‘ഡോ. ഷഹനയുമായി റുവൈസ് അടുപ്പത്തിലാവുകയും വീട്ടിൽ വന്ന് വിവാഹം നടത്തിത്തരണമെന്ന് പറയുകയും ചെയ്തതാണ്. തുടർന്ന് ഷഹനയുടെ മാതാവും സഹോദരനും ചേർന്ന് റുവൈസിന്റെ വീട്ടിൽ നവംബർ രണ്ടാമത്തെ ആഴ്ചയോടെ പോയിരുന്നു. അപ്പോൾ റുവൈസിന്റെ പിതാവ് വലിയ സ്ത്രീധനമാണ് ചോദിച്ചത്. ഇവർക്ക് കൊടുക്കാൻ പറ്റുന്ന തുക അപ്പോൾ തന്നെ അവർ അറിയിച്ചു, 50 ലക്ഷം രൂപയുടെ സ്വത്തും 50 പവനും ഒരു കാറും വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞു. പക്ഷേ, റുവൈസിനും വീട്ടുകാർക്കും ഇതു സമ്മതമല്ലെന്ന് റുവൈസ് തന്നെ ഷഹനയെ അറിയിച്ചു. അതിനുശേഷം പ്രണയത്തിൽ നിന്ന് പിന്മാറുകയും ചെയ്തു. ഡോ. ഷഹന അതിന്റെയൊരു മാനസികവിഷമത്തിലായിരുന്നു. ആ സംഭവത്തിനുശേഷം വീട്ടുകാർ ഷഹനയെ വിളിച്ചുകൊണ്ടുവന്ന് രണ്ടുമൂന്നുദിവസം വീട്ടിലിരുത്തി. പിന്നീട്  തിരിച്ചുപോയതിനുശേഷമാണ് ആത്മഹത്യ ചെയ്യുന്നത്. ആശുപത്രിയിൽ വച്ച് പരസ്യമായി ഷഹന അപമാനിക്കപ്പെട്ടെന്നാണ് ഞങ്ങൾക്കറിയാൻ കഴിഞ്ഞത്. ഇതിനകത്ത് ദുരൂഹതയുണ്ട്.’ -കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പി.ജി. ഡോക്ടർ ഷഹനയുടെ അയൽവാസിയും പഞ്ചായത്തംഗവുമായ സുധീർ വെഞ്ഞാറമൂടിന്റെ വാക്കുകളാണിത്.

To advertise here,

ഇത്രയും വലിയ സ്ത്രീധനം ആവശ്യപ്പെടുന്ന കുടുംബത്തിലേക്ക് പോകണ്ടായെന്നും വേറെ വിവാഹം ആലോചിക്കാമെന്നും വീട്ടുകാർ ഷഹനയോട് പറഞ്ഞിരുന്നതായി അദ്ദേഹം പറയുന്നു. ഷഹനയുടെ വിഷമം കണ്ടിട്ടാണ് തങ്ങൾക്ക് കൊടുക്കാവുന്നതിന്റെ പരമാവധി സ്ത്രീധനം കൊടുക്കാമെന്ന് അവർ ആദ്യം സമ്മതിച്ചത്. പക്ഷേ, പിന്നീട് സ്ത്രീധനം കുറഞ്ഞുപോയെന്നു പറഞ്ഞ് റുവൈസ് പ്രണയത്തിൽനിന്ന് പിന്മാറുമ്പോൾ സ്വാഭാവികമായും ആ കുട്ടി തകർന്നിരുന്നു. ഒന്നിച്ച് ജോലി ചെയ്യുന്നിടത്ത് വെച്ച് അപമാനിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതും അവൾക്ക് താങ്ങാനായിട്ടുണ്ടാവില്ല.സ്ത്രീധനത്തിന്റെ പേരിൽ വേറൊരു പെൺകുട്ടിക്കും ഈയവസ്ഥ വരരുതെന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചും വാഗ്ദാനംകൊടുത്തും പ്രണയിച്ചു. എന്നിട്ട് ഒരു കുട്ടിയെ മരണത്തിലേക്ക് നയിച്ചു. എനിക്ക് അടുത്തറിയാവുന്ന കുടുംബമാണ്. പിതാവും ഞാനും തമ്മിൽ വലിയ അടുപ്പമുണ്ടായിരുന്നു. അദ്ദേഹം വിദേശത്തുനിന്ന് കുറച്ചുവർഷങ്ങൾക്കുമുമ്പ് വന്നതാണ്, കാർസർ ബാധിച്ചാണ് മരിച്ചത്. ഷഹനയടക്കം മൂന്നു മക്കളാണ്. പ്രബുദ്ധകേരളത്തിൽ ഉന്നതവിദ്യാഭ്യാസമേഖലയിൽ പോലും സ്ത്രീധനത്തിന്റെ പേരിൽ ഇപ്പോഴും പ്രശ്നങ്ങൾ നടക്കുന്നു. അതിനെതിരേ ഉചിതമായ നടപടിയുണ്ടായേ പറ്റൂ. പ്രതിക്ക് തക്കതായ ശിക്ഷ കൊടുക്കണമെന്നും സുധീർ വെഞ്ഞാറമൂട് പറഞ്ഞു. 

റുവൈസ്; ഡോ. വന്ദനയുടെ മരണത്തിൽ ശക്തമായി പ്രതികരിച്ചയാൾ
പി.ജി. മെഡിക്കൽ വിദ്യാർഥി സംഘടനയുടെ പ്രസിഡന്റാണ് റുവൈസ്. ഏതാനും മാസങ്ങൾക്കു മുമ്പാണ് ലഹരിക്കടിമയായ വ്യക്തി, അക്രമാസക്തനായി ഡോ. വന്ദനയെ ആശുപത്രിയിൽ വെച്ച് കുത്തിക്കൊലപ്പെടുത്തിയത്. അതിനെതിരേ കടുത്ത ഭാഷയിൽ റുവൈസ്  പ്രതിഷേധിച്ചിരുന്നു. അതേ വ്യക്തി തന്നെയാണിപ്പോൾ മറ്റൊരു പെൺകുട്ടിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടിരിക്കുന്നതെന്നതാണ് വസ്തുത. സ്ത്രീധനമായി നൂറ്റമ്പത്‌ പവനും ബി.എം.ഡബ്ല്യു. കാറും 15 ഏക്കർ സ്ഥലവുമാണ് റുവൈസ് ഷഹനയുടെ വീട്ടുകാരോട് ആവശ്യപ്പെട്ടത്. അത് കിട്ടാത്തതിന്റെ പേരിലാണ് റുവൈസ് ഷഹനയുമായുള്ള പ്രണയത്തിൽ നിന്ന് പിന്മാറിയത്. ഇക്കാര്യം കുടുംബാംഗങ്ങൾ നേരത്തേ വെളിപ്പെടുത്തിയിരുന്നു. കേസിൽ പ്രതിയായതോടെ റുവൈസിനെ പി.ജി. അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കി.

സഹോദരന്റെ പ്രതികരണം
റുവൈസിനെ സഹോദരി ഒരുപാട് ഇഷ്ടപ്പെട്ടിരുന്നുവെന്ന് ആത്മഹത്യ ചെയ്ത ഷഹനയുടെ സഹോദരൻ ജാസിം നാസ് പറയുന്നു. അവരുടെ പ്രണയം കണ്ട് വിവാഹം രജിസ്റ്റർ ചെയ്ത് നൽകാൻ പോലും തയ്യാറായതാണ്. എന്നാൽ അയാളുടെ കുടുംബക്കാർ ആവശ്യപ്പെട്ട സ്ത്രീധനത്തിനാണ് റുവൈസ് പ്രാധാന്യം നൽകിയതെന്നും സഹോദരൻ വെളിപ്പെടുത്തി. സ്ത്രീധനം വാങ്ങിക്കുന്ന കുടുംബത്തിലേക്ക് വിടാൻ തനിക്ക് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. പക്ഷെ അനിയത്തിയുടെ ആഗ്രഹത്തിന് എതിര് നിൽക്കാനും കഴിഞ്ഞില്ലെന്നും ജാസിം പറഞ്ഞു.

മരണം തിങ്കളാഴ്ച രാത്രി
തിങ്കളാഴ്ച രാത്രിയാണ് മെഡിക്കൽ കോളേജിന് സമീപത്തെ ഫ്ളാറ്റിൽ ഷഹനയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. രാത്രി ഐ.സി.യു.വിൽ ഡ്യൂട്ടിക്ക് വരേണ്ട ഷഹന എത്താത്തതിനാൽ സഹപാഠികള്‍ അന്വേഷിച്ചെത്തുകയായിരുന്നു. ഇവർ അറിയിച്ചതുപ്രകാരം പോലീസെത്തി മുറിതുറന്നതോടെയാണ് ഷഹനയെ അബോധാവസ്ഥയിൽ കണ്ടത്. ഉടനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അനസ്തേഷ്യക്കുള്ള മരുന്ന് കുത്തിവെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. ‘എല്ലാവർക്കും പണം മതി, എല്ലാത്തിനും മുകളിൽ പണമാണ്’ എന്ന് ഷഹന ആത്മഹത്യാ കുറിപ്പിലെഴുതുകയും ചെയ്തു.  

റുവൈസ് കസ്റ്റഡിയിൽ
കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ഡോ. റുവൈസ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓർത്തോ വിഭാഗത്തിലാണ് പി.ജി. ചെയ്തിരുന്നത്. ഡോ. ഷഹന ഇവിടെ സർജറി വിഭാഗത്തിലും. ആവശ്യപ്പെട്ട സ്ത്രീധനം നല്കാത്തതിനാൽ പിതാവ്  വിവാഹത്തിന് സമ്മതിക്കുന്നില്ലെന്നാണ് ഇയാൾ ഷഹനയോട് പറഞ്ഞത്. 
ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളിയിൽ നിന്ന് റുവൈസിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബുധനാഴ്ച രാത്രി തന്നെ ആത്മഹത്യാപ്രേരണ, സ്ത്രീധന നിരോധനനിയമം എന്നിവ ഉൾപ്പെടെ ചുമത്തി തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തിരുന്നു. വെഞ്ഞാറമൂട് മൈത്രി നഗർ ജാസ് മന്സിലിൽ പരേതനായ അബ്ദുൾ അസീസിന്റെയും ജമീലയുടെയും മകളാണ് ഷഹന. ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ്. പൂർത്തിയാക്കിയശേഷമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പി.ജി.ക്ക് പ്രവേശനം നേടിയത്. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെല്പ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)