കൗസല്യ സുപ്രജ രാമ പൂര്‍വ സന്ധ്യ പ്രവര്‍ത്തതെ
ഇന്നും പല ക്ഷേത്രങ്ങളിലെയും വീടുകളിലെയും പ്രഭാതം തുടങ്ങുന്നത്, എം.എസ്.സുബ്ബലക്ഷ്മിയുടെ ഈ വെങ്കിടേശ സുപ്രഭാതത്തോടെയാണ്. മധുരൈ ഷണ്മുഖവടിവ് സുബ്ബുലക്ഷ്മി എന്ന എം.എസ്.സുബ്ബലക്ഷ്മി. ആരാധകരുടെ പ്രിയപ്പെട്ട എം.എസ്. മരിച്ച് 23 വര്‍ഷങ്ങള്‍ക്കിപ്പുറവും അവര്‍ ബാക്കിയാക്കിപ്പോയ സംഗീതം, അവരുടെ മരിക്കാത്ത ഓര്‍മകള്‍ക്ക് തുല്യമാണ്.
ഗാന്ധിജിക്കും നെഹ്‌റുവിനും ഒരുപോലെ പ്രിയപ്പെട്ട ഗായിക. 1947-ല്‍ ഡല്‍ഹിയില്‍വെച്ചാണ് എം.എസ്, ഗാന്ധിജിയെയും നെഹ്‌റുവിനെയും ആദ്യമായി കാണുന്നത്. അവരുടെ സംഗീതപരിപാടി കഴിഞ്ഞയുടന്‍ നെഹ്‌റു എഴുന്നേറ്റുനിന്ന് കൈയടിച്ചു. ഒടുവില്‍ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു, ''ഞാനാര്? ഈ സ്വരരാജ്ഞിക്കുമുന്നില്‍ വെറുമൊരു പ്രധാനമന്ത്രി''.
ഗാന്ധിജി തനിക്കിഷ്ടപ്പെട്ട പല ഭജനകളും അവരെക്കൊണ്ട് പാടിച്ചിട്ടുണ്ട്. 'വൃന്ദാവനത്തിലെ തുളസി' എന്നായിരുന്നു ഗാന്ധിജി അവരെ വിശേഷിപ്പിച്ചിരുന്നത്. 1948-ല്‍ പെട്ടെന്നൊരു ദിവസം സുബ്ബലക്ഷ്മിയുടെ ഭര്‍ത്താവ് സദാശിവത്തിന് ഒരു ഫോണ്‍കോള്‍ വന്നു. ഡല്‍ഹിയില്‍നിന്നാണ് വിളിക്കുന്നത്. ഗാന്ധിജിക്കായി 'ഹരി തുമോ ഹര' എന്ന ഭജന പാടി അയച്ചുകൊടുക്കണം, ഇതായിരുന്നു ഫോണ്‍ വിളിച്ചയാള്‍ ആവശ്യപ്പെട്ടത്. ആ ഗാനം സുബ്ബലക്ഷ്മിക്ക് അത്ര പരിചിതമല്ലാത്തതിനാല്‍ വേറെ ആരെക്കൊണ്ടെങ്കിലും പാടിച്ചാല്‍ മതിയോ എന്ന് സദാശിവം ചോദിച്ചു. പറ്റില്ലെന്ന് മറുതലയ്ക്കല്‍നിന്ന് മറുപടിയും വന്നു.
അന്നുരാത്രി തന്നെ ആ ഭജന പാടി റെക്കോര്‍ഡ് ചെയ്ത് ഗാന്ധിജിക്ക് അയച്ചുകൊടുത്തു. നാളുകള്‍ കഴിഞ്ഞു. ഒരുദിവസം റേഡിയോയിലൂടെയാണ്, ഗാന്ധിജി കൊല്ലപ്പെട്ട വിവരം സുബ്ബലക്ഷ്മി അറിയുന്നത്. തൊട്ടുപുറകെ അവര്‍ പാടിയ, 'ഹരി തുമോ ഹര' എന്ന് ഭജനയും. അന്നുമുഴുവന്‍ ആകാശവാണി അത് സംപ്രേഷണം ചെയ്തു.

ഇന്ത്യയില്‍ മാത്രം ഒതുങ്ങിനിന്നില്ല അവരുടെ പ്രശസ്തി. കര്‍ണാടകസംഗീതത്തിന് വിദേശത്ത് ഒരുപാട് ആരാധകരുണ്ടായത്, സുബ്ബലക്ഷ്മിയിലൂടെയാണ്. 1966-ല്‍ ഐക്യരാഷ്ട്ര സഭയില്‍ പാടാനുള്ള അവസരം ലഭിച്ചു. മാഗ്‌സാസെ പുരസ്‌കാരം ലഭിച്ച ആദ്യ ഇന്ത്യന്‍ സംഗീതജ്ഞയാണവര്‍. ഭാരതരത്‌ന ലഭിച്ച ആദ്യ ഗായികയും ഇവര്‍ തന്നെ. ഒപ്പം പദ്മഭൂഷണ്‍, പത്മശ്രീ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. പ്രശസ്തിയുടെ ഉന്നതിയില്‍ നില്‍ക്കുമ്പോഴും സംഗീതത്തിന് മുന്നില്‍ എളിമയോടെ നില്‍ക്കുന്ന ഒരു വിദ്യാര്‍ത്ഥിയായാണ് അവര്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്. 80-ാം വയസ്സിലും കുട്ടികളെപ്പോലെ പരിശീലനത്തിനായി മൂന്നുമണിക്കൂര്‍ എങ്കിലും അവര്‍ മാറ്റിവെച്ചു.
അമ്മയില്‍നിന്ന് പകര്‍ന്നുകിട്ടിയ കഴിവ്
മധുരയിലാണ് ജനനം. അച്ഛന്‍ സുബ്രഹ്മണ്യ അയ്യര്‍ എന്ന് ചിലയിടത്ത് രേഖപ്പെടുത്തിയിരിക്കുന്നു. (അതല്ല അമ്മ അവിവാഹിതയായിരുന്നുവെന്നും ചില രേഖകള്‍ പറയുന്നു). അമ്മ ഷണ്‍മുഖവടിവ് നന്നായി വീണ വായിക്കുമായിരുന്നു. അതുകൊണ്ടായിരിക്കാം സംഗീതമായിരുന്നു എം.എസിന് എല്ലാം. പലപ്പോഴും പേപ്പര്‍ കഷണം ചുരുട്ടി, ഗ്രാമഫോണിലെന്നതുപോലെ മണിക്കൂറുകളോളം പാടുമായിരുന്നു അവര്‍. ഇതുകണ്ട അമ്മ സംഗീതം പഠിപ്പിക്കാന്‍ തുടങ്ങി. പിന്നീട് മധുരൈ ശ്രീനിവാസ അയ്യങ്കാര്‍, ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍ എന്നിവരുടെ ശിഷ്യയായി.
ഏഴോ എട്ടോ വയസ്സുള്ളപ്പോഴാണ് പൊതുവേദിയില്‍ ആദ്യമായി പാടുന്നത്. ഇതിനെക്കുറിച്ച് അവര്‍ പിന്നീട് ഓര്‍ത്തതിങ്ങനെ. ''മണ്ണ് കുഴച്ച് കളിക്കുകയായിരുന്നു. അപ്പോഴാണ് ആരോ അടുത്തുള്ള സ്‌കൂളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്. അമ്മയുടെ കച്ചേരി നടക്കുന്നുണ്ട് അവിടെ. എന്റെ കൈകളിലും കാലുകളിലും ദേഹത്തും പാവാടയിലുമെല്ലാം ചെളിയായിരുന്നു. അവിടെച്ചെന്ന് കുറച്ച് പാട്ടുകള്‍ പാടി. ആളുകള്‍ കൈയടിക്കുകയും ചിരിക്കുകയുമൊക്കെ ചെയ്തു. അന്നതൊന്നും എനിക്ക് മനസ്സിലായില്ല. എങ്ങനെയെങ്കിലും തിരിച്ചുപോയി കളിക്കണമെന്ന് മാത്രമായിരുന്നു മനസ്സില്‍''.

ആദ്യത്തെ റെക്കോഡിങ് 1926-ലാണ്. അന്ന് സുബ്ബലക്ഷ്മി പാടുമ്പോള്‍, അമ്മ വീണ വായിച്ചു. പക്ഷേ പിന്നീട് കാര്യമായ അവസരങ്ങളൊന്നും വന്നില്ല. സ്ത്രീകള്‍ പൊതുവേദികളില്‍ പാടുന്നതിനെ എതിര്‍ത്തിരുന്ന കാലം. പോരെങ്കില്‍ സുബ്ബലക്ഷ്മിയുടെ അമ്മ ദേവദാസി ഗണത്തില്‍നിന്നുള്ളവരും. ഇതുരണ്ടും അവര്‍ക്ക് ചെറുപ്പത്തിലൊക്കെ പ്രതിബന്ധമായി. പക്ഷേ അതെല്ലാം അവരുടെ ശബ്ദത്തിനുമുന്നില്‍ ഒന്നുമല്ലാതായി.
എം.എസ് ചെറിയ കച്ചേരികളില്‍ പാടിത്തുടങ്ങി. താളവാദ്യക്കാരനായ ദക്ഷിണാമൂര്‍ത്തി പിള്ളയുടെ വീട്ടിലെ ഒരു കല്യാണത്തിനാണ് ആദ്യമായി പാടുന്നത്. ആ പാട്ടുകേട്ട എല്ലാവരും അവരെ അഭിനന്ദിച്ചു.
ഭാഗ്യം തേടി മദ്രാസിലേക്ക്...
അതോടെ മകളുടെ കഴിവില്‍ അമ്മയ്ക്ക് വിശ്വാസം വന്നു. അങ്ങനെ മകളെയും കൂട്ടി മദ്രാസിലേക്ക് മാറി. ഭാഗ്യം തേടിയുള്ള യാത്ര. പതിനേഴാമത്തെ വയസ്സില്‍ മദ്രാസ് മ്യൂസിക് അക്കാദമിയില്‍ പാടാനുള്ള അവസരം ലഭിച്ചു. ആളുകള്‍ അവരെ വാനമ്പാടി എന്നുവിളിച്ചു തുടങ്ങി. അതിനൊപ്പം സിനിമകളില്‍ അഭിനയിക്കാനുള്ള അവസരവും കിട്ടി. സേവാസദനത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.
സിനിമാനിര്‍മാതാവും ഗായകനും സ്വാതന്ത്ര്യ സമരസേനാനിയുമായ കല്‍ക്കി സദാശിവത്തെ കണ്ടുമുട്ടിയതാണ് അവരുടെ ജീവിതത്തിലെ വഴിത്തിരിവ്. അഭിനയത്തിനൊപ്പം തന്നെ സംഗീതത്തിലും ശ്രദ്ധകേന്ദ്രീകരിക്കാന്‍ ഈ ബന്ധം അവരെ സഹായിച്ചു. അമ്മയുടെയും മറ്റു ബന്ധുക്കളുടെയും എതിര്‍പ്പിനെ മറികടന്ന്, 1940-ല്‍ ഇരുവരും വിവാഹിതരായി.

പിന്നീട് സുബ്ബലക്ഷ്മിയുടെ ഗുരുവും വഴികാട്ടിയുമായി മാറി സദാശിവം. 1945-ല്‍ സദാശിവം നിര്‍മിച്ച മീര എന്ന സിനിമയിലെ കഥാപാത്രത്തെ അവര്‍ അനശ്വരമാക്കി. അതില്‍ അവര്‍ പാടുകയും ചെയ്തു. അതും 21 മീരാഭജനുകള്‍. ഈ ഭജനുകള്‍ അവര്‍ക്ക് ഒട്ടേറെ ആരാധകരെ നേടിക്കൊടുത്തു. രണ്ടുവര്‍ഷത്തിനുശേഷം അതിന്റെ ഹിന്ദിയും പുറത്തിറക്കി, മീരാബായ് എന്ന പേരില്‍. അതോടെ എം.എസ് രാജ്യം മുഴുവന്‍ അറിയപ്പെടുന്ന കലാകാരിയായി മാറി. അതിനുശേഷവും സിനിമയിലേക്കുള്ള കുറേ അവസരങ്ങള്‍ വന്നുവെങ്കിലും, അതെല്ലാം അവര്‍ വേണ്ടെന്നുവെച്ചു. സംഗീതത്തില്‍ മാത്രം ജീവിക്കാന്‍ തീരുമാനിച്ചു.
സംഗീതമയം ജീവിതം
1963-ലാണ് എച്ച്എംവി 'വെങ്കടേശ സുപ്രഭാതം' ഇറക്കുന്നത്. ഇന്നും അത് ആളുകള്‍ കേട്ടുകൊണ്ടേയിരിക്കുന്നു. അതിനൊപ്പം ഭജഗോവിന്ദം, വിഷ്ണുസഹസ്രനാമം എന്നിവയും എം.എസിന്റേതായി ഉണ്ട്. ഗാന്ധിജിയുടെ ഏറെ പ്രിയപ്പെട്ട 'വൈഷ്ണവ ജനതോ'യിലെ ഒരു ശബ്ദം സുബ്ബലക്ഷ്മിയുടേതാണ്.

ആരാധകര്‍ ഏറെയുണ്ടായിരുന്നു അവര്‍ക്ക്. ആരാധന മൂത്ത് കാഞ്ചീപുരത്തിന് സുബ്ബലക്ഷ്മിയുടെ പേരുമിട്ടു ഒരാള്‍. എല്ലാ യാത്രകളിലും കാഞ്ചീപുരമായിരുന്നു സുബ്ബലക്ഷ്മിയുടെ വേഷം. വ്യത്യസ്തമായ നിറങ്ങളിലുള്ള കാഞ്ചീപുരം. ഒരിക്കല്‍ അവരുടുത്ത നീല കാഞ്ചീപുരം കണ്ട് മുത്തു ചെട്ടിയാര്‍ എന്നാരാള്‍, അതുപോലുള്ള കുറേ സാരികള്‍ നെയ്‌തെടുത്തു. അതിന് എം.എസ് ബ്ലൂ എന്ന് പേരിടുകയും ചെയ്തു. നീലയും പച്ചയും നിറങ്ങളിലുള്ള കാഞ്ചീപുരം സാരികള്‍ ഇത്ര പ്രശസ്തമായത് സുബ്ബലക്ഷ്മിയിലൂടെയാണ്.
1997-ല്‍ സദാശിവം മരിച്ചതോടെ ജീവിതം ഇരുട്ടിലാഴ്ന്നതുപോലെ അവര്‍ക്ക് തോന്നി. 57 വര്‍ഷം ഒരുമിച്ചുള്ള ജീവിതം...അവര്‍ ഉറങ്ങാതെയും ഭക്ഷണം കഴിക്കാതെയും പാടാതെയും കഴിച്ചുകൂട്ടി. പൊതുവേദികളില്‍ പാടുന്നതും അവര്‍ നിര്‍ത്തി. ഒടുവില്‍ പാട്ടുജീവിതം അവസാനിപ്പിച്ച് 2004-ല്‍ അവരുടെ മരണവും.
Content Highlights: life story of ms subbulakshmi
Published: 04 Jul 2024, 04:07 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented