
വര്‍ഷം 2015. ഡേറ്റയ്ക്ക് പൊന്നും വിലയുള്ള സമയം. യൂട്യൂബ് സെലിബ്രിറ്റികളുടെ ചാകര തുടങ്ങും മുന്‍പുള്ള കാലം. ജിയോയുടെ മൊബൈല്‍ ഡേറ്റാവിപ്ലവം വരുന്നേയുള്ളൂ. തമാശ മെസ്സേജുകളും കൊച്ചു വീഡിയോകളും പിശുക്കി പിശുക്കി ഫോര്‍വേഡ് ചെയ്യുന്ന ആളുകള്‍.അന്നൊരിക്കല്‍, ഒരു കൊച്ചു പെണ്‍കുട്ടി പാടിയ ഹനുമാന്‍ ചാലിസയുടെ വീഡിയോ മൊബൈലുകളില്‍നിന്ന് മൊബൈലുകളിലേക്ക് ചിറകടിച്ച് പറന്നു.കണ്ടവര്‍ കണ്ടവര്‍ ഉള്‍പ്പുളകത്തോടെ അത് വീണ്ടും വീണ്ടും കണ്ടു. എന്നിട്ടും മതിവരാതെ, സ്വരുക്കൂട്ടി വെച്ച ഡേറ്റ ചെലവാക്കി സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്തു. ആന്ധ്രയില്‍ നിന്നോ ബംഗളൂരുവില്‍ നിന്നോ ഉള്ള ഒരു കൊച്ചു ഗായിക- വീഡിയോ കണ്ട പലരും കരുതി. പിന്നീട് ആ മിടുക്കിയുടെ പുതിയ പുതിയ പാട്ടുവീഡിയോകള്‍ അന്നത്തെ പരിമിത സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി.പേര് സൂര്യഗായത്രി.
കുല്‍ദീപ് എം പൈ എന്ന ഗുരുനാഥന്‍ തയ്യാറാക്കുന്ന സംഗീത ആല്‍ബങ്ങള്‍ പാടുന്ന ഒരു കുഞ്ഞു മിടുക്കി. ഈ അനുഗ്രഹീതഗായിക ആരെന്ന് തിരഞ്ഞവര്‍ക്ക് അത്രയൊക്കെ വിവരങ്ങള്‍ മാത്രമേ ലഭിച്ചിരുന്നുള്ളൂ. കുല്‍ദീപ് മാസ്റ്റര്‍ തയ്യാറാക്കുന്ന മറ്റ് ഏത് വീഡിയോകളെക്കാളും അക്കാലത്ത് റീച്ച് ഉണ്ടായിരുന്നത് സൂര്യഗായത്രി പാടുന്ന വീഡിയോകള്‍ക്കായിരുന്നു. കുല്‍ദീപ് എം പൈയുടെ ചാനലും പിന്നീട് വന്‍ഹിറ്റിലേക്ക് എത്തി.ഇത് പഴങ്കഥ. ഇന്ന് സൂര്യഗായത്രി ലോകം അറിയുന്ന ഗായിക, sooryagayathri എന്നുതന്നെ പേരിട്ട സ്വന്തം യൂട്യൂബ് ചാനലിന്റെ ഉടമ. ലക്ഷക്കണക്കിന് ഫോളോവേഴ്‌സ്. ഇരുപത് കോടിയിലധികം വ്യൂവേഴ്‌സ്. സംഗീതപരിപാടികള്‍ അവതരിപ്പിക്കാന്‍ ഭൂഖണ്ഡങ്ങളില്‍ നിന്ന് ഭൂഖണ്ഡങ്ങളിലേക്ക് പറക്കുന്ന താരം. കോഴിക്കോട് ജില്ലയിലെ വടകരയിലെ പുറമേരിയില്‍ നിന്നാണ് സൂര്യഗായത്രി വരുന്നത്.ഇപ്പോള്‍ കടത്തനാട് രാജാസ് ഹൈസ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിനി. ഭജന്‍സിനും ഭക്തിഗാനങ്ങള്‍ക്കും പൊതുവേ മാര്‍ക്കറ്റ് കുറവാണ് എന്ന പേരുദോഷമുള്ള കേരളത്തിന്റെ മണ്ണില്‍ നിന്ന് ഉയര്‍ന്നുവന്ന ഈ ഗായിക പലരുടെയും ആസ്വാദന അഭിരുചികളെ തന്നെ മാറ്റിപ്പണിതുകളഞ്ഞു എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയല്ല.
Also Read
താളം വിരിയുന്ന വീട്
പാട്ടിന്റെയും കലയുടെയും പാരപര്യമുണ്ട് സൂര്യയ്ക്ക്. അച്ഛന്‍ പി.വി.അനില്‍ കുമാര്‍ മൃദംഗവിദ്വാന്‍. അച്ഛച്ചന്‍ നൃത്ത അധ്യാപകനായിരുന്നു. ഇളയച്ഛന്‍ സനില്‍ വയലിനിസ്റ്റ്. അനുജന്‍ ശിവസൂര്യയും ഗാനതാളവാദ്യങ്ങളുടെ പാതയില്‍ത്തന്നെ. സൂര്യയുടെ സംഗീതത്തെപ്പറ്റി പറയുമ്പോള്‍ അവളുടെ അമ്മയെപ്പറ്റിയും ചിലത് പറയാതെ വയ്യ. വിരലുകളില്‍ കവിത പൂക്കുന്ന കവയിത്രിയാണ് സൂര്യയുടെ അമ്മ പി.കെ. ദിവ്യ. നരിപ്പറ്റ RNMHSS ഒന്‍പതാം ക്‌ളാസില്‍ പഠിക്കുമ്പോള്‍ കവിതാരചനയില്‍ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ പ്രതിഭ. എങ്കിലും, എഴുത്തിന്റെ തുടര്‍ച്ച പാതിവഴിയില്‍ എപ്പോഴോ ഇടറി. പിന്നീട് സൂര്യമോള്‍ പാടിത്തുടങ്ങിയപ്പോള്‍ അവള്‍ക്കായി എഴുതാന്‍ തുടങ്ങി. സ്‌കൂളില്‍ ചൊല്ലാനുള്ള പ്രാര്‍ഥനാഗാനം മുതല്‍ കവിതകളും ലളിതഗാനങ്ങളുമൊക്കെ എഴുതി.'ഞാന്‍ എഴുതുന്ന മിക്ക പാട്ടുകളും സൂര്യമോള്‍ തന്നെ കുഞ്ഞുന്നാള്‍ തൊട്ട് കമ്പോസ് ചെയ്ത് പാടും. അത് കേള്‍ക്കുന്നതിലും വലിയ സന്തോഷം മറ്റെന്തുണ്ട്?'' ഇന്ന് സൂര്യഗായത്രിയുടെ ചാനലില്‍ അവതരിപ്പിക്കപ്പെടുന്ന മിക്ക ഡിവോഷണല്‍ ഗാനങ്ങളും ദിവ്യ എഴുതി, സൂര്യയോ അച്ഛന്‍ അനിലോ ചിട്ടപ്പെടുത്തിയവയാണ്. ''അമ്മ എഴുതിയവ എല്ലാം എന്റെ പ്രിയഗാനങ്ങളാണ്. എങ്കിലും ഒന്ന് തിരഞ്ഞെടുക്കാന്‍പറഞ്ഞാല്‍ കൃഷ്ണാനന്ദം എന്ന പാട്ട് എടുക്കും. അമ്മ എഴുതി അച്ഛന്‍ താളമിട്ട് ഞാനും അനിയനും ഒന്നുചേര്‍ന്ന് പാടിയ പാട്ട്, അനിയനും ഞാനും ആദ്യമായി ഒന്നിച്ചു പാടി റെക്കോഡ് ചെയ്ത പാട്ടും ഇതുതന്നെ.

'ഹനുമാന്‍ ചാലിസ' എന്ന വഴിത്തിരിവ്
സൂര്യയുടെ അച്ഛന്റെ സുഹൃത്താണ് സംഗീതജ്ഞനായ കുല്‍ദീപ് എം പൈ. അദ്ദേഹം ഒരിക്കല്‍ ഒരു മൊബൈല്‍ കമ്പനിക്കുവേണ്ടി ഹനുമാന്‍ ചാലിസ, റിങ് ടോണായി ഒരുക്കി. ഭക്തകവി തുളസീദാസ് പതിനാറാം നൂറ്റാണ്ടില്‍ രചിച്ച ആ ഹനുമാന്‍ സ്തുതി, റിങ്‌ടോണിനു വേണ്ടി പാടാനുള്ള അവസരം സൂര്യഗായത്രിയിലേക്ക് അവിചാരിതമായി വന്നുചേര്‍ന്നു.അന്നവള്‍ക്ക് എട്ടുവയസ്സാണ് പ്രായം.കേള്‍ക്കാന്‍ മാത്രമല്ല, കാണാനും ഇമ്പം തോന്നുന്ന രീതിയിലാണ് സൂര്യമോള്‍ പാടുന്നത്. ആ കൗതുക കാഴ്ച ഒരു കൊച്ചു വീഡിയോയാക്കികുല്‍ദീപ് പൈ തന്റെ ഫെയ്‌സ്ബുക്ക് പേജിലും യൂട്യൂബിലും ഷെയര്‍ ചെയ്തു. അതിവേഗം തന്നെ അത് വന്‍ ഹിറ്റായി. സൂര്യഗായത്രി എന്ന പാന്‍ ഇന്ത്യന്‍ ഗായികയുടെ ഉദയമായിരുന്നു അത്. പിന്നീട് അവള്‍ പാടിയ ഗണേശ പഞ്ചരത്‌നവും ആളുകളുടെ ഹൃദയം കവര്‍ന്നു. 2023 ലും സൂര്യ പാടിയ ഈ പാട്ടുകളെ തേടി ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്നു എന്നു പറഞ്ഞാലേ കഥ പൂര്‍ണമാവൂ.
പത്താം വയസ്സില്‍ എം.എസ്.സുബ്ബലക്ഷ്മി ഫെലോഷിപ്പ് സൂര്യയെ തേടിയെത്തി. പിന്നീട് കലാനിധി സംഗീതരത്‌ന പുരസ്‌കാരം, 2017-ല്‍ കുല്‍ ദീപ് മാസ്റ്റര്‍ക്കൊപ്പം സമാജ് ശക്തി അവാര്‍ഡ് തുടങ്ങി പല അംഗീകാരങ്ങള്‍. ഇന്ത്യയില്‍ അങ്ങോളമിങ്ങോളം അഞ്ഞൂറിലേറെ വേദികളില്‍ ഇതിനകം സൂര്യഗായത്രി പാടിക്കഴിഞ്ഞു. ഓസ്‌ട്രേലിയ, സിങ്കപ്പൂര്‍, ദക്ഷിണാഫ്രിക്ക, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, ദുബായ്, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ തുടങ്ങിയ വിദേശരാജ്യങ്ങളി ലും അവള്‍ക്കായി സംഗീത സദസ്സുകളൊരുങ്ങി. ''സൂര്യയെ എം.എസ്.സുബ്ബലക്ഷ്മിയുടെ പുനര്‍ജന്മമായി കാണുന്ന, അവള്‍ പാടുന്നത് നിറഞ്ഞ കണ്ണുകളോടെ മാത്രം കേള്‍ക്കുന്ന ആളുകളെ നേരിട്ട് കാണുമ്പോള്‍ അതൊരു വല്ലാത്ത അനുഭവമാണ്. കുല്‍ദീപ് മാസ്റ്ററുടെ ചാനലില്‍ അവള്‍ പാടുന്ന കാലത്തുതന്നെ സൂര്യയെ ഒരുനോക്കു കാണണമെന്ന് പറഞ്ഞ പലരും എത്തിയിരുന്നു. അന്നൊക്കെ അധികവും കേരളത്തിന് പുറത്തു നിന്നുള്ളവരായിരുന്നു വരിക. അപൂര്‍വ സമ്മാനങ്ങളും ചിലര്‍ കൊണ്ടുവരും. പക്ഷേ, വീടിന്റെ സ്വകാര്യത ഓര്‍ത്ത് ഞങ്ങള്‍ അതൊന്നും അധികം പ്രോത്സാഹിപ്പിച്ചില്ല.അച്ഛന്‍ പറയുന്നു.
മത്സരങ്ങള്‍ക്കില്ല
സ്‌കൂള്‍ കലോത്സവങ്ങളില്‍ സൂര്യഗായത്രി കുറച്ചേ പങ്കെടുത്തിട്ടുള്ളൂ.അപൂര്‍വമായ അവസരങ്ങള്‍ ധാരാളമായി ലഭിച്ചു കഴിഞ്ഞ ഒരാള്‍ ഇനിയും അംഗീകാരങ്ങള്‍ക്കായി മത്സരിക്കേണ്ടതില്ലല്ലോ എന്നൊരു തിരിച്ചറിവും അതിന് പിന്‍ബലമായി. എങ്കിലും, ഇത്തവണ മാത്രം സ്‌കൂള്‍ കലോത്സവത്തില്‍ വൃന്ദവാദ്യത്തില്‍ വീണാവാദകയായി പങ്കെടുത്തു. കൂട്ടുകാരോടൊത്ത് സ്‌കൂള്‍ വര്‍ഷങ്ങളുടെ പ്രിയതരമായ ഒരോര്‍മ കൊത്തിയെടുക്കുംപോലെ. പഠിച്ച സ്‌കൂളുകള്‍, അധ്യാപകര്‍ എല്ലാംതന്നെ സൂര്യയെ പ്രോത്സാഹിപ്പിച്ചവയാണ്. എന്നാലും, മുത്തു പോലെ ചില നിമിഷങ്ങള്‍ എടുത്തു പറയാനുണ്ട്. അതിലൊന്ന് അന്തരിച്ച അധ്യാപകന്‍, ആര്‍.എം.പി. നേതാവായിരുന്ന, കെ.എസ്. ബിമലിനെക്കുറിച്ചുള്ളതാണ്. സൂര്യയുടെ പാട്ടിനെ ബിമല്‍ ആദ്യകാലം മുതല്‍ക്കുതന്നെ കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിച്ചിരുന്നു. ''മാഷ് പഠിപ്പിച്ചിരുന്ന നരിക്കുന്ന് യു.പി. സ്‌കൂളിലാണ് സൂര്യ പഠിച്ചത്. അന്നവള്‍ താരം ഒന്നും അല്ല. നന്നായി പാടുന്ന ഒരു കൊച്ചു കുട്ടി അത്രതന്നെ. പക്ഷേ, ഏറ്റവും ആദ്യം സൂര്യയിലെ സ്പാര്‍ക്ക് തിരിച്ചറിഞ്ഞവരില്‍ പ്രധാനിയാണ് ബിമല്‍ മാസ്റ്റര്‍. ബിമല്‍ മാഷ് എഴുതിയ പാട്ടുകള്‍ സൂര്യയെക്കൊണ്ട് പാടിക്കുമായിരുന്നു. സൂര്യയ്ക്ക് പാട്ടില്‍ നല്ലൊരു ഭാവി അദ്ദേഹം കണ്ടിരുന്നു. മാഷുടെ അസുഖവും വേര്‍പാടുമെല്ലാം വലിയ വേദനയായിരുന്നു അവള്‍ക്ക്.'' ദിവ്യ പറഞ്ഞു. തുടര്‍ച്ചയായുള്ള യാത്രകള്‍, സംഗീത പഠനം, പരിപാടികള്‍...ഈ തിരക്കുകള്‍ക്കിടയിലും സൂര്യഗായത്രി പഠനത്തില്‍ മുന്‍പന്തിയില്‍ തന്നെ.സംഗീതവും പഠനവും ഒരേപോലെ മുന്നോട്ടു പോകട്ടെ എന്നേ ഇപ്പോള്‍ചിന്തിക്കുന്നുള്ളൂ...'' അതില്‍ അച്ഛനും അമ്മയ്ക്കും ഏകാഭിപ്രായം.
ഒരു നിമിത്തംപോലെ
ശങ്കരാചാര്യരുടെ കൃതികള്‍ കമ്പോസ് ചെയ്ത് പാടി ആളുകളിലേക്ക് എത്തിക്കണം. അതാണ് സൂര്യയുടെ വലിയൊരു സ്വപ്നം. അതിനായു ള്ള ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞു. ഒരു നിമിത്തം പോലെ എന്ന് പറയുന്നത് പഴയൊരു പ്രയോഗമാണ്. പക്ഷേ, ഈ കാര്യത്തില്‍ അങ്ങനെ പറയാതെ വയ്യ. കാരണം അവള്‍ ഒരു ശങ്കരാസ്‌തോത്രം എടുത്താല്‍ ഒരിക്കലും ട്യൂണിനായി പരിശ്രമിക്കേണ്ടി വരാറില്ല. വരികള്‍ കാണുന്ന മാത്രയില്‍ അതിനൊരു താളം മനസ്സിലേക്ക് ഒഴുകി വരും. ഒപ്പം പല അപൂര്‍വ അനുഭവങ്ങളും ഉണ്ട്. ശങ്കരാചാര്യരുടെ നര്‍മദാഷ്ടകം എന്ന സ്തുതി നര്‍മദാ തീരത്ത് ഷൂട്ട് ചെയ്യണമെന്ന് ആഗ്രഹിച്ചിരിക്കുമ്പോള്‍ ജബല്‍പുരില്‍ നര്‍മദയുടെ തൊട്ടരികെ നിന്ന് ഒരു പ്രോഗ്രാമിന് വിളിവന്നു. അങ്ങനെ ക്യാമറ ടീമിനെയും കൊണ്ടുപോയി അതുചെയ്തു.
വന്ദേ ഗുരു പരംപരം
കോഴിക്കോട്ടെ ആനന്ദി ടീച്ചര്‍, വടകരയിലെ നിഷാന്ത് മാസ്റ്റര്‍ തുടങ്ങിയവര്‍ സൂര്യയുടെ ഗുരുക്കന്മാരാണ്. സൂര്യയെ ഒരു താരമാക്കി ലോകര്‍ മുന്നിലേക്ക് അവതരിപ്പിക്കുന്നത് കുല്‍ദീപ് മാസ്റ്ററും. അദ്ദേഹം ചിട്ടപ്പെടുത്തിയ വന്ദേ ഗുരു പരംപരം എന്ന സീരീസില്‍ ഈ സൂര്യതാരത്തിന്റെ ഉദയവും വളര്‍ച്ചയും ഒരു ചലച്ചിത്രം പോലെ രേഖപ്പെട്ടു കിടക്കുന്നത് പ്രിയതരമായ കാഴ്ചയാണ്. എന്നാല്‍ കൂടി അവളെ ഗായികയെന്നതിലുപരി ഒരു പെര്‍ഫോമിങ് ആര്‍ട്ടിസ്റ്റ് കൂടിയാക്കി മിനുക്കിയെടുത്തതിന്റെ മുഴുവന്‍ ക്രഡിറ്റും അച്ഛന്‍ അനില്‍കുമാറിനാണ്.പുതുതായി ഒരു ഗാനമോ കൃതിയോ പഠിക്കേണ്ടി വരുമ്പോള്‍ ദിവസങ്ങളോളം നീളുന്ന സംഗീതസാധനയിലൂടെ സൂര്യയ്ക്ക് ഓരോ ചുവടും ഉറപ്പിച്ചു കൊടുത്ത് അദ്ദേഹം വഴിനടത്തും.സൂര്യയുടെ സംഗീതപരിപാടികളില്‍ അച്ഛനാണ് മൃദംഗം വായിക്കാറ്. മകള്‍ പാടുമ്പോള്‍ താളമിടറാതെ വായിക്കുന്ന അച്ഛന് പക്ഷേ, പലപ്പോഴും തൊണ്ടയിടറും. അവളുടെ പാട്ടിലലിഞ്ഞ് കണ്ണുനീര്‍ സ്വയമറിയാതെ ഒഴുകിയെത്തും. അതില്‍ക്കൂടുതല്‍ ഒരച്ഛന്‍ എന്ത് കൊതിക്കാന്‍...
Content Highlights: life of young singer sooryagayathri
Published: 16 Jul 2023, 11:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented