അഭിനേത്രിയും നര്‍ത്തകിയും മോഡലുമായ മലൈക അറോറ അടുത്തിടെ നടന്ന പരിപാടിയില്‍, തന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള നിരന്തരമായ വിമര്‍ശനങ്ങള്‍ക്കെതിരെ പ്രതികരിച്ചിരുന്നു. സാമൂഹത്തില്‍ നിന്നും താന്‍ നേരിട്ട ഇരട്ടത്താപ്പുകളെക്കുറിച്ച് താരം സംസാരിക്കുകയും ചെയ്തു. ''ജീവിതത്തില്‍ ശക്തരായി ഇരിക്കുന്നതിന് നിങ്ങള്‍ നിരന്തരം വിലയിരുത്തപ്പെടുന്നു.'' മോജോ സ്‌റ്റോറീസിനായി ബര്‍ഖാ ദത്തുമായുളള സംഭാഷണത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

To advertise here,

സമാനമായ സാഹചര്യങ്ങളില്‍ സമൂഹം സ്ത്രീകളോടും പുരുഷന്മാരോടും പെരുമാറുന്നതിലെ വ്യത്യാസവും അവര്‍ ചൂണ്ടിക്കാട്ടി. ''ഇന്ന്, ഒരു പുരുഷന്‍ ഒരു ബന്ധത്തില്‍ നിന്ന് അകന്ന് മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയാണെങ്കില്‍, വിവാഹബന്ധം വേര്‍പെടുത്തി, തന്റെ പകുതി പ്രായമുള്ള ഒരാളെ വിവാഹം കഴിച്ചാല്‍  'വൗ, എന്തൊരു മനുഷ്യന്‍!' എന്നായിരിക്കും സമൂഹത്തിന്റെ പ്രതികരണം. എന്നാല്‍ ഒരു സ്ത്രീ അത് ചെയ്യുമ്പോള്‍, അവള്‍ ചോദ്യം ചെയ്യപ്പെടും. 'അവള്‍ എന്തിനാണ് അങ്ങനെ ചെയ്തത്? അവള്‍ക്ക് ബോധമില്ലേ?' അത്തരം പരമ്പരാഗത ചിന്താഗതികള്‍ ഇപ്പോഴും ഉണ്ട്.'' 

“എന്റെ ജീവിതത്തിലെ ചില പുരുഷന്മാര്‍ നിര്‍ണായകമായ ഘട്ടങ്ങളില്‍ എനിക്ക് പിന്തുണ നല്‍കുകയും എന്നെ അത്ഭുതപ്പെടുത്തുകയും ചെയ്തിട്ടുള്ളതിനാല്‍ എനിക്ക് പുരുഷന്മാരോട് അങ്ങേയറ്റം ബഹുമാനവും സ്‌നേഹവുമുണ്ട് ” എന്നും മലൈക പറഞ്ഞിരുന്നു.

ഇരുപതുകളുടെ തുടക്കത്തില്‍ എംടിവി ഇന്ത്യയില്‍ വിജെ ആയാണ് മലൈക അറോറ തന്റെ കരിയര്‍ ആരംഭിച്ചത്. സെലിബ്രിറ്റി അഭിമുഖങ്ങളിലൂടെയും ചാനലിലെ നിരവധി ജനപ്രിയ ഷോകളില്‍ അവതാരകയായും എത്തി അവര്‍ പെട്ടെന്ന് പ്രശസ്തിയിലേക്ക് ഉയര്‍ന്നു. താമസിയാതെ അവര്‍ മോഡലിംഗ് ലോകത്തേക്ക് പ്രവേശിക്കുകയും നിരവധി പരസ്യങ്ങളിലും മ്യൂസിക് ആല്‍ബങ്ങളിലും പ്രത്യക്ഷപ്പെടുകയും ചെയ്തു. 1998-ല്‍, 'ചയ്യ ചയ്യ' ഹിറ്റ് ഗാനത്തിലൂടെ അവര്‍ ഒറ്റരാത്രികൊണ്ട് തരംഗമായി. അതേ വര്‍ഷം തന്നെ, സല്‍മാന്‍ ഖാന്റെ ഇളയ സഹോദരനായ നടന്‍ അര്‍ബാസ് ഖാനെ വിവാഹം കഴിച്ചുകൊണ്ട് അവര്‍ ആരാധകരെ ഞെട്ടിച്ചു.

വര്‍ഷങ്ങളോളം ഖാന്‍ കുടുംബത്തിലെ മരുമകളായി മലൈകയുടെ ജീവിതം മുന്നോട്ട് പോയിരുന്നു. കൂടാതെ അര്‍ബാസ് സംവിധാനം ചെയ്ത സല്‍മാന്‍ ഖാന്റെ 'ദബാംഗ്' സിനിമാ പരമ്പരയില്‍ അവര്‍ അതിഥി വേഷത്തിലെത്തി. ഏകദേശം രണ്ട് പതിറ്റാണ്ടോളം ഒരുമിച്ച് ജീവിച്ച ശേഷം, വ്യക്തിപരമായ കാരണങ്ങളാല്‍ 2017-ല്‍ ഇരുവരും പിരിയാന്‍ തീരുമാനിച്ചു.

രണ്ടുപേരും തങ്ങളുടെ ജീവിതവുമായി മുന്നോട്ട് പോയി. അര്‍ബാസ് ജോര്‍ജിയ ആന്‍ഡ്രിയാനിയുമായി ഡേറ്റിംഗ് ആരംഭിച്ചു, അതേസമയം മലൈകയ്ക്ക് തന്നേക്കാള്‍ 12 വയസ്സില്‍ കൂടുതല്‍ പ്രായം കുറഞ്ഞ നടന്‍ അര്‍ജുന്‍ കപൂറുമായുള്ള ബന്ധത്തിന്റെ പേരില്‍ മാധ്യമശ്രദ്ധ ആകര്‍ഷിച്ചു. മലൈക  ചെറിയ കാര്യങ്ങള്‍ക്ക് പോലും നിരന്തരമായ വിമര്‍ശനങ്ങള്‍ക്ക് വിധേയയായി. അതിനിടെ, അര്‍ബാസ് ജോര്‍ജിയയുമായി പിരിയുകയും 35 വയസ്സുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഷൂറയെ വിവാഹം ചെയ്തു. അവര്‍ക്ക് അടുത്തിടെ ഒരു കുഞ്ഞ് ജനിക്കുകയും ചെയ്തു.

''ഞാന്‍ ഇത്രയും ദൂരം എത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. കുറച്ച് പാട്ടുകള്‍ ചെയ്യുക, വിവാഹം കഴിക്കുക, കുട്ടികളുണ്ടാവുക, കുടുബവുമായി ഒതുങ്ങിക്കൂടുക എന്നൊക്കെയാണ് ഞാന്‍ സങ്കല്പിച്ചത്. ഞാന്‍ ഏറെ  മോഹങ്ങളുള്ള ആളാണ്. അത് ഞാൻ അന്ന് തിരിച്ചറിഞ്ഞിരുന്നില്ല. എപ്പോഴും വ്യത്യസ്തവും മികച്ചതുമായ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നവള്‍,'' മലൈക കൂട്ടിച്ചേർത്തു.

25-ാം വയസ്സില്‍ വിവാഹം കഴിക്കാനുള്ള തീരുമാനം അമ്മയെ ഞെട്ടിച്ചെന്നും, അമ്മ ശക്തമായി പ്രതികരിച്ചെന്നും അവര്‍ ഓര്‍മ്മിച്ചു. ''എന്റെ അമ്മ എപ്പോഴും പറയുമായിരുന്നു, 'പുറത്ത് പോയി നിങ്ങളുടെ ജീവിതം ആസ്വദിക്കൂ, ദയവായി നിങ്ങള്‍ ഡേറ്റ് ചെയ്യുന്ന ആദ്യത്തെയാളെ വിവാഹം കഴിക്കരുത്. അങ്ങനെ ചെയ്താല്‍, ഡേറ്റിങ് എന്താണ് എന്ന് എങ്ങനെ അറിയാന്‍ കഴിയും?’  എന്നാല്‍ ഞാന്‍ ഡേറ്റ് ചെയ്ത ആദ്യത്തെയാളെ തന്നെ വിവാഹം കഴിച്ചു. ഞാന്‍ എന്തിനാണ് അങ്ങനെ ചെയ്തതെന്ന് അമ്മയ്ക്ക് മനസ്സിലായില്ല. അപ്പോള്‍ ഞാന്‍ അമ്മയെ സമാധാനിപ്പിച്ചു. ഞങ്ങളെ ജീവിക്കാനും സ്വപ്നം കാണാനും പ്രോത്സാഹിപ്പിച്ച വ്യക്തിയാണ് അമ്മ. ഞങ്ങള്‍ എന്തെങ്കിലും ചെയ്യുന്നതില്‍ നിന്ന് അമ്മ ഒരിക്കലും ഞങ്ങളെ തടഞ്ഞിട്ടില്ല.''

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi