ വില്ലേജോഫീസിലെത്തി. തന്റെ രേഖകളിൽ സലിം പി.എച്ച്. എന്നും സലിം ഹസ്സൻ എന്നുമുണ്ട്. ബാങ്കിൽ നൽകാനായി ഇത് രണ്ടും ഒരാളാണെന്ന് വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തണം. അവിടത്തെ വില്ലേജ് ഓഫീസർ ജനപ്രിയ ടെലിവിഷൻ പരിപാടിയായ'മറിമായ'ത്തിന്റെ ആരാധകനായിരുന്നു. തന്റെ പ്രിയതാരത്തെ കണ്ടതോടെ അദ്ദേഹം സന്തോഷത്തിലായി. വൈകിട്ട് വരുമ്പോഴേക്കും സർട്ടിഫിക്കറ്റ് റെഡിയാക്കി വയ്ക്കാമെന്നു പറഞ്ഞ് സലിമിനെ ഓഫീസർ തിരിച്ചയച്ചു. 

To advertise here,

വൈകുന്നേരം സർട്ടിഫിക്കറ്റ് വാങ്ങാൻ സലിം അവിടെയെത്തി. സന്തോഷത്തോടെ അത് കൈപ്പറ്റി. തുറന്നുനോക്കിയപ്പോൾ സലിം ഞെട്ടി. അതിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: 'സലീം പി.എച്ചും പ്യാരിജാതനും ഒന്നുതന്നെ!' 

മറിമായത്തിലെ പ്യാരിജാതൻ എന്ന കഥാപാത്രം എത്രത്തോളം ആളുകളുടെ മനസ്സിൽ കയറിയിട്ടുണ്ടെന്ന് സലിം തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. തനതായ സംസാരശൈലി, സാഹചര്യങ്ങൾക്കനുസരിച്ച് തമാശ പറയാനുള്ള മിടുക്ക്... ഇതെല്ലാം സലിമിനെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവനാക്കുന്നു. ജീവിത പ്രാരാബ്ധങ്ങൾ കാരണം പലവേഷങ്ങൾ അണിഞ്ഞ ശേഷമാണ് സലിം അഭിനയത്തിലേക്കെത്തിയത്. ഏറ്റവുമൊടുവിൽ മറിമായം ടീമിനെവെച്ച് 'പഞ്ചായത്ത് ജെട്ടി' എന്ന സിനിമ സംവിധാനംചെയ്യുകയും ചെയ്തു. അതിൽ നായകനുമായി. കൊച്ചി, മുളവുകാട്ടിലെ വീട്ടിലെത്തുമ്പോൾ സ്വീകരണമുറിയിൽ അദ്ദേഹം കാത്തുനിൽക്കുന്നുണ്ടായിരുന്നു. തനിക്കു കിട്ടിയ മെമെന്റോകളും പഴയ പ്രോഗ്രാമുകളുടെ നോട്ടീസും ചിത്രങ്ങളും അടങ്ങിയ മുറിയിൽ സലീമിന്റെ ജീവിതചിത്രങ്ങൾ കാണാം. 

ആ സർട്ടിഫിക്കറ്റിൽനിന്നുതന്നെ തുടങ്ങാം. പിന്നീടെന്തായി?
ചിരിക്കണോ കരയണോ എന്നാലോചിച്ച് ഞാൻ അവിടെ നിന്നു. ഒരുഭാഗത്ത് വില്ലേജ് ഓഫീസർക്ക് എന്നോടുള്ള ഇഷ്ടം. മറുഭാഗത്ത് സർട്ടിഫിക്കറ്റ് കിട്ടാൻ ഇനിയും വൈകുമല്ലോ എന്ന നിരാശ. പ്യാരിജാതൻ എന്ന കഥാപാത്രം എത്രത്തോളം ആളുകൾക്കിടയിൽ കയറിയിട്ടുണ്ടെന്ന് അന്നെനിക്ക് മനസ്സിലായി. 

എറണാകുളം നഗരത്തിന് തൊട്ടടുത്താണെങ്കിലും പല പ്രശ്‌നങ്ങളും ഈ ഗ്രാമം നേരിടുന്നുണ്ട്. ഗതാഗതപ്രശ്‌നം, കുടിവെള്ളക്ഷാമം അങ്ങനെ പലതും. ഇതിലൊക്കെ ഇടപെടേണ്ടിവന്നു. ഇതെല്ലാം എന്നെ പൊതുപ്രവർത്തകനാക്കി. രണ്ടുതവണ പഞ്ചായത്ത് മെമ്പറായിട്ടുണ്ട്. പാർട്ടിയിലും സജീവം. ഇപ്പോഴും ആളുകൾ എന്റെയടുത്ത് പ്രശ്‌നങ്ങളുമായി വരും. അതിനൊക്കെ വേണ്ടി പല സർക്കാർ ഓഫീസുകളിലും കയറിയിറങ്ങേണ്ടിവരും. എല്ലായിടത്തും പെട്ടെന്ന് കാര്യങ്ങൾ നടക്കും. ഇല്ലെങ്കിൽ 'മറിമായ'ത്തിന്റെ അടുത്ത എപ്പിസോഡിൽ വരുമോ എന്ന പേടിയാണ് പലർക്കും. 

നടന്റെ തിരക്കുണ്ടായിട്ടും ഇപ്പോഴും മുളവുകാട് എന്ന ഗ്രാമത്തിൽത്തന്നെയാണല്ലോ ജീവിതം. നഗരത്തിന്റെ തിരക്കിലേക്ക് മാറണമെന്ന് തോന്നിയിട്ടില്ലേ?
ഈ നാട് വിടുന്നതിനെപ്പറ്റി ആലോചിക്കുന്നുപോലുമില്ല. ഇവിടത്തെ പ്രദേശങ്ങളും മനുഷ്യരുമെല്ലാം ജീവിതത്തിന്റെ ഭാഗമാണ്. ജനിച്ചതും വളർന്നതുമെല്ലാം ഇവിടെയാണ്. ഒരുപാട് അംഗങ്ങളുള്ള വീടായിരുന്നു ഞങ്ങളുടെത്. ബാപ്പയും ഉമ്മയുമടക്കം പത്തുപേർ. മക്കളിൽ ഏറ്റവും ഇളയതായിരുന്നു ഞാൻ. ഉപ്പയുടെ പേര് ഹസ്സൻ, ഉമ്മ ഖദീജ. പത്താംക്ലാസ് കഴിഞ്ഞ് പ്രീഡിഗ്രിക്ക് ചേർന്നെങ്കിലും പഠനം പൂർത്തിയാക്കിയില്ല. പിന്നീട് പല ജോലികൾ ചെയ്തു. ചില ബിസിനസുകളും തുടങ്ങി. കാസറ്റ് കട, വാച്ച് റിപ്പയറിങ്, സൈറ്റിൽ കമ്പിപ്പണി, ബസ് സർവീസ്, കേബിൾ ടിവി, ചെരുപ്പുകട... അങ്ങനെ ഒരുപാട്. ബിസിനസിനിടയിൽ പൊതുപ്രവർത്തനവും കലാപ്രവർത്തനവും ഉള്ളതിനാൽ പലതും മറ്റുള്ളവരെ ഏൽപ്പിക്കേണ്ടിവന്നു. എന്നാൽ, അതൊക്കെ പരാജയപ്പെട്ടു. ബിസിനസ് കാരണമുണ്ടായ കടങ്ങളെല്ലാം ഇപ്പോൾ സിനിമയിലൂടെയും സീരിയലിലൂടെയും കിട്ടുന്ന വരുമാനത്തിലൂടെ വീട്ടുന്നു. 

placeholder
ഭാര്യ ബബിത, മക്കളായ സെഹ്‌റിൻ, സഫ്രിൻ എന്നിവർക്കൊപ്പം

കലാരംഗത്ത് പിന്നെ എപ്പോഴാണ് വഴിത്തിരിവുണ്ടാകുന്നത്?
ബാപ്പ ഹസൻ പ്രാദേശിക നാടകനടനായിരുന്നു. വീടിനടുത്ത് ഒരു ക്ഷേത്രമുണ്ട്. ചേപ്പയിൽ ഭഗവതി ക്ഷേത്രം. അവിടെ നാടകവും ബാലെയുമൊക്കെയുണ്ടാകും. ആ ക്ഷേത്രത്തിന്റെ മുൻപിൽ ബാപ്പയ്ക്ക് ഒരു ചായക്കടയുണ്ടായിരുന്നു. ആ ക്ഷേത്രത്തിലെ പരിപാടികളൊക്കെ കണ്ടാണ് കലാപ്രവർത്തനങ്ങളോട് ഇഷ്ടം തോന്നുന്നത്. സ്‌കൂൾ കാലംതൊട്ടേ ചെറിയരീതിയിൽ മിമിക്രിചെയ്യും.  സ്‌കൂളിൽനിന്ന് ചെറിയ സമ്മാനങ്ങളൊക്കെ കിട്ടി. പക്ഷേ, ജില്ലാ, ഉപജില്ലാ തലത്തിലൊന്നും പോയിട്ടില്ല. വീട്ടിൽ ഒരുപാട് അംഗങ്ങളുള്ളതിനാൽ ബുദ്ധിമുട്ടുകളും ഏറെയായിരുന്നു. കലാപരമായി മുന്നേറാനുള്ള സാമ്പത്തികപ്രോത്സാഹനമൊന്നും ലഭിച്ചില്ല. 

സാമ്പത്തികപരാധീനതയും വരുമാനമുണ്ടാക്കാനുള്ള ഓട്ടവും  പിന്നീട് കലയോടുള്ള താത്പര്യത്തെ പുറകോട്ടടിപ്പിച്ചു. എങ്കിലും ചെറിയ സ്‌കിറ്റുകളും കാസറ്റുകൾക്ക് കോമഡിയും എഴുതി. ചില വേദികളിലും പരിപാടി അവതരിപ്പിച്ചു. 28-ാം വയസ്സിലായിരുന്നു വിവാഹം. കല്യാണാലോചനസമയത്ത് ഞാൻ ചെറിയ കലാകാരൻ കൂടിയാണെന്ന് പറഞ്ഞിരുന്നു. പക്ഷേ, കല്യാണം കഴിഞ്ഞപ്പോൾ, അതൊന്നും കാണുന്നില്ലല്ലോ എന്നായി ഭാര്യ. അതിനിടെ, 'വെറുതെ അല്ല ഭാര്യ' എന്ന പരിപാടിയെപ്പറ്റി ഭാര്യ പറഞ്ഞു. കല്യാണം കഴിഞ്ഞവരുടെ മത്സരമാണ് പങ്കെടുത്താലോയെന്ന് ചോദിച്ചു. ഞാൻ അവളോട് പൊട്ടിത്തെറിച്ചു. പാർട്ടിയുടെ മണ്ഡലം പ്രസിഡന്റായ ഞാൻ ഈ പരിപാടിയിൽ പങ്കെടുക്കണമെന്നോ എന്നെല്ലാം ചോദിച്ച് ദേഷ്യപ്പെട്ടു. അങ്ങനെയിരിക്കെ ഒരു യാത്രയ്ക്കിടെ വൈറ്റിലയിൽ ട്രാഫിക്കിൽപ്പെട്ടു. അവിടെ രണ്ട് കട്ടൗട്ട് കണ്ടു. ഒന്നിൽ മമ്മൂക്ക. ആ കട്ടൗട്ട് കാടുപിടിച്ച് കിടക്കുന്നു. വെളിച്ചവുമില്ല. രണ്ടാമത്തെ കട്ടൗട്ട് ഈ പരിപാടിയുടെതാണ്. അതിൽ ഒരു ഭാര്യയും ഭർത്താവും. സംഭവം കൊള്ളാമല്ലോ എന്ന് അപ്പോൾ തോന്നി. ആ ബോർഡ് കണ്ടപ്പോൾ എന്റെയുള്ളിൽ ഉറങ്ങിക്കിടന്ന കലാകാരൻ ഉണർന്നു. 

വീട്ടിലെത്തി അവളോട് കാര്യം പറഞ്ഞു. അവളാണെങ്കിൽ അടുക്കുന്നില്ല. ഒരുവിധത്തിൽ പറഞ്ഞുമനസ്സിലാക്കി അപേക്ഷിക്കാൻ പറഞ്ഞു. റൊമാന്റിക് കപ്പിളായി നിൽക്കുന്ന ഫോട്ടോയാണ് അയക്കേണ്ടത്. മെമ്പറായതുകൊണ്ട് എല്ലാം ബലംപിടിച്ച് നിൽക്കുന്ന ഫോട്ടോകളാണ്. ഉള്ളതിൽ ഭേദപ്പെട്ട ഒരു ഫോട്ടോ അയച്ചുകൊടുത്തു. അങ്ങനെ ഓഡിഷന് വിളിച്ചു. 

ഞാനും ഭാര്യയും മോളും കൂടിയുള്ള ഒരു സ്‌കിറ്റ് അവതരിപ്പിച്ചുകാണിക്കണം. താമസം തറവാട്ടിലായതുകൊണ്ട് പരിശീലിക്കാനൊന്നും പറ്റിയില്ല. ഓഡിഷന് പോകുന്ന വഴി സ്‌കൂട്ടറിലിരുന്ന് ഞാൻ ഒരു സ്‌കിറ്റിന്റെ സ്‌ക്രിപ്റ്റുണ്ടാക്കി. വയലാറിലാണ് ഓഡിഷൻ. ആ യാത്ര തീരുമ്പോഴേക്കും രണ്ടുപേരെയും ഡയലോഗും കാര്യങ്ങളും പഠിപ്പിച്ചു. നദിയ മൊയ്തു, ശ്രീകണ്ഠൻ നായർ സാർ, മഞ്ജു പിള്ള എന്നിവരായിരുന്നു ജൂറി. സ്‌കിറ്റ് ശ്രദ്ധിക്കപ്പെട്ടു. അങ്ങനെ മത്സരിച്ച് ഫൈനലിലെത്തി. മൂന്നാംസ്ഥാനം കിട്ടി. അതോടെ ആളുകൾ തിരിച്ചറിഞ്ഞുതുടങ്ങി. അതാണ് ജീവിതത്തിലെ വഴിത്തിരിവ്. 

'മറിമായ'ത്തിലെത്തിപ്പെടുന്നത് എങ്ങനെയാണ്?
നേരത്തേ പറഞ്ഞല്ലോ, സ്‌കിറ്റ് എഴുതിയിരുന്നുവെന്ന്. 'സിനിമാല'യ്ക്ക് എഴുതാനും അവസരം കിട്ടി.  അതിനിടെ മഴവിൽ മനോരമ തുടങ്ങാനിരിക്കുകയാണ്. അതിൽ ശ്രീകണ്ഠൻ നായർ സാറുമുണ്ട്. തിരക്കഥാകൃത്ത് തോമസ് തോപ്പിൽക്കുടി പറഞ്ഞിട്ട് ഞാൻ അദ്ദേഹത്തെ പോയി കണ്ടു. എന്തെങ്കിലും പരിപാടിയിൽ ഉൾപ്പെടുത്താമോ എന്ന് ചോദിച്ചു. അദ്ദേഹം ഉണ്ണികൃഷ്ണൻ എന്നയാളുടെ നമ്പർ തന്നു. കോമഡി പരിപാടികൾ അദ്ദേഹമാണ് കൈകാര്യംചെയ്തിരുന്നത്. അങ്ങനെ അദ്ദേഹത്തെ വിളിച്ചു. ഒരു സ്‌ക്രിപ്റ്റ് എഴുതിവരാൻ പറഞ്ഞു. 'സിനിമാല' സ്‌റ്റൈലിൽ ഒരു സ്‌ക്രിപ്റ്റ് എഴുതിക്കൊണ്ടുപോയി. അത്രയ്ക്ക് ഇഷ്ടമായില്ലെങ്കിലും അതിൽ എന്തോ ഉണ്ടെന്ന് അദ്ദേഹത്തിന് മനസ്സിലായി. അദ്ദേഹം 'മറിമായം' പരിപാടിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പറഞ്ഞു. ആ രീതിയിൽ സ്‌ക്രിപ്റ്റ് ആലോചിക്കാൻ പറഞ്ഞു.

അപ്പോഴേക്കും മെമ്പറായുള്ള എന്റെ രണ്ട് ടേം കഴിഞ്ഞിരുന്നു. ഉണ്ണികൃഷ്ണൻ എന്നെ അദ്ദേഹത്തിന്റെ അസിസ്റ്റന്റായി കൂടെനിർത്തി. 'മറിമായ'ത്തിൽ നിയാസ് ബക്കർ ആയിരുന്നു എന്റെ ആശാൻ. അദ്ദേഹത്തിന് ഡയലോഗ് പറഞ്ഞുകൊടുത്തിരുന്നത് ഞാനായിരുന്നു. അദ്ദേഹവുമായി നല്ല സൗഹൃദത്തിലായപ്പോൾ, ''നിനക്ക് അഭിനയിച്ചൂടേ, ശ്രദ്ധിക്കപ്പെടും'' എന്ന് എന്നോടു പറഞ്ഞു. ഒരുദിവസം അഭിനയിക്കാനേറ്റിരുന്നയാൾ വന്നില്ല. ചായ കൊടുത്തശേഷം എന്തോ ചെറിയ ഡയലോഗ് പറയുന്ന സീനാണ്. എന്നോട് ചെയ്യാൻ എല്ലാവരും ആവശ്യപ്പെട്ടു. എനിക്കാണെങ്കിൽ ചെറിയ ആത്മവിശ്വാസക്കുറവുണ്ട്. എങ്കിലും ചെയ്തു.
 ആ സീൻ ശ്രദ്ധിക്കപ്പെട്ടു.  ചായ കൊടുത്തശേഷം ഞാൻ പറഞ്ഞ ഡയലോഗ് ചിരിപടർത്തി. തുടർന്നുള്ള എപ്പിസോഡുകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു. അത് പിന്നീട് പ്രധാനപ്പെട്ട റോളിലേക്കുമെത്തി. 

placeholder

പ്യാരിജാതൻ എന്ന പേരിൽത്തന്നെ വെറൈറ്റിയുണ്ടല്ലോ?
'മറിമായം' തുടങ്ങുംമുൻപേ കഥാപാത്രങ്ങൾക്ക് വ്യത്യസ്തമായ പേരുകൾ വേണമെന്ന് ആലോചിച്ചിരുന്നു. ഒരുപാട് പ്രായമുള്ള ഖാലിദ് ഇക്കയ്ക്ക് സുമേഷ് എന്ന പേര് ഞാനാണിടുന്നത്. കൂട്ടായ ചർച്ചയ്ക്കിടയിൽ വന്ന പേരാണ് പ്യാരിജാതൻ.  എന്റെ വീടിന്റെ നാലുവശവും പാരിജാതച്ചെടിയുണ്ട്. അതിൽ നിറയെ പാരിജാതപ്പൂവുമുണ്ടാകും. അതിനെപ്പറ്റി ചർച്ചചെയ്തപ്പോഴാണ് പ്യാരിജാതനിലെത്തിയത്. അത് പിന്നീട് പ്യാരിയിലെത്തി.

ബിഗ് സ്‌ക്രീനിലും എത്തിയല്ലോ?
പത്തുപതിനഞ്ച് സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു. നിയാസ്‌ക്ക സംവിധാനംചെയ്ത 'വല്ലാത്ത പഹയൻ' എന്ന സിനിമയാണ് ആദ്യം. 'കൊച്ചാവ പൗലോ അയ്യപ്പ കൊയ്ലോ', 'മേരാ നാം ഷാജി', 'മകൾ', 'പാച്ചുവും അത്ഭുതവിളക്കും' തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. സത്യൻ അന്തിക്കാട് സാറിന്റെ പുതിയ മോഹൻലാൽ ചിത്രം 'ഹൃദയപൂർവം',  'ആലപ്പുഴ ജിംഖാന', 'വടക്കൻ തേരോട്ടം' എന്നീ സിനിമകളും വരാനിരിക്കുന്നു. 

എങ്ങനെ സംവിധായകനായി ?
സംവിധാനം ചെറുപ്പത്തിലേ ആഗ്രഹമുണ്ട്. അഭിനയത്തിലൊന്നും അത്ര ആത്മവിശ്വാസമുണ്ടായിരുന്നില്ല. 'മറിമായ'ത്തിന്റെ ഇടവേളകളിൽ ഞാൻ തമാശകളും കഥകളും പറയും. അതൊക്കെ അവർ ആസ്വദിക്കും. കോവിഡ് സമയത്ത് വെറുതേയിരിക്കുമ്പോഴാണ് മണികണ്ഠൻ ചേട്ടൻ (മണികണ്ഠൻ പട്ടാമ്പി), ഞാൻ പറഞ്ഞ തമാശകളിൽ സിനിമയ്ക്കുള്ള കഥയുണ്ടെന്നു പറയുന്നത്. അത് ഞാൻ നോട്ടുചെയ്തു. അങ്ങനെ ഞങ്ങൾ രണ്ടുപേരും ചേർന്ന് തിരക്കഥയെഴുതി. ഒരുമിച്ച് സംവിധാനവും ചെയ്തു. 

ആ സമയത്ത് 'സപ്തതരംഗ്' എന്ന പ്രൊഡക്ഷൻ ടീം യാദൃച്ഛികമായി മണികണ്ഠൻ ചേട്ടനെ വിളിച്ചു. 'മറിമായം' ടീമിനെവെച്ച് ഒരു പടം ചെയ്താലോ എന്ന് ചോദിച്ചു. അദ്ദേഹം ഞങ്ങളുടെ തിരക്കഥയെക്കുറിച്ച് അവരോടു പറഞ്ഞു. കഥ അവർക്കിഷ്ടമായി. 'മറിമായം' ടീമിനൊപ്പം പുതുമുഖതാരങ്ങളിൽ ആരെയെങ്കിലുംകൂടി നായകനായി ഉൾപ്പെടുത്താമെന്ന് തീരുമാനിച്ചു. പലരെയും കണ്ടു. പക്ഷേ, ആർക്കും ഡേറ്റില്ല. ഒടുവിൽ പ്രൊഡ്യൂസർ എന്നോട് നായകനാകാൻ പറഞ്ഞു. മണികണ്ഠൻ ചേട്ടൻ വില്ലൻ റോളും ചെയ്തു. ഇപ്പോൾ രണ്ടുസിനിമകളുടെ ചർച്ച നടക്കുന്നുണ്ട്. താരങ്ങളെ തിരഞ്ഞെടുക്കുന്നേയുള്ളൂ. 

കുടുംബത്തെപ്പറ്റി?
ഭാര്യ ബബിത സലിം. ഞങ്ങൾക്ക് രണ്ട് പെൺമക്കൾ. മൂത്ത മകൾ സെഹ്റിൻ പ്ലസ് വണ്ണിന് പഠിക്കുന്നു. ഇളയമകൾ സഫ്രിൻ അഞ്ചാംക്ലാസിലും. കലാരംഗത്തേക്ക് ഞാൻ തിരിച്ചുവരാനുള്ള തിരികൊളുത്തിയത് ഭാര്യയാണ്.  ഈരംഗത്ത് തുടരാനുള്ള പ്രചോദനവും അവർതന്നെ.