1992-ലെ ബാഴ്‌സലോണ ഒളിമ്പിക്‌സ്. സിംബാബ്‌വേക്കാരിയായ ഒന്‍പതുവയസ്സുകാരി കേസ്റ്റി കവെന്റി ലോക കായികമാമാങ്കത്തിന്റെ ആ നാളുകളില്‍ ഏറിയ പങ്കും ടി.വിക്ക് മുന്നിലായിരുന്നു. കായികപ്രേമിയായ പെണ്‍കുട്ടി ടിവിയുടെ ചെറിയ സ്‌ക്രീനില്‍ മത്സരങ്ങള്‍ ഓരോന്നായി കണ്ടുകൊണ്ടിരുന്നു. യാങ് വെന്‍യിയും സുഹാങ് യോങ്ങും നിക്കോള്‍ ഹെയ്‌സ്ലെറ്റും ജാനറ്റ് ഇവാന്‍സുമൊക്കെ നീന്തല്‍ക്കുളത്തില്‍ വിസ്മയങ്ങള്‍ തീര്‍ത്തുകൊണ്ടിരുന്നു. ജലാശയത്തിലെ മാസ്മരിക ചലനങ്ങള്‍ ഇമചിമ്മാതെ കണ്ടിരുന്നു കേസ്റ്റി. നീന്തല്‍ മത്സരങ്ങള്‍ അവസാനിച്ചതും അവള്‍ അച്ഛനമ്മമാരോടായി ഇത്രയും പറഞ്ഞു: 'ഞാനും ഒളിമ്പിക്‌സില്‍ പങ്കെടുക്കും. രാജ്യത്തിനായി സ്വര്‍ണം നേടുകയും ചെയ്യും.'
33 വര്‍ഷങ്ങള്‍ക്കിപ്പുറം സ്വിറ്റ്‌സര്‍ലന്‍ഡിലെ ലൊസാന ഒമ്പതുവയസ്സുകാരിയുടെ ആ സ്വപ്‌നത്തിന്റെ തുടര്‍ച്ചയ്ക്ക് സാക്ഷിയായി. അവിടെ അരങ്ങേറിയത് വലിയൊരു ചരിത്ര മുഹൂര്‍ത്തം കൂടിയാണ്. വിഖ്യാതമായ ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മറ്റിയുടെ പ്രസിഡന്റായി ഒരു സ്ത്രീ നിയമിതയായി. ആ സ്ത്രീ മറ്റാരുമായിരുന്നില്ല, ആ പഴയ ഒമ്പതു വയസ്സുകാരിതന്നെയായിരുന്നു. കേസ്റ്റി കവെന്റി ചരിത്രംകുറിയ്ക്കുകയായിരുന്നു. 131വര്‍ഷത്തെ ഒളിമ്പിക്‌സ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മറ്റിയുടെ നേതൃസ്ഥാനത്തേക്ക് ഒരു സ്ത്രീ എത്തുന്നത്. ഐഒസി പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ ആഫ്രിക്കന്‍ കൂടിയാണ് നാല്പത്തൊന്നുകാരിയായ കവെന്റി. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി ഒളിമ്പിക് കമ്മിറ്റിയെ നയിച്ച തോമസ് ബാച്ച് ഒഴിഞ്ഞ പദവിയിലേക്കാണ് കവെന്റി അവരോധിക്കപ്പെടുന്നത്. ഒളിമ്പിക് ഹൗസിന്റെ പ്രതീകാത്മകമായ സുവര്‍ണതാക്കോല്‍ കൈമാറി ബാച്ച് പദവി കവെന്റിയുടെ കൈകളിലേല്പിച്ചതും ലോകം സ്ത്രീ മുന്നേറ്റ ചരിത്രത്തിലെ സുപ്രധാന നിമിഷത്തിന് സാക്ഷിയായി.

സ്വപ്‌നത്തിന്റെ തുടര്‍ച്ച
ബാഴ്‌സലോണ ഒളിമ്പിക്‌സ് ടിവിയില്‍ കണ്ട് ഒരുനാള്‍ താനും ആ വേദിയിലെത്തുമെന്ന് സ്വപ്‌നം കണ്ട പെണ്‍കുട്ടിയില്‍ നിന്ന് ഒളിമ്പിക് കമ്മറ്റിയുടെ മേധാവിയിലേക്കുള്ള വളര്‍ച്ചയ്ക്കിടയില്‍ കേസ്റ്റി കവെന്റി സഞ്ചരിച്ച ദൂരമേറെ. രണ്ട് സ്വര്‍ണമടക്കം ഏഴ് ഒളിമ്പിക് മെഡലുകള്‍ സ്വന്തമാക്കിയ നീന്തല്‍താരം കൂടിയാണ് കവെന്റി. 1983 സെപ്റ്റംബര്‍ 16ന് സിംബാബ്‌വേയുടെ തലസ്ഥാന നഗരയിലായിരുന്നു കവെന്റിയുടെ ജനനം. രണ്ടാം വസ്സിലാണ് അവള്‍ ആദ്യമായി നീന്തല്‍ക്കുളത്തില്‍ ഇറങ്ങുന്നത്. ആറാം വയസ്സില്‍ സ്വിമ്മിങ് ക്ലബ്ബില്‍ അംഗമായി. അക്കാലത്ത് ഇന്‍ഡോര്‍ സ്വിമ്മിങ് പൂളുകള്‍ രാജ്യത്ത് ഉണ്ടായിരുന്നില്ല. മഞ്ഞുകാലത്ത് തുറസ്സായ കുളങ്ങളിലെ നീന്തല്‍ പരിശീലനം മുടങ്ങും. മാസങ്ങള്‍ നീളുന്ന ശൈത്യകാലത്ത് നീന്തല്‍ക്കുളത്തില്‍ നിന്നകന്ന് കേസ്റ്റി ടെന്നീസും ഹോക്കിയും പരിശീലിച്ചു. വേനല്‍ തിരിച്ചുവരുന്നതോടെ വീണ്ടും നീന്തലിലേക്ക് മടങ്ങും.
പൂര്‍ണതയറിഞ്ഞ നീന്തല്‍
സ്‌കൂളില്‍ പഠനത്തിലും മിടുക്കിയായിരുന്നു കേസ്റ്റി. 'പക്ഷേ, ഞാന്‍ എന്നില്‍ പൂര്‍ണത കണ്ടെത്തിയത് നീന്തലിലൂടെയായിരുന്നു. നീന്തല്‍ എനിക്ക് സന്തോഷത്തിന്റെ ഉറവിടമായിരുന്നു.' അവര്‍ പറയുന്നു. പതിനാലാം വയസ്സില്‍ ഹോക്കിമത്സരത്തിനിടെ മുട്ടിന് പരിക്കേറ്റതോടെ കേസ്റ്റിയുടെ ശ്രദ്ധ പൂര്‍ണമായും നീന്തലിലേക്ക് തിരിഞ്ഞു. ചെറുതും വലുതുമായ നീന്തല്‍ മത്സരങ്ങളില്‍ അവള്‍ പങ്കെടുത്തു. രാജ്യത്തിനകത്തെ നേട്ടങ്ങള്‍ ആഗോള വേദികളിലേക്ക് വാതില്‍തുറക്കുകയായിരുന്നു. 2000-ല്‍ പതിനാറാം വയസ്സില്‍ കേസ്റ്റി സിഡ്‌നി ഒഴിമ്പികിസിലേക്ക് യോഗ്യത നേടി.

നാലിനങ്ങളില്‍ മത്സരിച്ചെങ്കിലും മെഡലുകളൊന്നും കിട്ടിയില്ല. പക്ഷേ, സിംബാബ്‌വെയില്‍ നിന്നും ഒളിമ്പിക് സെമിഫൈനിലെത്തുന്ന ആദ്യ കായികതാരം എന്ന നേട്ടത്തോടെയായിരുന്നു സിഡ്‌നിയില്‍ നിന്നുള്ള മടക്കം. എങ്കിലും കേസ്റ്റിയെ സംബന്ധിച്ച് ആ ലോകവേദി സമ്മാനിച്ച നേട്ടം അതൊന്നുമായിരുന്നില്ല. ഒളിമ്പിക് വില്ലേജില്‍ വച്ച് ബോക്‌സിങ് ഇതിഹാസം മുഹമ്മദലിയെ നേരില്‍ കണ്ട സ്വപ്‌നനിമിഷമായിരുന്നു സിഡ്‌നി കേസ്റ്റിക്ക് നല്‍കിയ മൂല്യമേറിയ സമ്മാനം. ആരാധകരായ അത്‌ലറ്റുകളാല്‍ ചുറ്റപ്പെട്ട് ദൈവികപരിവേഷമണിഞ്ഞ അലി. കലയും കായികയിനങ്ങളും മനുഷ്യന് സമ്മാനിക്കുന്ന മഹത്വത്തിന്റെ പ്രഭാവലയത്തെപ്പറ്റി കേസ്റ്റി ബോധവതിയാവുകയായിരുന്നു.
സ്വര്‍ണവേട്ട
കേസ്റ്റിയുടെ ഒളിമ്പിക് ജൈത്രയാത്ര തുടങ്ങാനിരിക്കുന്നതേയുള്ളായിരുന്നു. 2004-ലെ ഏതന്‍സ് ഒളിമ്പിക്‌സില്‍ ഒരു സ്വര്‍ണം ഉള്‍പ്പെടെ മൂന്ന് മെഡലുകള്‍. ഒളിമ്പിക് സ്വര്‍ണം നേടുന്ന സിംബാബ്‌വേക്കാരിയായ ആദ്യ അത്‌ലറ്റായിരുന്നു അവര്‍. മെഡലേറ്റുവാങ്ങാന്‍ പോഡിയത്തില്‍ നിന്ന നിമിഷത്തെ പില്‍ക്കാലത്ത് കേസ്റ്റി ഓര്‍ത്തെടുത്തതിങ്ങനെയാണ്: 'ഒമ്പതാം വയസ്സില്‍ ഞാന്‍ കണ്ട സ്വപ്‌നം 21-ാം വയസ്സില്‍ സഫലമാവുകയായിരുന്നു. സത്യമോ എന്ന് തിരിച്ചറിയാനാകാത്ത ഒരദ്ഭുത നിമിഷമായിരുന്നു അത്.' ആഭ്യന്തര സംഘര്‍ഷങ്ങളില്‍ ഉലയുകയായിരുന്ന ജന്മരാജ്യത്തിന് വീണുകിട്ടിയ ജീവശ്വാസമായിരുന്നു കേസ്റ്റിയുടെ മെഡല്‍നേട്ടം. ജേത്രിയായി തിരികെയെത്തിയ താരത്തെ ആ രാജ്യം ആഹ്ലാദാരവങ്ങളോടെ, ഒരേ മനസ്സോടെ വരവേറ്റു. ഭിന്നിപ്പുകളെ യോജിപ്പുകളാക്കി മാറ്റാനുള്ള മായാജാലം സ്‌പോര്‍സിനുമുണ്ടെന്ന് കേസ്റ്റി തിരിച്ചറിഞ്ഞു.

2008 ബീജിങ് ഒിമ്പിക്‌സില്‍ ഒരു സ്വര്‍ണവും മൂന്ന് വെള്ളിയുമായിരുന്നു കേസ്റ്റിയുടെ സമ്പാദ്യം. പിന്നെ ലണ്ടന്‍- റിയോ ഡെ ജെനീറ ഒളിമ്പിക്‌സുകളിലും കേസ്റ്റി ഭാഗമായി. അഞ്ച് ഒളിമ്പിക്‌സുകകളിൽ പങ്കെടുത്ത കേസ്റ്റി രണ്ട് സ്വര്‍ണവും നാല് വെള്ളിയും ഒരു വെങ്കലവും ഉള്‍പ്പെടുന്ന ഒളിമ്പിക് മെഡല്‍ക്കൊയ്ത്തിലൂടെ ആഫ്രിക്കയിലെ ഏറ്റവും കരുത്തയായ കായികതാരം എന്ന ഖ്യാതി സ്വന്തമാക്കി. നിരവധി ലോക റെക്കോഡുകള്‍ക്ക് ഉടമയായുമാണവര്‍. 2018-ല്‍ സിംബാബ്‌വേയില്‍ സ്‌പോര്‍ട്‌സിന്റെയും കലയുടെയും ചുമതലയുള്ള യുവജനക്ഷേമ വകുപ്പ് മന്ത്രിയായി കേസ്റ്റി. കഴിഞ്ഞ ഏഴുവര്‍ഷമായി അവരാ പദവിയില്‍ തുടരുന്നു. കായിക മത്സരങ്ങളിലെ കോഴയും കായിക മേഖലയിലെ ലൈംഗികാതിക്രമങ്ങളും തടയാന്‍ അവര്‍ നിയമം കൊണ്ടുവന്നു.
കടമ്പകള്‍ പലത്
ഒപ്പം മത്സരിച്ച ആറുപേരെ പിന്തള്ളിയാണ് ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്തേക്ക് കേസ്റ്റി എത്തിയത്. എട്ടുവര്‍ഷം പ്രവര്‍ത്തന കാലയളവുള്ള പദവിയാണിത്. 2028-ലെ ലോസ് ആഞ്ജിലിസ് ഒളിമ്പിക്‌സാണ് ഒളിമ്പിക് കമ്മിറ്റിയുടെ നേതൃസ്ഥാനത്ത് കേസ്റ്റി കവെന്റിക്ക് മുന്നിലുള്ള ആദ്യ കടമ്പ. കമ്മിറ്റിയുടെ സാമ്പത്തിക സ്ഥിരതയും വളര്‍ച്ചയും മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാകും താന്‍ പ്രാധാന്യം നല്‍കുകയെന്നും അവര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. സ്ഥാനമേറ്റെടുത്ത് ആദ്യദിവസം ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയുടെ നൂറിലേറെ അംഗങ്ങളെ വിളിച്ചുചേര്‍ത്ത് കേസ്റ്റി കവെന്റി അവരോട് സംസാരിക്കുകയുണ്ടായി. പോസ് ആന്‍ഡ് റിഫ്ലക്ട് എന്ന ആശയത്തിലൂന്നിയ പ്രവര്‍ത്തനങ്ങളെപ്പറ്റിയായിരുന്നു അവരുടെ ചര്‍ച്ച.
Content Highlights: Kirsty Coventry`s inspiring journey from a childhood Olympic dream to becoming the first female IOC President. A story of perseverance and triumph.
Published: 25 Jun 2025, 11:50 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented