'സൗന്ദര്യ സാബുന് നിര്‍മ...' 'നിര്‍മ' സോപ്പിന്റെ പരസ്യത്തിലെ ഈ പാട്ടിനൊപ്പം ടി.വി പ്രേക്ഷകരുടെ മനസ്സിലേക്ക് ഇടിച്ചുകയറിയ പെണ്‍കുട്ടി. തികച്ചും പുതുമയുള്ള മുഖം തന്നെയായിരുന്നു അവരുടെ ആകര്‍ഷണീയത. 90's കിഡ്സിന്റെ ക്രഷായി മാറിയ സൊണാലി ബേന്ദ്രെ. ഇന്നും ആ പരസ്യവും സൊണാലിയും പ്രേക്ഷകരുടെ മനസ്സിലുണ്ട്.
'ആഗി'ലൂടെയാണ് സൊണാലി ബോളിവുഡിലെത്തിയത്. നാരാസ്, ദ ഡോണ്‍, ടക്കര്‍ എന്നീ സിനിമകളില്‍ അഭിനയിച്ചെങ്കിലും, വഴിത്തിരിവായത് ഒരു പാട്ടാണ്. 'ബോംബെ' എന്ന സിനിമയിലെ 'ഹമ്മ ഹമ്മ' എന്ന ഐറ്റംസോങ് അവര്‍ക്ക് ഒരുപാട് ആരാധകരെ നേടിക്കൊടുത്തു. ശേഷം രക്ഷക്, അപ്നെ ദം പര്, സബൂത്ത്, ദില്‍ജലെ, സര്‍ഫറോഷ്, ഹം സാഥ് സാഥ് ഹെ, ഡ്യൂപ്ലിക്കേറ്റ്...തുടങ്ങി ഒട്ടേറെ നല്ല സിനിമകളുടെ ഭാഗമായി.
2002-ലാണ് അവർ വിവാഹിതയാകുന്നത്. 'നാരാസ്' എന്ന സിനിമയുടെ ലൊക്കേഷനില്‍വെച്ചാണ്, തിരക്കഥാകൃത്തും സംവിധായകനും നിര്‍മാതാവുമായ ഗോള്‍ഡി ബെഹ്ലിനെ കണ്ടുമുട്ടുന്നത്. അത് വൈകാതെ വിവാഹത്തിലെത്തി. ഗോര്‍ഡിയുടെ സഹോദരിയുടെ സുഹൃത്തായിരുന്നു സൊണാലി. അങ്ങനെയാണ് സഹോദരിക്കൊപ്പം ഗോര്‍ഡി സെറ്റിലെത്തുന്നത്. ഭക്ഷണത്തോടുള്ള താത്പര്യമാണ് ഇരുവരെയും അടുപ്പിച്ചത്.
ലോങ് ഡ്രൈവുകളിലൂടെ പ്രണയത്തിലായി. അപ്പോഴും സൊണാലി അത് തുറന്നുസമ്മതിച്ചിരുന്നില്ല. ഇരുവരുടെയും അടുത്തസുഹൃത്തായ അഭിഷേക് ബച്ചനാണ് പ്രശ്നം പരിഹരിച്ചത്. കൂട്ടുകാര്‍ക്കായി അഭിഷേക് ഒരു പാര്‍ട്ടി അറേഞ്ച് ചെയ്തു. അതില്‍വെച്ച് ഗോള്‍ഡി, സൊണാലിയോട് വിവാഹാഭ്യര്‍ഥന നടത്തി. മൂന്നുവര്‍ഷത്തിനുശേഷം മകന് ജനിച്ചു.

പിന്നീട് കുറച്ചുനാള്‍ അവര്‍ സിനിമയില്‍നിന്നെല്ലാം അകന്നുനിന്നു. വെബ് സീരിസുകളിലാണ് കൂടുതലായി അഭിനയിച്ചത്. അതിനിടയിലാണ് 2018-ല്‍ സൊണാലി കാന്‍സര്‍ബാധിതയാണെന്ന് തിരിച്ചറിയുന്നത്. അമേരിക്കയിലായിരുന്നു ചികിത്സ. ''ആദ്യമൊക്കെ ചെറിയ രീതിയിലേ ഉള്ളൂ അസുഖമെന്നാണ് ഞാന്‍ കരുതിയത്. പെറ്റ് സ്കാന്‍ എടുത്തുകഴിഞ്ഞപ്പോള്‍ ഡോക്ടറുടെ മുഖമാകെ വിളറിയിരുന്നു. അതിലാണ് കാന്‍സര്‍ എന്റെ ശരീരത്തിലാകെ പടര്‍ന്നിരിക്കുന്ന കാര്യം മനസ്സിലായത്. അതൊരു ക്രിസ്മസ് ട്രീയുടെ രൂപം പോലെയാണ് എനിക്ക് തോന്നിയത്. ആദ്യമൊന്നും എനിക്കത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. ഉറക്കം കഴിഞ്ഞ് എണീക്കുമ്പോള്‍ എല്ലാം ഓകെയാവുമെന്ന് ചിന്തിച്ച നാളുകള്‍. പക്ഷേ, നാലാമത്തെ സ്റ്റേജിലാണെന്ന് ഡോക്ടര്‍മാര്‍ തുറന്നുപറഞ്ഞു. രക്ഷപ്പെടാന്‍ 30 ശതമാനമേ സാധ്യതയുള്ളൂവെന്നും. പിന്നെ ഒരു പോരാട്ടമായിരുന്നു'', പരീക്ഷണകാലത്തെക്കുറിച്ച് സൊണാലി പറഞ്ഞതിങ്ങനെ.
അസുഖമാണെന്ന് അറിഞ്ഞതോടെ ഗോള്‍ഡി മറ്റെല്ലാം മാറ്റിവെച്ച് സൊണാലിക്കൊപ്പം തന്നെ നിന്നു. അവര്‍ക്ക് ആത്മവിശ്വാസവും കരുത്തും നല്‍കിയും അദ്ദേഹം തന്നെ. ഭര്‍ത്താവാണ് തനിക്കേറ്റവും കൂടുതല്‍ അന്ന് പിന്തുണ നല്‍കിയതെന്ന് സൊണാലി പലപ്പോഴും പറഞ്ഞിട്ടുണ്ട്. മൂന്നുവര്‍ഷത്തിനുള്ളില്‍ രോഗവിമുക്തി നേടിയ സൊണാലി, വീണ്ടും അഭിനയത്തില്‍ സജീവമായി.
ബോളിവുഡിലെ എക്കാലത്തെയും സ്റ്റൈലിഷ് താരങ്ങളിലൊരാളാണ് സൊണാലി. ബോളിവുഡിന്റെ 'ഗോള്‍ഡന്‍ ഗേള്‍' എന്നറിയപ്പെടുന്ന സൊണാലി 90's കിഡ്സിന് എന്നും നിര്‍മ ഗേള്‍ തന്നെ.
Content Highlights: life story of sonali bendre
Published: 01 Jan 2025, 03:16 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented