ഇന്ന് ഇന്ത്യന്‍ ടെലിവിഷനിലെ ഏറ്റവും അറിയപ്പെടുന്ന പേരാണ് ഭാര്‍തി സിങ്. ടെലിവിഷന്‍ രംഗത്തെ ഏറ്റവും വിലപിടിപ്പുള്ള താരം. അവാര്‍ഡ് ഷോ, റിയാലിറ്റി ഷോ...ഇതിലെല്ലാം ഭാര്‍തിയുണ്ടെങ്കില്‍ സംഭവം ഉഷാറാകും. തന്റെ സ്വതസിദ്ധമായ തമാശകളിലൂടെ, ഉരുളയ്ക്കുപ്പേരി പോലുള്ള ഡയലോഗുകളിലൂടെ പരിപാടി അവര്‍ കൊഴുപ്പിക്കും. 

To advertise here,

ഇപ്പോള്‍ ഒരഭിമുഖത്തില്‍ തന്റെ ഗര്‍ഭകാലത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അവരിപ്പോള്‍. ''കുറച്ചുപ്രശ്‌നങ്ങളുള്ളതുകൊണ്ട് ഗര്‍ഭിണിയാണെന്നുള്ള കാര്യം ആരോടും പറയേണ്ടെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. അങ്ങനെ നാലുമാസത്തോളം എന്റെയും ഹര്‍ഷിന്റെയും മാതാപിതാക്കളില്‍നിന്ന് പോലും അത് മറച്ചുവെച്ചു. അന്ന് ഡാന്‍സ് ദിവാനെ എന്ന പരിപാടി അവതരിപ്പിക്കുകയായിരുന്നു. അവിടെ സഹായം ചോദിക്കാന്‍ പറ്റിയ സ്ത്രീകളുമില്ല. അതുകൊണ്ട് ആകെ ബുദ്ധിമുട്ടായിരുന്നു. ഛര്‍ദിക്കാന്‍ തോന്നുമ്പോള്‍ മൈക്ക് ഓഫ് ചെയ്ത് ഞാന്‍ വാനിറ്റി വാനിലേക്ക് ഓടും. തടിയുള്ളതുകൊണ്ട് വയര്‍ വലുതായത് ആര്‍ക്കും മനസ്സിലായില്ല. എന്റെ ബുദ്ധിമുട്ട് കണ്ട് കാര്യം അന്വേഷിച്ചവരോട് അസിഡിറ്റി പ്രശ്‌നമാണെന്നാണ് പറഞ്ഞത്. ഹര്‍ഷ് ആണ് ആ സമയത്തുള്ള എന്റെ ഓരോ ചെറിയ കാര്യങ്ങള്‍ വരെ നോക്കിയത്''. 

placeholder
ഭാര്‍തി സിങ് ഭര്‍ത്താവ് ഹര്‍ഷ് ലിംബാച്ചിയയ്‌ക്കൊപ്പം / instagram

ഒടുവില്‍ കുടുംബക്കാര്‍ അറിഞ്ഞപ്പോള്‍ ആദ്യം ആവശ്യപ്പെട്ടത് ജോലിയില്‍നിന്ന് ഒരു ചെറിയ ബ്രേക്ക് എടുക്കാനായിരുന്നു. ''എന്റെ ആരോഗ്യത്തെപ്പറ്റി ചിന്തിച്ചായിരുന്നു അങ്ങനെ പറഞ്ഞത്. പക്ഷേ ജോലി ചെയ്യുമെന്ന് ഞാനുറപ്പിച്ചിരുന്നു.  

പഞ്ചാബിലാണ് ഭാര്‍തിയുടെ ജനനം. ദ ഗ്രേറ്റ് ഇന്ത്യന്‍ ലാഫ്ടര്‍ ചാലഞ്ച് എന്ന സ്റ്റാന്‍ഡ് അപ് കോമഡി റിയാലിറ്റി ഷോയിലൂടെയാണ് ഭാര്‍തി തന്റെ കരിയര്‍ തുടങ്ങുന്നത്. അതില്‍ സെക്കന്റ് റണ്ണറപ്പായിരുന്നുവെങ്കിലും, ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയത് ഭാര്‍തി തന്നെയാണ്. ഒരു ചെറിയ കുട്ടിയുടെ വേഷമിട്ട്, കുട്ടിയുടെ ശബ്ദത്തില്‍ സംസാരിച്ചും അവര്‍ വേറിട്ടുനിന്നു. തുടക്കത്തില്‍ ഒരുപാട് ബോഡി ഷെയ്മിങ്ങും പ്രതിസന്ധികളും നേരിട്ടെങ്കിലും, പതുക്കെ അവര്‍ പിടിച്ചുകയറി. 

ഇന്ത്യാസ് ഗോട്ട് ടാലന്റ്, ദ കപില്‍ ശര്‍മ ഷോ, ഇന്ത്യാസ് ബെസ്റ്റ് ഡാന്‍സര്‍...അങ്ങനെ കുറേ പരിപാടികള്‍ അവതരിപ്പിച്ചു. ഇതില്‍ പലതിലും അവതാരകനും എഴുത്തുകാരനും കൊമേഡിയനുമായ ഹര്‍ഷ് ലിംബാച്ചിയയും സഹ-അവതാരകനായുണ്ടായിരുന്നു. വര്‍ഷങ്ങള്‍ നീണ്ടുനിന്ന പ്രണയത്തിനുശേഷം, 2017-ല്‍ ഇരുവരും വിവാഹിതരായി. 2022-ലാണ് അവര്‍ക്ക് മകന്‍ പിറന്നത്, ലക്ഷ്. 

ഒരിക്കല്‍ താന്‍ നേരിട്ട ബോഡി ഷെയ്മിങ്ങിനെക്കുറിച്ചും ഭാര്‍തി തുറന്നുപറഞ്ഞിരുന്നു. ''ഞാന്‍ സോഷ്യല്‍മീഡിയയില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോഴെല്ലാം, അതിനുതാഴെ ആളുകള്‍ വന്ന് തടിച്ചി, പാണ്ട എന്നൊക്കെ വിളിക്കുമായിരുന്നു. ആദ്യമൊക്കെ ദേഷ്യവും സങ്കടവും തോന്നും. പിന്നെ ഞാനിങ്ങനെ ചിന്തിക്കും, അവര്‍ക്ക് പ്രത്യേകിച്ച് ചെയ്യാനൊന്നുമില്ല, ഇഷ്ടംപോലെ സമയവുമുണ്ട്. അവര്‍ മുംബൈ ലോഖണ്ഡ്‌വാലയ്ക്ക് അപ്പുറം ലോകം കാണാത്തവരാവും. അതുകൊണ്ടാണ് ഇങ്ങനെ ഓരോന്ന് എഴുതിവിടുന്നത്''. 

placeholder
സുനില്‍ ഷെട്ടിക്കും സല്‍മാന്‍ ഖാനുമൊപ്പം / ഫോട്ടോ: Gettyimages, instagram

വിവാഹസമയത്തും ഭാര്‍തി ഒരുപാട് പരിഹാസം നേരിട്ടു. ''ഇതാണ് ആനയും ഉറുമ്പും തമ്മിലുള്ള പെര്‍ഫെക്ട് കോമ്പിനേഷന്‍, നിങ്ങളെ കണ്ടാല്‍ അമ്മയെയും മകനെയും പോലെ തോന്നും...അങ്ങനെ വളരെ മോശമായ കമന്റുകള്‍. സാധാരണയായി വിവാഹഫോട്ടോ ഇടുമ്പോള്‍ ആശംസകളല്ലേ ലഭിക്കുക, ഞങ്ങള്‍ക്ക് ട്രോളുകള്‍ മാത്രമായിരുന്നു. സ്ത്രീകള്‍ തന്നെ ചോദിച്ചിട്ടുണ്ട്, നിങ്ങള്‍ വീര്‍ത്തുപൊട്ടിപ്പോവുമോ എന്ന്. പക്ഷേ ഇതൊന്നും എന്നെ ഇപ്പോള്‍ ബാധിക്കാറില്ല. ഇത് ഭക്ഷണംകഴിച്ച് ഞാനുണ്ടാക്കിയ തടിയാണ്. അതെന്റെ ചോയ്‌സ് അല്ലേ?''

വളരെ ദരിദ്രമായ ചുറ്റുപാടില്‍നിന്നാണ് ഇന്ത്യന്‍ ടെലിവിഷന്‍ ലോകത്തേക്കുള്ള യാത്ര ഭാര്‍തി തുടങ്ങുന്നത്. ഭാര്‍തിക്ക് രണ്ടുവയസ്സുള്ളപ്പോള്‍ തന്നെ അച്ഛന്‍ മരിച്ചു. പിന്നെ അമ്മയായിരുന്നു എല്ലാം. ഭാര്‍തിയടക്കം മൂന്നുമക്കളെ അമ്മ ഒറ്റയ്ക്ക് വളര്‍ത്തി. ''അമ്മ പല ജോലികളും ചെയ്തു. ഫാക്ടറികളിലും വീടുകളിലും ജോലിചെയ്തു. പൊതു ടോയ്‌ലെറ്റുകള്‍ വൃത്തിയാക്കി. പണിയെടുക്കുന്ന വീടുകളില്‍ ബാക്കിയുണ്ടാകുന്ന ഭക്ഷണമാണ് ഞങ്ങള്‍ അന്നൊക്കെ കഴിച്ചത്. അത്രയും ദരിദ്രമായ ചുറ്റുപാടില്‍ കോമഡിക്ക് തീരെ സ്ഥാനമുണ്ടായിരുന്നില്ല.'' എന്നിട്ടും അന്നുമുതലേ തമാശകള്‍ പറഞ്ഞ് ആളുകളെ പൊട്ടിച്ചിരിപ്പിച്ചു. അതാണ് പിന്നീടവര്‍ക്ക് കരുത്തായതും. 

placeholder
ഭാര്‍തി മകന്‍ ലക്ഷിനൊപ്പം

ഉള്ളില്‍ കരയുമ്പോഴും അതൊന്നും മുഖത്തുകാണിക്കാതെ ചിരിപ്പിക്കുന്ന ജോലിയാണ് കൊമേഡിയന്റേതെന്ന് ഭാര്‍തി പറയുന്നു. ''ആദ്യത്തെ സ്റ്റാന്‍ഡപ്പ് കോമഡി ഷോയില്‍ വരുമ്പോള്‍ അമ്മയും കൂടെയുണ്ടായിരുന്നു. ഒരു ഹോട്ടലില്‍ താമസവും സ്‌പോണ്‍സര്‍മാര്‍ ശരിയാക്കിയിരുന്നു. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കഴിച്ച് മാത്രമേ ഞങ്ങള്‍ക്ക് ശീലമുള്ളൂ. ഹോട്ടലിലെ ഭക്ഷണം കുറേ ദിവസം കഴിച്ചപ്പോഴേക്കും അമ്മയ്ക്ക് വയറില്‍ അള്‍സര്‍ വന്നു. അത് ഗുരുതരമായി, ഐ.സി.യു.വിലായി. എന്നിട്ടും എനിക്ക് ഷൂട്ടിന് പോകേണ്ടിവന്നു, കാരണം അന്ന് സെമിഫൈനലായിരുന്നു. സ്‌റ്റേജില്‍വെച്ച് ആളുകളെ ചിരിപ്പിക്കുമ്പോഴും, ഞാനുള്ളില്‍ കരയുകയായിരുന്നു''. ഇന്ന് ഒരു എപ്പിസോഡിന് മാത്രം പത്തുലക്ഷം രൂപയാണ് ഭാര്‍തിയുടെ പ്രതിഫലം.