കുറച്ചേറെ വര്‍ഷം മുമ്പാണ്. കണ്ണൂരിലെ ഒരു ഗ്രാമപ്രദേശത്ത് നിറഞ്ഞ സദസ്സിനു മുന്നില്‍ നാടകം അരങ്ങേറുന്നു. ചിരിയും കണ്ണീരും പടര്‍ന്ന രംഗങ്ങള്‍. ഇനി അരങ്ങിലെത്തേണ്ടത് ഒരു ബാലതാരമാണ്. വേഷമണിഞ്ഞ് ഊഴം കാത്തിരുന്ന കുഞ്ഞുനടന്‍ പക്ഷേ, ഉറങ്ങിപ്പോയി. തട്ടിവിളിച്ചപ്പോള്‍ അവന്‍ തിരിഞ്ഞുകിടന്ന് ഉറക്കത്തെ കൂടുതല്‍ ഗാഢമാക്കി. ഇനിയെന്തുചെയ്യും എന്ന് തലപുകച്ച നാടകസംഘത്തിന് രക്ഷകയായത് ഒരെട്ടുവയസ്സുകാരിയാണ്. ഉറങ്ങിപ്പോയ ബാലനടന്റെ ചേച്ചിയായിരുന്നു ആ പെണ്‍കുട്ടി. അനിയന് പകരക്കാരിയായി അവള്‍ അരങ്ങിലെത്തി.

അതൊരു യാത്രയുടെ തുടക്കമായിരുന്നു. അപ്രതീക്ഷിതമായ അരങ്ങേറ്റം പാളിയില്ല. നൂറിലധികം സിനിമകള്‍, അത്രതന്നെ നാടകങ്ങളും ടെലിഫിലിമുകളും. മലയാളിയുടെ പരിചിതമുഖമായി അവള്‍ വളര്‍ന്നു. പേരിനൊപ്പം ദേശപ്പേരുകൂടിച്ചേര്‍ത്ത് സംവിധായകന്‍ സത്യന്‍ അന്തിക്കാട് ആ നടിയെ മലയാള സിനിമയുടെ കണ്ണൂര്‍ ശ്രീലതയാക്കി.

സഹനായികയായും അമ്മയായുമൊക്കെ പല വേഷങ്ങളില്‍ സിനിമ അവരെ ഉള്‍ക്കൊണ്ടു. കണ്ണൂര്‍ നഗരത്തിന്റെ വിളിപ്പുറത്ത് കീഴ്ത്തുള്ളി ഗ്രാമത്തിലെ കൊച്ചുവീട്ടില്‍ അവരുണ്ട്. തിരച്ചാര്‍ത്തൊഴിയാത്ത ഓര്‍മ്മപ്പെരുങ്കടലിന് മുന്നില്‍ തൃപ്തയായി.

അച്ഛന്റെ കൈപിടിച്ച്
കണ്ണൂര്‍ നഗരത്തിന്റെ ഹൃദയഭാഗമായ താളിക്കാവിലാണ് ശ്രീലതയുടെ ജനനം. പ്രശസ്ത നാടക പ്രവര്‍ത്തകരായ കല്ലാളം ശാന്തയുടെയും എന്‍. പി. രാജന്റെയും മകള്‍ക്ക് ചുറ്റും എപ്പോഴും നാടകമുണ്ടായിരുന്നു. ജീവിതം രംഗപടം നിവര്‍ത്തിയ അക്കാലത്തെക്കുറിച്ച് ശ്രീലത സംസാരിച്ചുതുടങ്ങി: ''അച്ഛന് സ്വന്തമായൊരു നാടക ട്രൂപ്പുണ്ടായിരുന്നു: 'രാജാ തിയേറ്റേഴ്സ്'. റിഹേഴ്സലും നാടക ചര്‍ച്ചകളുമെല്ലാം വീട്ടില്‍വെച്ചായിരുന്നു. അതെല്ലാം കണ്ടാണ് ഞാന്‍ വളര്‍ന്നത്. കണ്ണൂരിലെത്തുന്ന നാടക കലാകാരന്മാരെല്ലാം ഞങ്ങളുടെ വീട്ടില്‍ ഒത്തുചേരും.

കുതിരവട്ടം പപ്പു, നെല്ലിക്കോട് ഭാസ്‌കരന്‍, കോഴിക്കോട് നാരായണന്‍, വാസു പ്രദീപ്, മടക്കര ലക്ഷ്മണന്‍, നളിനി നീലേശ്വരം, കണ്ണൂര്‍ ജോയ്സി, സംഗീത സംവിധായകന്‍ കണ്ണൂര്‍ രാജന്‍ തുടങ്ങിയവരെല്ലാം വീട്ടിലെ പതിവ് സന്ദര്‍ശകരായിരുന്നു. അച്ഛന്‍ വെറുതേ ഉണ്ടാക്കിയ ഒരു പാട്ട് കണ്ണൂര്‍ രാജന്‍ ഈണമിട്ട് നാടകഗാനമാക്കി മാറ്റുകയും അതേറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. അച്ഛന്‍ ബീഡിതെറുക്കുന്നതിനിടയില്‍ പാടിയ പാട്ടാണത്.

കറുകറുക കുറുകുറുക ചെമ്പകവിത്തു ലമ്പടി പാകുന്നേ
മത്തപൂത്തതും കളപറിച്ചതും കറിക്കരച്ചതും നെയ്യപ്പം ചുട്ടതും
നീയറിഞ്ഞോടി
അടുത്തവീട്ടിലെ കറുത്തപെണ്ണേ മീനാക്ഷീ ....

അതൊക്കെ എന്റെ കുട്ടിക്കാലത്തെ ഓര്‍മ്മയാണ്. എട്ടാംവയസ്സില്‍ 'ചിതറുന്ന ചില്ലുകള്‍' എന്ന നാടകത്തിലൂടെയാണ് ഞാന്‍ അഭിനയരംഗത്തേക്ക് ചുവടുവയ്ക്കുന്നത്. അനുജന് പകരക്കാരിയായി. അവന്റെ വേഷം അച്ഛന്‍ എനിക്ക് നല്‍കുകയായിരുന്നു. എല്ലാം ഒരു നിയോഗം.''

നാടകമേ ജീവിതം
ശ്രീലതയുടെ കഴിവ് തിരിച്ചറിഞ്ഞ പിതാവ് പിന്നെയും നാടകങ്ങളില്‍ കൊച്ചുവേഷങ്ങള്‍നല്‍കി. കലാമണ്ഡലം വനജയുടെ കീഴില്‍ ശ്രീലത നൃത്തം അഭ്യസിച്ചിരുന്നു. സ്‌കൂള്‍ കലോത്സവങ്ങളില്‍ ആദ്യകാലത്ത് പങ്കെടുത്തിരുന്നെങ്കിലും ചില കാരണങ്ങളാല്‍ പിന്നീട് മാറിനില്‍ക്കുകയായിരുന്നു എന്ന് ശ്രീലത പറയുന്നു.

''ഒരു കലോത്സവത്തില്‍ നൃത്തമത്സരം കഴിഞ്ഞപ്പോള്‍ ഒന്നാംസ്ഥാനം എനിക്കായിരിക്കും എന്ന് എല്ലാവരും പറഞ്ഞു. എന്നാല്‍ രണ്ട് അധ്യാപകരുടെ മക്കള്‍ എനിക്കൊപ്പം മത്സരിച്ചിരുന്നു. നൃത്തത്തില്‍ പിഴവുകള്‍ ഉണ്ടായിട്ടും സ്വാധീനംമൂലം അവര്‍ക്കാണ് സമ്മാനം ലഭിച്ചത്. ഞാന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതേക്കുറിച്ച് വിധികര്‍ത്താക്കളില്‍ ഒരാള്‍ എന്നോട് തുറന്നുപറയുകയും ചെയ്തു. അതോടെ സ്‌കൂള്‍ മത്സരങ്ങളില്‍ ഇനി പങ്കെടുക്കില്ല എന്ന് തീരുമാനിച്ചു.

കലാമണ്ഡലം വനജ ടീച്ചറിനൊപ്പം നൃത്തനാടകങ്ങള്‍ ചെയ്തിട്ടുണ്ട്. പിന്നീട് ശ്രീനിവാസന്‍, ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ എന്നിവരുടെ കീഴിലും പരിശീലനം നേടി. അപസ്വരം, അസ്ഥിപഞ്ജരം, കുടുംബദ്രോഹി, ചെകുത്താന്റെ കൊട്ടാരം തുടങ്ങി അച്ഛന്റെ ഒട്ടേറെ നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ഇതോടെ പ്രമുഖ അമെച്വര്‍ നാടകസമിതികള്‍ എന്നെത്തേടിയെത്തി. വിവിധ കലാസമിതികള്‍ക്കൊപ്പം തൃശ്ശൂലം, സത്യത്തിന്റെ മുഖം, ശുഭ പന്തുവരാളി, ഉത്തരായനപ്പക്ഷി, ആസ്ഥാന വിഡ്ഢികള്‍, നിറങ്ങള്‍, തീപിടിച്ച ആത്മാവ്, കാബിനറ്റ് തുടങ്ങിയ നാടകങ്ങള്‍ ചെയ്തു. കണ്ണൂരിലെ 'അലവില്‍ ദേശീയ കലാസമിതി'യുടെ നാടകക്കരാറിന്റെ ഭാഗമായി. ഒരു സ്റ്റേജിന് എഴുപത്തിയഞ്ച് രൂപയായിരുന്നു പ്രതിഫലം. 'ഭക്തപ്രിയ', 'ചരിത്രം ആവര്‍ത്തിക്കുന്നു' എന്നീ നാടകങ്ങള്‍ അവര്‍ക്കൊപ്പം ചെയ്തു. ഈ നാടകങ്ങള്‍ ജനപ്രിയമായതോടെ നടി എന്ന നിലയ്ക്ക് എന്നെ കൂടുതല്‍ ആളുകള്‍ ശ്രദ്ധിച്ചുതുടങ്ങി.

ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ കോഴിക്കോട് 'കലിംഗ തിയറ്റേഴ്സി'ന്റെ നാടകത്തിലേക്ക് ക്ഷണംകിട്ടി. കെ.ടി. മുഹമ്മദായിരുന്നു സംവിധായകന്‍. അവിടെ ഒരുവര്‍ഷമുണ്ടായി. 'കൈനാട്ടികള്‍' എന്ന നാടകത്തില്‍ നിലമ്പൂര്‍ ആയിഷയുടെ മകളുടെ വേഷം ചെയ്തു. ആ ഒരുവര്‍ഷം സ്‌കൂള്‍

പഠനം മുടങ്ങി. പത്താംക്ലാസ് പരീക്ഷയില്‍ തോറ്റു. രണ്ടാമത് പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോഴാണ് കോഴിക്കോട് സംഗമം തിയറ്റേഴ്സിന്റെ 'നന്ദി വീണ്ടും വരിക' എന്ന നാടകത്തില്‍ അഭിനയിക്കുന്നത്. അതിലൂടെ 1981-82 ല്‍ മികച്ച പ്രൊഫഷണല്‍ നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. ഇതിനകം പത്താം ക്ലാസ് വിജയിച്ചു. നാടകരംഗത്തുനിന്ന് നല്ല വരുമാനം ലഭിച്ചുതുടങ്ങിയതോടെ അഭിനയ രംഗത്ത് തുടരാന്‍ തീരുമാനിച്ചു. 'മുത്തപ്പന്‍', 'കടാങ്കോട്ട് മാക്കം'... തുടങ്ങി അനേകം നാടകങ്ങള്‍ ചെയ്തു.''

സിനിമ വിളിക്കുന്നു

കുട്ടിക്കാലത്ത് കോട്ടായി ഭരതന്റെ 'സ്‌നേഹ സമ്മാനം' എന്ന സിനിമയില്‍ ശ്രീലത അഭിനയിച്ചു. പക്ഷേ, പടം തിയേറ്ററില്‍ എത്തിയില്ല. ഇതിന് പിന്നാലെ മാതാപിതാക്കള്‍ക്കൊപ്പം 'നസീമ' എന്ന സിനിമയില്‍ അഭിനയിച്ചു. അതിനെക്കുറിച്ച് ശ്രീലത പറഞ്ഞു: '' നസീമയില്‍ മരിച്ചുകിടക്കുന്ന ഒരൊറ്റ സീന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് മികച്ച നാടകനടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചതിന് ശേഷമാണ് യഥാര്‍ഥ സിനിമാ അരങ്ങേറ്റം നടക്കുന്നത്. ബാലചന്ദ്ര മേനോന്റെ 'പ്രശ്‌നം ഗുരുതരം' എന്ന സിനിമയിലേക്ക് വിളിവന്നു. അതോടെ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി. പിന്നീട് അഞ്ചുവര്‍ഷം തുടര്‍ച്ചയായി മികച്ച സിനിമകളുടെ ഭാഗമായി. കാണാമറയത്ത്, എന്റെ ഉപാസന, ഏപ്രില്‍ 18, സന്ദര്‍ഭം, അപ്പുണ്ണി തുടങ്ങി മികച്ച സിനിമകള്‍. 'അപ്പുണ്ണി'യുടെ ഷൂട്ടിങ് കോഴിക്കോട്ടായിരുന്നു. ആ സെറ്റില്‍വെച്ചാണ് എനിക്ക് കണ്ണൂര്‍ ശ്രീലത എന്ന പേര് സംവിധായകന്‍ സത്യന്‍ അന്തിക്കാട് നിര്‍ദേശിക്കുന്നത്.''

ഇടവേളയും രണ്ടാം വരവും

നല്ല സിനിമകള്‍ചെയ്ത് ചുവടുറപ്പിക്കുന്ന ആ സമയത്താണ് ശ്രീലതയെക്കുറിച്ച് കണ്ണൂരിലെ ഒരുചെറുകിട പത്രത്തില്‍ ഒരുവ്യാജവാര്‍ത്ത പ്രത്യക്ഷപ്പെടുന്നത്. ആ വാര്‍ത്ത ശ്രീലതയുടെ ജീവിതത്തെ കീഴ്മേല്‍ മറിച്ചു...

''അന്ന് ഞാന്‍ 'തമ്മില്‍ത്തമ്മില്‍' എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് എറണാകുളത്താണ്. പെട്ടെന്നാണ് ആ വാര്‍ത്ത അറിയുന്നത്. കണ്ണൂരിലെ ഒരു ടൂറിസ്റ്റ് ഹോമില്‍വെച്ച് ഞാന്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടുവെന്നും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്നും പറഞ്ഞ് കണ്ണൂര്‍ നഗരത്തില്‍ ഒരുവ്യാജവാര്‍ത്ത വന്നിരിക്കുന്നു. ആരും സത്യാവസ്ഥ അന്വേഷിക്കാന്‍ മുതിര്‍ന്നില്ല. കാട്ടുതീപോലെ ആ വ്യാജവാര്‍ത്ത പരന്നു. കുടുംബത്തിനുണ്ടായ അപമാനം മൂലം അഭിനയം നിര്‍ത്താന്‍ നിര്‍ബന്ധിതയായി.

ആരായിരുന്നു ആ വാര്‍ത്തയ്ക്ക് പിന്നിലെന്നും എന്തായിരുന്നു അവരുടെ ലക്ഷ്യമെന്നും ഇപ്പോഴും അറിയില്ല. തുടര്‍ന്ന് പത്തുവര്‍ഷം അഭിനയിച്ചില്ല. അക്കാലത്ത് ആകാശവാണിയില്‍ സജീവമായി. 'എഴുത്തുപെട്ടി' എന്ന പരിപാടി അവതരിപ്പിച്ചു. 1995-ല്‍ ഒരു ടെലിഫിലിം ചെയ്തുകൊണ്ടാണ് അഭിനയം പുനഃരാരംഭിക്കുന്നത്. സുഹൃത്തും പിന്നീട് ജീവിതപങ്കാളിയുമായ പ്രകാശനാണ് ആ തിരിച്ചുവരവിന് വഴിയൊരുക്കിയത്.

രണ്ടുവര്‍ഷത്തിനുള്ളില്‍ ഇരുപത്തഞ്ചിലധികം സിനിമകളില്‍ അഭിനയിച്ചു. ഹിറ്റ്ലര്‍ ബ്രദേഴ്സ്, രാജകീയം, കിള്ളിക്കുറിശ്ശിയിലെ കുടുംബമേള, സമ്മാനം. കൊട്ടാരംവീട്ടിലെ അപ്പൂട്ടന്‍, ഞങ്ങള്‍ സന്തുഷ്ടരാണ്, അയാള്‍ കഥയെഴുതുകയാണ്, കണ്ണെഴുതി പൊട്ടുംതൊട്ട്, ഗര്‍ഷോം, പട്ടാഭിഷേകം തുടങ്ങി ഒരുപാട് മികച്ച സിനിമകള്‍. പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. 'കണ്ണെഴുതി പൊട്ടുംതൊട്ടി'ലെ റോസക്കുട്ടി എന്ന കഥാപാത്രം ഏറെ അഭിനന്ദനങ്ങള്‍ നേടിത്തന്നു. 'മോണിക്ക ഒരു എഐ സ്റ്റോറി'യാണ് അവസാനമായി അഭിനയിച്ച സിനിമ.

വഴിത്തിരിവുകള്‍
ആകാശവാണി എ ഗ്രേഡ് ആര്‍ട്ടിസ്റ്റാണ് ശ്രീലത. മിനിസ്‌ക്രീനില്‍ മികച്ച സീരിയിലുകളിലും അവര്‍ അഭിനയിച്ചു. '' മിന്നുകെട്ട്, തനിച്ച്, അമ്മ മനസ്സ്, സ്‌നേഹാഞ്ജലി, ഇവള്‍ യമുന തുടങ്ങി ശ്രദ്ധേയ പരമ്പരകളുടെ ഭാഗമായി. സിനിമകള്‍ കുറഞ്ഞതോടെ ഭര്‍ത്താവിനൊപ്പം ഗാനവേദികളില്‍ സജീവമാണ് ഇപ്പോള്‍. 'ഓള്‍ഡ് ഈസ് ഗോള്‍ഡ്' എന്നപേരിലാണ് ഞങ്ങള്‍ പരിപാടി ചെയ്യുന്നത്. ഇനിയും സിനിമയില്‍ നല്ല വേഷങ്ങള്‍ തേടിവരുമെന്ന പ്രതീക്ഷയുണ്ട്.''
ഒരുചിരിയോടെ ശ്രീലത സംസാരം നിര്‍ത്തി. ശേഷം ശ്രീലതയും ഭര്‍ത്താവ് പ്രകാശനുംചേര്‍ന്ന് ഒരുപാട്ടുപാടി. ആ പാട്ടില്‍ താളംപിടിച്ച് മഴ തോരാതെ പെയ്തു…

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi